നെതര്‍ലണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിനടുത്ത് ലിസ്സെ പട്ടണത്തില്‍ ഇംഗ്ലീഷ്മാതൃകയില്‍ രൂപകല്പന ചെയ്തിട്ടുള്ള ലോകത്തിലെ ഏറ്റവും വലുതും അതിമനോഹരവുമായ പൂന്തോട്ടമാണ് ക്യൂകെന്‍ഹോഫ് എന്നറിയപ്പെടുന്ന പൂക്കളുടെ പറുദീസ. ഒരേ വലിപ്പത്തിലും നിറത്തിലുമുള്ള ലക്ഷക്കണക്കിന് ബള്‍ബുപൂക്കള്‍ (ടുളിപ്) സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഇവിടെ അണിഞ്ഞൊരുങ്ങിനില്‍ക്കുന്നു. ടുളിപ് പൂക്കളുടെ ഹൈബ്രീഡ് വിത്തുകള്‍ ഇവിടുത്തെ റിസേര്‍ച്ച് ലാബുകളില്‍ വികസിപ്പിച്ചെടുക്കുന്നു.
എണ്‍പത് ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനത്തില്‍ പ്രതിവര്‍ഷം 70 ലക്ഷത്തില്‍പ്പരം ടുളിപ് പൂക്കള്‍ നട്ടുവളര്‍ത്തുന്നു. ഹയാസീസ്, ഡീഫോള്‍ഡിന്‍, കാര്‍നേഷന്‍, ഐറിസ് എന്നിവകൂടാതെ നിരവധിയിനം റോസാപ്പൂക്കളും നമ്മള്‍ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് മറ്റനവധി തരത്തിലും നിറത്തിലുമുള്ള പൂക്കളും ഇവിടെയുണെ്ടങ്കിലും 90 ശതമാനത്തോളം ടുളിപ് പൂക്കളാണ്. കാഴ്ചക്കാര്‍ക്കു നടന്നു കാണുവാന്‍ 15 കിലോമീറ്റര്‍ ഫുട്പാത്ത് ഈ പൂക്കളുടെയിടയില്‍ക്കൂടി പ്രത്യേകമൊരുക്കിയിരിക്കുന്നു. 90ല്‍പ്പരം കളറുകളിലുള്ള ടുളിപ് പൂക്കള്‍ അടുക്കും ചിട്ടയോടുംകൂടി രൂപകല്പന ചെയ്യുവാന്‍ അനേകം കലാകാരന്മാരെ ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അനേകം ജോലിക്കാര്‍ സദാസമയവും ഇവയെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതു കാണാം. പൂക്കള്‍കൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും പലവിധ പ്രതിമകള്‍, മലകള്‍, കുന്നുകള്‍ എല്ലാം മനോഹരമായി ഒരുക്കിയിരിക്കുന്നു. നോക്കെത്താ ദൂരത്തില്‍ പൂത്തുനില്‍ക്കുന്ന ഇത്രയധികം ബള്‍ബുപൂക്കള്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കുകയില്ല. വിരിഞ്ഞുകഴിഞ്ഞാല്‍ അനേകനാള്‍ വാടാതെ നില്‍ക്കുമെന്നത് ഈ പൂവിനുള്ള വലിയൊരു പ്രത്യേകതയാണ്.
നല്ലൊരു തടാകവും ഈ ഉദ്യാനത്തിലൊരുക്കിയിട്ടുണ്ട്. ഇതില്‍ അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്നു. ജലാശയവും അവയുടെ തീരങ്ങളില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന മനോഹരവൃക്ഷങ്ങളും വെള്ളത്തില്‍ വിഹരിക്കുന്ന അരയന്നങ്ങളും ഈ പൂന്തോപ്പിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. പൂക്കളുടെ ഫോട്ടോകള്‍ ഇഷ്ടംപോലെ എടുക്കാമെങ്കിലും ഒരു പൂവിനെപ്പോലും തൊടാനനുവദിക്കുകയില്ല. സ്ഥലത്തിന്റെ കിടപ്പനുസരിച്ചും നിറങ്ങളുടെ യോജിപ്പനുസരിച്ചും ടുളിപ് പൂക്കള്‍ കൃഷിചെയ്തിരിക്കുന്ന കാഴ്ച നമ്മെ അത്ഭുതപ്പെടുത്തും. വിശാലമായ ഉദ്യാനത്തിന്റെ സൗന്ദര്യം ശരിക്കാസ്വദിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.
പൂന്തോട്ടത്തിന്റെ വിവിധ ദൃശ്യങ്ങളടങ്ങിയ വാള്‍പേപ്പര്‍ ചിത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. ലോകമെങ്ങുമുള്ള പല രാജ്യങ്ങളിലും ഈ പൂക്കളുടെ വലിയ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. കൂടുതലും വടക്കേ അമേരിക്കയിലാണ്. ന്യൂയോര്‍ക്ക്, മിഷിഗണ്‍, വെര്‍നോണ്‍ മൗണ്ട്, ന്യൂസിലാന്റ്, ഹോളണ്ട്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അല്‍ബാനി എന്നീ രാജ്യങ്ങള്‍ ഈ ഉത്സവം സജീവമായി ആഘോഷിക്കുന്നു. ഉത്സവവേളകളില്‍ നഗരം മുഴുവന്‍ ടുളിപ് പൂക്കള്‍കൊണ്ടു നിറഞ്ഞിരിക്കും. ഇതില്‍ പങ്കെടുക്കാന്‍ അനേകം ടൂറിസ്റ്റുകള്‍ ഈ സമയത്തെത്തും. ലോകത്തു പല രാജ്യങ്ങളിലും ഇതു വന്‍തോതില്‍ കൃഷി ചെയ്യുന്നുണെ്ടങ്കിലും ഏറ്റവും കൂടുതല്‍ പൂക്കള്‍ കയറ്റിയയയ്ക്കുന്നതും വിപണിയിലെത്തിക്കുന്നതും നെതര്‍ലണ്ടാണ്. ഇന്ത്യയില്‍ കാഷ്മീരിലെ ശ്രീനഗറില്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുളിപ് ഗാര്‍ഡനില്‍ മുപ്പതേക്കര്‍ സ്ഥലത്ത് അതിമനോഹരമായി ഇതു കൃഷി ചെയ്യുന്നു.
1950-ല്‍ പ്രവര്‍ത്തനമാരംഭിച്ച, യൂറോപ്പ് ഗാര്‍ഡന്‍ എന്നു പേരുകൂടിയുള്ള ഈ നിത്യവസന്തപൂങ്കാവനം സന്ദര്‍ശിക്കുവാന്‍ ദിവസം 26000 ത്തോളം സന്ദര്‍ശകരെത്തുന്നുവെന്നാണു കണക്ക്. ആംസ്റ്റര്‍ഡാമിനും ഷിഫോള്‍ വിമാനത്താവളത്തിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജകീയ ഉദ്യാനം മുഴുവന്‍ കാണുവാന്‍ സമയമില്ലാതിരുന്നതിനാല്‍ വസന്തകാലത്തിന്റെ ഓര്‍മ്മകളുമായി ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ പൂവില്‍ പുണര്‍ന്നുനിന്ന ജലകണങ്ങള്‍ വെയിലിനു കീഴടങ്ങിയിരുന്നു. രാജകീയ നഗരമായിരുന്ന ആംസ്റ്റര്‍ ഡാമിലെ പൂക്കളുടെ വൃന്ദാവനം മനസ്സില്‍ മായാതെ നില്ക്കുന്നു.