•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മുല്ലപ്പെരിയാര്‍ ഇനി എത്രനാള്‍?

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിട്ട് ഒക്‌ടോബര്‍ 10-ാം തീയതി 126 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ പ്രോജക്ട് കമ്മീഷന്‍ ചെയ്യപ്പെട്ടത് 10-10-1895 ലായിരുന്നു. ആധുനികസാങ്കേതികവിദ്യകള്‍ പ്രയോഗത്തിലില്ലാതിരുന്ന അക്കാലത്തുപോലും ഒന്‍പതുവര്‍ഷംകൊണ്ട് അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. മണലും ഇഷ്ടികപ്പൊടിയും ശര്‍ക്കരയും ചുണ്ണാമ്പും മുട്ടവെള്ളയുമായി ചേര്‍ത്ത് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ സുര്‍ക്കിമിശ്രിതം നിരത്തി അതിനുള്ളില്‍ പാറക്കല്ലുകളുറപ്പിച്ചായിരുന്നു നിര്‍മാണം. 142 അടി വീതിയില്‍ അടിസ്ഥാനമിട്ടു ചെരിച്ചുപണിത് മുകളിലെത്തുമ്പോള്‍ 12 അടിയിലെത്തിച്ച അണക്കെട്ടിന് 176 അടി ഉയരവും  1200 അടി നീളവുമുണ്ട്. അണക്കെട്ടു രൂപം കൊടുത്ത പെരിയാര്‍ തടാകത്തിലെ വെള്ളം  5,714 അടി നീളമുള്ള തുരങ്കത്തിലൂടെയാണ് മറുപുറത്തെത്തിച്ചത്. ബ്രിട്ടീഷ് എന്‍ജിനീയറായ കേണല്‍ ജോണ്‍ പെന്നിക്വിക്കും മികച്ച  സാങ്കേതികവിദഗ്ധരും  നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡന്‍സിയിലെ വിശാലമായ വരണ്ടുണങ്ങിയ പ്രദേശങ്ങള്‍ (ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ തേനി, മധുര, ഡിണ്ടിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നീ അഞ്ചു ജില്ലകള്‍) കൃഷിയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം.
പഴയകാലങ്ങളില്‍ പറമ്പുകളില്‍ കയ്യാലകള്‍ പണിയുന്ന രീതിയിലായിരുന്നു നിര്‍മാണം. ഇടയ്ക്കു തൂണുകളില്ലാതെ  നെടുനീളത്തിലുള്ള ഒരു കല്‍ക്കെട്ട്. നിര്‍മാണവസ്തുക്കളുടെ ഭാരംകൊണ്ട് തറയില്‍ ഉറച്ചുനില്‍ക്കുന്ന ഒരു ''ഗ്രാവിറ്റി ഡാം''. എന്നാല്‍, കല്ലുകളെ ഉറപ്പിച്ചുനിര്‍ത്തുന്ന സുര്‍ക്കി മിശ്രിതത്തിന്റെ സിംഹഭാഗവും ഒലിച്ചുപോയതിന്റെ ഭാരനഷ്ടം നികത്താന്‍ 1922 മുതല്‍ പലവട്ടം സിമന്റുപയോഗിച്ചു ഗ്രൗട്ടിങ് നടത്തിയതായി തമിഴ്‌നാട് അവകാശപ്പെടുന്നുണ്ട്. 1964 ലെ ഗ്രൗട്ടിങ്ങിനുമാത്രം 500 ടണ്‍ സിമന്റ് ചെലവാക്കി. അണക്കെട്ടിന്റെ നിര്‍മാണം മുതല്‍ കണ്ടുതുടങ്ങിയ ചോര്‍ച്ചകളടയ്ക്കാനായിരുന്നു ഗ്രൗട്ടിങ്. ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഏഷ്യന്‍ ഡാം സേഫ്റ്റി വിഭാഗം മേധാവിയായിരുന്ന ഹിമാംശു ഠാക്കൂര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും ഏതുനേരവും തകരാന്‍ സാധ്യതയുണ്ടെന്നും രേഖപ്പെടുത്തി. ഡോ. കെ.സി. തോമസ് അധ്യക്ഷനായ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ വിദഗ്ധപരിശോധനയിലും അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ ബോധ്യപ്പെട്ടതോടെ രണ്ടു സംസ്ഥാനങ്ങളിലെയും എഞ്ചിനീയര്‍മാരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. 25-11-1979 ല്‍ ചേര്‍ന്ന ആ യോഗത്തില്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തല്‍ തുടരാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇപ്പോഴുള്ളതിനും താഴെ പുതിയൊരണക്കെട്ടു നിര്‍മിക്കാനും തീരുമാനമെടുത്തു. നിര്‍ഭാഗ്യവശാല്‍ 1980 ല്‍ പ്രാബല്യത്തില്‍വന്ന കര്‍ശനമായ വനനിയമങ്ങള്‍ പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തിനു വിലങ്ങുതടിയായി.
