എന്നു ഞാന്‍ കാറ്റില്‍ ചിന്നിച്ചിതറീ,
ശാശ്വതനന്മതന്‍ പുണ്യവിത്തുകള്‍?
പള്ളിപ്പാട്ടുകളെന്‍ കുട്ടിക്കാലത്തു
ശാന്തസ്വരത്തില്‍ താരാട്ടുപാടീ
പുസ്തകപാണ്ഡിത്യത്തിനഗ്നി പില്‍ക്കാലത്തെന്‍
തലച്ചോറില്‍ പൊങ്ങച്ചം പാടീ.
സൃഷ്ടിതന്‍ രഹസ്യങ്ങള്‍ വ്യക്തമെന്നു കരുതീ ഞാന്‍
എന്നിഷ്ടത്തിനു വളയും വിധിയെന്നും.
തിളച്ചുകൊണ്ടിരുന്നെന്‍ രക്തം
ഓരോ നാഡിയിടിപ്പിനും
മാറി വന്നൂ ഭാവിക്കു പുതുനിറം,
എതിര്‍പ്പേറും എന്നാത്മാവില്‍ നിശ്ശബ്ദം
വീണുതകര്‍ന്നൂ വിശ്വാസഗോപുരം.
ഉള്ളായ്മതന്‍ ഇല്ലായ്മതന്‍ അതിരുകള്‍ കണ്ടറിഞ്ഞൂ ഞാന്‍
അഗാധഗര്‍ത്തത്തിന്‍ വക്കത്താര്‍ത്തനായിനിന്നൂ ഞാന്‍.
ഇന്ന് അതോര്‍ത്തു വിറയ്ക്കുന്നൂ ഞാന്‍
കഴിഞ്ഞകാലജീവിതം കൂറോടോര്‍ക്കുന്നു ഞാന്‍
എന്നാശകളല്ല എന്‍ യുക്തിയല്ല
ഈ വളവുതിരുവുകളില്‍ വഴിവിളക്കുകള്‍
പരംപൊരുളിന്‍ പാവന കതിരുകളെത്രേ!
എന്നതു ഗ്രഹിക്കാനെത്രനാള്‍ വൈകീ ഞാന്‍
എന്‍ ദാഹത്തിനനുസൃതം പാനം ചെയ്യുന്നു
ഞാനിന്നു ജീവജലത്തിന്‍ ഉറവയില്‍നിന്നും
വിശ്വത്തിന്‍ നാഥാ, വീണ്ടുമെനിക്കിതാ വിശ്വാസം.
നിന്നെത്തള്ളിക്കളഞ്ഞ എന്നെ
നീ കൈവെടിഞ്ഞതില്ലൊരുനാളും
(റഫറന്‍സ് : ഗുലാഗ് ആര്‍ക്കി പെലാഗോ, വാല്യം 2, ഭാഗം 4)
സോള്‍സെനിറ്റ്‌സിന്റെ കവിതയ്ക്ക് ഒരു അടിക്കുറിപ്പ്
തികഞ്ഞ മാര്‍ക്‌സിസ്റ്റും അതിനാല്‍ത്തന്നെ നിരീശ്വരനുമായി മാറിയ, ഒക്‌ടോബര്‍ വിപ്ലവത്തിനും തനിക്കും ഒരേ പ്രായമാണെന്ന് അഹങ്കരിച്ചിരുന്ന, പഠനത്തിലും കലകളിലും സമര്‍ത്ഥനായ അലക്‌സാണ്ടര്‍ സോള്‍സെനിറ്റ്‌സിന്‍ തന്റെ 22-ാം വയസ്സില്‍ സര്‍വകലാശാല വിദ്യാഭ്യാസം തീരുംമുമ്പേസഹപാഠിയായ നത്താലിയാ റെഷതോ വിസ്‌കിയയെ വിവാഹം ചെയ്തു.
പള്ളിയില്‍ വിവാഹിതനാകാത്തതിന് അമ്മയും ഇളയമ്മമാരും കല
ഹിക്കുമെന്നറിയാമായിരുന്നതിനാല്‍ അവരെ അറിയിക്കുകപോലും ചെയ്തില്ല. ''ദാസ് കാപ്പിറ്റല്‍'' മധുവിധുവിനു കൂടെക്കൊണ്ടുപോവുകയെന്ന സാഹസം ചെയ്ത ദമ്പതികള്‍ വളരെ ചുരുക്കമായിരിക്കുമെന്ന്, 'സോള്‍സെനിറ്റ്‌സി'ന്റെ ജീവചരിത്രകാരനായ ജോസഫ് പെരേര രേഖപ്പെടുത്തുന്നുണ്ട്. പുസ്തകം കൊണ്ടുപോവുകമാത്രമല്ല, വായിക്കുകയും ചെയ്തു. (Solzhenitsyn, A Soul in Exile, Ignatius Press, San Francisco 2011, P.49).
1941 ല്‍ ജര്‍മന്‍ നാസിപ്പട സോവ്യറ്റ് യൂണിയനെതിരേ യുദ്ധം ആരംഭിച്ചു. സോള്‍സെനിറ്റ്‌സിന്‍ ആവേശത്തോടെ പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധമുഖത്ത് പോരാടി പ്രശംസകള്‍ ഏറ്റുവാങ്ങി. വീരചക്രംതന്നെ കിട്ടുമെന്നിരിക്കേ എല്ലാം തകിടംമറിഞ്ഞു. 1945 ഫെബ്രുവരി 9-ാം തീയതി പട്ടാളക്യാമ്പില്‍ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. യുദ്ധമുഖത്തുള്ള കൂട്ടുകാരന് അയച്ച കത്തില്‍ സ്റ്റാലിനെക്കുറിച്ച് 'മൂപ്പില്‍സ്' എന്നര്‍ത്ഥം വരുന്ന റഷ്യന്‍ വാക്ക് എഴുതിയതിനാണ് അറസ്റ്റ്. ''ആനമണ്ടത്തരം'' എന്നു ജയിലിലെ താപ്പാനകള്‍ പറഞ്ഞു. ശിക്ഷ എട്ടു കൊല്ലം സൈബീരിയന്‍ ജയിലില്‍ കഠിനതടവ്. ഈ ആനമണ്ടത്തരമാണ് യഥാര്‍ത്ഥ സോള്‍സെനിറ്റ്‌സിനെ സൃഷ്ടിച്ചത്!
തടങ്കലില്‍വച്ചു കാന്‍സര്‍ ബാധിച്ചു. അവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തി. ആ കാലയളവില്‍ മനസ്സില്‍ കുറിച്ച കവിതയാണിത്. തടങ്കലില്‍ ഒരു കടലാസോ പെന്‍സിലോ കിട്ടില്ല. അതുകൊണ്ട് സോള്‍സെനിറ്റ്‌സിന്‍ ആയിരക്കണക്കിനു കവിതകള്‍ മനസ്സില്‍ എഴുതി ഓര്‍മയില്‍ ശേഖ
രിച്ചു. തടവുകാരന്റെ ഏക ലഗേജ് അവന്റെ ഓര്‍മയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (വിവര്‍ത്തകര്‍)