•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രമേഹഭീഷണി ഹൃദ്രോഗത്തിലേക്ക്


ലോകപ്രമേഹദിനം : നവംബര്‍ 14

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 2019-20 റിപ്പോര്‍ട്ടുപ്രകാരം രക്തത്തിലെ പഞ്ചസാര 140 മില്ലിഗ്രാം ശതമാനത്തിനു മുകളിലുള്ളവര്‍ 14 ശതമാനമാണ്. അതില്‍ പ്രമേഹം കൂടുതലായി കണ്ടെത്തിയത് കേരളത്തിലാണ്. പ്രാതലിനുമുമ്പ് 126 മില്ലിഗ്രാം ശതമാനത്തില്‍ കൂടുതലായി കണ്ടെത്തിയാല്‍ പ്രമേഹബാധയുണ്ടെന്നു കണക്കാക്കാം. പ്രമേഹത്തിനു ചികിത്സയെടുക്കുന്നവരില്‍ 16 ശതമാനം പേര്‍ക്കു മാത്രമേ കൃത്യമായി ഷുഗര്‍ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസിന്റെ പഠനത്തില്‍ കണ്ടെത്തിയത്.
ഭൂമുഖത്ത് ഇന്ന് 463 ദശലക്ഷം പ്രമേഹരോഗികളുണ്ട്. പ്രമേഹത്തിന്റെ ലോകതലസ്ഥാനം ഇന്ത്യതന്നെ. ഇന്ത്യയില്‍ 2010 ല്‍ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതര്‍ 2030 ആകുമ്പോള്‍ 58 ശതമാനം വര്‍ദ്ധിച്ച് 87 ദശലക്ഷമായി ഉയരും. നമ്മുടെ കൊച്ചുകേരളം ഇന്ത്യയുടെ പ്രമേഹതലസ്ഥാനമാണെന്നു പറഞ്ഞാല്‍ ഞെട്ടരുത്. അതായത്, ദേശീയ ശരാശരിയുടെ ഇരട്ടി. കേരളത്തില്‍ ഈയിടെ നടന്ന ഒരു പഠനത്തില്‍ 41 ശതമാനം മുതിര്‍ന്നവര്‍ക്കും പ്രമേഹസാധ്യത (പ്രീഡയബറ്റിസ്) ഉള്ളതായി തെളിഞ്ഞു. ഇക്കൂട്ടരെല്ലാംതന്നെ എട്ടു വര്‍ഷംകൊണ്ട് പ്രമേഹരോഗത്തിനടിപ്പെടും.
ഏറ്റവും പ്രധാനമായ പ്രശ്‌നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആള്‍ക്കാര്‍ക്കും ഈ രോഗമുണ്ടെന്ന അവബോധമില്ല എന്നതാണ്. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് അസോസിയേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആള്‍ക്കാരും തങ്ങള്‍ പ്രമേഹബാധയ്ക്ക് അടിപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണു ജീവിതം നയിക്കുന്നത്. 17 ശതമാനം പേര്‍ യാതൊരു ചികിത്സയും എടുക്കാന്‍ മുതിരുന്നില്ല; 15 ശതമാനം പേര്‍ ഭക്ഷണം ക്രമീകരിച്ചു ചികിത്സിക്കുന്നു; 68 ശതമാനം പേര്‍ മരുന്നുകള്‍ എടുക്കുന്നു.
പ്രമേഹം ഒരു ജീവിതശൈലീരോഗമാണെന്നും അതിന്റെ സമഗ്രമായ നിയന്ത്രണത്തിനു ഭക്ഷണശൈലിയില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ വരുത്തണമെന്നുമുള്ള യാഥാര്‍ത്ഥ്യം വിസ്മരിച്ചുപോകുന്നതാണ് മലയാളികളില്‍ പ്രമേഹചികിത്സ പരാജയപ്പെടുന്നതിന്റെ മുഖ്യകാരണം. അടിസ്ഥാനപരവും ശാസ്ത്രീയവുമായ ചികിത്സയെടുക്കാന്‍ മലയാളിക്കു മടിയാണ്. സ്വയംചികിത്സയും ഒറ്റമൂലികളും വിവിധ 'ആള്‍ട്ടേര്‍നേറ്റിവ്' ചികിത്സാമുറകളുടെ പരീക്ഷണവും, ഭക്ഷണക്കൊതിയും മലയാളികളുടെ പ്രമേഹപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതുകൂടാതെ ഒടുങ്ങാത്ത സ്‌ട്രെസും വ്യായാമമില്ലായ്മയും വികലമായ മദ്യാസക്തിയും മലയാളികളുടെ ആരോഗ്യനിലവാരത്തെ തകിടം മറിക്കുന്നു.