ഡല്‍ഹിയിലെയും റൂര്‍ക്കിയിലെയും ഐ.ഐ.ടി.കളുടെ പരിശോധനകളിലും അണക്കെട്ടിന്റെ ബലക്ഷയം സ്ഥിരീകരിച്ചിരുന്നു. മുകള്‍ഭാഗത്തുനിന്ന് അടിത്തട്ടിലേക്ക് ബോര്‍ഹോളുകള്‍ കുഴിച്ചപ്പോള്‍ ഉപകരണങ്ങള്‍ പൊള്ളയായ ഭാഗങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നു വ്യക്തമായി. റസല്‍ ജോയിയുടെ ഭാഷയില്‍ പറഞ്ഞാല്‍, വലിയ യാത്രാബസുകള്‍പോലും കയറ്റിനിര്‍ത്താവുന്നത്ര വലുപ്പമുള്ള വിടവുകള്‍ ഡാമിനുള്ളില്‍ രൂപപ്പെട്ടിട്ടുണ്ടത്രേ!
പ്രധാന അണക്കെട്ടിനോടു ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള  ബേബിഡാമും എര്‍ത്ത് ഡാമും കാലപ്പഴക്കംകൊണ്ട് ദുര്‍ബലമാണെന്നു വാര്‍ത്തയുണ്ട്. നിര്‍മാണം കഴിഞ്ഞ് അധികംവൈകാതെ ബേബിഡാമില്‍ കണ്ടെത്തിയ ചോര്‍ച്ചയടയ്ക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.പൈപ്പിങ് ലീക്കാണ് ബേബി ഡാമിനെ ദുര്‍ബലമാക്കിയതെന്ന് കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറായ ജോര്‍ജ് ദാനിയേല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചോര്‍ച്ചയിലും കാലപ്പഴക്കത്തിലും ബേബിഡാമിന്റെ പിന്‍വശത്തെ ചുവടുഭാഗത്തുള്ള കല്ലുകള്‍ ഇളകിമാറിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയിലേക്കുയര്‍ന്നാല്‍ വെള്ളത്തിന്റെ സമ്മര്‍ദം  താങ്ങാനാവാതെ ബേബിഡാം തള്ളിപ്പോകാവുന്ന അവസ്ഥയിലാണെന്നും ജോര്‍ജ് ദാനിയേലിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സാധാരണ അണക്കെട്ടുകള്‍ക്ക് ഷട്ടറുകള്‍ ഉള്ളതുപോലെ മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനു ഷട്ടറുകളില്ല. പകരം, സ്പില്‍വേവഴിയാണ് അധികജലം തുറന്നുവിടുന്നത്. 136 അടിയിലേക്കു ജലനിരപ്പെത്തുമ്പോള്‍ സ്പില്‍വേയിലുള്ള 13 ഷട്ടറുകള്‍വഴി വെള്ളം തുറന്നുവിടും. ഇങ്ങനെ നിയന്ത്രിതമായ അളവില്‍ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും അപകടങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനും ജനങ്ങള്‍ക്കു കഴിയും. ഇത്തരമൊരു സംവിധാനത്തോടു പൊരുത്തപ്പെടാന്‍ തമിഴ്‌നാടു തയ്യാറാകാത്തതാണ് പ്രധാന കീറാമുട്ടി. 2018 ലെ പ്രളയകാലത്തേതുപോലെ അനുവദനീയസംഭരണശേഷിവരെ വെള്ളം സംഭരിച്ച് അണക്കെട്ടു ബലവത്താണെന്ന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും 152 അടിയിലേക്ക് ജലനിരപ്പുയര്‍ത്തുന്നതിനുള്ള അനുമതി നേടിയെടുക്കുകയുമാണ് തമിഴ്‌നാടിന്റെ ആത്യന്തികലക്ഷ്യം.
