ഓരോ പ്രഭാതത്തിലും കണികണ്ടുണരുന്ന നന്മയായും, പരിശുദ്ധിയുടെ പ്രതീകമായും സമ്പൂര്‍ണ്ണാഹാരമായും കരുതപ്പെടുന്ന പാല്‍ നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ്. സ്വന്തമായി വീട്ടില്‍ പശുവും, പാലുമില്ലെങ്കില്‍ നമ്മള്‍ പാലിന്റെ ഉപഭോക്താക്കളാണ്. അതിനാല്‍ ഗുണമേന്മയുള്ള, ശുദ്ധമായ പാലാണ് നമുക്കു ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ട ആവശ്യമുണ്ട്. എവിടെ നിന്നു പാല്‍ വാങ്ങണം, ഏതുതരം പാല്‍ വാങ്ങണം, എല്ലാത്തരം പാലും നല്ലതാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളാകും നമ്മുടെ മനസ്സിലുണ്ടാവുക.
മാംസ്യം, കൊഴുപ്പ്, ലാക്‌ടോസ്, വിറ്റമിനുകള്‍, ധാതുക്കള്‍, വെള്ളം എന്നിവയടങ്ങിയ പാല്‍ പശുക്കളുടെ അകിടിലെ പാലുത്പാദനകോശങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഇത്തരം കോശങ്ങള്‍ രക്തത്തില്‍നിന്നാണ് ആഗിരണം ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലുത്പാദിപ്പിക്കുമ്പോഴേക്കും ഏകദേശം 500 ലിറ്ററോളം രക്തം അകിടിലെ രക്തക്കുഴലുകളിലൂടെ കടന്നുപോയിട്ടുണ്ടാകും. അസുഖങ്ങളൊന്നുമില്ലാത്ത പശുക്കളുടെ അകിടിലെ കോശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ നൂറുശതമാനവും ശുദ്ധമായിരിക്കും. പിന്നീട് പാല്‍ ചുരത്തുന്ന സമയം മുതല്‍ പാല്‍ തിളപ്പിക്കാന്‍ പാത്രത്തിലെടുക്കുന്ന സമയം വരെയുള്ള സമയത്ത് വിവിധ സ്രോതസ്സുകളില്‍നിന്ന് പാലിന്റെ പരിശുദ്ധി നഷ്ടപ്പെടുന്നു.
എവിടെ നിന്നാണ് നിങ്ങള്‍ക്കു പാല്‍ ലഭിക്കുന്നതെന്ന് ഒന്നാലോചിക്കുക. സ്വന്തമായി പശു വളര്‍ത്തി പാല്‍ ഉപയോഗിക്കുന്നവരുണ്ടാകാം. പക്ഷേ ബഹുഭൂരിപക്ഷംപേരും ക്ഷീരകര്‍ഷകരില്‍നിന്നു നേരിട്ടോ, പാല്‍വില്പനക്കാരില്‍ നിന്നോ, പാല്‍സൊസൈറ്റികളില്‍ നിന്നോ, കടകളില്‍നിന്നോ പായ്ക്കറ്റുകളായോ ആയിരിക്കും പാല്‍ വീടുകളിലേക്കു വാങ്ങുന്നത്.
പാലിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കുന്നതിലെ പ്രാഥമികഘട്ടം പാല്‍ ഉത്പാദകഘട്ടത്തിലാണ്. അതായത്, ക്ഷീരകര്‍ഷകന്റെ കൈകളിലാണ് ശുദ്ധമായ പാലുത്പാദനത്തിന്റെ ആദ്യചുമതല നിക്ഷിപ്തമായിരിക്കുന്നത്. ശുദ്ധമായ പാല്‍ ഉത്പാദിപ്പിക്കുന്നതിന് ക്ഷീരകര്‍ഷകന്‍ ഉറപ്പാക്കേണ്ട കാര്യങ്ങളുണ്ട്. മെച്ചപ്പെട്ട പരിചരണം നല്‍കി പശുവിന്റെ ആരോഗ്യം നിലനിര്‍ത്തണം. ഗുണനിലവാരമുള്ള തീറ്റയും സദാസമയം വെള്ളവും ഉറപ്പാക്കണം. പശുവിന്റെയും തൊഴുത്തിന്റെയും ശുചിത്വം ഏറെ പ്രധാനമാണ്. കറവക്കാരന്റെ ആരോഗ്യവും വ്യക്തിശുചിത്വവും കറവരീതിയുമൊക്കെ ശ്രദ്ധ നല്‍കേണ്ട കാര്യങ്ങളാണ്. കൂടാതെ, കറവയന്ത്രത്തിന്റെയും, പാല്‍ സംഭരിക്കുന്ന പാത്രങ്ങളുടെയും തരവും ശുചിത്വവും പാലിന്റെ ഗുണമേന്മയെ ബാധിക്കാം. കറന്നെടുത്ത