ലിലോംഗ്വേ: ആഫ്രിക്കന്‍രാജ്യമായ മലാവിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ വിഭാഗങ്ങളിലൊന്നായ 'മലാവി അസംബ്ലീസ് ഓഫ് ഗോഡ്'ന്റെ മുന്‍ അധ്യക്ഷന്‍ ലസാറസ് ചക്വേര, മലാവിയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ പ്രസിഡന്റ് പീറ്റര്‍ മുതാരിക്കയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരത്തിലേറിയിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 65% വോട്ടില്‍ 58% വോട്ടോടെയായിരുന്നു ചക്വേരയുടെ വിജയം. ദൈവസേവനത്തില്‍ കര്‍ത്തവ്യനിരതനായിരുന്ന താന്‍ ജനങ്ങളെ സേവിക്കുവാനുള്ള ഈ വിളിയും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
സുപ്രസിദ്ധ സുവിശേഷകന്‍ ബില്ലി ഗ്രഹാമിനൊപ്പം നിരവധി വര്‍ഷങ്ങള്‍ സുവിശേഷവേല ചെയ്ത ചക്വേരയെ ബില്ലി ഗ്രഹാമിന്റെ മകന്‍ ഫ്രാങ്ക്‌ലിന്‍ ഗ്രാം ട്വീറ്ററിലൂടെ അനുമോദിച്ചു. അടിയുറച്ച ക്രൈസ്തവവിശ്വാസിയായ പുതിയ പ്രസിഡന്റ് അമേരിക്കയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1996 മുതല്‍ 2013 വരെ അസംബ്ലീസ് ഓഫ് ഗോഡ് സ്‌കൂള്‍ ഓഫ് തിയോളജിയുടെ ചെയര്‍മാനായി അദ്ദേഹം സേവനം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ നടന്ന വിവാദതിരഞ്ഞെടുപ്പുഫലത്തെച്ചൊല്ലിയുള്ള തര്‍ക്കം തെരുവുപ്രതിഷേധമായി വളര്‍ന്നിരുന്നു. തുടര്‍ന്നു തിരഞ്ഞടുപ്പുഫലം കോടതി റദ്ദാക്കുകയായിരുന്നു. 13 മാസങ്ങള്‍ നീണ്ട തെരുവു പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുതിയ തിരെഞ്ഞടുപ്പ് നടന്നത്.