എസ്. പി. ബിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്
എസ്.പി.ബി. എന്ന മൂന്നക്ഷരം മറഞ്ഞുപോയിട്ട് ഒരാണ്ട് പിന്നിട്ടു. എന്നാല്‍, ആ പാട്ടുകളൊക്കെ ഇപ്പോഴും ശ്രോതാക്കളില്‍ തേന്‍മഴയായി പെയ്തുകൊണ്ടിരിക്കുകയാണ്...
അപ്രതീക്ഷിതമായ ആ വേര്‍പാടിന്റെ വേദന ആസ്വാദകരില്‍ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ പാട്ടുകള്‍ ഒരു ജനതയുടെ വികാരമായിരുന്നു. ആത്മാവിനോടു ചേര്‍ത്ത അനേകം ഗാനങ്ങളാണ് അദ്ദേഹം പാടിയത്.
നാലു പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ആലാപനരംഗത്തു നിറഞ്ഞുനില്‍ക്കുക, മറ്റൊരു ഗായകനും കഴിയാത്തത്ര റെക്കോര്‍ഡുകള്‍ സ്വന്തമാക്കുക, പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവു തെളിയിക്കുക... ഓര്‍മകളുടെ താരാപഥത്തില്‍ ബാലസുബ്രഹ്‌മണ്യത്തിന് എന്നും സുവര്‍ണ തിളക്കമാണ്.
പിന്നണിഗാനരംഗത്തും സ്റ്റേജ് ഷോകളിലും അദ്ദേഹം പാടിത്തീര്‍ത്ത സംഗീതമാധുരിയില്‍ ലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹസന്തോഷങ്ങള്‍, ദുഃഖങ്ങളൊക്കെ അലിഞ്ഞുചേര്‍ന്നിരുന്നു. ഗായകന്‍, സംഗീതസംവിധായകന്‍, നടന്‍, ശബ്ദകലാകാരന്‍ എന്നിങ്ങനെ തെന്നിന്ത്യയില്‍ നിറഞ്ഞാടിയ പ്രതിഭയാണ് എസ്.പി.ബി.
സൂപ്പര്‍ സ്റ്റാര്‍ തലമുറകളുടെ തിളക്കത്തിന് മാറ്റുകൂട്ടിയ ഈ അനുഗൃഹീതശബ്ദം കൊവിഡ് ബാധയ്ക്കു തൊട്ടുമുമ്പുവരെ സജീവമായിരുന്നു.
16 ഇന്ത്യന്‍ ഭാഷകളിലായി 40,000 ലേറെ പാട്ടുകളാണ് എസ്.പി.ബി. പാടിയത്. ഏറ്റവും കൂടുതല്‍ സിനിമാപിന്നണി ഗാനങ്ങള്‍ പാടിയ ഗായകനെന്ന ലോകറെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.
നാലു ഭാഷകളിലായി ആറു ദേശീയ പുരസ്‌കാരങ്ങളും 25 തവണ ആന്ധ്രാ സര്‍ക്കാരിന്റെ പ്രമുഖ ഗായകനുള്ള അവാര്‍ഡും ബാലസുബ്രഹ്‌മണ്യത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഈ മഹാഗായകനെ ആദരിച്ചു.
ഒറ്റദിവസം 21 പാട്ടുകള്‍പാടി ബാലസുബ്രഹ്‌മണ്യം അദ്ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി 8 ന് രാവിലെ 9 മുതല്‍ രാത്രി 9 വരെ കന്നഡ സിനിമയിലെ സംഗീതസംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടിയാണ് എസ്.പി.ബി. 21 പാട്ടുകള്‍ ഒറ്റദിവസം പാടിയത്. പിന്നീടൊരിക്കല്‍ ഒരു ദിനം 19 പാട്ടുകളും 16 പാട്ടുകളുമൊക്കെ റെക്കോര്‍ഡ് ചെയ്ത് ബാലസുബ്രഹ്‌മണ്യം സംഗീതപ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്.