അസാംക്രമികരോഗങ്ങളുടെ അതിരുകടന്ന വര്‍ദ്ധനയെ കടിഞ്ഞാണിടാന്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഹൃദ്രോഗവും പ്രമേഹവും അര്‍ബുദവും ചേര്‍ന്ന് ലോകജനസംഖ്യയുടെ സിംഹഭാഗത്തെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ പുതിയ ബോധവത്കരണശൈലിയിലൂടെ ഇവയെ നേരിടാന്‍ പ്രതിരോധമാര്‍ഗങ്ങള്‍ സംവിധാനം ചെയ്യുകയാണ്.
പ്രമേഹചികിത്സയുടെ പരാജയത്തിനുള്ള ഒരു പ്രധാനകാരണം സ്വന്തം കുടുംബാംഗങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും സമുചിതമായ പരിഗണനയും കരുതലും ലഭിക്കാതിരിക്കുന്നതുകൊണ്ടാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി രോഗിയോടൊപ്പം ഭക്ഷണനിയന്ത്രണത്തിനു സാഹചര്യമൊരുക്കണം. അതായത്, രോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമമില്ല, അതു രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹരോഗിക്കു മാത്രമല്ല, കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും പ്രയോജനപ്പെടും. അവര്‍ക്ക് പ്രമേഹസാധ്യതയുണ്ടെങ്കില്‍ അതു കുറയ്ക്കുകയും ചെയ്യും. ഇതുതന്നെയായിരുന്നു പോയവര്‍ഷങ്ങളിലെ പ്രമേഹദിനസന്ദേശം. ഈ വര്‍ഷംമുതല്‍ മൂന്നു വര്‍ഷത്തേക്കുള്ള സന്ദേശം വ്യത്യസ്തമാണ്. പ്രമേഹപരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമുള്ള  രോഗിയുടെ ആവശ്യങ്ങള്‍ എളുപ്പത്തില്‍ സാധ്യമാകുംവിധം ആശുപത്രിസംവിധാനങ്ങള്‍ ത്വരിതപ്പെടുത്തണം, അത് അനായാസകരവും എളുപ്പവുമാക്കണം.
സമൂഹത്തില്‍ പ്രമേഹരോഗത്തെപ്പറ്റി ഏറെ തെറ്റുധാരണകളുണ്ട്. മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കിലേ മക്കള്‍ക്കുണ്ടാകൂ, രോഗം പ്രായമായവരെ മാത്രം ബാധിക്കുന്നു, അലോപ്പതിമരുന്നുകള്‍ കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകും, ഒരിക്കല്‍ ഇന്‍സുലിന്‍ എടുത്താല്‍ ജീവിതാവസാനംവരെ തുടരേണ്ടിവരും, രോഗലക്ഷണങ്ങളില്ലെങ്കില്‍ പിന്നെന്തിനു ചികിത്സ? ഇവയെല്ലാം മലയാളികളുടെ നിത്യേനയുള്ള സംശയങ്ങളാണ്. ഈ സംശയങ്ങളുമായി ജീവിക്കുന്നവരാണ് പിന്നീട് ജീവിതത്തില്‍ വലിയ വില കൊടുക്കുന്നതും.
പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങള്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കകളുടെ പരാജയം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്‍സുലിന്‍ ആശ്രിതപ്രമേഹരോഗികളിലെ  ഹൃദ്രോഗാനന്തരമരണസാധ്യത പത്തിരട്ടിയും. ഇന്‍സുലിന്‍ അനാശ്രിതപ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്. നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റു പല ഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരമ്പുകള്‍, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പുനിക്ഷേപം വിണ്ടുകീറി അവിടെ ഒരു രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയം ദുഷ്‌കരമായാല്‍ ഹാര്‍ട്ടറ്റാക്കാണ് അനന്തരഫലം.
പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും  തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂര്‍ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്ക് (സയലന്റ് അറ്റാക്ക്) പ്രമേഹബാധിതര്‍ക്കു സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ' ത്തിനു സംഭവിക്കുന്ന അപചയം തന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്കു പറ്റാതെപോകുന്നു. ഏതാണ്ട് 35 ശതമാനം രോഗികള്‍ക്കും  നെഞ്ചുവേദന കൃത്യമായി അനുഭവപ്പെടാറില്ല. അതിനുപകരം ശ്വാസതടസ്സം, ഓക്കാനം, തളര്‍ച്ച, തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണു കണ്ടുവരുന്നത്. അതുപോലെ, ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച മരണസാധ്യതയും പ്രമേഹരോഗികളില്‍ വര്‍ദ്ധിച്ചുകാണുന്നു.
