നാളുകളേറെക്കട, ന്നന്നൊരിക്കല്‍ ഞാന്‍
നാടൊന്നിലൂടവേ പോയിടുമ്പോള്‍
കാണായി മന്ദം നടന്നു നീങ്ങുന്നൊരു
ചേണാര്‍ന്ന പ്രാണിയെത്തൊട്ടുമുമ്പില്‍.
സൂക്ഷിച്ചു നോക്കി ഞാന്‍ തെല്ലിട നേരമാ-
കാംക്ഷയോടാ ജീവിതന്‍ പ്രയാണം.
എണ്ണപ്പുഴുവെന്നാ നാട്ടില്‍ വിളിക്കുമി-
പ്പുണ്യ സമൃദ്ധനൊരദ്ഭുതം താന്‍.
ഓരോ ചുവടും തന്നാരോമല്‍ക്കാല്‍കളാല്‍
നേരേ യടുത്തങ്ങു നീങ്ങിടുമ്പോള്‍
മന്ദമൊഴുക്കീ സുഗന്ധമെഴുന്നൊരു
സുന്ദരദ്രവ്യമക്കൊച്ചുജീവി.
ബാലഗണം പാഠശാലയില്‍ പോകുന്ന
വേളയിലിക്കാഴ്ച കാണുന്നേരം
ചേലെഴും പിഞ്ചുകരങ്ങളെപ്പൂഴിയി-
ലാലസ്യമേശാതെറിഞ്ഞുകൊണ്ട്
പുണ്യമെഴുന്നതാമെണ്ണയെന്നോതീട്ടു
പൂര്‍ണമായൊപ്പിയെടുത്ത ദ്രവം.
ചിന്തകള്‍കൊണ്ടേറെ വ്യാപൃതന്‍ ഞാന്‍ പുനര്‍-
ചിന്തനം ചെയ്തീലിക്കാര്യമുടന്‍.
കാലമമ്മട്ടു കടന്നു കുറച്ചിന്നു
കാണ്‍കയായ് ഭിന്നമാം കാഴ്ചയൊന്നും
ചത്തുചീഞ്ഞോരുരഗത്തിനെ മെല്ലവേ
കൊത്തിവലിച്ചുമിഴച്ചുമഹോ!
അന്തികേയാര്‍ക്കുമണഞ്ഞിടാനാവാത്ത
ഗന്ധം വമിപ്പിച്ചും ചുറ്റുപാടും
ആകെ മലീമസമാക്കിയുമങ്ങനെ
പോകയായീയൊരു കാകവൃന്ദം.
അക്കാഴ്ച കാണവേ ചിക്കെന്നു പൊന്തിയെ-
ന്നുള്‍ക്കാമ്പിലബ്ഭൂതകാലചിത്രം
എണ്ണ നല്കുന്നാപ്പുഴുവിനെപ്പോലെന്നും
മന്നിതില്‍ സ്‌നേഹം പരത്തുവോരും
ദുര്‍ഗന്ധവാഹകര്‍ കാകരെപ്പോല്‍ സദാ
ദുഷ്‌കര്‍മവ്യാപൃതരായവരും
ഈ വിധം രണ്ടു തരക്കാരായല്ലയോ
ഭൂവില്‍ നാം കാണ്മതു ജീവികളെ
അന്യനു നന്മ സദാ ചെയ്തു ജീവിതം
ധന്യമാക്കുന്നാപ്പുഴുവിന്‍ കഥ
ഏറെ സ്വാധീനിച്ചെന്‍ മാനസത്തെ,യതിന്‍
ചാരുതയൊട്ടെന്നെയാകര്‍ഷിച്ചു.
കാഴ്ചയില്‍ നന്നേ ചെറുതെന്നിരിക്കിലും
കര്‍മംകൊണ്ടെത്ര വലിയോനിവന്‍.
ഇല്ലത്ര ഭംഗിയും ബാഹ്യമായി,ട്ടെന്നാല്‍
തെല്ലുമില്ലല്ലോ കുറവിതിനാല്‍.
ഉള്ളതോര്‍ത്തീടില്‍ യഥാര്‍ത്ഥമാം സൗന്ദര്യ-
മുള്ളിലല്ലോ കുടികൊള്‍വതാര്‍ക്കും.
പിന്നാലേ കാല്‍ വേച്ചു വന്നീടുവോര്‍ക്കെല്ലാം
ധന്യമായുള്ള കുഴമ്പു നല്കി
ശക്തിയും വീര്യവും വര്‍ഷിച്ചു സാദ വി-
മുക്തി നല്കിടിന പുണ്യജീവി,
ഏതു വഴിക്കു നീ കാലൂന്നി നീങ്ങി, യാ-
പ്പാതകളൊക്കെയും പാവനമായ്
ആവോളം സൗരഭ്യം ചുറ്റും പരത്തുമ-
പ്പൂവിന്റെപോല്‍ ശ്രേഷ്ഠം നിന്‍ ജീവിതം.
ഏറട്ടെ ഭൂവില്‍ നിനക്കു സമാനരാം
വാരുറ്റ ജീവിതമാതൃകകള്‍.
ക്ഷീണിതനായിങ്ങലയും മനുഷ്യനി-
ക്ഷോണിയാത്രയ്ക്കു വീര്യം പകരാന്‍.