•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

കാണാത്ത കണക്കുകള്‍

ഒക്‌ടോബര്‍ 10  ഏലിയ സ്ലീവാ മൂശ  ഏഴാം ഞായര്‍

നിയ 11:1-9     ഏശ 40:12-17
2 കൊറി 2:12-17    മത്താ 20:1-16

ത്യുന്നതന്റെ അതിശയിപ്പിക്കുന്ന മനോഭാവങ്ങളെയും മാനദണ്ഡങ്ങളെയും എത്തിപ്പിടിക്കാനുള്ള അഭിനിവേശവും അധ്വാനവുമാണ് ക്രിസ്തീയ ആത്മീയത. സ്വര്‍ഗത്തിന്റെ മാത്രം സ്വന്തമായ കണ്ടുപരിചയിക്കാത്ത കണക്കുകളെയും സാധാരണമല്ലാത്ത സമവാക്യങ്ങളെയും ചേരാത്ത ചേരുവകളെയുമൊക്കെ ചേര്‍ത്തുപിടിക്കാനുള്ള ചങ്കൂറ്റത്തിന്റെ പേരാണ് ക്രിസ്തുശിഷ്യത്വം.

കാല്‍വരിയില്‍ മനുഷ്യപുത്രന്‍ തൂങ്ങിയ കുരിശ് കാലത്തിനൊരു കണക്കുപുസ്തകമാണ്. മനുഷ്യന്‍ കാണാത്ത ചില കണക്കുകള്‍ അതിന്റെ മരപ്രതലത്തില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ലോകനീതിയെ അതിലംഘിക്കുന്ന പരലോകനീതിയുടെ അത്യുദാത്ത അടയാളമായ സ്ലീവായില്‍നിന്നു നീതിനിഷ്ഠയുടെയും നിഷ്പക്ഷതയുടെയും പ്രാരംഭപാഠങ്ങള്‍ ഹൃദിസ്ഥമാക്കി ജീവിതബന്ധങ്ങളെ കൂടുതല്‍ ക്രിസ്തീയമാക്കാന്‍ വചനവായനകള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
ഒന്നാം വായനയിലെ ചിന്തകള്‍ വിശ്വാസജീവിതയാത്രയില്‍ ''സ്മൃതി'' എന്ന സുകൃതത്തിന്റെ സൗന്ദര്യത്തെയും ''ഓര്‍മ''യുണ്ടാകേണ്ടതിന്റെ ആവശ്യകതയെയുംകുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. വിസ്മൃതിയില്‍ ഒരു ''മൃതി''തന്നെ തെളിഞ്ഞുകിടപ്പില്ലേ? മറവിയുടെ മാറാല പിടിക്കരുതാത്ത പലതും മനുഷ്യജീവിതത്തിലുണ്ട്. അവയില്‍ സര്‍വപ്രധാനം ദൈവത്തിന്റെ ദാനങ്ങളാണ്. വിമോചനത്തിന്റെ വഴിയിലൂടെ സമ്പല്‍സമൃദ്ധമായ വാഗ്ദത്തദേശത്തേക്കുള്ള ദീര്‍ഘയാത്രയിലുടനീളം ശക്തനായ കര്‍ത്താവ് കനിഞ്ഞരുളിയ കൃപകളെ വിസ്മരിക്കരുതെന്ന് ഇസ്രായേല്‍ജനത്തിനു കൊടുക്കുന്ന താക്കീത് നമ്മുടെ അനുദിനജീവിതത്തിലെ ദൈവികാനുഗ്രഹങ്ങളെ കണ്ടില്ലെന്നു നടിക്കരുത് എന്നുള്ള മുന്നറിയിപ്പുകൂടിയാണ്. ജീവിതം വെറും പിച്ചപ്പാത്രവും അതില്‍ വീണുകിട്ടുന്നവയെല്ലാം  ഉന്നതന്‍ തരുന്ന ഭിക്ഷയുമാണ്. ദൈവത്തോടുള്ള 'സ്‌നേഹം' എന്ന അയേെൃമര േചീൗി നെ അവിടുത്തെ അനുശാസനങ്ങളുടെ അനുവര്‍ത്തനത്തിലൂടെ ഇീിരൃലലേ ചീൗി ആക്കി അനുദിനജീവിതത്തില്‍ മാറ്റുന്നവര്‍ വിസ്മൃതിയുടെ വിനാശകരമായ പിടിയില്‍പ്പെടുകയില്ല.
