•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

ആത്മാവില്‍ സന്തോഷിക്കുന്ന വിശ്വാസം

നവംബര്‍ 28  മംഗളവാര്‍ത്ത ഒന്നാം ഞായര്‍
ഉത്പത്തി 17: 1-5, 15-19    മലാക്കി 2: 17 - 3: 5
ഹെബ്രായര്‍ 11: 1-12    വി. ലൂക്കാ 1: 5-20

ഭയുടെ ആരാധനാവത്സരത്തിന്റെ ആരംഭമാണ് മംഗളവാര്‍ത്തക്കാലം അഥവാ സുവാറ. സഭാത്മകജീവിതത്തിന്റെ ഊടും പാവും നെയ്യുന്നത് ആരാധനാവത്സരമാണ്. മംഗളവാര്‍ത്തക്കാലം മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായുള്ള സദ്വാര്‍ത്തകളുടെ ആനന്ദമാണ് വിശ്വാസികളുടെ ഹൃദയത്തില്‍ നിറയ്ക്കുന്നത്. ദൈവത്തോടൊപ്പം നടന്നവര്‍ കേട്ട സദ്വാര്‍ത്തകളാല്‍ ഈ ആരാധനാവത്സരം നിറയപ്പെട്ടിരിക്കുന്നു. ഈ വാര്‍ത്തകളുടെയെല്ലാം പൂര്‍ത്തീകരണമായ മഹാസദ്വാര്‍ത്തയായി പരിശുദ്ധ കന്യകാമറിയത്തിനു ലഭിച്ച മംഗളവാര്‍ത്ത കേന്ദ്രസ്ഥാനത്തു നിലകൊള്ളുന്നു. പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കം സവിശേഷമായി പ്രകടിപ്പിക്കുന്ന ആരാധനാകാലംകൂടിയാണ് മംഗളവാര്‍ത്തക്കാലം.
മംഗളവാര്‍ത്തക്കാലത്തിലെ ആദ്യ ഞായറാഴ്ച ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ മഹത്ത്വവും വിശ്വസിക്കുന്നവര്‍ അനുഭവിക്കുന്ന സന്തോഷവും നമ്മുടെ ചിന്തയ്ക്കായി നല്‍കി സഭാ മാതാവ് ഈശോമിശിഹായുടെ സംലഭ്യമാക്കപ്പെട്ട രക്ഷയുടെ സന്തോഷം പരിശുദ്ധാത്മാവുവഴി കൃപയായി സ്വീകരിക്കാന്‍ വിശ്വാസികളായ മക്കളെ ആഹ്വാനം ചെയ്യുന്നു.
ഒന്നാം വായനയില്‍ ഉത്പത്തിപ്പുസ്തകത്തില്‍ ഇസഹാക്കിന്റെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത അബ്രാഹത്തിനും സാറായ്ക്കും ലഭിക്കുകയാണ്. ഇസഹാക്ക് എന്ന ഹീബ്രുവാക്കിന്റെ അര്‍ത്ഥം 'അവന്‍ ചിരിച്ചു'വെന്നാണ്. ദൈവത്തിന്റെ ലക്ഷ്യം മനുഷ്യന്റെ സന്തോഷമാണ്. ഭൂമിയില്‍ സന്തോഷിക്കാനാവാത്തവിധം സന്താനമില്ലായ്മയുടെ വേദന പിന്തുടരുമ്പോഴും ദൈവത്തില്‍ സന്തോഷം കണ്ടെത്താന്‍ ഈ ദമ്പതികള്‍ക്കു സാധിക്കുന്നത് വിശ്വാസംവഴിയാണ്. മനുഷ്യജീവിതത്തിന്റെ സമഗ്രതയില്‍ സന്തോഷിക്കാനാവുന്നത് വിശ്വാസത്തിലൂടെ മാത്രമാണ്. ഇസഹാക്കിനെ നല്‍കി മാതാപിതാക്കളെ സന്തുഷ്ടരാക്കിയ ദൈവം തന്റെ ഏകജാതനെ നല്‍കിയാണ് മനുഷ്യകുലത്തിനു മുഴുവന്‍ സമ്പൂര്‍ണവും സമഗ്രവുമായ ആനന്ദം പ്രദാനം ചെയ്യുന്നത്. ഈശോമിശിഹായിലൂടെ പിതാവായ ദൈവത്തോട് ഐക്യപ്പെട്ടിരിക്കുമ്പോഴാണ് പരിശുദ്ധാത്മാവില്‍ ആനന്ദിക്കുവാന്‍ സാധിക്കുന്നത്. ഈ ആനന്ദമാണ് ശാശ്വതമായതും നിത്യസൗഭാഗ്യത്തിനു നമ്മെ യോഗ്യരാക്കുന്നതും ദൈവരാജ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുന്നതും.
