•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മണിയംകുന്നിലെ മാണിക്യം , സിസ്റ്റര്‍ മേരി കൊളേത്ത ഇനി ദൈവദാസി

''വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും'' (ജ്ഞാനം 6:10).
കാലാതീതമായ കരുത്തുറ്റ സംഭാവനകളെക്കാള്‍ കറയില്ലാത്ത ജീവിതത്തിന്റെ വിശുദ്ധസൗരഭ്യമാണ് സിസ്റ്റര്‍ മേരി കൊളേത്തയെ ആകര്‍ഷണീയയാക്കുന്നത്. ജീവിതത്തിന്റെ മനോഹാരിത ആത്മാവിന്റെ ലാവണ്യമാണെന്ന ബോധ്യത്തോടെ ദൈവം ദാനമായി നല്‍കിയ ജീവിതം അവള്‍ അനശ്വരമാക്കി. ജീവിതത്തിന്റെ നീറുന്ന അനുഭവങ്ങളില്‍പ്പോലും ദൈവഹിതം ദര്‍ശിച്ച് സഹനമാകുന്ന നെയ്‌വിളക്കില്‍ തെളിഞ്ഞുപ്രകാശിച്ച ദീപനാളമാണ് മണിയംകുന്നിലെ മാണിക്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പുണ്യകന്യക.
ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമത്തെ സന്താനമായി 1904 മാര്‍ച്ച് 13-ാം തീയതി കൊളേത്താമ്മ ജനിച്ചു. ഏഴാം ദിവസം മാതൃ ഇടവകയായ കൂടല്ലൂര്‍ പള്ളിയില്‍ മറിയം എന്ന പേരില്‍ മാമ്മോദീസാ സ്വീകരിച്ചു. 1911 ല്‍ മുത്തോലി സ്‌കൂളില്‍ അവള്‍ തന്റെ പ്രാഥമികവിദ്യാഭ്യാസം ആരംഭിച്ചു. എട്ടാമത്തെ വയസ്സില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം. അധികം താമസിയാതെ മാര്‍ കുര്യാളശ്ശേരിപ്പിതാവില്‍നിന്നു സ്ഥൈര്യലേപനം സ്വീകരിച്ചു. വിശ്വാസത്തിലും വ്യക്തിത്വത്തിലും ആത്മീയതയിലും അവള്‍ ആഴപ്പെട്ടു വളര്‍ന്നു.
ഒന്‍പതാം വയസ്സില്‍ മാതാവിന്റെ വിയോഗം വീട്ടിലെ മൂത്ത പെണ്‍കുട്ടിയെന്ന നിലയില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ അവളുടെ ചുമലിലായി. ഉള്ളില്‍ മന്ത്രിക്കുന്ന ദൈവവിളിയുടെ സ്വരം കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും സഹോദരങ്ങളെ ഒരു നിലയിലുമാക്കാതെ കണ്ണുമടച്ച് ഇറങ്ങിത്തിരിക്കാന്‍ അവള്‍ക്കു മനസ്സു വന്നില്ല. ഒരു സന്ന്യാസിനിയാകണമെന്ന ആഗ്രഹത്തോടെ ഏറെ വൈകിയാണെങ്കിലും 21-ാമത്തെ വയസ്സില്‍ 1925 ല്‍ വി.എസ്.എല്‍.സി. പാസായി. വാകമല, ആനിക്കാട് സ്‌കൂളുകളില്‍ അധ്യാപികയായി ജോലി ചെയ്തു. 1932 ല്‍ മണിയംകുന്ന് സ്‌കൂളില്‍ അധ്യാപികയായി നിയമിക്കപ്പെട്ടു. ഗതാഗതസൗകര്യം കുറവായിരുന്നതിനാല്‍ ഈ കാലയളവില്‍ മണിയംകുന്നിലെ ക്ലാരമഠത്തിലാണ് അവള്‍ താമസിച്ചിരുന്നത്.
പാവപ്പെട്ടവരുടെ സഭയെന്നറിയപ്പെട്ടിരുന്ന ക്ലാരസന്ന്യാസിനികളുടെ അധ്വാനപൂര്‍ണവും ത്യാഗനിര്‍ഭരവുമായ ഭക്തജീവിതം അവളെ ആകര്‍ഷിച്ചു. ഭൗതികവീക്ഷണത്തില്‍ ക്ലേശകരമാണെങ്കിലും ഇത് ആത്മീയാനന്ദം നിറഞ്ഞതാണെന്ന ബോധ്യത്തിലുറച്ച് 1932 ഒക്‌ടോബര്‍ 4 ന് മഠത്തില്‍ ചേരുകയും, 1933 സെപ്റ്റംബര്‍ 11-ാം തീയതി ക്ലാരസഭാവസ്ത്രം സ്വീകരിച്ച് 1938 ഡിസംബര്‍ 27 ന് നിത്യവ്രതവാഗ്ദാനത്തിലൂടെ തന്നെത്തന്നെ പൂര്‍ണമായി തന്റെ ആത്മനാഥനു സമര്‍പ്പിക്കുകയും ചെയ്തു. ജീവിതത്തെ സഹനബലിയാക്കിയ വി. കൊള്ളേറ്റിന്റെ നാമം സ്വീകരിച്ച സി. മേരി കൊള്ളേറ്റിനോടും (സി. കൊളേത്താ) ദൈവം ഒരു സഹനബലിയാണ് ആവശ്യപ്പെട്ടത്.