രണ്ടാം വായനയിലെ ചിന്തകള്‍ സത്തയിലും സ്വഭാവത്തിലും അതുല്യനാണ് ദൈവം എന്നുള്ള സത്യത്തെയും അതിനെ വിശ്വാസത്തിന്റെ അരക്കിട്ടുറപ്പിക്കാന്‍ പര്യാപ്തമായ ചില ചോദ്യങ്ങളെയുംപറ്റിയുള്ളവയാണ്. അവയോരോന്നിനും നാം വ്യക്തിപരമായി കൊടുക്കുന്ന ഉത്തരങ്ങളുടെ മൊത്തത്തുകയാണ് നമ്മുടെ വിശ്വാസം. ദൈവം അനുപമനായതുകൊണ്ടുതന്നെ അവിടുത്തെ ചിന്തകളും ചെയ്തികളും അഗ്രാഹ്യങ്ങളാണ്. ആയതിനാല്‍, സൃഷ്ടപ്രപഞ്ചത്തെ ഒന്നാകെ നീതിയുടെ തുലാസില്‍ തൂക്കുന്ന സര്‍വേശനു സകലതും വിട്ടുകൊടുക്കാന്‍ നാം സന്നദ്ധരാകണം. നമുക്കായി ഇനിയും ശിഷ്ടം വച്ചിരിക്കുന്നവ ഏതൊക്കെയാണെന്നു മനസ്സിലാക്കാനും ഒരു പുനഃസമര്‍പ്പണം സാധ്യമാക്കാനും വചനഭാഗം നമ്മെ ക്ഷണിക്കുന്നു.
മൂന്നാം വായനയിലെ ചിന്തകള്‍ സുതനേശുവിന്റെ സുഗന്ധവാഹകരാകാന്‍ ക്രിസ്തുശിഷ്യര്‍ക്കുള്ള കര്‍ത്തവ്യത്തെക്കുറിച്ചാണ്. മാമ്മോദീസാത്തൊട്ടിയില്‍ നമുക്കു നല്കപ്പെട്ട പരിശുദ്ധിയുടെയും ദൈവജ്ഞാനത്തിന്റെയും ആദ്യപരിമളം മരണശയ്യവരെ നീളുന്ന നമ്മുടെ വിശ്വാസയാത്രയില്‍ കാത്തുസൂക്ഷിക്കുമ്പോഴാണ് നാം കറകളഞ്ഞ ക്രൈസ്തവരാകുക. മാനസികാസ്വസ്ഥതകളും മാറാവ്യാധികളും ദുഃഖങ്ങളും ദുരിതങ്ങളും പാപങ്ങളും പാപപ്രേരണകളും മദ്യവും മായവും മാലിന്യവുമൊക്കെയുള്ള സമൂഹത്തിന്റെ ഭാഗമാകുമ്പോഴും ആദിമസൗരഭ്യം അന്യമായിപ്പോകാതെ 'ക്രിസ്തു മണക്കുന്നവര്‍' ആകാന്‍ നമുക്കു സാധിക്കണം. പരിശുദ്ധനായവന്റെ പരിമളമായി പരിണമിക്കാനും പരക്കാനും നാം പരിശ്രമിക്കണം. ദൈവവിശ്വാസത്തിന്റെ സുഗന്ധം ക്രമേണ കെട്ടുപോകുന്ന കുടുംബങ്ങളും വ്യക്തികളുമാകാം മതിയായ മുന്നറിയിപ്പുകളും  ബോധവത്കരണവുമൊക്കെ ഉണ്ടായിട്ടും ചില മതവേട്ടക്കാരുടെ നാനാതരത്തിലുള്ള മനുഷ്യക്കെണികളില്‍ കുടുങ്ങിപ്പോകുന്നത്.
സുവിശേഷത്തിലെ ചിന്തകള്‍ മുതലാളിയൊരുവന്‍ തന്റെ തോട്ടംതൊഴിലാളികളിലെ  പിമ്പന്മാര്‍ക്കും മുമ്പന്മാര്‍ക്കും ദിനാന്ത്യം നല്കുന്ന 'തുല്യവേതന'ത്തിലെ ചില 'അതുല്യ'തകളെക്കുറിച്ചാണ്. ദൈവനീതി ദയയില്‍ അധിഷ്ഠിതമാണ്. കാരണം, ദൈവം ദയയാണ്. അലിവാണ് അവിടുത്ത അളവുകോല്‍. 