ബാലസുബ്രഹ്‌മണ്യത്തിന്റെ ഗാനമാധുരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് ''കേളടി കണ്‍മണി'' എന്ന ചിത്രത്തിലെ ''മണ്ണില്‍ ഇന്ത കാതല്‍'' എന്ന പാട്ടാണ്. ഭൂമിയില്‍ പ്രണയമുള്ള കാലത്തോളം അനശ്വരമായി നിലനില്‍ക്കുന്ന ഈ പാട്ട് ബാലസുബ്രഹ്‌മണ്യത്തിന്റെ ഗാനജീവിതത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളില്‍ ഒന്നാണ്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ 'ശങ്കരാഭരണ'ത്തിലെ ശാസ്ത്രീയഗാനങ്ങളെല്ലാം എസ്.പി.ബി. പാടിയത് മറ്റൊരു വിസ്മയമായി.
ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ കോനെട്ടമ്മപേട്ടയില്‍ 1946ല്‍ ജനിച്ച എസ്.പി.ബി. കുട്ടിക്കാലത്തുതന്നെ പാടുമായിരുന്നു. എന്നാല്‍, ഹരികഥാകലാകാരനായ അച്ഛന്‍ എസ്.പി. ബാലമൂര്‍ത്തിക്കും അമ്മ ശകുന്തളാമ്മയ്ക്കും ബാലസുബ്രഹ്‌മണ്യനെ എഞ്ചിനീയറായി കാണാനായിരുന്നു ആഗ്രഹം. എഞ്ചിനീയറിങ് പഠനത്തിനിടയിലും നിരവധി പാട്ടുമത്സരങ്ങളില്‍ പങ്കെടുത്ത് വിജയിയാകാന്‍ ബാലസുബ്രഹ്‌മണ്യത്തിനു കഴിഞ്ഞു.
1966 ല്‍ 'ശ്രീശ്രീശ്രീ മര്യാദ രാമന്‍' എന്ന ചിത്രത്തില്‍ പാടിക്കൊണ്ടായിരുന്നു തുടക്കം. ആദ്യം അവസരം നല്‍കിയത് എം.എസ്. വിശ്വനാഥന്‍ എന്ന പേരെടുത്ത സംഗീതസംവിധായകനായിരുന്നു. പിന്നീട് 'ശാന്തിനിലയം' എന്ന തമിഴ് ചിത്രത്തില്‍ 'ഇയര്‍ക്കൈ എന്നും ഇളയ കന്നി' എന്നപാട്ട് എം.എസ്. വിശ്വനാഥന്‍ ബാലസുബ്രഹ്‌മണ്യത്തിനു കൊടുത്തു.
പി. സുശീലയ്ക്കൊപ്പമുള്ള ഈ യുഗ്മഗാനം അന്ന് തമിഴ് സിനിമയിലെ മുടിചൂടാമന്നായിരുന്ന എം.ജി.ആറിന് ഇഷ്ടപ്പെട്ടു. 'അടിമപ്പെണ്‍' എന്ന ചിത്രത്തിനുവേണ്ടി കെ.വി. മഹാദേവന്റെ സംഗീതസംവിധാനത്തില്‍ എസ്.പി.ബിയെക്കൊണ്ടു പാടിക്കാന്‍ എം.ജി.ആര്‍. തീരുമാനിച്ചു. അടിമപ്പെണ്ണിലെ 'ആയിരം നിലവെ വാ...' വന്‍ ഹിറ്റായതോടെ ബാലു തമിഴിന്റെ സ്വന്തം പാട്ടുകാരനായി.
ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ ബാലസുബ്രഹ്‌മണ്യം തെന്നിന്ത്യയാകെ ഇളക്കിമറിച്ചു.
വൈരമുത്തു എഴുതിയ 'മലരേ മൗനമാ...' എന്ന കേള്‍വിക്കാരുടെ കണ്ണുനിറച്ച പാട്ട് എസ്.പി.ബിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി.
തമിഴെന്നോ ഹിന്ദിയെന്നോ കന്നഡയെന്നോ നോക്കാതെ മികച്ച പാട്ടുകള്‍ ആസ്വദിക്കുന്ന ഭാരതീയര്‍ ബാലസുബ്രഹ്‌മണ്യത്തിന്റെ മാന്ത്രികശബ്ദവും ഭാവവും എന്നേ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. സംഗീതാസ്വാദകര്‍ ഉള്ളിടത്തോളം കാലം എസ്.പി. ബാലസുബ്രഹ്‌മണ്യം എന്ന മഹാഗായകന്‍ അനശ്വരനാണ്.