നൂറ്റിയിരുപത്താറു വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന വലിയൊരു വഞ്ചനയുടെ തുടര്‍ക്കഥയെന്നോണം ഇപ്പോള്‍ പുതിയൊരു ചതിക്കുഴിയും രൂപപ്പെട്ടിരിക്കുന്നു. ഓരോ കുഴിയില്‍നിന്നു കരകയറുമ്പോഴേക്കും വീണ്ടും ചവുട്ടിത്താഴ്ത്തപ്പെടുന്ന അനുഭവം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥയാണിത്. 19-ാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വശക്തിയായി വളര്‍ന്ന ബ്രിട്ടന്റെ കീഴിലായിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെ വരണ്ടുണങ്ങിയ വിശാലമായ സമതലപ്രദേശങ്ങളില്‍ കുടിവെള്ളത്തിനു കഷ്ടപ്പെടുന്ന പരമദരിദ്രരായ തമിഴ്ജനതയെ സഹായിക്കുന്നതിനു ലക്ഷ്യമിട്ടു തയ്യാറാക്കിയതാണ് മുല്ലപ്പെരിയാര്‍ പദ്ധതി. മദ്രാസ് പ്രവിശ്യയുടെ അതിര്‍ത്തിക്കിപ്പുറം സഹ്യ
പര്‍വതമലനിരകളില്‍ ഉദ്ഭവിക്കുന്ന മുല്ലയാറിനും പെരിയാറിനും കുറുകെ അണകെട്ടിനിറുത്തിയാല്‍ കുടിവെള്ളം മാത്രമല്ല, ജലസേചനത്തിനും ഉപകരിക്കുമെന്ന് ബ്രിട്ടീഷുകാര്‍ കണക്കുകൂട്ടി. 1862 ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീവിശാഖം തിരുനാളിനുമുമ്പില്‍ പദ്ധതിയുടെ രൂപരേഖ അവര്‍ സമര്‍പ്പിച്ചു. എണ്ണായിരം ഏക്കര്‍ വനഭൂമി നഷ്ടമാകു
മെന്നറിഞ്ഞ ശ്രീവിശാഖം തിരുനാള്‍ പദ്ധതിയോടുള്ള വിയോജിപ്പു വെളിപ്പെടുത്തി. അണക്കെട്ടു പൂര്‍ത്തി
യാകുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന നിബിഡവനത്തെയും അവിടെ അധിവസിക്കുന്ന ആദിവാസികളെയും ജീവജാലങ്ങളെയും ഓര്‍ത്തായിരുന്നു മഹാരാജാവിന്റെ ദുഃഖം. ഏകദേശം അത്രയും വിശാലമായ ഭൂപ്രദേശത്തെ വൃക്ഷലതാദികള്‍ നശിക്കുന്നതിനുപുറമേ, അണക്കെട്ടു നിര്‍മിക്കുന്ന ഭാഗത്ത് 100 ഏക്കര്‍ ഭൂമിയും തിരുവിതാംകൂറിനു നഷ്ടമാകും.
മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുമായി ബ്രിട്ടീഷുദ്യോഗസ്ഥര്‍ കവടിയാര്‍ കൊട്ടാരത്തില്‍ പലവട്ടം കയറിയിറങ്ങിയെങ്കിലും അവരുടെ ഇംഗിതത്തിനു വഴങ്ങാന്‍ മഹാരാജാവ് കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ അനുമതി നേടിയെടുക്കാന്‍ 24 വര്‍ഷങ്ങളാണ് വിദേശികള്‍ക്കു കാത്തിരിക്കേണ്ടി
വന്നത്. ക്ഷമകെട്ട ബ്രിട്ടീഷുകാര്‍ ഒടുവില്‍ ഭീഷണിയുടെ സ്വരമുയര്‍ത്തിയാകാം ശ്രീ വിശാഖം തിരുനാളിനെക്കൊണ്ട് സമ്മതിപ്പിച്ചതെന്നു കരുതപ്പെടുന്നുണ്ട്.
