•  18 Apr 2024
  •  ദീപം 57
  •  നാളം 6
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

ചെറുതോട്ടത്തിലെ സ്‌നേഹലതകള്‍

ശു, ആട്, പോത്ത്, കോഴി, മുയല്‍... ഇല്ലാത്തതെന്തുണ്ട് എന്നു നമ്മള്‍ ചോദിച്ചുപോകുമാറ് സുന്ദരമായ ഒരു തോട്ടം... കന്നാരകളോടു കിന്നാരം പറയാന്‍ നേരമില്ലാത്തത്ര പണികളുമായി അവയ്ക്കിടയിലൂടെ നടക്കുന്നുണ്ട് ടോജോ. കൂടെ സോണിയയും. വീട്ടുപേര് ചെറുതോട്ടത്തില്‍ എന്നാണെങ്കിലും ഇതൊരു വന്‍തോട്ടമാണ്, കൃഷിയുടെ  മികവിലും ആള്‍ബലത്തിന്റെ കരുത്തിലും.
''ഓ! അങ്ങനെയൊന്നും പ്രത്യേകിച്ചില്ലെന്നേ... പിള്ളേരുമായി ഉള്ളതുകൊണ്ടങ്ങനെ  സന്തോഷത്തോടെ ജീവിച്ചുപോകുന്നു. തമ്പുരാന്റെ കൈയേന്നു പിടിവിടാതെ... അത്രേ ഉള്ളൂ.'' സിംപിളായി സോണിയ ജീവിതത്തെ വിശദീകരിക്കുകയാണ്. പറമ്പിലെ പണികള്‍, വീട്ടുജോലികള്‍, കുഞ്ഞുങ്ങള്‍, അവരുടെ പഠനം എല്ലാം ലഘുവായി കാണുകയാണ്, ഭാരമില്ലാത്ത ഹൃദയത്തോടെ.
''ആദ്യത്തെ മൂന്നു കുഞ്ഞുങ്ങളുടെയും ജനനത്തിനുമുമ്പ്, ഞങ്ങള്‍ ധ്യാനങ്ങളൊക്കെകൂടി ആത്മീയമായി കുറെയേറെ ഒരുങ്ങിയിരുന്നു. ഒന്‍പതു മക്കളുള്ള വീട്ടിലെ ഒന്‍പതാമനാണ് ടോജോ, നാലു മക്കളുള്ളിടത്തെ നാലാമത്തെയാള്‍ ഞാനും. ഒത്തിരി മക്കള്‍ ഞങ്ങളുടെ ആഗ്രഹമായിരുന്നു. അഞ്ചാമത്തെ പ്രഗ്നന്‍സിസമയത്ത് കോംപ്ലിക്കേഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ബെഡ് റെസ്റ്റ് എടുക്കേണ്ടിവന്നു. ആ സമയത്ത് പുതിയ വീടിന്റെ പണിയും ആരംഭിച്ചിരുന്നു. എല്ലാംകൂടി ചേര്‍ത്തുകെട്ടാന്‍ ടോജോ നന്നായി ബുദ്ധിമുട്ടി. ചൂടനാ, പക്ഷേ, നല്ല മനുഷ്യനാണ്, നന്നായി അധ്വാനിക്കും, അന്തിയാവോളം വീട്ടിലും പറമ്പിലും ഓടിനടന്ന് പതംവരും. അല്പം സഹിച്ചെങ്കിലും പുത്തന്‍കുഞ്ഞുങ്ങളുമായി പുത്തന്‍വീട്ടില്‍ പാലുകാച്ചി.'' സോണിയ നിഷ്‌കളങ്കമായി ചിരിച്ചു. ഉപാധികളില്ലാതെ പ്രണയിക്കുന്നവര്‍ക്ക് ജീവിതം സരളമാണ്, ലളിതവും.
