തിരുവനന്തപുരം: ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. 2022 മേയ് 15 ന് ആഗോളസഭയുടെ വിശുദ്ധാരാമത്തിലേക്ക് ദേവസഹായം പിള്ളയും ഉയര്‍ത്തപ്പെടും. ഇന്ത്യയിലെ പ്രഥമ അല്മായ രക്തസാക്ഷിയായ വിശുദ്ധനാകും വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള.
വിശുദ്ധപദവി പ്രഖ്യാപനത്തില്‍ അനിവാര്യമായ, ദേവസഹായംപിള്ളയുടെ മാധ്യസ്ഥ്യത്തില്‍ സംഭവിച്ച രോഗസൗഖ്യത്തിനു കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കിയിരുന്നു. വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള ഉള്‍പ്പെടെ ഏഴു പേരെയാണ് മേയ് 15 ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നത്.
1712 ഏപ്രില്‍ 23 ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു ഹൈന്ദവകുടുംബത്തിലായിരുന്നു ദേവസഹായംപിള്ളയുടെ ജനനം. നീലകണ്ഠപിള്ള എന്നായിരുന്നു പേര്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ കാര്യദര്‍ശിയായിരിക്കേയാണ് ഹൈന്ദവവിശ്വാസം ഉപേക്ഷിച്ച് ദേവസഹായംപിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസത്തിലേക്കെത്തിയത്.
കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം തടവിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയില്‍നിന്നാണ് ക്രിസ്തുവിനെക്കുറിച്ചറിയാന്‍ ദേവസഹായം പിള്ളയ്ക്കു കഴിഞ്ഞത്. ജീവിതത്തില്‍ നിരവധി വിഷമഘട്ടങ്ങള്‍ നേരിട്ട നീലകണ്ഠപിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങള്‍ വലിയ ആശ്വാസവും പ്രത്യാശയുമാണു പകര്‍ന്നത്.
തിരുവിതാംകൂറില്‍ മിഷണറിയായിരുന്ന ഈശോസഭാവൈദികനില്‍നിന്ന് 1745 മേയ് 17 നാണ് 'ലാസര്‍' എന്നര്‍ത്ഥം വരുന്ന 'ദേവസഹായം' പിള്ള എന്ന പേരില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ദേവസഹായംപിള്ള രാജസേവകരുടെ കണ്ണിലെ കരടായി മാറി. പിള്ളയ്ക്കെതിരേ അവര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.
ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായംപിള്ള നാലു വര്‍ഷം ജയിലില്‍ കഴിഞ്ഞു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14 ന് കാറ്റാടിമലയില്‍വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.
ദേവസഹായംപിള്ളയെ രക്തസാക്ഷിയെന്ന നിലയില്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ക്ക് 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബര്‍ 2ന് കത്തോലിക്കാസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. പത്തുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം വിരുദ്ധാരാമത്തിലേക്കുയര്‍ത്തപ്പെടുന്നു.
ദേവസഹായംപിള്ളയുടെ നാമകരണത്തിനായി ആദ്യം വത്തിക്കാനില്‍ അപേക്ഷ നല്‍കുന്നത് മാര്‍ ജോസഫ് കരിയാറ്റിലും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും ചേര്‍ന്നാണ്. അവരുടെ റോമായാത്രയുടെ (1778-1786) വിവരണമായ വര്‍ത്തമാനപ്പുസ്തകത്തില്‍ ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ അപേക്ഷ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കോട്ടാര്‍ രൂപത ബിഷപ് 2004 ല്‍ നല്‍കിയ പുതുക്കിയ അപേക്ഷയുടെമേലാണ് ഇപ്പോള്‍ നാമകരണത്തിനായുള്ള നടപടികള്‍ നടന്നത്.
തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നും നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ദേവസഹായംപിള്ളയുടെ കബറിടം നാഗര്‍കോവിലിലെ കോട്ടാര്‍ രൂപതയുടെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ പള്ളിയിലാണുള്ളത്. 2012 ഡിസംബര്‍ രണ്ടിന് കോട്ടാര്‍ കത്തീഡ്രലില്‍വച്ചാണ് ദേവസഹായംപിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.