പാല്‍ തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കുകയും, കഴിയുന്നതുംവേഗത്തില്‍ വിപണിയിലെത്തിക്കുകയും വേണം. കര്‍ഷകരുടെ കൈകളില്‍നിന്ന് പാല്‍ പിന്നീടെത്തിച്ചേരുന്ന സംഭരണ, വിതരണ, വിപണന, ഉപഭോഗഘട്ടങ്ങളിലും ഗുണമേന്മ നിലനിര്‍ത്താനാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കര്‍ഷകന്റെ വീട്ടിലെത്തിയാണ് പാല്‍ വാങ്ങുന്നതെങ്കില്‍ പാല്‍ പുതുമയോടെ ലഭിക്കുന്നതാണ്. പാല്‍ നന്നായി ഇളക്കി നല്‍കുന്നത് ഒരേ ഗുണനിലവാരമുള്ള പാല്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ സഹായിക്കും. കര്‍ഷകരുടെ ഫാമില്‍നിന്നു നേരിട്ടുവാങ്ങിയാലും, വീട്ടിലെത്തിച്ചുതന്നാല്‍ പാലിന്റെ ഗുണമേന്മ ഉത്പാദനഘട്ടത്തില്‍ കാണിച്ച കരുതലിനെ ആശ്രയിച്ചിരിക്കും. പാല്‍ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പാലിന്റെ പരിശുദ്ധി, മണം, നിറം, രുചി, മറ്റു വസ്തുക്കളുടെ സാന്നിധ്യം എന്നിവ ശ്രദ്ധിക്കാവുന്നതാണ്. ക്ഷീരസംഘങ്ങളില്‍നിന്നാണ് പാല്‍ വാങ്ങുന്നതെങ്കില്‍ നമുക്കു ലഭിക്കുന്ന പാലിന്റെ ഗുണമേന്മ സംഘങ്ങള്‍ സ്വീകരിക്കുന്ന പാലിന്റെ ഗുണവും, സംഭരണസ്ഥലത്തിന്റെ വൃത്തിയും ആശ്രയിച്ചിരിക്കും. ഗുണനിലവാരം കുറഞ്ഞ, ശുചിയല്ലാത്ത കേടായ പാല്‍ സൊസൈറ്റികള്‍ സ്വീകരിക്കരുത്. സംഭരണസ്ഥലം വൃത്തിയായി സൂക്ഷിക്കണം. ക്ഷീരസഹകരണസംഘങ്ങളില്‍നിന്നു സംഭരിക്കുന്ന പാലാണ് മില്‍മ പാക്കറ്റുകളിലാക്കി വിപണനം നടത്തുന്നത്. സ്വകാര്യകമ്പനികളില്‍നിന്നും കര്‍ഷകരില്‍നിന്നും പാല്‍ ശേഖരിച്ച് വിപണനം നടത്തുന്ന പാല്‍ രോഗാണുവിമുക്തമാക്കാനുള്ള പാസ്ചുറൈസേഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ കടന്നാണ് മില്‍മയുടെയും മറ്റും കവര്‍പാലുകള്‍ വിപണിയിലെത്തുന്നത്. കവര്‍പാല്‍ കടയിലെത്തിയാലുടന്‍ തണുത്ത അന്തരീക്ഷത്തില്‍ കടയുടമകള്‍ സൂക്ഷിക്കേണ്ടതാണ്. പലപ്പോഴും കൊണ്ടുവരുന്ന ട്രേയില്‍ത്തന്നെ പാല്‍ സൂക്ഷിക്കുന്നത് പാല്‍ കേടാകാന്‍ ഇടയാക്കും. ഗ്രാമങ്ങളിലുള്ള ഉപഭോക്താക്കള്‍ മിക്കവാറും കര്‍ഷകരുടെ വീടുകളില്‍ നിന്നോ, ക്ഷീരസംഘങ്ങളില്‍ നിന്നോ ആയിരിക്കും പാല്‍ വാങ്ങാറുള്ളത്. പാല്‍ നന്നായി ഇളക്കിയശേഷം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. കവര്‍ പാലാണ് വാങ്ങുന്നതെങ്കില്‍ വിശ്വാസ്യതയുള്ള ബ്രാന്‍ഡ് പാല്‍ വാങ്ങുന്നതില്‍ ശ്രദ്ധിക്കണം. കവറിന്റെ പുറത്ത് നിയമാനുസരണം രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ ഉണേ്ടാ എന്നു നോക്കണം. സ്ഥാപനത്തിന്റെ പേര്, പൂര്‍ണ്ണമായ മേല്‍വിലാസം, പാലിന്റെ അളവ്, എന്നുവരെ ഉപയോഗിക്കാമെന്നു കാണിക്കുന്ന തിയതി എന്നിവ പരിശോധിക്കുക. പാല്‍ പാക്കറ്റുകള്‍ 8ീ സെല്‍ഷ്യസ് താഴെയുള്ള