99 വര്‍ഷത്തെ പാട്ടക്കരാറാണെന്നു തെറ്റിദ്ധരിപ്പിച്ച് 999 വര്‍ഷത്തേക്കുള്ള പെരിയാര്‍ ലീസ് എഗ്രിമെന്റായിരുന്നു തയ്യാറാക്കിവച്ചിരുന്നത്. 29.10.1886 ആയിരുന്നു ആ ദുര്‍ദിനം. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി. രാമയ്യങ്കാറും മദ്രാസ് പ്രസിഡന്‍സിക്കുവേണ്ടി പ്രവിശ്യാഗവര്‍ണറുടെ സെക്രട്ടറിയും പാട്ടക്കരാറില്‍ ഒപ്പിട്ടു. കരാറിലേര്‍പ്പെടാന്‍ ദിവാനു മൗനാനുവാദം നല്കിയ ശ്രീവിശാഖം തിരുനാള്‍ മഹാരാജാവ് ഉരുവിട്ട വാക്കുകള്‍ ചരിത്രമായി അവശേഷിക്കുന്നു: ''എന്റെ ഹൃദയരക്തത്തില്‍ മുക്കിയാണ് ഈ കരാറില്‍ ഞങ്ങള്‍ ഒപ്പിടുന്നത്.'' ഇതായിരുന്നു ആദ്യത്തെ ചതി.
ഒരു രാഷ്ട്രീയതീരുമാനത്തിലൂടെയാണ് രണ്ടാമത്തെ ചതിക്കുഴിയില്‍ നമ്മുടെ സംസ്ഥാനത്തെ തമിഴ്‌നാട് വീഴ്ത്തിയത്. സി. അച്യുതമേനോന്‍ കേരള മുഖ്യമന്ത്രിയായിരിക്കെ 1970 ലായിരുന്ന ആ സംഭവം. അദ്ദേഹം അംഗമായിരുന്ന സി.പി.ഐയ്ക്ക് തമിഴ്‌നാട്ടില്‍ ഒരു പാര്‍ലമെന്റ് സീറ്റു വച്ചു നീട്ടിയപ്പോള്‍ അതിനുപ്രത്യുപകാരമായി പെരിയാര്‍ ലീസ് എഗ്രിമെന്റ് പുതുക്കി നല്‍കുകയായിരുന്നു. 1954 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ 999 വര്‍ഷത്തേക്ക് 29.05.1970 ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ലോവര്‍ ക്യാമ്പിലെത്തുന്ന വെള്ളത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുവാദവും തമിഴ്‌നാടു നേടിയെടുത്തു. നിയമസഭയുടെയോ മന്ത്രിസഭയുടെയോ അനുമതിയില്ലാതെ സി. അച്യുതമേനോന്‍ ഏകപക്ഷീയമായി ഏര്‍പ്പെട്ട പുതിയ കരാര്‍ ബ്രിട്ടീഷുകാരുമായി ഒപ്പുവച്ച ആദ്യകരാറിന്റെ നഗ്നമായ ലംഘനമാണ്.
