" അണ്ണാറക്കണ്ണനും തന്നാലായത് " എന്ന ചൊല്ലിന്റെ ഉദ്ഭവത്തെപ്പറ്റി കേട്ടിട്ടുള്ള കഥയിങ്ങനെ: രാവണന്‍ സീതയെ മോഷ്ടിച്ചുകൊണ്ട് ലങ്കയിലേക്കുപോയി. സീതയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിന്റെ ഉത്തരവാദിത്വം ഹനുമാന്റേതായിരുന്നു. ഹനുമാന്‍ വാനരപ്പടയെ അണിനിരത്തി, സമുദ്രത്തില്‍ ചിറകെട്ടി ലങ്കയിലേക്കു കടക്കാനുള്ള ശ്രമമാരംഭിച്ചു. ശ്രീരാമഭക്തരെല്ലാം ഹനുമാന്റെ കീഴില്‍ അണിനിരന്നു. ഒരു അണ്ണാറക്കണ്ണനും കൂടെക്കൂടി. അവനെത്രയോ നിസ്സാരന്‍! പക്ഷേ, അവനൊരു വിദ്യ പ്രയോഗിച്ചു. വെള്ളത്തില്‍ ഇറങ്ങി ദേഹം നനച്ചിട്ട് പൊടിയില്‍പോയിക്കിടന്നുരുണ്ടു. ദേഹത്തുപറ്റിയ പൊടി കൊണ്ടുവന്ന് ചിറ കെട്ടുന്നിടത്ത് കുടഞ്ഞിട്ടു. ചിറ കെട്ടിത്തീരുന്നതുവരെ അവനിതു തുടര്‍ന്നുകൊണേ്ടയിരുന്നു. ചുരുക്കത്തില്‍, അവനുംകൂടെക്കൂടിയാണ് ചിറ തീര്‍ത്തത്.
ലോകമഹാമാരിയായി മാറിയിരിക്കുന്ന കൊറോണയെ പ്രതിരോധിക്കുന്നതിന്, വൈദ്യശാസ്ത്രവും ലോകം മുഴുവനും ഭരണകര്‍ത്താക്കളും സാമൂഹികസേവകരുമെല്ലാം തീവ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അപ്പോള്‍, നിസ്സാരരായ നമുക്ക് എന്തുചെയ്യാന്‍ കഴിയും? അണ്ണാറക്കണ്ണന്റെ മുറ നമുക്കു മാതൃകയാക്കാം. എങ്ങനെ...?
ഞാന്‍ ഇരിക്കുന്നിടവും നില്‍ക്കുന്നിടവും കിടക്കുന്നിടവും എന്റെ അധീനതയിലാണ്. അവിടം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാന്‍ എനിക്കു കഴിയും; ഒരുപക്ഷേ, എനിക്കുമാത്രം; മറ്റാര്‍ക്കും അതു സാധ്യവുമല്ല. ഞാനിരിക്കുന്ന കസേരയും ഞാന്‍ കിടക്കുന്ന കട്ടിലും ബെഡ്ഡും എന്തുകൊണ്ട് എനിക്കു വൃത്തിയായി സൂക്ഷിച്ചുകൂടാ? ഞാന്‍ ധരിക്കുന്ന വസ്ത്രം എന്റേതുമാത്രമല്ലേ? മുഷിയുമ്പോള്‍ അതു മാറാനും അലക്കി വൃത്തിയാക്കി കൊണ്ടുനടക്കാനും എന്തുകൊണ്ട് എനിക്കു ശ്രദ്ധിച്ചുകൂടാ? എല്ലാറ്റിനുമുപരി, എന്റെ ശരീരം...? സുന്ദരമാക്കാനും അലങ്കരിക്കാനുമൊക്കെ എന്തുമാത്രം ഞാന്‍ തത്രപ്പെടുന്നു! എന്തുമാത്രം പണം ഞാന്‍ വ്യയം ചെയ്യുന്നു! പക്ഷേ, കുളിച്ചു വൃത്തിയായി നടക്കാനോ അഴുക്കുപുരണ്ടാല്‍ കഴുകിക്കളയാനോ മറ്റാരെങ്കിലും നിര്‍ബന്ധിക്കേണ്ടതുണേ്ടാ? സ്വന്തം കാര്യം മാത്രം നോക്കിയാല്‍പ്പോലും കൊറോണയ്‌ക്കെതിരേയുള്ള പാതി പ്രതിരോധമായിക്കഴിഞ്ഞു...!