താപനിലയില്‍ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പായ്ക്കറ്റ് പൊട്ടിയിട്ടില്ലെന്നും, പായ്ക്കിംഗ് ശരിയായ രീതിയിലാണെന്നും, ചീത്തമണം ഇല്ലെന്നും ഉറപ്പാക്കുക. പശുവിന്‍പാല്‍, എരുമപ്പാല്‍, ആട്ടിന്‍പാല്‍, ടോഡ്മില്‍ക്ക്, ഡബിള്‍ടോഡ്മില്‍ക്ക്, സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക് എന്നിങ്ങനെ രേഖപ്പെടുത്തിയാല്‍ അവയിലെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളുടെയും അളവില്‍ വ്യത്യാസമുണ്ടാകും. പാലിനോടൊപ്പം പഴങ്ങള്‍, മത്സ്യം, മാംസം, പൂക്കള്‍, തൈര്, മോര്, രാസവസ്തുക്കള്‍, മണമുള്ള മറ്റുവസ്തുക്കള്‍ എന്നിവ സൂക്ഷിച്ചുവയ്ക്കരുത്. പാല്‍ കൊണ്ടുവന്നാലുടനെ ചില്ലര്‍ ട്രേയില്‍ സൂക്ഷിക്കുകയോ, തിളപ്പിച്ചു തണുപ്പിച്ച് സൂക്ഷിക്കുകയോ ചെയ്യണം. സൂക്ഷിച്ചുവയ്ക്കുമ്പോള്‍ വീണ്ടും ഉപയോഗിക്കുന്നതിനുമുന്‍പ് അല്പം എടുത്തു രുചിച്ചുനോക്കി ചെറിയ അളവ് എടുത്തു ചൂടാക്കി പിരിയുന്നില്ല എന്ന് ഉറപ്പുവരുത്തുക.
പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സ്റ്റീല്‍പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. പാല്‍ തിളപ്പിച്ചു പുറത്തേക്കു കവിയേണ്ടതില്ല. തിളപ്പിക്കുന്നതിനുമുമ്പ് പാലില്‍ വെള്ളം ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ല. ചൂടാക്കുമ്പോള്‍ പിരിയുന്ന പാല്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ലാക്‌ടോസ് ടോളറന്‍സ് ഉള്ളവര്‍ പാല്‍ നേരിട്ടു കഴിക്കാതെ ഉത്പന്നമാക്കി ഉപയോഗിക്കുന്നതാണു നല്ലത്.
ഉത്പാദനസ്ഥലം മുതല്‍ ഉപയോഗസ്ഥലം വരെ സ്വീകരിക്കുന്ന മുന്‍കരുതലുകളിലൂടെ മാത്രമാണ് ശുദ്ധമായ പാലിന്റെ ലഭ്യത നമുക്ക് ഉറപ്പുവരുത്താനാവുക; ഒപ്പം ആരോഗ്യമുള്ള സമൂഹത്തിന്റെ കാര്യവും.
ലോങ്ങ് ലൈഫ് മില്‍ക്ക്
പാല്‍ അണുവിമുക്തമാക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യയുടെ മറ്റൊരു രീതിയാണ് UHT( Ultra High Temperature))വിദ്യ. പാല്‍ 140 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുന്നതിലൂടെ പൂര്‍ണ്ണ അണുനാശനം സാധ്യമാകുന്നു.
മറ്റു കമ്പനികളെ പിന്‍തുടര്‍ന്ന് നമ്മുടെ മില്‍മയും UHT ലോങ്ങ് ലൈഫ് മില്‍ക്ക് പുറത്തിറക്കിയിരിക്കുന്നു. രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ അഞ്ചു ലെയര്‍ പാക്കേജിങ്ങോടുകൂടി 90 ദിവസം വരെ ഇതു കേടുകൂടാതിരിക്കും. റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതില്ല. പാല്‍ കൃത്യസമയത്തു കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കാം. പാക്കറ്റ് ഒരിക്കല്‍ പൊട്ടിച്ചു കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
ഫോണ്‍: 9446203839sabin@kvasu.ac.in
shyam@kvasu.ac.in