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിലെ ഏറ്റവും വലിയ വിലങ്ങുതടിയും ഈ നടപടി
യാണ്. അണക്കെട്ട് ഇനിയും നൂറു വര്‍ഷംകൂടി ഇതേപടി നില്ക്കുമെന്നു വിധിയെഴുതിയ ഉന്നതാധികാരസമിതിയംഗം റിട്ട. ജസ്റ്റിസ് കെ.റ്റി. തോമസിന്റെയും അണക്കെട്ടിനു ബലക്ഷയമില്ലെന്നു പരസ്യമായും നിയമസഭയിലും ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകള്‍ ചക്രപാതച്ചുഴിക്കു സമാനമാണ്. 10.10.1895 ല്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍തന്നെ 50 വര്‍ഷം മാത്രം ആയുസ്സു നിശ്ചയിച്ച അണക്കെട്ട് ഏതൊരു പുതിയ ഡാമിനെക്കാളും ഉറപ്പുള്ളതാണെന്നു കഴിഞ്ഞദിവസം വീമ്പിളക്കിയ കെ.റ്റി. തോമസിന്റെ പ്രസ്താവന പരിഹാസ്യമായിത്തോന്നി. ഭൂകമ്പസാധ്യതയുള്ള സോണ്‍ 3 ല്‍ സ്ഥിതിചെയ്യുന്നതിനാല്‍ ചെറിയ പ്രകമ്പനത്തില്‍പ്പോലും അണക്കെട്ടു നിലംപൊത്തുമെന്നുള്ള വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടുകള്‍ രണ്ടുപേരും കണ്ടില്ലെന്നാണോ മനസ്സിലാക്കേണ്ടത്. അണക്കെട്ട് ദുര്‍ബലമാണെന്ന വിവിധ ഐ.ഐ.റ്റികളുടെ കണ്ടെത്തലുകള്‍ക്കു യാതൊരു വിലയും കല്പിക്കാത്ത മുഖ്യന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ല. കാലപ്പഴക്കംകൊണ്ട് നിര്‍മാണവസ്തുക്കളുടെ ഭൂരിഭാഗവും ഒലിച്ചുപോയതിനാല്‍ ഭാരനഷ്ടംമൂലം ഒരുകല്‍ക്കെട്ടു മാത്രമായി മാറിയ അണക്കെട്ടുതകര്‍ന്നാല്‍ മധ്യകേരളത്തിലെ നാലു ജില്ലകള്‍ നാമാവശേഷമാകും. കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലില്‍ 50 ലക്ഷം പേരുടെയെങ്കിലും ജീവന്‍ നഷ്ടമാകും. ലക്ഷക്കണക്കായ മറ്റു ജീവജാലങ്ങളെയും വസ്തുവകകളെയും അറബിക്കടല്‍ വിഴുങ്ങും.
ഇവയെല്ലാം ജനങ്ങളെ ഭീതിയിലാക്കുന്ന വ്യാജവാര്‍ത്തകളാണെന്നും ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭീഷണി ഉയര്‍ത്താന്‍ മുഖ്യന്‍ മറന്നില്ല. പിണറായി വിജയനും കെ.റ്റി. തോമസിനും ഇവിടത്തെ സാധാരണ ജനങ്ങള്‍ ഉന്നയിക്കുന്ന ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ ബാധ്യതയുണ്ട്.
ചോദ്യം 1 :കേന്ദ്ര വാട്ടര്‍ കമ്മീഷനിലെ പരിചയസമ്പന്നരായ എഞ്ചിനീയര്‍മാരും ഡല്‍ഹി / റൂര്‍ക്കി ഐ.ഐ.റ്റികളിലെ സാങ്കേതികവിദഗ്ധരും മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവദുര്‍ബലമാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടും നിങ്ങളുടെ കണ്ണുകളില്‍മാത്രം അതു ബലവത്തായി നില്ക്കുന്നതെങ്ങനെ?
ചോദ്യം 2 : അണക്കെട്ട് മൂന്നുതവണ ബലപ്പെടുത്തിയിട്ടുണ്ടെന്ന തമിഴ്‌നാടിന്റെ അവകാശവാദത്തില്‍ എത്രമാത്രം സത്യമുണ്ട്? പുറംഭിത്തിക്ക് അധികബലം നല്കാന്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടുകയും കോണ്‍ക്രീറ്റുപയോഗിച്ച് 374 മീറ്റര്‍ നീളത്തില്‍ ക്യാപിങ് നടത്തുകയും 102 ഉരുക്കുസിലിണ്ടറുകള്‍ അടിത്തട്ടില്‍വരെയിറക്കി കേബിള്‍ ആങ്കറിങ് നടത്തിയതും നിങ്ങള്‍ നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടിട്ടുണ്ടോ? ഇവിടത്തെ ഒരു ഉദ്യോഗസ്ഥനെപ്പോലും എന്തിനേറെ, സ്ഥലം എം.പി. യെപ്പോലും അണക്കെട്ടിനടുത്തേക്കു കടത്തിവിടാത്ത സാഹചര്യമല്ലേ നിലനില്ക്കുന്നത്?