ഈ ലോകത്തില്‍ ഞാന്‍ മാത്രം ജീവിച്ചാല്‍ മതിയോ? മറ്റുള്ളവരും ജീവിക്കണേ്ട? മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അതുകൊണ്ട്, മറ്റുള്ളവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണേ്ട? അതിനെന്താണു ചെയ്യണ്ടതെന്നു കൃത്യമായ നിര്‍ദ്ദേശം സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും നിരന്തരം നല്‍കിക്കൊണ്ടാണിരിക്കുന്നത്. എല്ലാ മാധ്യമങ്ങളും പ്രത്യേകിച്ച്, ചാനലുകളും ദിനപത്രങ്ങളും, വളരെ വിശദമായും ലളിതമായും അവ നല്കുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യവകുപ്പുമന്ത്രി രാപകലില്ലാതെ അത്യദ്ധ്വാനം ചെയ്യുന്നു; എല്ലാവരില്‍നിന്നും മുക്തകണ്ഠമായ പ്രശംസയാണവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറ്റം കണ്ടുപിടിക്കുക മാത്രം തൊഴിലായുള്ള ചിലരൊക്കെ അങ്ങുമിങ്ങുമിരുന്ന് അതുമിതും പറയുന്നുണെ്ടന്നുള്ളത് അവര്‍ അവഗണിക്കട്ടെ. അവര്‍ ധീരമായി മുന്നോട്ടു നീങ്ങട്ടെ. നമുക്ക് അവര്‍ക്കു പിന്തുണ നല്‍കാം. മാധ്യമങ്ങളില്‍ വരുന്നതുമുഴുവന്‍ വായിച്ചുമനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ ശരാശരിക്കാര്‍ക്കു സാധിച്ചെന്നു വരില്ല. മൊബൈലില്‍ ഒന്നു വിളിക്കാന്‍ ശ്രമിച്ചാല്‍, കൊറോണയ്‌ക്കെതിരേ ചെയ്യേണ്ടതെന്തെന്നു വളരെ കൃത്യമായി അക്കമിട്ടു പറഞ്ഞിട്ടേ കണക്ഷന്‍ കിട്ടുകയുള്ളൂ. അതെങ്കിലും ശ്രദ്ധിച്ചുകേട്ടിട്ട് അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണു സാധിക്കാത്തത്?
കൊറോണ പകരുന്നത്, രോഗബാധിതരായ വ്യക്തികള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തേക്കുവരുന്ന സ്രവങ്ങളിലൂടെയാണ്. അവ പതിക്കുന്നിടത്തു സ്പര്‍ശിച്ചാല്‍ സ്പര്‍ശിക്കുന്ന ആളിന്റെ കൈയില്‍ അണുക്കള്‍ പറ്റിപ്പിടിക്കും. അവര്‍ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അവരിലേക്ക് അണുക്കള്‍ പ്രവേശിക്കും. അതുകൊണ്ടാണ്, കൈകള്‍ സോപ്പിട്ടുകഴുകി എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നു പറയുന്നത്. അതുപോലെ, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴുണ്ടാകുന്ന സ്രവങ്ങളെ തടയുവാനാണ് തൂവാല ഉപയോഗിക്കണമെന്നുള്ള നിര്‍ദ്ദേശം. നിപ്പയോ പക്ഷിപ്പനിയോപോലെ ജീവികളില്‍നിന്നല്ല, മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് മനുഷ്യരിലൂടെയാണ് ഇതു പകരുന്നത്. മനുഷ്യജീവിതന്നെയാണ് ഈ രോഗവാഹകര്‍. രോഗലക്ഷണമുള്ളവരില്‍നിന്ന് അകലം പാലിക്കണമെന്നു പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ആള്‍ക്കൂട്ടങ്ങള്‍, ആരാധനാലയങ്ങളിലേതുപോലും, നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശത്തിന്റെയും പൊതുപരിപാടികളും യാത്രകളും സന്ദര്‍ശനങ്ങളും കഴിവതും ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തിന്റെയും കാരണം ഇതുതന്നെ.