•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഭീഷണമാകുന്ന ഇരുള്‍കാലയാഥാര്‍ത്ഥ്യങ്ങള്‍

മ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അത്യന്തം ഖേദകരവും നടുക്കമുണ്ടാക്കുന്നതുമായ ഒരു സ്ഥിതിവിശേഷം കഴിഞ്ഞ കുറെ നാളുകളായി നിലനില്ക്കുകയാണ്. മൊബൈല്‍ഫോണിന്റെ പേരില്‍ അല്ലെങ്കില്‍ ടി.വി. ചാനലിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ച കൗമാരങ്ങളെപ്പറ്റി നാം കേട്ടിട്ടുണ്ട്. മൊബൈലില്‍ കയറ്റിവിടുന്ന മാരകമായ ഗെയിമുകളുടെ ചതിക്കുഴികളില്‍ക്കിടന്നു പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളെക്കുറിച്ചും നാമറിഞ്ഞു. ഒരു തരത്തിലും പിടിച്ചുനില്ക്കാനാവാതെ ഗാര്‍ഹികമോ സാമ്പത്തികമോ ആയ പരാജയങ്ങളുടെ പേരില്‍ ജീവനൊടുക്കിയിട്ടുള്ളവരെയും നമുക്കറിയാം. എന്നാല്‍, ഒത്തിരി ആശകളും അഭിലാഷങ്ങളുമായി കുടുംബജീവിതത്തിലേക്കു കാലൂന്നുന്ന വധൂവരന്മാര്‍ ഒറ്റയ്‌ക്കോ ഒരുമിച്ചോ, ഓമനിച്ചു വളര്‍ത്തുന്ന കുഞ്ഞുങ്ങളോടൊപ്പമോ അവരെ ഭൂമിയില്‍ അനാഥരായി ഉപേക്ഷിച്ചിട്ടോ മരണത്തിന്റെ അന്ധകാരച്ചുരുളുകളില്‍ മറഞ്ഞുപോകുന്ന വാര്‍ത്തകള്‍ കേട്ടു നാടു നടുങ്ങുന്നു. ഒരു വാര്‍ത്തയുടെ നടുക്കം മാറുന്നതിനുമുമ്പേ അടുത്തതു വന്നുകഴിഞ്ഞു. മഹാമാരി കേരളത്തില്‍ പിടിമുറുക്കിയ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 11142 പേര്‍ ഇവിടെ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. അതില്‍ കൊവിഡില്‍ മനംനൊന്ത് ജീവനൊടുക്കിയത് 34 പേര്‍ മാത്രം. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും പേരെ സ്വയം മരണത്തിനു കീഴടങ്ങാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ വിലയിരുത്തേണ്ടത് സാമൂഹികജീവി തത്തിന്റെ ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണ്.                                                             
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മരണക്കുരുക്കിലകപ്പെട്ടുപോയ ഒത്തിരിപ്പേര്‍ പിടിച്ചുനില്ക്കാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്നുണ്ട്. ലഹരിയുടെ ഊരാക്കുടുക്കില്‍ വീണ് ജീവിതത്തിന്റെ വിലയും നിലയും നഷ്ടപ്പെടുത്തിയ ഇക്കൂട്ടര്‍ക്ക് ഇനിയങ്ങോട്ടു ജീവിക്കുകയെന്നത് തികച്ചും അര്‍ത്ഥരഹിതവും അനാവശ്യവുമായി അനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ സ്വയം ഇല്ലാതാകുകയല്ലാതെ മറ്റൊരു പോംവഴിയില്ല. ലഹരിയുടെ മായാലോകത്തിലേക്കു കാലുകുത്താന്‍ തയ്യാറല്ല എന്ന തീരുമാനവും അതിലുറച്ചുനില്ക്കാനുള്ള മനക്കട്ടിയും ഉള്ളവര്‍ ഈ അപകടമേഖല ഭയപ്പെടേണ്ടതില്ല.                                                                       