2016 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു മുഖ്യമന്ത്രിയായശേഷം രണ്ടാംവട്ടവും മുഖ്യമന്ത്രിയായ പിണറായി വിജയന്‍, അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഒരു വിദഗ്ധസമിതിയെ കണ്ടെത്തുകയോ ശരിയായ പരിശോധനകള്‍ നടത്തുകയോ ഗൗരവമായ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയോ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നത് അത്യന്തം ഖേദകരമാണ്.
പഴക്കംചെന്ന ഏതാനും അണക്കെട്ടുകള്‍ തകര്‍ന്നതോടെ അമേരിക്കന്‍ സര്‍ക്കാര്‍ രൂപീകരിച്ച 'ഫെഡറല്‍ ഗൈഡ് ലൈന്‍ ഫോര്‍ സേഫ്റ്റി ഓഫ് ഡാംസ്' നിയോഗിച്ച അന്താരാഷ്ട്രവിദഗ്ധസമിതിയെ വിളിച്ചുവരുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിശോധിക്കണമെന്നും ഡാം എന്നു ഡീ കമ്മീഷന്‍ ചെയ്യുമെന്ന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ആലുവാ സ്വദേശിയായ അഡ്വ. റസല്‍ ജോയി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഡാം സുരക്ഷയെക്കുറിച്ചുപരിജ്ഞാനമുള്ള ഒരു വിദഗ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിശോധിപ്പിക്കാനായാല്‍ തമിഴ്‌നാടുമായുള്ള  കേസില്‍ കേരളത്തിനു വിജയിക്കാനാകുമെന്നാണ്  റസല്‍ ജോയിയുടെ വാദം. 2018 ലെ പ്രളയകാലത്ത് 2014 ലെ ഉത്തരവുപ്രകാരം അനുവദനീയമായ 142 അടിയില്‍നിന്ന് 144 അടിയിലേക്ക് ജലനിരപ്പ് കുതിച്ചുയര്‍ന്നപ്പോള്‍ 139 അടിയിലേക്കു താഴ്ത്താനുള്ള  സുപ്രീംകോടതിയുടെ ഉത്തരവ് സമ്പാദിച്ചത് അഡ്വ. റസല്‍ ജോയി സമര്‍പ്പിച്ച  അടിയന്തരഹര്‍ജിയെത്തുടര്‍ന്നാണ്. അണക്കെട്ടിന്റെ ബലക്ഷയം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജലനിരപ്പ് 130 അടിയായി നിജപ്പെടുത്തണമെന്ന പുതിയൊരു ഹര്‍ജിയും പരമോന്നത കോടതിയുടെ പരിഗണനയ്ക്കായി അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. സമാനചിന്താഗതിക്കാരായ സുമനസ്സുകളെ ചേര്‍ത്ത് 'സേവ് കേരള ബ്രിഗേഡ്' എന്ന ഒരു സംഘടനയ്ക്കു രൂപംകൊടുത്ത് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു  പരിഹാരം കാണാനുള്ള നിരന്തരപോരാട്ടമാണ് അദ്ദേഹം നടത്തുന്നത്.