മേല്പറഞ്ഞ സങ്കീര്‍ണമായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തില്‍ പ്രമേഹബാധിതരിലെ ഹൃദ്രോഗചികിത്സ അത്യന്തം ദുഷ്‌കരമാണ്. ഒരു ഹൃദ്രോഗവിദഗ്ധന്‍ ഒരു പ്രമേഹചികിത്സാവിദഗ്ധന്‍കൂടിയാകുന്നു. പ്രമേഹരോഗിക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോഴാണ്  പ്രശ്‌നങ്ങള്‍ വഷളാകുന്നത്. നെഞ്ചുവേദന കാര്യമായി അനുഭവപ്പെടാത്തതുമൂലം പലരും വളരെ വൈകിയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും ഹൃദയാഘാതത്തിന്റെ  സങ്കീര്‍ണതകള്‍ മൂര്‍ച്ഛിച്ചിരിക്കും. കലശലായ ശ്വാസതടസ്സവും നെഞ്ചിലെ അസ്വാസ്ഥ്യവും തളര്‍ച്ചയും ക്രമരഹിതമായ നെഞ്ചിടിപ്പും തലകറക്കവും രോഗിയെ അത്യാസന്നനിലയിലെത്തിക്കുന്നു. നിയന്ത്രണത്തില്‍ അശ്രദ്ധ കാണിക്കുന്ന രോഗിയുടെ രക്തത്തിലെ പഞ്ചസാര എപ്പോഴും കൂടിയിരിക്കും; അതുപോലെ കൊളസ്‌ട്രോളും.
പ്രമേഹരോഗികളില്‍ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച്  ചെയ്യുന്ന 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' അത്ര എളുപ്പമുള്ള കാര്യമല്ല. നനുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്‌കരമാണ്. പലപ്പോഴും എല്ലാ കൊറോണറിധമനികളിലുംതന്നെ ബ്ലോക്കുണ്ടാകും. കൂടാതെ, വൈകി ആശുപത്രിയിലെത്തുന്നതിനാല്‍ ഹൃദയപരാജയമുണ്ടാകാനുള്ള സാധ്യയുമേറും. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ പ്രമേഹരോഗികളെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയാണ് പതിവ്. കൂടുതല്‍ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ ഒരു പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപ്പാസ് സര്‍ജറി തന്നെ.
ആന്‍ജിയോപ്ലാസ്റ്റിക്കോ ബൈപ്പാസ് സര്‍ജറിക്കോശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തില്‍ കര്‍ശനമായ പല പരിവര്‍ത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതല്‍തന്നെയാണ് രോഗിയെ അകാലമൃത്യുവില്‍നിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വര്‍ജിച്ചുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം. പ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തിരഞ്ഞെടുക്കാന്‍ പഠിക്കണം. കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതി ആരംഭിക്കണം. കുറഞ്ഞത് 45 മിനിറ്റെങ്കിലും ദിവസേന വ്യായാമം  ചെയ്യണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പൊതുവായ ശരീരാരോഗ്യം സന്തുലിതമാക്കാനും  വ്യായാമം എന്ന ഔഷധം അനിവാര്യം. ഹൃദ്രോഗവിദഗ്ധന്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങള്‍ പിഴവു കൂടാതെ സേവിക്കണം. വൈദ്യനിര്‍ദേശമില്ലാതെ  യാതൊരു കാരണവശാലും മരുന്നുകള്‍ നിര്‍ത്തരുത്. ബ്ലഡ്ഷുഗറും കൊളസ്‌ട്രോളും നിശ്ചിതകാലയളവില്‍ പരിശോധിച്ചു തിട്ടപ്പെടുത്തണം. ഹൃദ്രോഗപരിശോധനകളായ എക്കോകാര്‍ഡിയോഗ്രാഫിയും ട്രെഡ്മില്‍ ടെസ്റ്റും കൃത്യകാലയളവില്‍ ചെയ്യണം. ക്രമേണ സൂചകമായ എച്ച്.ബി.എ. വണ്‍. സി. 6.5 ല്‍ താഴെയാവാന്‍ പരിശ്രമിക്കണം. രക്തസമ്മര്‍ദവും അമിതവണ്ണവും കര്‍ശനമായി നിയന്ത്രിക്കണം.
പ്രമേഹനിയന്ത്രണത്തിനു കുറുക്കുവഴികളില്ലെന്നോര്‍ക്കണം. പരസ്യങ്ങള്‍ക്കോ ഒറ്റമൂലികള്‍ക്കോ പിറകേ പോയി വഞ്ചിതരാകരുത്. അല്പമൊന്നു മെനക്കെട്ടാല്‍ പ്രമേഹരോഗിയുടെ ജീവിതം തികച്ചും ആസ്വാദ്യമാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)