കൊളേത്താമ്മ തന്റെ അധ്യാപനജീവിതവും സന്ന്യാസജീവിതവും സമ്യക്കായി ജീവിക്കുന്നതിനിടയില്‍ 1942 ല്‍ റ്റി.ബി. എന്ന മഹാവ്യാധിക്കടിമയായി. അക്കാലത്ത് റ്റി.ബി. ചികിത്സയില്ലാത്ത ഒരു പകര്‍ച്ചവ്യാധിയായിരുന്നു. തന്മൂലം, മഠത്തില്‍നിന്നു വേര്‍പെട്ട് ആദ്യം കിഴക്കേത്തോട്ടം കുടുംബവക ഒരു കെട്ടിടത്തിലും പിന്നീട് ചിറയ്ക്കല്‍പുരയിടം കുടുംബവകകെട്ടിടത്തിലും അവിടെനിന്ന് മങ്ങാട്ടുതാഴെ മഠംവക കെട്ടിടത്തിലും താമസിക്കേണ്ടിവന്നു. സമൂഹജീവിതത്തിനുള്ള ആഗ്രഹത്തോടെ സന്ന്യാസജീവിതത്തില്‍ പ്രവേശിച്ച അമ്മയ്ക്ക് ഏകാന്തവാസവും മഠത്തില്‍നിന്നുള്ള വേര്‍പാടും ഒറ്റപ്പെടലിന്റെ ദുഃഖവും ഏറെ വേദനയുളവാക്കുന്നതായിരുന്നു.  അപ്പോഴും, 'കര്‍ത്താവറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ലെ'ന്ന ബോധ്യവും 'തന്റെകൂടെ കര്‍ത്താവുണ്ടെ' ന്നുള്ള വിശ്വാസവും, 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന മനോഭാവത്തോടെ ദൈവത്തിന്റെയും അധികാരികളുടെയും മുമ്പില്‍ വിധേയപ്പെടാന്‍ കൊളേത്താമ്മയെ പ്രാപ്തയാക്കി. വി. കുര്‍ബാനയും മറ്റു കൂദാശകളും സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ അമ്മയുടെ മനോവ്യഥ വര്‍ദ്ധിപ്പിച്ചു. മണിയംകുന്ന് ഇടവകയിലെ ബഹു. വൈദികരും ബഹു. കസിയാനോസ് സി.എം.ഐ. അച്ചനും പകര്‍ന്നുനല്കിയ ആത്മീയപോഷണം സ്വയംപരിത്യാഗത്തിന്റെയും കുരിശെടുക്കലിന്റെയും പ്രായോഗികതലം വിവേചിച്ചറിയുവാന്‍ അമ്മയെ സഹായിച്ചു.
രോഗത്തിനു ശമനമുണ്ടായപ്പോള്‍ ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം അഞ്ചു വര്‍ഷക്കാലം സ്വന്തം മഠത്തില്‍ സംതൃപ്തമായ സമൂഹജീവിതം നയിക്കാന്‍ നല്ല നാഥന്‍ ഇടയാക്കി.
പിന്നീട്, മണിയംകുന്നിലെ പാണംകുളത്ത് മഠത്തിന്റേതായി പണിത രോഗീസദനത്തില്‍ 1952 ഡിസംബര്‍ 15 മുതല്‍ 1984 ഡിസംബര്‍ 18 വരെ രോഗികളായ മറ്റു സഹോദരിമാരോടൊപ്പം സ്വജീവിതം ദൈവതൃക്കരങ്ങളില്‍ സമ്പൂര്‍ണമായി സമര്‍പ്പിച്ചു ജീവിച്ചു.
ദിവ്യകാരുണ്യനാഥനോടുള്ള ആഴമായ സ്‌നേഹം നിസ്സാരസഹായങ്ങളുടെ സഹോദരിയായിരുന്നുകൊണ്ട്, ശുദ്ധീകരണാത്മാക്കള്‍ക്കും മിഷനറിമാര്‍ക്കുംവേണ്ടി പരി. ദൈവമാതാവിന്റെ ജപമാലയും മാലാഖമാരോടുള്ള പ്രത്യേക ജപമാലയും ചൊല്ലി കാഴ്ചവയ്ക്കാന്‍ അമ്മയെ പ്രാപ്തയാക്കി. തന്റെ സന്ന്യാസസമൂഹാംഗമായിരുന്ന വി. അല്‍ഫോന്‍സാമ്മയുടെ സഹനവിശുദ്ധിയുടെ ഔന്നത്യം കൊളേത്താമ്മയ്ക്കു സ്വര്‍ഗീയവഴികളില്‍ പ്രചോദനമായിരുന്നു.
ജീവിതകാലത്ത് നിസ്സാരസഹായങ്ങള്‍ ഒത്തിരി സ്‌നേഹത്തോടെ ചെയ്ത് തന്റെ സഹോദരരെ സമ്പന്നമാക്കിയ ബഹു. കൊളേത്താമ്മ മരണശേഷം 'നിസ്സാരസഹായങ്ങളുടെ മധ്യസ്ഥ' എന്ന പേരില്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

എഫ്.സി.സി. ഭരണങ്ങാനം അല്‍ഫോന്‍സാ ജ്യോതി പ്രോവിന്‍സ് അസിസ്റ്റന്റ് പ്രോവിന്‍ഷ്യാളാണ് ലേഖിക.
.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)