•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നോട്ടുനിരോധനവും നാട്ടുകാര്‍ക്കു കിട്ടിയതും

നോട്ടുനിരോധനത്തിന്  അഞ്ചു വയസ്സ്

ര്‍മയില്ലേ, അഞ്ചുവര്‍ഷംമുമ്പ് നവംബറിലെ ആ കറുത്ത രാത്രി? രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ഉറക്കം കെടുത്തിയ  ഭീകരരാത്രി?  
2016 നവംബര്‍ എട്ടാം തീയതിയിലെ ആ രാത്രിയിലായിരുന്നു കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധപ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതവിളംബരം കേട്ട് ആളുകള്‍ ഞെട്ടി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപയാണ്  മോദി പിന്‍വലിച്ചത്. ഇന്ത്യയുടെ  സമ്പദ്വ്യവസ്ഥയെ  പിടിച്ചുകുലുക്കിയ ആ പ്രഖ്യാപനം ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. പെട്ടെന്നുണ്ടായ നിരോധനത്തില്‍ സപ്ലൈ ചെയ്നുകളും വ്യാപാരമേഖലയും സ്തംഭിച്ചു.
2016 നവംബര്‍ നാലിലെ കണക്കുപ്രകാരം 17.97 ലക്ഷം കോടി നോട്ടുകളാണ് രാജ്യത്ത് പൊതുവിനിമയത്തിലിരുന്നത്.  500, 1000 രൂപ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ 2017 ജനുവരിയിലെ കണക്കുപ്രകാരം വിനിമയത്തിലുണ്ടായിരുന്ന നോട്ടിന്റെ എണ്ണം 7.8 ലക്ഷം കോടിയായി പൊടുന്നനേ കുറഞ്ഞു.
നോട്ടു നിരോധിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗത്തില്‍ എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്? അമ്പതു ദിവസം കഴിഞ്ഞാല്‍  കള്ളപ്പണക്കാര്‍  വെള്ളം കുടിക്കും.  കള്ളനോട്ടു മാഫിയ മുട്ടുകുത്തും.  ഭീകരവാദികള്‍ നാടുവിട്ടോടും. കാഷ്ലെസ് ഇക്കോണമി ചിറകടിച്ചുയരും. സാമ്പത്തികമേഖല കുതിച്ചുയരും.
''2016 ഡിസംബര്‍ 30 വരെ ക്ഷമിക്കൂ. പിന്നെയും ദുരിതങ്ങള്‍  ബാക്കിയാണെങ്കില്‍ എന്നെ തൂക്കിലേറ്റൂ.''   ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണമെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റം വന്നില്ലെങ്കില്‍ ജനങ്ങള്‍ക്കു തന്നെ തൂക്കിക്കൊല്ലാമെന്നുമായിരുന്നു മോദിയുടെ  പ്രഖ്യാപനം. ഒടുവില്‍ എന്തു സംഭവിച്ചു? കുറെ മോഹനവാഗ്ദാനങ്ങള്‍ മാത്രം കിട്ടി. തുടക്കത്തില്‍ നോട്ടുപിന്‍വലിക്കലിനെ  അനുകൂലിച്ചവര്‍പോലും  പിന്നീട് മോദിയെ ശപിച്ചു.  
നോട്ട് മാറ്റുന്നതിനും ബാങ്കില്‍  നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള നിബന്ധനകള്‍ ഓരോ ദിവസവും മാറ്റിമറിച്ചുകൊണ്ടിരുന്നു സര്‍ക്കാര്‍.
ഉയര്‍ന്ന  മൂല്യമുള്ള കറന്‍സി അസാധുവാക്കുകവഴി  പത്തു ശതമാനം  കള്ളപ്പണം   ഉടമസ്ഥര്‍തന്നെ   നശിപ്പിക്കും എന്നായിരുന്നു മോദിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, അസാധുവാക്കിയതില്‍ 99 ശതമാനവും ബാങ്കുകളില്‍  തിരിച്ചെത്തിയപ്പോള്‍  പണി പാളിയെന്നു മനസ്സിലായി. അപ്പോള്‍  അടവ്  ഒന്നുമാറ്റി. ക്യാഷ്ലെസ്  പണമിടപാട്  നടപ്പാക്കുന്നതിന്റെ ഭാഗമാണ്  നോട്ടുനിരോധനം എന്നായിരുന്നു പിന്നീടുള്ള പ്രചാരണം.  
കള്ളപ്പണം കണ്ടുപിടിച്ചും  കള്ളനോട്ടുകള്‍  തിരിച്ചുപിടിച്ചും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിച്ചും   ഒരു അഴിമതിരഹിതരാജ്യം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി നോട്ടുനിരോധനം കൊണ്ടുവന്നത്  എന്നായിരുന്നു ഭരണപക്ഷം  വാഴ്ത്തിപ്പാടിയിരുന്നത്. നോട്ടുനിരോധനത്തിലൂടെ    ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തുമെന്നുമാണ് ബിജെപി  നേതാക്കള്‍ പറഞ്ഞത്.  നിരോധനത്തിലൂടെ കുഴല്‍പ്പണക്കാരെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളെയും വീഴ്ത്തി കള്ളപ്പണം ഇല്ലാതാക്കാന്‍  കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.