മലാക്കി പ്രവാചകന്റെ പുസ്തകത്തില്‍ ദൈവം തന്റെ ദൂതനിലൂടെ നല്‍കുന്ന സദ്വാര്‍ത്തയാണ് രണ്ടാം വായനയിലെ പ്രതിപാദ്യം. പരിശുദ്ധി നഷ്ടപ്പെട്ട ദൈവാലയത്തിലേക്ക് ദൈവം തന്റെ ദൂതനെ അയയ്ക്കുമെന്നും അവിടെ യഹോവയുടെ നാമത്തില്‍ വിശുദ്ധീകരണം നടക്കുമെന്നും വ്യക്തമാക്കുന്നു. യഹോവയുടെ ദിനം നന്മയുടെ വിജയവും തിന്മയുടെ അവസാനവുമാണ്. വരാനിരിക്കുന്ന ഈ നന്മയുടെ വിജയത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത വിശ്വസിക്കുന്നവര്‍ക്കെല്ലാം സന്തോഷകരമാണ്.
മൂന്നാം വായന ഹെബ്രായലേഖനത്തില്‍നിന്ന് പൂര്‍വപിതാക്കളുടെ വിശ്വാസജീവിതമാതൃക സവിശേഷമായി പ്രതിപാദിക്കുന്നതാണ്. വിശ്വാസംവഴി ദൈവത്തോടൊപ്പം ഭൂമിയില്‍ സഞ്ചരിച്ച പൂര്‍വപിതാക്കളുടെ അനുകരണീയമായ മാതൃക പിന്തുടര്‍ന്നുകൊണ്ട് ഭൂമിയില്‍ ദൈവരാജ്യത്തിനു ത്യാഗനിര്‍ഭരമായി സാക്ഷ്യം വഹിക്കാനാണ് ഈ  സദ്വാര്‍ത്തകളിലൂടെ സഭാമാതാവ് വിശ്വാസികളെ ഒരുക്കുന്നത്. ഈ സദ്വാര്‍ത്തയ്ക്കുള്ള പ്രത്യുത്തരമാണ് വിശ്വാസജീവിതം.
വിശുദ്ധ ലൂക്കായുടെ സുവിശേഷമാണ് വചനഭാഗത്തിന്റെ കേന്ദ്രം. ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം പാലിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ദമ്പതികളാണ് സഖറിയായും എലിസബത്തും. സന്താനമില്ലായ്മയുടെ ദുഃഖത്തെ ശമിപ്പിക്കാന്‍ തക്ക ആനന്ദം ദൈവത്തില്‍ അവര്‍ കണ്ടെത്തുന്നു. അതിനു കാരണം വരാനിരിക്കുന്ന സൗഭാഗ്യങ്ങളിലുള്ള വിശ്വാസമാണ്. ദൈവാലയത്തിലെ തമിത് ശുശ്രൂഷയ്ക്കു നറുക്കു വീണത് മഹാസൗഭാഗ്യമായി കാണുന്ന സഖറിയ ദൈവാരാധനയുടെയും ശുശ്രൂഷകളുടെയും കൃപാവരത്തിന്റെ ഒരു പാത്രമാണ്. സഖറിയായുടെയും എലിസബത്തിന്റെയും അപമാനം നീക്കാന്‍ തീരുമാനിച്ചുവെന്ന അറിയിപ്പ് പാപംമൂലം മനുഷ്യനുണ്ടായ അപമാനം നീക്കാന്‍ രക്ഷകന്‍ അവതരിക്കാന്‍ പോകുന്നുവെന്നതിന്റെ അടയാളമാണ്. പഴയനിയമബലികളും അനുഷ്ഠാനവിധികളും അവസാനിക്കുന്നുവെന്നും മിശിഹായില്‍ നിത്യമായ രക്ഷ ഒരുക്കപ്പെട്ടിരിക്കുന്നുവെന്നുമാണ്, പരമ്പരാഗതമായ പേരുമാറി പുതിയ നാമം ''യോഹന്നാന്‍'' എന്നത് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ കരുണയുടെ മഹാ അറിയിപ്പാണ് സഖറിയ കേള്‍ക്കുന്നത്. സഖറിയായുടെ മൗനം പഴയനിയമപ്രവാചകന്മാരുടെ കാലം അവസാനിച്ചിരിക്കുന്നുവെന്നും പിതാവായ ദൈവം പുത്രനിലൂടെ സംസാരിക്കുന്ന സമയം ആസന്നമായിരിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. അതിന്റെ തുടക്കമാണ് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം. അത് ലോകത്തിനുള്ള സദ്വാര്‍ത്തയായിരുന്നു, മാനസാന്തരപ്പെടാനുള്ള ആഹ്വാനം. രക്ഷകനെ സ്വീകരിക്കാനുള്ള ഒരുക്കമാണ് മാനസാന്തരം.

 

Login log record inserted successfully!