ഈയിടെ ഒരമ്മ പറഞ്ഞു: ''എന്റെ മകള്‍ ഇടതുകൈയില്‍ നോക്കിയാണ് ആഹാരം കഴിക്കുന്നത്.''
മൊബൈല്‍ ഫോണിന്റെ ഇരിപ്പിടമാണല്ലോ ഇടതുകൈ.
വിവിധ വിദ്യാലയങ്ങളിലെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറുകളില്‍ ഉന്നയിച്ച ഒരു ചോദ്യം ഇതായിരുന്നു: ''നിങ്ങളുടെ കുട്ടികള്‍ ആഹാരം കഴിക്കുന്നത് എവിടെനോക്കിയാണ്?''
ഗൂഗിള്‍ മീറ്റിങ്ങിലെ ചാറ്റ്‌ബോക്‌സില്‍ രക്ഷിതാക്കള്‍ എഴുതിയിട്ട ഉത്തരങ്ങള്‍ ടിവി, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ് എന്നൊക്കെയായിരുന്നു. അതിലൊക്കെ നോക്കി ആഹാരം കഴിക്കരുതെന്നു പലവട്ടം വിലക്കിയിട്ടും ഫലമില്ലെന്നാണ് രക്ഷിതാക്കളുടെ വിലാപം. നന്നേ ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പവഴിയായി ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായം തേടിയത് രക്ഷിതാക്കള്‍തന്നെയാണെന്ന പരമാര്‍ത്ഥം ഇപ്പോള്‍ തിരിച്ചടിയാകുന്നു. എങ്കിലും പ്രത്യാശയ്ക്കു വകയുണ്ട്, മുതിര്‍ന്നവര്‍ പക്വതയോടെ ഇത് കൈകാര്യം ചെയ്യുമെങ്കില്‍.
കുട്ടികളോട് ഏതു കാര്യം പറയുമ്പോഴും അത് മുതിര്‍ന്നവരുടെ അധികാരമുറപ്പിക്കാനുള്ള അവസരമായി മാറരുത്. ഒരു കാര്യം പറയുന്നെങ്കില്‍ അതിന്റെ കാരണവും പറയണം. കാര്യകാരണസഹിതം അവതരിപ്പിക്കുന്ന ശൈലി രക്ഷിതാക്കള്‍ വളര്‍ത്തണം. അങ്ങനെ ചെയ്യണം/ ചെയ്യരുത് എന്നു പറയാനുള്ള കാരണം കൊച്ചുകുട്ടികള്‍ക്കുപോലും വ്യക്തമാകണം. അപ്പോഴവര്‍ അതു പാലിക്കാന്‍ സാധ്യത കൂടുതലാണ്. അനുസരണത്തിന്റെ വാള്‍പ്പയറ്റുകൊണ്ട് ഇനിയുള്ള കാലം ഏറെയൊന്നും നേടാനാവില്ല എന്നോര്‍ക്കുക. അതേസമയം യുക്തിയുക്തമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ ഫലമേറുകയും ചെയ്യും.
കുട്ടികളുടെ തെറ്റായ ആഹാരശീലങ്ങളെ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഇവിടെയെന്താണ് ചെയ്യേണ്ടത്?
ശരിയായ ഭക്ഷണരീതികള്‍ അവര്‍ ആദ്യമേ ശീലിക്കുകയും പാലിക്കുകയും ചെയ്യുക. അടുത്തതായി ആഹാരശീലങ്ങളിലെ നന്മതിന്മകളെ വേര്‍തിരിച്ച് അവതരിപ്പിക്കുക.
ആഹാരം കഴിച്ചാല്‍ അതു ശരീരത്തിനു ഗുണകരമായി മാറണം. അതിനു ശരിയായ ദഹനം നടക്കണം. ദഹനപ്രക്രിയയെ സഹായിക്കുന്നത് ഉമിനീരാണ്. അത് സ്വയമേവ വായില്‍ ഉല്‍പാദിപ്പിക്കപ്പെടണം.
അങ്ങനെ സംഭവിക്കുന്നത് എപ്പോഴാണ്? നമ്മളൊരു ഐസ്‌ക്രീം കപ്പിന്റെ മുമ്പിലിരിക്കുന്നുവെന്നു കരുതുക. മനോഹരമായ വര്‍ണ്ണക്കപ്പിന്റെ മൂടി മാറ്റുന്നു, സ്പൂണ്‍ എടുത്ത് കപ്പില്‍ താഴ്ത്തി, ഐസ്‌ക്രീം നാവില്‍വച്ച് രുചിച്ച്, ആസ്വദിച്ച് കഴിക്കുന്നു. വീണ്ടും സ്പൂണില്‍ ഐസ്‌ക്രീം കോരിയെടുക്കുന്നു. വായില്‍ വയ്ക്കുന്നു.
ഈ വിവരണം കേള്‍ക്കുമ്പോള്‍ത്തന്നെ കുട്ടികളുടെ വായില്‍ വെള്ളമൂറും. ഉമിനീര്‍ നിറഞ്ഞുകവിയും.
ഭക്ഷണസാധനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍, കാണുമ്പോള്‍, മണക്കുമ്പോള്‍, രുചിക്കുമ്പോള്‍ ഒക്കെ നമ്മുടെ ഉമിനീര്‍ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ആസ്വദിച്ചുകഴിക്കുമ്പോഴാണ് ശരിയായ ദഹനപ്രക്രിയ നടക്കുന്നത്. അപ്പോഴേ അത് ശരീരത്തിന് ഉപയോഗപ്രദമാവുകയുള്ളൂ.
ടിവിയിലും ഫോണിലും നോക്കി ആഹാരം കഴിക്കുന്നവര്‍ പ്ലേറ്റിലുള്ളത് എന്താെണന്നുപോലും ശ്രദ്ധിക്കുന്നില്ല. അവര്‍ ആസ്വദിക്കുന്നത് ഊട്ടുമേശയിലെ വിഭവങ്ങളല്ല, സ്‌ക്രീനിലെ കാഴ്ചകളാണ്. അതവരുടെ ശരീരത്തിനു ഗുണമല്ല, ദോഷമാണുണ്ടാക്കുന്നത്. ആഹാരസമയത്ത് ആസ്വദിച്ചു ഭക്ഷിക്കാനും വിനോദസമയത്ത് ആസ്വദിച്ചു വീക്ഷിക്കാനും കുട്ടികള്‍ ശീലിക്കട്ടെ. ഒരേസമയം എല്ലാം കൂട്ടിക്കലര്‍ത്തി ചെയ്ത്, ഒന്നും ശരിയായി ആസ്വദിച്ചുചെയ്യാന്‍ കഴിയാതെ പോകരുത്. ജീവിതം ആസ്വാദ്യമാവുന്നത് ഓരോന്നും അതിന്റേതായ വിധത്തില്‍ നേരായി ചെയ്യുമ്പോഴാണല്ലോ.