രോഗിണിയായ ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മാത്തച്ചന്‍. അയലത്തെ പണക്കാരന്റെ സ്ഥലം പാട്ടത്തിനെടുത്ത് അയാള്‍ ആയിരം വാഴ നട്ടു. വാഴക്കുല വില്ക്കുമ്പോള്‍ പലിശസഹിതം തന്നുവീട്ടിക്കൊള്ളാമെന്ന് മുദ്രപ്പത്രത്തിലെഴുതി ഒപ്പിട്ടുകൊടുത്ത കരാറിന്റെ അടിസ്ഥാനത്തില്‍ സ്ഥലമുടമ കൃഷിക്ക് ആവശ്യമായ പണം മുടക്കി. വാഴകളോടൊപ്പം മാത്തച്ചന്റെ ആശകളും വളര്‍ന്നു. കുലച്ചുതുടങ്ങിയ വാഴകള്‍ നിരനിരയായി നില്ക്കുന്നതുകണ്ട് തലയെടുപ്പോടെ വീട്ടിലേക്കു പോയ മാത്തച്ചനു പിറ്റേന്നു രാവിലെ കണ്ടത് രാത്രിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ് നിലംപരിശായിക്കിടക്കുന്ന വാഴകളാണ്. അയാളാകെ തളര്‍ന്നുപോയി. ഭക്ഷണവും മിണ്ടാട്ടവുമില്ലാതെ ഒരു പകല്‍. അന്നുരാത്രി വീട്ടിലുള്ള അഞ്ചുപേര്‍ക്കും വിഷം കൊടുത്തശേഷം അയാള്‍ ആത്മഹത്യ ചെയ്തു. ഇതുപോലെ കൃഷി നശിച്ചവരും വിളയ്ക്കു വിലയില്ലാതെ മനം മടുത്തവരും എടുത്ത ലോണ്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തവരുമായ നിരവധി പേര്‍ ഇവിടെ ജീവനൊടുക്കുന്നുണ്ട്. ഇല്ലാത്ത പൊങ്ങച്ചം നടിച്ചും ജാടയും ധൂര്‍ത്തും കാണിക്കാന്‍ ആഘോഷങ്ങളില്‍ അഭിരമിച്ചും വാരിക്കോരി ചെലവാക്കിയിട്ട് അവസാനം ഒന്നുമില്ലാതെ ജീവിതമവസാനിപ്പിക്കുന്നവരും കുറവല്ലിവിടെ. ദീര്‍ഘനാള്‍ ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗത്താല്‍ മനംമടുത്തിട്ട് ജീവിതമവസാനിപ്പിക്കുന്നവരും ഏറെയുണ്ടീ നാട്ടില്‍. ഇത്തരക്കാര്‍ക്കൊക്കെ സാന്ത്വനം പകരാന്‍ പര്യാപ്തമായ കൗണ്‍സെലിങ് സെന്ററുകള്‍ തുറക്കാനും എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ആശയറ്റു കഴിയുന്നവരെ കൂടെക്കൂടെ സന്ദര്‍ശിച്ച് അവര്‍ക്ക് മാനസികമായ ശക്തിപകരാനും സന്നദ്ധസംഘടനകളും തദ്ദേശസ്ഥാപനങ്ങളും തയ്യാറാകേണ്ടതുണ്ട്.                                                                  
ഒരുപാട് പ്രതീക്ഷകളുമായി വിവാഹിതരാകുന്ന വധൂവരന്മാരില്‍ പലര്‍ക്കും തങ്ങള്‍ സ്വപ്നത്തില്‍ കണ്ടിരുന്ന പങ്കാളിയെയല്ല ലഭിച്ചിരിക്കുന്നത് എന്ന് അനുഭവങ്ങളിലൂടെ ബോധ്യമാകുമ്പോള്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങുന്നു. വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും രണ്ടുപേരും തയ്യാറാകുന്നില്ല. പീഡനവും ദേഹോപദ്രവവും സഹിക്കവയ്യാതാകുമ്പോള്‍ സ്ത്രീ സ്വയം മരണത്തിനു കീഴടങ്ങുന്നു. മാനഹാനിയോ പരാജയഭീതിയോ ഭയന്ന് സ്ത്രീയില്‍നിന്നുള്ള പീഡനം പുറത്തറിയിക്കാതെ നിശ്ശബ്ദം സഹിച്ചുസഹിച്ച് ഒടുവില്‍ ജീവനൊടുക്കുന്ന പുരുഷന്മാരും കുറവല്ല.                                                                                    