''കുര്‍ബാന മുടക്കാറില്ല, പിന്നെ വന്ന് കൃഷിപ്പണി, പശുക്കള്‍, പോത്ത്, പുല്ലുചെത്തല്‍, തിരക്കാണ്. ഉച്ചയ്ക്ക് മക്കളുടെകൂടെ ജപമാല ചൊല്ലും. അവസാനത്തെ പ്രഗ്നന്‍സിയുടെ സമയത്ത് സോണിയയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളാണല്ലോയെന്ന ടെന്‍ഷനായിരുന്നു. സ്‌കാനിങ്ങിനുശേഷം ഡോക്ടര്‍ പറഞ്ഞു: 'രണ്ടു കുഞ്ഞുങ്ങളുടെയും കാലിന് ചെറിയ വളവുണ്ട്. ജനനശേഷം മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ.' അന്നുമുതല്‍ ചങ്കില്‍ പെരുമ്പറ കൊട്ടാന്‍ തുടങ്ങിയതാണ്. കാലിനെന്തെങ്കിലും പോരായ്മ വന്നാല്‍ എല്ലാവരുംഎന്നെ കുറ്റപ്പെടുത്തില്ലേ? 'ഈ കുഞ്ഞുങ്ങളില്ലെങ്കില്‍ ഇവനെന്തായിരുന്നു പ്രശ്‌നം? ആവശ്യത്തിനുണ്ടായിരുന്നല്ലോ. കണ്ടില്ലേ, കുഞ്ഞുങ്ങളുടെ കാല്', എന്നൊക്കെ ചോദിക്കില്ലേയെന്നൊരു ആവശ്യമില്ലാത്ത വേവലാതി. നമ്മളെല്ലാം സുവിശേഷത്തിലല്ലേ വിശ്വസിക്കുന്നത്. പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ദേ, രണ്ടെണ്ണവും ഇപ്പോ ഒരു കുഴപ്പവും ഇല്ലാതെ ചാടിമറിഞ്ഞ് ഓടുന്നുണ്ട് വീടകം നിറയെ.'' പ്രതീക്ഷയുടെ മഷികൊണ്ടെഴുതിയ വി. ഗ്രന്ഥം നെഞ്ചോടുചേര്‍ത്തുവയ്ക്കുകയാണ് ടോജോ.
''കൊവിഡ്‌കൊണ്ട് ഞങ്ങള്‍ക്കാണു ഗുണമുണ്ടായത്. ഇരട്ടക്കുട്ടികളെ വളര്‍ത്തിയെടുക്കുക എളുപ്പമുള്ള കാര്യമല്ലല്ലോ. പക്ഷേ, മൂത്ത കുട്ടികളെല്ലാം വീട്ടില്‍ത്തന്നെ ആയിരുന്നതുകൊണ്ട് നൈസായിട്ട് ഇരട്ടക്കുഞ്ഞുങ്ങളങ്ങു വളര്‍ന്നു. നാഥാനും ഏദനും അലീനയും മരിയയും ക്ലാരയും അവരുടെ ഇടംവലം നില്‍ക്കും. മുട്ട പൊട്ടി കോഴിക്കുഞ്ഞ് പുറത്തുവരുന്നതൊക്കെ പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്കു കാണാക്കാഴ്ചകളാണല്ലോ. ഇവിടെ ഇരുപതോളം കോഴികളുടെ സംരക്ഷകന്‍ ഞങ്ങളുടെ മൂന്നാം ക്ലാസ്സുകാരന്‍ ആന്റണിയാണ്. തീറ്റ കൊടുക്കല്‍, മുട്ട പെറുക്കല്‍ എല്ലാമായി അവനും അപ്പനെപ്പോലെ ബിസിയാണ്'' സോണിയ പറഞ്ഞു.
പകിട്ടുകളുടെയും ചമയങ്ങളുടെയും ധാരാളിത്തങ്ങള്‍ക്കിടയില്‍ നിര്‍മമതയോടെ ശാന്തമായി ഒഴുകിനീങ്ങുകയാണ് ചെറുതോട്ടത്തിലെ ജീവിതങ്ങള്‍. ഭൂമി കാല്‍ച്ചുവട്ടിലും സ്വര്‍ഗം ഉള്ളിലുമുള്ള മനുഷ്യരാവാന്‍ ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു.

 

Login log record inserted successfully!