കള്ളപ്പണം കറന്‍സിയുടെ രൂപത്തില്‍ മാത്രമല്ല, മറിച്ച് റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിങ്ങനെയുള്ള സ്വത്തുക്കളുടെ രൂപത്തിലും സൂക്ഷിക്കാമെന്ന വസ്തുതയും ഭരിക്കുന്നവര്‍ മറന്നുപോയി. (ഇപ്പോഴുള്ള കറന്‍സിയില്‍ 83 ശതമാനവും 2000 രൂപ നോട്ടുകളാണ്. ഇതുമൂലം കള്ളപ്പണം സൂക്ഷിക്കാന്‍  സമ്പന്നര്‍ക്ക്  ഇപ്പോള്‍ എളുപ്പവുമായി.)
നിരോധനം പാളിയതോടെ പ്രഖ്യാപിതലക്ഷ്യത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തി. ഭീകരപ്രസ്ഥാനങ്ങള്‍ക്കുള്ള പണംവരവ് ഇല്ലാതാക്കാനും ഡിജിറ്റല്‍  പണമിടപാടുകളിലേക്ക് ജനങ്ങളെ മാറ്റാനും കൂടുതല്‍ പേരെ നികുതിദായകരാക്കാനുമൊക്കെയാണ് നോട്ടുനിരോധനം എന്ന വാദം  നിരത്തി പിടിച്ചു നില്‍ക്കാന്‍  മോദി  ശ്രമിച്ചു. എല്ലാം പക്ഷേ,  പാളി.
രാജ്യത്തുള്ള 17 ലക്ഷം കോടി രൂപയില്‍  കള്ളനോട്ടായുള്ളത്  400 കോടി രൂപ മാത്രമാണെന്നും അതു പിടിക്കാന്‍ നോട്ടുനിരോധനം നടപ്പാക്കിയത് ബുദ്ധിശൂന്യതയാണെന്നും സാമ്പത്തികശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തി.  നോട്ടുനിരോധനത്തിനു പിന്നാലെ 2000 രൂപ കറന്‍സികള്‍ പുറത്തിറക്കിയതിനെയും സാമ്പത്തികവിദഗ്ധര്‍ വിമര്‍ശിച്ചിരുന്നു. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2017 ല്‍ പിടികൂടിയ വ്യാജനോട്ടുകളില്‍ 14.98 കോടി രൂപയും 2000 രൂപ നോട്ടുകളായിരുന്നു.
ക്യാഷ് ലെസ് ഇക്കോണമിയെന്ന സ്വപ്നം കണ്ടുകൊണ്ടുകൂടിയായിരുന്നു നോട്ടുനിരോധനം. നിരോധനത്തിനുശേഷം ഡിജിറ്റല്‍ പണം  ഇടപാടുകള്‍  വര്‍ധിച്ചു എന്നത് സത്യവുമാണ്. എന്നാല്‍, കറന്‍സിരഹിത ഇന്ത്യയെന്ന  സ്വപ്‌നം ഇനിയും   അകലെയാണ്. നോട്ടുകള്‍കൊണ്ടുള്ള വിനിമയത്തിനു കാര്യമായ കുറവ് വന്നിട്ടില്ല ഇപ്പോഴും. റിസര്‍വ് ബാങ്ക് പുറത്തുവിട്ട, 2021 ഒക്ടോബര്‍ എട്ടുവരെയുള്ള ദ്വൈവാര കണക്കനുസരിച്ച് ഉപഭോക്താക്കള്‍ നേരിട്ട് കൈമാറ്റം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 57.48 ശതമാനം വര്‍ധിച്ച്  28.30 ലക്ഷം കോടി രൂപയിലെത്തി. 90 ശതമാനം ഇടപാടും പണം ഉപയോഗിച്ചാണ് ഇപ്പോഴും നടക്കുന്നത്.  
പൊതുജനങ്ങള്‍ക്കും  കച്ചവടക്കാരില്‍  ഭൂരിപക്ഷത്തിനും കറന്‍സിയോടാണ് താത്പര്യം. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണം  കൈവശം സൂക്ഷിക്കുന്ന ശീലത്തിലേക്ക് ആളുകള്‍ മടങ്ങുകയും  ചെയ്തു.  അഞ്ചു  വര്‍ഷം പിന്നിട്ടപ്പോള്‍  പൊതുജനങ്ങളുടെ കൈയിലുള്ള  കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്. ഒക്ടോബര്‍ 8 വരെയുള്ള കണക്കില്‍ പൊതുജനങ്ങള്‍  വിനിമയം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ടു നിരോധനം നടന്ന സമയത്ത്  ഇത് 17.97 ലക്ഷം കോടിയായിരുന്നു.  
കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു കണക്കുകള്‍ നിരത്തി പ്രതിപക്ഷം നോട്ടുനിരോധനത്തെ മുന്നില്‍ നിറുത്തി  വിമര്‍ശിക്കുന്നു. രണ്ടു ശതമാനത്തോളം ജിഡിപിയില്‍ കുറവു വന്നിട്ടുണ്ട് എന്നാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറയുന്നത്. രണ്ടു കോടി ലക്ഷം രൂപയിലധികമാണ് ഇതുവഴി ഒരു വര്‍ഷം കുറവ് വരുന്നത്.
നോട്ടുനിരോധനംമൂലം തൊഴില്‍ ഉത്പാദനത്തില്‍ മൂന്നു ശതമാനമെങ്കിലും കുറവു വന്നിട്ടുണ്ട്. നിരോധനത്തിനുശേഷം നിരവധി ചെറുകിട യൂണിറ്റുകള്‍  അടച്ചുപൂട്ടി.  തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അരലക്ഷത്തിലധികമാണ്. കാര്‍ഷിക, വ്യവസായമേഖലകളെ നിരോധനം പിന്നോട്ടടിച്ചതായും വിമര്‍ശനമുണ്ട്.  
നോട്ടുനിരോധനംമൂലം  1.28  ലക്ഷം  കോടിയുടെ നഷ്ടം ഉണ്ടായതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ  പഠനം കാണിക്കുന്നത്.  ഒരു രൂപയുടെ കള്ളപ്പണം കണ്ടുപിടിക്കാന്‍ 16 രൂപ ചെലവാക്കി എന്നതാണ്  വിചിത്രമായ  വസ്തുത.
മുന്‍പ്രധാനമന്ത്രിയും ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത്  നോട്ടുനിരോധനം സംഘടിതകുറ്റവും നിയമാനുസൃതകൊള്ളയുമാണ് എന്നാണ്. ''കാലം മായ്ക്കാത്ത മുറിവുകളില്ല. എന്നാല്‍, നോട്ടുനിരോധനത്തിന്റെ മുറിവുകള്‍ കാലം കഴിയുന്തോറും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ മുഴുവന്‍ ഫലവും നാം ഇനിയും അനുഭവിക്കാനും മനസ്സിലാക്കാനും ഇരിക്കുന്നതേയുള്ളൂ,'' നോട്ടുനിരോധനത്തിന്റെ  രണ്ടാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍  ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു.
സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണു നോട്ടുനിരോധനമെന്നാണ്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ''നോട്ടുനിരോധനവിവരം  ചിലരൊക്കെ മുന്‍കൂട്ടി അറിഞ്ഞിരുന്നു. എട്ടുലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു കടമെടുത്ത കോടീശ്വരന്മാരെ സഹായിക്കാനായിരുന്നു നോട്ടുമരവിപ്പിക്കല്‍.'' രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം, നോട്ടുനിരോധനം വന്‍വിജയമായിരുന്നെന്നും അതുവഴി മൂന്നു ലക്ഷം കോടി രൂപയുടെ  കള്ളപ്പണം പിടിച്ചെടുത്തു എന്നുമാണ് ബിജെപി  അവകാശപ്പെടുന്നത്.  നികുതിദായകരുടെ എണ്ണത്തിലും വന്‍പുരോഗതി ഉണ്ടായി. നോട്ട് അസാധുവാക്കലിന്റെ പിറ്റേവര്‍ഷം നികുതിയിനത്തില്‍ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം വിനിയോഗിച്ചത് എട്ടു ലക്ഷം പേരാണ്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ സാമ്പത്തികരംഗത്തെ സുതാര്യത വര്‍ദ്ധിക്കുകയും ചെയ്തു. രാജ്യത്തെ മൂലധനനിക്ഷേപം വര്‍ധിക്കുകയും ഒരുവര്‍ഷത്തിനിടെ ബാങ്കുകളിലേക്കും മ്യൂച്ചല്‍ ഫണ്ടുകളിലേക്കും കൂടുതല്‍ പണം എത്തുകയും ചെയ്തു. കാര്‍ഷികമേഖലയില്‍  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മാറ്റം ഉണ്ടായതായും ബിജെപി അവകാശപ്പെടുന്നു, പ്ലാസ്റ്റിക്മണിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ നിരോധനം  സഹായിച്ചെന്നും  അവര്‍  വാദിക്കുന്നു.
കള്ളപ്പണവും കള്ളനോട്ടും രാജ്യത്തിന്റെ പ്രധാന ശത്രുവാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, കള്ളപ്പണത്തിനുനേരേ  മോദി  നടത്തിയ  ഈ വെടിവയ്പ്പില്‍  ഉണ്ട ചെന്നുകൊണ്ടത് സാധാരണക്കാരുടെ നെഞ്ചത്താണ്. ധൃതി പിടിച്ചു  നോട്ടു പിന്‍വലിക്കാതെ പഠനം നടത്തിയിട്ട് പിന്‍വലിച്ചിരുന്നെങ്കില്‍ ഇത്രയും  പാളിച്ച വരില്ലായിരുന്നുവെന്നാണ് സാമ്പത്തികവിദഗ്ധര്‍  പറയുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)