ധനമോഹം മൂത്ത് സ്ത്രീസ്വത്തിനുവേണ്ടി വിവാഹം കഴിക്കുകയും പ്രതീക്ഷിച്ചത്ര ധനം കിട്ടാതെവരുകയും ചെയ്യുമ്പോള്‍ സ്ത്രീധനപീഡനം തുടങ്ങുകയായി. നല്ല ബിരുദവും ഉയര്‍ന്ന ഉദ്യോഗവുമുള്ള ചെറുപ്പക്കാര്‍പോലും ഈ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നത് സാംസ്‌കാരികകേരളത്തിന്റെ വലിയ നാണക്കേടെന്നേ പറയാനാകൂ. സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവതികളില്‍ ഭൂരിഭാഗവും ആ കടുംകൈയ്ക്കു മുതിര്‍ന്നത് സ്ത്രീസ്വത്തിനുവേണ്ടിയുള്ള പീഡനവും മര്‍ദനവും സഹിക്കാനാകാതെയാണെണെന്നു നാമറിഞ്ഞു. സ്ത്രീധനമെന്ന കിരാതമായ സമ്പ്രദായത്തിനെതിരേ ഒരു സാമൂഹികവികാരം ഉണര്‍ത്തിവിടാന്‍ ഈ ദയനീയമരണങ്ങള്‍ക്കു കഴിഞ്ഞു എന്നുള്ളത് തികച്ചും ശുഭോദര്‍ക്കമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതൃത്വവും മതമേലധ്യക്ഷന്മാരും സാമൂഹികസാമുദായികസംഘടനകളും സ്ത്രീധനത്തിനെതിരേ ആഹ്വാനവുമായി രംഗത്തുവന്നു. അതുകൊണ്ടുമാത്രമായില്ല. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുടെ സ്വത്ത് സ്ത്രീധനമായി വാങ്ങുകയില്ലെന്ന് ഓരോ യുവാവും, സ്ത്രീസ്വത്തു ചോദിക്കുന്ന കോന്തനെ കാന്തനായി സ്വീകരിക്കുകയില്ലെന്ന് ഓരോ യുവതിയും മനസ്സില്‍ എഴുതിത്തറച്ചുവയ്ക്കണം. ആരോഗ്യകരമായ കുടുംബജീവിതത്തിന് ഈ തീരുമാനം കൂടിയേ കഴിയൂ.                                                                          
നിര്‍ദോഷികളായ പെണ്‍കുട്ടികളെ പ്രണയത്തിന്റെ കരുക്കിട്ടു പിടിച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുന്നത് നിയന്ത്രണങ്ങളുടെ വേലി പൊളിച്ചും മതില്‍ ചാടിയും കഴിയുന്ന സാമൂഹികദ്രോഹികള്‍ക്ക് ഒരു വിനോദമായി മാറിയിരിക്കുന്നു. അവര്‍ കാണിച്ച പ്രണയം കാര്യം കാണാനുള്ള വെറും നാട്യമായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്ക് ഇരയായ പാവം പെണ്‍കുട്ടി സര്‍വനാശത്തിന്റെ നിലയില്ലാക്കയത്തില്‍ വീണുകഴിഞ്ഞിരിക്കും. ഒടുവില്‍ അവളും ആത്മഹത്യയിലഭയം തേടുന്നു.  ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ ഒന്നേയുള്ളൂ പോംവഴി; പ്രണയം നടിച്ച് അടുത്തുകൂടുന്നവനില്‍നിന്ന്, അവന്‍ പരിചിതനോ അപരിചിതനോ ആകട്ടെ, ചതിയനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമാണെന്ന ഉറച്ച ബോധ്യത്തോടെ ഓടിയകലുക. അവന്റെ നോട്ടവും ചേഷ്ടകളും കണ്ടില്ലെന്നു നടിക്കുക. അവനുമായി ഒരു തരത്തിലുമുള്ള ആശയവിനിമയത്തിനം അവസരമുണ്ടാകാതിരിക്കട്ടെ. പ്രകോപനങ്ങളും പ്രലോഭനങ്ങളും തന്നെ സ്വാധീനിക്കാന്‍ സമ്മതിക്കുകയില്ലെന്നുള്ള ചങ്കുറപ്പ് ആര്‍ജിച്ചെടുത്തേ മതിയാകൂ. സൂക്ഷിച്ചാല്‍ ദഃഖിക്കേണ്ട എന്ന മഹത്തായ ഉപദേശം ഓരോ മനസ്സിലും മുഴങ്ങട്ടെ.                                           
ജീവിതം ഒന്നേയുള്ളൂ. അതു ജീവിച്ചുതന്നെ തീര്‍ക്കണം. അതാണ് ദൈവഹിതം. അതിനുള്ള അമൂല്യമായ മഹാദാനമാണ് ജീവന്‍. ജീവനെടുക്കാന്‍ അതു തന്ന കാരുണ്യവാനായ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്ന പരമമായ സത്യം നമുക്കു മറക്കാതിരിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)