ഏറ്റവുമൊടുവിലിതാ, ബേബി ഡാം ബലവത്താക്കാനെന്നപേരില്‍ 15 വന്‍മരങ്ങള്‍ മുറിച്ചുനീക്കാനുള്ള അനുമതിയും തമിഴ്‌നാട് നേടിയെടുത്തിരിക്കുന്നു. പ്രധാന അണക്കെട്ടുപോലെതന്നെ എര്‍ത്തുഡാമും ബേബി ഡാമും ബലക്ഷയം ബാധിച്ചവയാണെന്ന കുറ്റസമ്മതമല്ലേ ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയോ, വനം-ജലവിഭവവകുപ്പുമന്ത്രിമാരോ അറി
യാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വയമെടുത്ത തീരുമാനമാണിതെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. തമിഴ്‌നാട് ജലവിഭവവകുപ്പുമന്ത്രി ദുരൈമുരുകന്‍ നേതൃത്വം നല്‍കിയ മന്ത്രിതലസംഘം മുല്ലപ്പെരിയാര്‍ പ്രദേശം സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് തീരുമാനമെടുത്തതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷങ്ങളായുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നന്ദിയറിയിച്ചതും സംശയം ജനിപ്പിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവ് പാട്ടത്തിനു നല്കിയ 2100 ഏക്കര്‍ സ്ഥലവും തങ്ങള്‍ക്ക് തീറെഴുതിക്കിട്ടിയതുപോലുള്ള തമിഴ്‌നാടിന്റെ സമീപനം അംഗീകരിച്ചുകൊടുക്കാനാവില്ല. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ എന്ന ചെറിയ പട്ടണത്തില്‍നിന്നുള്ള രസകരമായ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വന്നത് ഗൗരവമായി കാണേണ്ടതുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു ശാശ്വതപരിഹാരം കാണുന്നതിന് ഇടുക്കി ജില്ലയെ തമിഴ്‌നാട്ടില്‍ ലയിപ്പിക്കുകയാണു വേണ്ടത്. തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പീരുമേട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും തമിഴ്‌നാടുമായി സംയോജിപ്പി
ക്കണം. അണക്കെട്ടിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയും തമിഴ്‌നാടിന്റെ അവകാശങ്ങള്‍ വീണ്ടെടുക്കുകയും വേണം. ഗൂഡല്ലൂരിലെ വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങളാണു പങ്കെടുത്തത്.
ബേബി ഡാമിനടുത്തുള്ള മരങ്ങള്‍ മുറിച്ചുനീക്കാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിവാദ ഉത്തരവ് റദ്ദാക്കിയെന്നതാണ് എറ്റവും പുതിയ വാര്‍ത്ത. നവംബര്‍ 5 ല്‍ പുറത്തിറക്കിയ ഈ ഉത്തരവ് മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍വാദം. ഏറ്റവും ഗൗരവമുള്ള ഒരു വിഷയം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്ത മുഖ്യന്റെയും മന്ത്രിമാരുടെയും 'അതിബുദ്ധി' കണ്ട് പൊതുജനം അന്തംവിട്ടിരിക്കുകയാണ്. ബേബി ഡാംകൂടി ബലപ്പെടുത്തി ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ നിഗൂഢലക്ഷ്യങ്ങള്‍ക്ക് ഒത്താശചെയ്യുന്നത്, സുപ്രീംകോടതിയിലെ നമ്മുടെ വാദഗതികള്‍ പരാജപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയേയൂള്ളൂ.
സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തസാധ്യത മുന്നില്‍ക്കണ്ട് പുതിയൊരു ഡാം നിര്‍മിക്കുകയും പഴയതു പൊളിച്ചുകളയുകയുമാണ് ഏകപോംവഴി. പുതിയ അണക്കെട്ടു നിര്‍മിക്കുമ്പോള്‍ തമിഴ്‌നാടിനു നല്‍കിക്കൊണ്ടിരിക്കുന്ന വെള്ളം തുടര്‍ന്നും കൊടുക്കുമെന്ന് ഒരു പുതിയ കരാറിലൂടെ ഉറപ്പും നല്‍കണം. ജനങ്ങളുടെയും വസ്തുവകകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷയാണ് നമുക്കു പ്രധാനം.