•  25 Apr 2024
  •  ദീപം 57
  •  നാളം 7
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

സന്തോഷം അലയടിക്കുന്ന പുളിക്കല്‍ വീട്

ഫോണ്‍ വിളിക്കുമ്പോള്‍ യുഗേഷും ജോളിയും ബംഗളൂരുവിലെ ഒരു തെരുവോരത്തു നിന്നാണു വിളി കേട്ടത്. കുറവിലങ്ങാടുള്ള തങ്ങളുടെ സ്ഥാപനത്തിലേക്കു തുണിത്തരങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു രണ്ടുപേരും. ''എത്രയോ വര്‍ഷങ്ങളായി ഞങ്ങളീ തെരുവുകളിലെ നിത്യസന്ദര്‍ശകരാണ്,'' യുഗേഷ് പറഞ്ഞുതുടങ്ങി. ''ഒരു ക്രിക്കറ്റ് ടീമിനുള്ള ആള് വീട്ടില്‍ വേണമെന്നു ചെറുപ്പത്തിലേ മോഹിച്ചിരുന്നു. എനിക്കൊരു പെങ്ങള്‍ മാത്രമായിരുന്നു, കൂടപ്പിറപ്പ്. അന്നേ വീടു നിറച്ചും കുഞ്ഞുങ്ങള്‍, മനസ്സിലൊരു സ്വപ്നമായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം ചില ബോധ്യങ്ങള്‍ മനസ്സിലുറച്ചു. ഒരു ധ്യാനം, ജീവിതത്തിനൊരു പുത്തന്‍ വെളിച്ചം നല്‍കി. അബോര്‍ഷനിലൂടെ നഷ്ടമാവുന്ന കുരുന്നുജീവന്‍ മനസ്സിലൊരു നൊമ്പരമായി മാറി. അബോര്‍ഷനെതിരേ ക്ലാസെടുക്കാനും ഷോര്‍ട് ഫിലിം നിര്‍മിക്കാനുമൊക്കെ ശക്തമായ ഒരു ഉള്‍പ്രേരണ. ഒരു നിയോഗംപോലെ പിന്നെ ഓടാന്‍ തുടങ്ങി. ജീവന്റെ വചനത്തിനു സാക്ഷ്യം പറയാന്‍. അത് മുടക്കമില്ലാതെ തുടരുന്നു. അതേസമയത്താണ് കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ജോളിയുടെ ജോലി വേണ്ടെന്നു വച്ച് ബിസിനസ് ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. കുറവിലങ്ങാട്ട്  ഒരു ചെറിയ കടമുറി വാടകയ്‌ക്കെടുത്തു. നൈറ്റികള്‍ തയ്ച്ചു കൊടുക്കുന്ന ഒരു ചെറിയ പ്രസ്ഥാനം ആദ്യം തുടങ്ങി. അതില്‍നിന്നാണ് ഇന്നു ഞങ്ങള്‍ക്കുള്ള 'പുളിക്കന്‍സ്' പടുത്തുയര്‍ത്തിയത്. യുഗേഷിന്റെ വാക്കുകള്‍ക്ക് അനുഭവങ്ങള്‍ പകര്‍ന്ന പക്വതയുടെ തിളക്കം.
''കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ദൈവം ജോളിക്കൊരു പ്രത്യേക കൃപ തന്നിട്ടുണ്ട്. കുട്ടികളെ തൊട്ടില്‍ കെട്ടി, കടയിലിരുത്തി, താരാട്ടി, പാലൂട്ടി ജോളി കുഞ്ഞുങ്ങളെയും കടയെയും ഒരുപോലെ വളര്‍ത്തി. ഒന്നിനുവേണ്ടി മറ്റൊന്നു വേണ്ടെന്നു വച്ചില്ല. മിടുക്കിയാണ്.'' യുഗേഷിന്റെ ശബ്ദത്തിലിപ്പോഴും പ്രണയത്തിന്റെ ചെമ്പകഗന്ധമുണ്ട്.
''സത്യം പറഞ്ഞാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയ കഷ്ടപ്പാടും കദനവുമെല്ലാം ഞാന്‍ ഇപ്പോ മറന്നേപോയി. പകിട്ടിന്റെയും പട്ടിന്റെയുമൊക്കെ ഈ ആഡംബരകാലത്തിനുമുമ്പ് ഒത്തിരി ഉരുകിയ, വിയര്‍പ്പൊഴുക്കിയ ഒരു കാലമുണ്ടായിരുന്നു. കൊച്ചുകൊച്ചു തുണിത്തുണ്ടുകള്‍ ചേര്‍ത്ത് ഒരുടുപ്പ് തുന്നിയെടുക്കുംപോലെ, സങ്കടത്തിന്റെ കുറെയേറെ തുണ്ടുകള്‍ ചേര്‍ത്തുവച്ചാണ് കല്‍ക്കണ്ടമധുരമുള്ള ഇന്നത്തെ ജീവിതം ഞാന്‍ തുന്നിയെടുത്തത്. ''പ്രഗ്നന്റ് ആയിരിക്കുമ്പോള്‍ തുണിത്തരങ്ങള്‍ തിരഞ്ഞുള്ള ബംഗളൂരു യാത്രകള്‍, പ്രസവത്തിന്റെ തലേദിവസംവരെ കടയില്‍ വന്ന് തുണികള്‍ വെട്ടിക്കൊടുക്കുന്നത്, കടമുറിയില്‍ തൊട്ടില്‍ കെട്ടി കുഞ്ഞുങ്ങളെ വളര്‍ത്തിയത്... പറഞ്ഞാല്‍ തീരാത്തത്ര കഥകളുണ്ട് ജീവിതത്തില്‍. പക്ഷേ, മുത്തശ്ശിയാണെന്ന തോന്നലൊന്നും ഇപ്പോഴുമില്ല. അധ്വാനത്തിനു കുറവുമില്ല. ഇപ്പോഴും എനര്‍ജെറ്റിക്കായി ഓടിനടക്കുന്നത് കൂടുതല്‍ പ്രസവിച്ച്, കൂടുതല്‍ കഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ പോറ്റിയതുകൊണ്ടാണെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ഒത്തിരി ശകാരങ്ങള്‍, പരിഹാസങ്ങള്‍... പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണല്ലോ, എന്ന മട്ടിലുള്ള എത്രയെത്ര കളിയാക്കലുകള്‍... എല്ലാം കേട്ടിട്ടുണ്ട്. അന്നൊക്കെ ഹൃദയം വിതുമ്പുമ്പോള്‍ ഈശോയുടെ തിരുമുറിവുകളെയോര്‍ത്തു കൊന്ത ചൊല്ലും. ഇന്നിപ്പോള്‍ എല്ലാവരും 'ഭാഗ്യവതി' എന്നു വിളിക്കുമ്പോള്‍ മാതാവിനു ഞാന്‍ നന്ദി പറയും. ഇപ്പോഴും രാവിലെ കുര്‍ബാന കഴിഞ്ഞ് പണിയെല്ലാം തീര്‍ത്ത് കടയിലേക്കോടും. ഇരുപത്തഞ്ചോളം വരുന്ന സ്റ്റാഫിനെ കരുതലോടെ മുന്നോട്ടു കൊണ്ടുപോണം. കസ്റ്റമേഴ്‌സിനു തൃപ്തിയാവുംപോലെ ഡ്രസ് ഡിസൈന്‍ ചെയ്തു നല്‍കണം.  എല്ലാം കൃപയാണെന്നറിയുകയാണ്. നമ്മള്‍ ഏറ്റുവാങ്ങുന്ന സഹനങ്ങളിലെല്ലാം സന്തോഷത്തിന്റെ ഒരു വിത്തുറങ്ങുന്നുണ്ട് എന്നു വിചാരിച്ചാല്‍ തീരാനുള്ളതേയുള്ളൂ എല്ലാ പ്രശ്‌നങ്ങളും അല്ലേ?'' ജീവിതം പഠിച്ചവര്‍ എത്ര സിംപിളായാണ് സൊല്യൂഷന്‍സ് പറഞ്ഞുതരുന്നത്.
''എപ്പോഴും കുഞ്ഞുങ്ങളും ബെന്നി(യുഗേഷ്)യുമായി ഒരുമിച്ചായിരിക്കാനാണ് ബിസിനസ് തുടങ്ങിയത്. ഏതു പ്രതിസന്ധിയിലും ബെന്നി കൂടെ നില്ക്കും. ഒരുമിച്ചു പ്രാര്‍ത്ഥിക്കും, ഒരുമിച്ചു പ്രയത്‌നിക്കും. മക്കളുടെ പഠനം, ജോലി, വിവാഹം എല്ലാം ഞങ്ങളാഗ്രഹിച്ചതുപോലെ നടക്കുന്നുണ്ട്. മടുപ്പില്ലാതെ ഒരുമിച്ചോടുകയാണ് ഇപ്പോഴും.''
പരാതികളും മടുപ്പുമൊക്കെ പ്രണയം പടിയിറങ്ങിപ്പോയ ബന്ധങ്ങളുടെ ലക്ഷണങ്ങളാണല്ലോ.
''ആറു മക്കള്‍, രണ്ടു മരുമക്കള്‍. മൂത്ത മകള്‍ ഡെല്ല വിവാഹം കഴിഞ്ഞ് രണ്ടു മക്കളായി. ഡാനയ്ക്ക് ഒരു കുട്ടി. ഡീനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മോന്‍ ഡേവിഡ് കാനഡയില്‍ പഠിക്കുന്നു. ഡൊറോത്തി +2 വിദ്യാര്‍ത്ഥിനി. ഡബോറ ഒന്‍പതില്‍. ഇല്ലായ്മയും വല്ലായ്മയുമെല്ലാം അറിയിച്ചാണ് മക്കളെ വളര്‍ത്തിയത്. ഈയിടെ മദേഴ്‌സ് ഡേയില്‍ മൂത്ത മോള്‍ ഡെല്ല എനിക്ക് ഡയമണ്ടിന്റെ ഒരു ജോടി കമ്മല്‍ വാങ്ങിത്തന്നു. മിഴി നിറഞ്ഞെങ്കിലും അവളെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍ പറഞ്ഞു: ''വെട്ടിത്തിളങ്ങുന്ന ഈ ഡയമണ്ടിനെക്കാളും, പ്രകാശമുള്ള എന്റെ മക്കളെയാണ് അമ്മയ്‌ക്കേറെയിഷ്ടം.''
നിന്റെ കുഞ്ഞുങ്ങള്‍ മേശയ്ക്കുചുറ്റും ഒലിവുനാമ്പുകള്‍പോലെയും, നിന്റെ സഖി മുന്തിരിവള്ളിപോലെയും വ്യാപരിക്കട്ടെയെന്ന പ്രസാദസങ്കീര്‍ത്തനം സദാ മുഴങ്ങുന്നുണ്ട് പുളിക്കലെ വീട്ടില്‍. അവിടെ ജീവിതം നല്‍കുന്ന സന്തോഷങ്ങളും സങ്കടങ്ങളും ഊടും പാവുമാക്കി വലിയ കുടുംബമെന്ന അങ്കി തയ്‌ച്ചെടുക്കുകയാണ് യുഗേഷും ജോളിയും.

 

Login log record inserted successfully!