ഇന്ത്യയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിവേഗം വര്‍ധിക്കുകയാണ്. കൂടാതെ, ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍, പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവു കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവ ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യനിര്‍മാര്‍ജനദിനമാണ് ഒക്ടോബര്‍ 17.ദാരിദ്ര്യത്തിനെതിരേ അന്താരാഷ്ട്രതലത്തിലുള്ള പോരാട്ടത്തെക്കുറിക്കുന്ന ദിനം. ഈ അവസരത്തില്‍ത്തന്നെയാണു ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആഗോളവിശപ്പുസൂചികയിലെ ഏറ്റവും പുതിയ കണക്കുകളും കണ്ടെത്തലുകളും ആഗോളതലത്തില്‍ത്തന്നെ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കു വേദിയാകുന്നത്. ഐറിഷ് മനുഷ്യാവകാശസംഘടനയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മന്‍ സന്നദ്ധസംഘടനയായ വെല്‍ത്ത് ഹംഗര്‍ ലൈഫും ചേര്‍ന്ന് എല്ലാ വര്‍ഷവും പുറത്തി
റക്കുന്ന റിപ്പോര്‍ട്ടാണ് ആഗോളവിശപ്പുസൂചിക (Global Hunger Index) രാജ്യാന്തരതലത്തിലും പ്രാദേശികതലത്തിലുമുള്ള പട്ടിണി വിലയിരുത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.
ആഗോളവിശപ്പുസൂചിക വിവിധ രാജ്യങ്ങളിലെ വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും അളവു കണക്കാക്കുകയാണു ചെയ്യുന്നത്. ദാരിദ്ര്യവും വിശപ്പും തമ്മില്‍ അടുത്തു ബന്ധപ്പെട്ടു കിടക്കുന്നതിന്റെ സൂചനയും ഇതു നല്‍കുന്നു. സൂചിക പ്രകാരം, 1999 മുതല്‍ 2015 വരെ ദാരിദ്ര്യത്തിന്റെ തോത് ആഗോളതലത്തില്‍ത്തന്നെ കുറഞ്ഞിട്ടുണ്ട്. പോഷകാഹാരക്കുറവ്, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചാമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവ മാനദണ്ഡങ്ങളാക്കിയാണ് എല്ലാ വര്‍ഷവും ആഗോളവിശപ്പുസൂചിക തയ്യാറാക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്നരാജ്യങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യവും ഏറ്റവും മോശം സ്‌കോര്‍ നൂറുമാണ്. പട്ടിണി ഏറ്റവും കുറവുള്ള ആദ്യ 18 രാജ്യങ്ങളില്‍ (സ്‌കോര്‍ അഞ്ചില്‍ താഴെ) ബലാറസ്, ചിലി, ക്യൂബ, ചൈന, റുമേനിയ,
ഉറുഗ്വെ, കുവൈത്ത്, ടര്‍ക്കി എന്നിവ ഉള്‍പ്പെടുന്നു.
50.8 സ്‌കോറുമായി സൊമാലിയയാണ് ഏറ്റവും പിന്നില്‍ 116-ാമത്തെ റാങ്കിലുള്ളത്.
അതിഭീകരമായ പട്ടിണിപ്രശ്‌നങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ലെ സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ 101-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2020 ല്‍ 107 രാജ്യങ്ങളില്‍ 94-ാമതായിരുന്നു ഇന്ത്യ. 2019ലെ വിശപ്പുസൂചിക പ്രകാരം 117 രാജ്യങ്ങളില്‍ 102-ാമതായിരുന്നു ഇന്ത്യ. ഇന്ത്യയുടെ 101 എന്ന റാങ്ക് അര്‍ത്ഥമാക്കുന്നത് മറ്റു പതിനഞ്ചു രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ മോശമായതെന്നാണ്. ഇവയെല്ലാം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. സിയറ ലിയോണ്‍, ഉഗാï, ജിബൂട്ടി, കോംഗോ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ, തിമോര്‍-ലെസ്റ്റെ, ഹെയ്തി, ലൈബീരിയ, സാംബിയ, മഡഗാസ്‌കര്‍,
ചാഡ്, യെമന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവയാണ് ഇന്ത്യയുടെ പിന്നിലുള്ള രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 116 രാജ്യങ്ങളെ മാത്രമാണ് ഈ സൂചികയില്‍ 2021 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ വിവരങ്ങളില്ലാത്തതിനാല്‍ മറ്റു പതിനഞ്ചു രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയില്‍ ചിലത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളായതിനാല്‍ത്തന്നെ അവയും ഈ പട്ടികയില്‍ വിശപ്പു കൂടിയവയായി പരിഗണിക്കുന്നവയാണ്.
ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇപ്പോഴും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണു കഴിയുന്നതെന്ന് ആഗോളവിശപ്പുസൂചികയിലെ സ്ഥാനം സൂചിപ്പിക്കുന്നു. 2021 ലെ സൂചികപ്രകാരം ഇന്ത്യയുടെ വിശപ്പു സൂചിക 27.5 ആണ്. 20 മുതല്‍ 34.9 വരെ സ്‌കോര്‍ നിലവാരത്തിലുള്ള രാജ്യങ്ങളെ ഗുരുതരസാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളായാണു പരിഗണിക്കുന്നത്. ഏഷ്യയില്‍ ഇന്ത്യയെക്കാള്‍ മോശമായ രാജ്യങ്ങള്‍ തിമോര്‍ - ലെസ്റ്റെ, അഫ്ഗാനിസ്ഥാന്‍, ഉത്തരകൊറിയ എന്നിവയാണ്. പാകിസ്ഥാന്‍ 2015 ല്‍ 106-ാം സ്ഥാനത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ 92 ല്‍ (സ്‌കോര്‍ 24.7) എത്തി. ബംഗ്ലാദേശ്-76 (19.1), നേപ്പാള്‍-76 (19.1), ശ്രീലങ്ക-65 (16), മ്യാന്‍മര്‍-71 (17.5) എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍-1, റഷ്യ-25, ദക്ഷിണാഫ്രിക്ക-60 എന്നിവ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്. അതിനര്‍ത്ഥം ഇന്ത്യയിലെ പട്ടിണിപ്രശ്‌നം വളരെ വലുതും ഗൗരവാവഹവുമാണ് എന്നുതന്നെയാണ്.
21-ാം നൂറ്റാണ്ടിലെ ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ വളരെ മുന്നേറിയെങ്കിലും ആനുപാതികമായി ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളുടെ കണക്കു നോക്കുമ്പോള്‍ ആകെ സ്‌കോര്‍ മെച്ചപ്പെട്ടതായിത്തോന്നുമെങ്കിലും 2006-2012 കാലയളവില്‍ ഒഴികെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ സ്‌കോര്‍ 2000 ല്‍ 38.8 ഉം 2005 ല്‍ 38.9 ഉം 2006 ല്‍ 37.4 ഉം 2010 ല്‍ 32 ഉം ആയിരുന്നു. ഇത് 2012 ല്‍ 28.8 ആയി കുറഞ്ഞു. 2000 ത്തിലെ 38.8 ല്‍നിന്ന് 12 വര്‍ഷംകൊണ്ട് 28.8 ആയി കുറഞ്ഞു ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇന്ത്യയില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ കുതിച്ചുകയറ്റം സൂചിപ്പിക്കുന്ന 2006-2012 കാലയളവില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്തു നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതിപോലെയുള്ള ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 2005 മുതലുള്ള പത്തു കൊല്ലത്തില്‍ ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യയെന്ന നേട്ടവും കൈവരിച്ചിരുന്നിടത്തുനിന്നാണ് പിന്നീട് നമുക്ക് പുറകോട്ടുപോകേണ്ടിവന്നത്.