'അര്‍ഹിക്കുന്നതു കൊടുക്കുക' എന്നതാണ് മാനുഷികനീതിയെങ്കില്‍, 'അനര്‍ഹമായതും കൊടുക്കുക' എന്നതാണ് ദൈവികനീതി. അര്‍ഹമായതില്‍ ആനന്ദിക്കണം. അപ്പോള്‍ അസൂയയും പിറുപിറുപ്പുകളും അപ്രത്യക്ഷമാകും. നീതിയില്ലായ്മയുടെ ഭീതിയാണ് ഭൂതലമാകെ. വാദി പ്രതിയാക്കപ്പെടുന്ന വിരോധാഭാസമാണ് കൊടികുത്തി വാഴുന്നത്. കൊടിയ കുറ്റവാളികളെപ്പോലും സംരക്ഷിക്കാനും വാദിച്ചു ജയിപ്പിക്കാനുമൊക്കെ ഒത്താശ ചെയ്യുന്ന നിയമസംവിധാനങ്ങളും അവയ്ക്ക് 'ഓശാന' പാടുന്ന അധികാരക്കസേരകളും കരംകോര്‍ക്കുന്ന ഈ കരിപുരണ്ട കാലത്തിന്റെ ഏറ്റവും വലിയ ശാപം അനീതിയോട് ആഗോളതലത്തിലുള്ള അകമഴിഞ്ഞ പ്രീതിതന്നെയാണ്. നമ്മുടേതായ ജീവിതസാഹചര്യങ്ങളില്‍ നീതി നിറഞ്ഞവരാകാം. ജീവിതവ്യാപാരങ്ങളെ കുറെക്കൂടി കരുണാമയമാക്കാം. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതെല്ലാം അല്പത്വംകൂടാതെ കൊടുക്കാം. ഹൃദയക്കുടുക്കയില്‍ 'ദയയുടെ ദനാറകള്‍' നിറയ്ക്കാം. നീതിയെന്ന നിധി കളയാതെ കാക്കാം. നില്ക്കുന്നയിടം നീതിപീഠമാക്കാം. അധഃസ്ഥിതിതരുടെ അഭിവൃദ്ധിക്കും അര്‍ഹമായ നീതിക്കുംവേണ്ടി ഒരു പുരുഷായുസ്സും പൗരോഹിത്യവും വ്യയം ചെയ്ത വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനെപ്പോലുള്ള പച്ചമനുഷ്യര്‍ നീതിഹത്യക്കെതിരേ അണിനിരക്കുന്നതിനു നമ്മെ തുടര്‍ന്നും പ്രചോദിപ്പിക്കണം.
ദൈവരാജ്യത്തിലേക്ക് ആവുന്നത്ര ആത്മാക്കളെ സമ്പാദിക്കുക എന്നതാണ് ക്രിസ്തുവിശ്വാസികളുടെ, വിശേഷാല്‍ വൈദികസമര്‍പ്പിതരുടെ കാതലായ കടമ. സമര്‍പ്പിതരാരും ഒറ്റയ്ക്കു നാകത്തിലോ നരകത്തിലോ പ്രവേശിക്കില്ല. അവര്‍ വിളിച്ചവരും വിസ്മരിച്ചവരുമായ ഒരു ഗണം പിന്നിലുണ്ടായിരിക്കും. 'എന്തേ തനിച്ച്?' എന്ന പടിപ്പുരചോദ്യത്തിന് അന്ന് ഒരു മറുപടിയും മതിയാകില്ല. അറിഞ്ഞോ അല്ലാതെയോ പിണഞ്ഞ പല ഉപേക്ഷകള്‍ക്കും ഉത്തരം കൊടുക്കേണ്ടിവരും. 'ഞങ്ങളെ ആരും വിളിച്ചില്ല' എന്ന ജനത്തിന്റെ പരാതിയല്ലേ പൗരോഹിത്യ,സന്ന്യാസജീവിതങ്ങളുടെ പരാജയങ്ങളിലൊന്ന്? ഓര്‍ക്കണം, അത്യുന്നതന്റെ അതിശയിപ്പിക്കുന്ന മനോഭാവങ്ങളെയും മാനദണ്ഡങ്ങളെയും എത്തിപ്പിടിക്കാനുള്ള അഭിനിവേശവും അധ്വാനവുമാണ് ക്രിസ്തീയആത്മീയത. സ്വര്‍ഗത്തിന്റെ മാത്രം സ്വന്തമായ കണ്ടുപരിചയിക്കാത്ത കണക്കുകളെയും സാധാരണമല്ലാത്ത സമവാക്യങ്ങളെയും ചേരാത്ത ചേരുവകളെയുമൊക്കെ ചേര്‍ത്തുപിടിക്കാനുള്ള ചങ്കൂറ്റത്തിന്റെ പേരാണ് ക്രിസ്തുശിഷ്യത്വം.

 

Login log record inserted successfully!