ന്യൂയോര്‍ക്ക്: സൗജന്യബൈബിള്‍ ആപ്ലിക്കേഷനായ ''യുവേര്‍ഷന്‍''ന് 50 കോടി ഉപഭോക്താക്കള്‍ തികഞ്ഞു. ആപ്പിന്റെ ഉടമസ്ഥരായ ''ക്രെയിഗ് ഗ്രോയിഷെല്‍''ന്റെ' 'വേഴ്‌സ് ഓഫ് ദി ഡേ'' വീഡിയോയ്‌ക്കൊപ്പമാണ് ആപ്പ് 50 കോടി മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട വിവരം പുറത്തുവിടുന്നത്. ദൈവത്തിന്റെ നന്മയുടെ സാക്ഷ്യത്തെയും, ദൈവവചനത്തിന്റെ ശക്തിയെയുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്നു ക്രെയിഗ് ഗ്രോയിഷെല്‍ വിശേഷിപ്പിച്ചു.
ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിനുമുമ്പ് ബൈബിള്‍ വായനയില്‍ താന്‍ ശരാശരിയിലും താഴെയായിരുന്നുവെന്നും, ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുമ്പോള്‍ താന്‍ നിരന്തരം ബൈബിള്‍ വായിക്കാറുണ്ടായിരുന്നുവെന്നും ആപ്പിന്റെ നിര്‍മാതാവായ ബോബ്ബി ഗ്രൂയന്‍വാള്‍ഡ് 'ക്രിസ്റ്റ്യന്‍ പോസ്റ്റ്'നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു വെബ്‌സൈറ്റ് എന്ന നിലയിലാണ് യുവേര്‍ഷന്‍ ആദ്യമായി ആരംഭിക്കുന്നത്. പല കാരണങ്ങളാല്‍ അതു വിജയം കണ്ടില്ല. ഇതോടെയാണ് 2008 ജൂലൈ മാസത്തില്‍ യുവേര്‍ഷന് ആരംഭം കുറിച്ചത്. ആരംഭത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ 83,000 ത്തോളം മൊബൈലുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നു. ദൈവം തങ്ങളിലൂടെ വലിയ കാര്യം ചെയ്യുകയായിരുന്നുവെന്ന് ഈ നേട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ആരംഭത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ് എന്നീ രണ്ടു ഭാഷകളില്‍ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് 1,750-ലധികം ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാണ്. ദൈവവചനവുമായി ബന്ധപ്പെടുന്നതിനുള്ള പ്രാര്‍ത്ഥനാമാര്‍ഗനിര്‍ദേശങ്ങളും ആപ്പില്‍ ലഭ്യമാണ്. 2020-ലാണ് 'ഇന്നത്തെ വാക്യം' (വേഴ്‌സ് ഓഫ് ദി ഡേ) ആരംഭിക്കുന്നത്.