യു എന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ നേട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ഇന്ത്യയിലെ 27 കോടി 30 ലക്ഷത്തിലധികം ആളുകള്‍ ദാരിദ്ര്യമുക്തി നേടിയതായി പഠനം പറയുന്നു. പക്ഷേ, പിന്നീട് ഇന്ത്യയില്‍ നടപ്പിലാക്കിയ തീവ്രവലതുപക്ഷ സാമ്പത്തികനയങ്ങള്‍ രാജ്യത്തെ ദരിദ്രരെ പിന്നോട്ടടിക്കുകയാണു ചെയ്തത്. 2012 മുതല്‍ 2021 വരെയുള്ള ഒന്‍പതു വര്‍ഷംകൊണ്ട് നമ്മള്‍ 28.8 ല്‍നിന്ന് 27.5 വരെ മാത്രമേ എത്തിയുള്ളൂ എന്നതു ശ്രദ്ധേയമാണ്.
കുട്ടികളിലെ പോഷകാഹാരക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയെ ഗുരുതരമായി അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇതും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 20.8% ആണിത്. കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ് 37.9% ആണ്. ആഗോള പട്ടിണി സൂചികയനുസരിച്ച് ലോകത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്. കുട്ടികളിലെ പോഷകാഹാരക്കുറവില്‍ 2015-20 കാലഘട്ടത്തില്‍ സ്ഥിതി കൂടുതല്‍ വഷളായി എന്നു കണക്കുകള്‍ പറയുന്നു. കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010-14 ല്‍ 15.1% ആയിരുന്നത് വീണ്ടും ഉയര്‍ന്ന് 2015-20 ല്‍ 17.3% ആയി. യൂനിസെഫ് കണക്കുപ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം അഞ്ചു വയസ്സില്‍ താഴെയുള്ള 15 ലക്ഷത്തോളം കുട്ടികള്‍ മരിക്കുന്നുണ്ട്. ഇതില്‍ പകുതിയിലേറെയും പോഷകാഹാരക്കുറവുമൂലമാണ്. ഇന്ത്യ ലോകത്തെ പട്ടിണി കൂടിയ രാജ്യങ്ങളിലൊന്നായി നില്‍ക്കുമ്പോഴും, അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും അവസ്ഥ മെച്ചപ്പെടുന്നുവെന്നും സൂചിക കാണിക്കുന്നു. 1997 നും 2011 നും ഇടയില്‍ ബംഗ്ലാദേശിലെ മുരടിപ്പ് 58.5 ശതമാനത്തില്‍നിന്ന് 49.2 ശതമാനമായി കുറഞ്ഞു. 2001ല്‍ 56.6 ശതമാനത്തില്‍നിന്ന് 2011 ല്‍ 40.1 ശതമാനമായിട്ടാണ് നേപ്പാളില്‍ ഈ കുറവ്.
മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇന്ത്യയില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നുണ്ടെന്നത് നേട്ടമാണെങ്കിലും അതിനു വേഗം പോരാ എന്നത് വലിയ വെല്ലുവിളിതന്നെയാണ്. ഇന്ന് ഓരോ മിനുട്ടിലും 44 ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍നിന്നു രക്ഷ നേടുന്നുണ്ടെന്നാണ് ആഗോളദാരിദ്ര്യസൂചിക വെളിപ്പെടുത്തുന്നത്. എങ്കിലും ഇന്ത്യയില്‍ 73 മില്യണ്‍ ആളുകള്‍ കൊടിയ ദാരിദ്ര്യത്തിലാണ് ഇപ്പോഴും കഴിയുന്നത്. മൊത്തം ജനസംഖ്യയുടെ 5.5 ശതമാനം വരുമിത്. ഇന്ത്യയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിവേഗം വര്‍ധിക്കുകയാണ്. കൂടാതെ, ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍, പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവ ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ദരിദ്രരുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയുംപോലെയുള്ള വലിയ പദ്ധതികള്‍ രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെഴുതുമെന്ന വലിയ അവകാശവാദങ്ങള്‍ നടക്കുമ്പോഴും വളരുന്ന ഇന്ത്യയുടെ തിരശീലയ്ക്കു പിന്നില്‍ വിശന്നുകരയുന്ന, പട്ടിണി കിടക്കുന്ന മറ്റൊരു ഇന്ത്യകൂടിയുണ്ട് എന്ന യാഥാര്‍ഥ്യത്തെ ഭരണാധികാരികള്‍ മറക്കരുത്.