അപകടകരമായ വിള്ളലും
ഭൂകമ്പസാധ്യതയും

അണക്കെട്ടിന്റെ അടിത്തട്ടില്‍നിന്ന് 100 അടി ഉയരത്തില്‍ നെടുനീളത്തിലുള്ള ഒരു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് റിമോട്ട് സെന്‍സിങ് ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവിടെവച്ച് ജലഭാഗത്തേക്ക് അണക്കെട്ട് ഒടിഞ്ഞുനില്ക്കുന്നതായും കണ്ടെത്തി. ഡാമിന്റെ വെള്ളത്തിനടിയിലെ ഉള്‍ഭാഗം നാട്ടിന്‍പുറത്തെ കയ്യാലകള്‍ക്കു സമാനമാണെന്ന് വെള്ളം താഴ്ന്നുനില്‍ക്കുന്ന സമയങ്ങളില്‍ ബോട്ടുയാത്ര നടത്തിയവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ട് അതിന്റെ ആയുസ്സു മുഴുവന്‍ പിന്നിട്ടതായി എല്ലാ പഠനറിപ്പോര്‍ട്ടുകളിലും സൂചനയുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുറ്റളവില്‍ 22 ഭ്രംശമേഖലകളുണ്ടെന്നും ഇവയില്‍ തേക്കടി-കടയനല്ലൂര്‍ ഭ്രംശപാളി ഏറ്റവും അപകടകാരിയാണെന്നും പറയപ്പെടുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ അണക്കെട്ടു ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയും. ഇടുക്കി ജില്ലയിലെ 12 വലിയ അണക്കെട്ടുകളിലും ചെറിയ ഡാമുകളിലും അനേകം തടയണകളിലും സംഭരിച്ചിരിക്കുന്ന വെള്ളം കൂട്ടിച്ചേര്‍ത്താല്‍ ഒരു ഉള്‍ക്കടലിനു തുല്യമായ ജലമുണ്ടാകും. ഇത്രയും വെള്ളത്തിന്റെ സമ്മര്‍ദം താങ്ങാന്‍ കെല്പില്ലാതെ ഭൂഗര്‍ഭപാളികള്‍ വിറകൊള്ളുന്നതാണ് ജില്ലയിലെ ഭൂചലനങ്ങള്‍ക്കു കാരണം.
തുലാവര്‍ഷാരംഭത്തില്‍ത്തന്നെ എല്ലാ ജലസംഭരണികളും നിറഞ്ഞുനില്ക്കുകയാണ്. 2018 ലെ പ്രളയകാലത്ത് ജലനിരപ്പ് 144 അടിയിലെത്തിയപ്പോള്‍ 139 അടിയിലേക്കു താഴ്ത്തുന്നതിനുവേണ്ടി സ്പില്‍വേയിലൂടെ തുറന്നുവിട്ട ജലം സര്‍വനാശം വിതച്ചെങ്കില്‍ ഒരണക്കെട്ടു പൊട്ടിയാലുള്ള അവസ്ഥ എത്ര ഭയാനകമായിരിക്കും! മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നടിയുമ്പോള്‍ താഴേക്കൊഴുകുന്ന ശക്തമായ വെള്ളപ്പാച്ചിലിനോടൊപ്പമെത്തുന്ന മണ്ണും കല്ലും മരങ്ങളും പെരിയാറിലെ തേക്കടി വനത്തിലെ ജലം മുഴുവന്‍ ഇടുക്കിയും ചെറുതോണിയും കുളമാവും താങ്ങിനിര്‍ത്തുമെന്ന തമിഴ്‌നാടിന്റെ വാദഗതിയും വിശ്വസനീയമല്ല. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തത്തിനു നിന്നുകൊടുക്കാന്‍ നമുക്കാവില്ല. ഇപ്പോഴുള്ള അണക്കെട്ടിന് 1200 അടി താഴെ പുതിയൊരെണ്ണം  പണിയുന്നതിനുള്ള പരിസ്ഥിതി ആഘാതപഠനംപോലും നടത്തിയിട്ടില്ലെന്നറിയുന്നു.
പുതിയ അണക്കെട്ടു പണിയുമ്പോള്‍ വെള്ളത്തിനടിയിലായേക്കാവുന്ന ഏതാനും ഹെക്ടര്‍ വനഭൂമിക്കുവേണ്ടി വാദിക്കാതെ അണക്കെട്ടു തകരുമ്പോള്‍ നഷ്ടപ്പെട്ടേക്കാവുന്ന ലക്ഷക്കണക്കായ മനുഷ്യരുടെ ജീവനും സ്വത്തിനും ജീവജാലങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായേ തീരൂ. മധ്യകേരളത്തെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാന്‍ പോകുന്ന ഒരു മഹാദുരന്തമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)