പാലാ രൂപത പതിമൂന്നാമത് പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനോദ്ഘാടനവും മലങ്കര ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്കു സ്വീകരണവും പാലാ ബിഷപ്‌സ് ഹൗസില്‍ നടന്നു. പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം കാതോലിക്കാ ബാവ നിര്‍വഹിച്ചു. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രസംഗം നടത്തി.
ദരിദ്രരുടെയും അനാഥരുടെയും നിസ്സഹായരുടെയും വേദനയകറ്റാന്‍ ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാസഭയും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു കാതോലിക്കാബാവ പറഞ്ഞു. സുവിശേഷസന്ദേശം വേഗത്തില്‍ പ്രചരിപ്പിക്കുവാന്‍ സഭകള്‍ തമ്മിലുള്ള സംവാദം വേദിയൊരുക്കും. ഈശോമിശിഹായുടെ വ്യക്തിത്വത്തിലേക്കു ശ്രദ്ധയൂന്നിയാല്‍ അനൈക്യത്തിന്റെയും വിഭാഗീയതയുടെയും അര്‍ത്ഥശൂന്യത വ്യക്തമാകുമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ അര്‍പ്പിച്ചു. ഓര്‍ത്തഡോക്‌സിയെ (ശരിയായ പ്രബോധനം) എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മഹനീയവ്യക്തിത്വമാണ് കാതോലിക്കാ ബാവയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. യഥാര്‍ത്ഥ പ്രബോധനത്തിന്റെ പ്രഭയില്‍ മാത്രമേ ദൈവത്തെ ആരാധിക്കാനും ലോകത്തെയും മനുഷ്യനെയും മാനിക്കാനും കഴിയൂവെന്ന് ബിഷപ് ഓര്‍മപ്പെടുത്തി.
കാതോലിക്കാ ബാവയുടെ സന്ദര്‍ശനവും സമ്മേളനവും സഭൈക്യത്തിന്റെ ഉത്തമദൃഷ്ടാന്തമാണെന്ന് രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. വികാരിജനറാള്‍മാരും പ്രസ്ബിറ്ററല്‍ കൗണ്‍സിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി റവ.ഡോ. ജോസഫ് കടുപ്പില്‍ കൃതജ്ഞത പറഞ്ഞു.