പരീക്ഷാഫലങ്ങള്‍ പുറത്തുവരുന്ന സന്ദര്‍ഭമാണ്. ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് മനസ്സിന്റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കരുത്. ഒപ്പം പരാജയം സംഭവിച്ചതില്‍ ഇടറുകയുമരുത്. മാതാപിതാക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്കു പറക്കാന്‍ അവര്‍ക്കു താങ്ങാകുക. ചെറിയ പരാജയങ്ങളില്‍പ്പോലും അവര്‍ക്കു തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണിത്.
പത്താംക്ലാസ്, പ്ലസ് ടു എന്നിവ കുട്ടികളുടെ ഭാവി രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എ പ്ലസ് കൂടുന്നതും മാര്‍ക്ക് കൂടുന്നതും ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍, ആഗ്രഹിക്കുന്ന വിഷയത്തില്‍ അഡ്മിഷന്‍ കിട്ടാന്‍ സഹായിക്കുമെന്നതു നല്ല കാര്യമാണ്. (മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പല കാരണങ്ങളാല്‍ അപ്രകാരം സംഭവിച്ചവതാകാം) മാതാപിതാക്കള്‍ മക്കളില്‍ വലിയ സമ്മര്‍ദ്ദം ഏല്പിക്കരുത്. അവര്‍ ചില കടുംകൈകള്‍ക്കു മുതിര്‍ന്നേക്കാം. മാര്‍ക്ക് കുറഞ്ഞാലും മാതാപിതാക്കള്‍ ഒപ്പമുണെ്ടന്നു മക്കള്‍ക്കു തോന്നണം. മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍. വിജയവഴികള്‍ ഏറെയുണെ്ടന്ന ബോധ്യം പകരുക.
പരാജയങ്ങള്‍ ചില അനുഭവപാഠങ്ങള്‍ സമ്മാനിക്കും. ലോകത്തു വിജയിച്ചവരെല്ലാവരും തന്നെ തോല്‍വിയിലൂടെയാണ് മികവു നേടിയിട്ടുള്ളത്. കൂടുതല്‍ ശക്തമായ തിരിച്ചുവരവിനു പരാജയങ്ങള്‍ ശക്തി പകരും. ഓരോ പരാജയവും ഓരോ തിരിച്ചറിവുകളാണ്. പരാജയങ്ങള്‍ നമ്മെക്കുറിച്ചു സ്വയം മനസ്സിലാക്കുവാനും ജീവിതത്തെക്കുറിച്ച് അവബോധം നല്‍കുവാനും സഹായിക്കും. പരീക്ഷയിലെ വിജയപരാജയങ്ങള്‍ക്ക് അന്തിമജീവിതവിജയവുമായി ഒരു ബന്ധവുമില്ലെന്നു കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. പോരായ്മകള്‍ സാവധാനം, സൗമ്യമായി, സമാധാനത്തോടെ ബോധ്യപ്പെടുത്തി അവ പരിഹരിച്ചു മുന്നേറാന്‍ ഒപ്പം നില്‍ക്കുക. പറ്റിയ തെറ്റുകളെ മറികടക്കാന്‍ എന്തുചെയ്യണമെന്നു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുക. പൂര്‍വ്വാധികം ശക്തിയോടെ അടുത്ത പരീക്ഷകളില്‍ വിജയം വരിക്കാനുള്ള ചങ്കുറപ്പ് പകര്‍ന്നുനല്‍കുക. അതാണ് ഉത്തമ പേരന്റിംഗ്.
നമ്മുടെ നാട്ടില്‍ കുട്ടികളെ വിലയിരുത്തുന്നത് അവര്‍ക്കു കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. അതു ശരിയല്ല. മാര്‍ക്കു കുറഞ്ഞവര്‍ മണ്ടന്മാരല്ല. ബുദ്ധിശക്തിയുടെ പ്രത്യേകതകള്‍ ഓരോരുത്തരിലും ഓരോ വിധത്തിലാണ്. 1983 ല്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോസയന്‍സ് പ്രഫസറുമായ 'ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍' മള്‍ട്ടിപ്പിള്‍ ഇന്റലിജെന്‍സ് എന്ന ആശയം മുന്നോട്ടുവച്ചു. ബുദ്ധിശേഷിയെ പല വിഭാഗങ്ങളായി കണക്കാക്കിയാണ് മള്‍ട്ടിപ്പിള്‍ ഇന്റലിജെന്‍സ് അദ്ദേഹം വിശദീകരിച്ചത്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളത്. അതില്‍ ചിലതിനു മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് കഴിവും താത്പര്യവും രൂപപ്പെടുന്നത്. ചിലര്‍ക്ക് കണക്ക്, മറ്റുചിലര്‍ക്ക് ഭാഷാവിഷയങ്ങള്‍. ചിലര്‍ക്ക് സാഹിത്യമാകും. മറ്റു ചിലര്‍ക്ക് കല/സ്‌പോര്‍ട്‌സ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഇന്റലിജെന്‍സിലെ ഏറ്റക്കുറച്ചിലനുസരിച്ച് അഭിരുചികള്‍ വ്യത്യസ്തമാകും. വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യം, ജോലിസാധ്യത, ഉപരിപഠനസാധ്യത, കോഴ്‌സിന്റെ ദൈര്‍ഘ്യം, കുടുംബത്തിന്റെ സാമ്പത്തികനില എന്നിവയ്ക്കനുസരിച്ച് കോഴ്‌സ് തിരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാവൂ. രക്ഷിതാക്കള്‍ ശാഠ്യംപിടിച്ച് അവരുടെ ആഗ്രഹം കുട്ടികളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ തകിടംമറിയും. ഒരു വിഷയത്തിനെങ്കിലും എ പ്ലസ് ഉണെ്ടങ്കില്‍ അതിലാണവന്റെ അഭിരുചി. അഭിരുചി കണെ്ടത്താനുള്ള മനഃശാസ്ത്ര ടെസ്റ്റുകള്‍ നടത്തിയശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കുക. അന്തിമതീരുമാനം കുട്ടിയുടേതാകണം. കണക്കില്‍ അഭിരുചിയില്ലാത്ത കുട്ടിയെ കണക്കുവിഷയങ്ങളില്‍ ഉപരിപഠനത്തിനു ചേര്‍ക്കരുത്. കണക്കില്‍ വൈദഗ്ധ്യമുള്ള തലച്ചോറിടങ്ങള്‍ ഇല്ലാത്ത ഒരാളെ കണക്കില്‍ മിടുക്കനാക്കാന്‍ പരിമിതിയുണ്ട്. അഭിരുചി കണെ്ടത്തി വളരാന്‍ അനുവദിച്ചാല്‍ കുട്ടികള്‍ അത്ഭുതങ്ങള്‍ കാണിക്കും. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നു: ''ആള്‍ ആര്‍ ജീനിയസ്.'' നിങ്ങളുടെ കുട്ടി മണ്ടനല്ല, ജീനിയസാണ്. മക്കളില്‍ അഭിമാനം കൊള്ളുക