മൂന്നു പതിറ്റാണ്ടോളമായി കേരളത്തിലെ ഹൃദയ ചികിത്സാരംഗത്തു മികവിന്റെ മുദ്രകള്‍ അടയാളപ്പെടുത്തിയ ഡോ. ജോര്‍ജ് തയ്യിലിനെ ഈയിടെ ഇക്കണോമിക്‌സ് ടൈംസ് ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധരിലൊരാളായി തിരഞ്ഞെടുക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അനുഗൃഹീതമായ ആതുരശുശ്രൂഷയുടെയും ആശുപത്രിമുറികള്‍ക്കു പുറത്തെ അതുല്യസേവനത്തിന്റെയും വിശേഷങ്ങളറിയാം.
രോഗം വന്നശേഷം ചികിത്സിക്കുന്നവന്‍ ഭിഷഗ്വരന്‍. രോഗം തീവ്രമാകുന്നതിനുമുമ്പു ചികിത്സിക്കുന്നവന്‍ മികച്ച ഭിഷഗ്വരന്‍. രോഗം ഉണ്ടാകാതെ തടയുന്നവന്‍ ഏറ്റവും മികച്ച ഭിഷഗ്വരന്‍.
(ഹുവാങ് ദി നൈചിങ് ചൈനീസ് വൈദ്യശാസ്ത്രപണ്ഡിതന്‍)
രോഗങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും ഗൗരവമായി മനുഷ്യന്‍ ചിന്തിക്കുന്ന കാലത്തു ഹൃദ്രോഗത്തെ ജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്താനും ഹൃദയങ്ങള്‍ക്കു കരുതലും കാവലുമാകാനും നിരന്തരപരിശ്രമങ്ങള്‍ തുടരുന്ന ഒരു ഭിഷഗ്വരന്‍ നമുക്കിടയിലുണ്ട്. ചൈനീസ് വൈദ്യശാസ്ത്രപണ്ഡിതദര്‍ശനത്തില്‍ ഏറ്റവും മികച്ച ഭിഷഗ്വരനെന്ന് അഭിമാനത്തോടെ വിളിക്കണം പ്രമുഖ ഹൃദയചികിത്സാവിദഗ്ധന്‍ ഡോ. ജോര്‍ജ് തയ്യിലിനെ.
ഹൃദ്രോഗസാധ്യതകളില്‍നിന്ന് അകന്നുനടക്കാന്‍, രോഗഭീതിയില്ലാതെ ജീവിക്കാന്‍, ആരോഗ്യജീവിതം ക്രമീകരിക്കാന്‍ അനേകര്‍ക്കു പ്രചോദനവും പാഠപുസ്തകവുമായെന്നതാണ് ഡോ. ജോര്‍ജ് തയ്യിലിനെ ഹൃദയചികിത്സാരംഗത്തു സവിശേഷവ്യക്തിത്വമാക്കുന്നത്. 2021 ലെ ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊരാളായി ഡോ. ജോര്‍ജ് തയ്യില്‍ തിരഞ്ഞെടുക്കപ്പെട്ടതും അതുകൊണ്ടുതന്നെ. ചികിത്സയ്ക്കു പ്രാധാന്യം കൊടുക്കുന്നതിനൊപ്പം, രോഗികള്‍ക്കിടയിലെ ബോധവത്കരണപരിപാടികള്‍ക്കും സമൂഹത്തിന്റെ പൊതുവായ ആരോഗ്യവളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്‍കുന്നവരെയാണു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
കുറുപ്പന്തറയില്‍നിന്നു കൊച്ചിവരെ
കോട്ടയം കുറുപ്പന്തറ മാഞ്ഞൂര്‍ തയ്യില്‍ കുടുംബത്തില്‍ കുര്യന്‍ ചാക്കോയുടെയും അന്നമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ നാലാമനാണ് ഡോ. തയ്യില്‍. കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ്, മൂവാറ്റുപുഴ നിര്‍മല സ്‌കൂളുകളില്‍ പ്രാഥമികവിദ്യാഭ്യാസം. പ്രീഡിഗ്രി കുറവിലങ്ങാട് ദേവമാതായില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദപഠനത്തില്‍ ഡോ. എം.ജി. ശശിഭൂഷണും ഡിജിപി ജേക്കബ് പുന്നൂസുമെല്ലാം സഹപാഠികളായി.
പഠനകാലത്തു പത്രപ്രവര്‍ത്തകനാകാനായിരുന്നു മോഹം. ദീപികയിലും കുടുംബദീപം വാരികയിലും ചെറുകഥകളും പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും എഴുതി. മംഗളം ദ്വൈവാരികയുടെ ആദ്യ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചെങ്കിലും പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉപരിപഠനത്തിനു ജര്‍മനിയിലേക്കു പോയി.
1974 ല്‍ സ്‌കോളര്‍ഷിപ്പോടെ മ്യൂണിക്കിലെ ലുഡ്‌വിങ് മാക്‌സ്മില്യന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിബിഎസും തുടര്‍ന്ന് എംഡിയും. എഫ്എഎംഎ, എഫ്‌സിസിപി, എഫ്എസിസി, എഫ്‌ഐസിസി, എഫ്ഇഎസ് സി, എഫ്ആര്‍സിപി എന്നിവയും ഡോ. തയ്യിലിന്റെ മികവിന്റെ പട്ടികയിലുണ്ട്.
ജര്‍മനി, സൗദി അറേബ്യ, ഓസ്ട്രിയ, എന്നിവിടങ്ങളിലെ പ്രമുഖ ഹാര്‍ട്ട് കെയര്‍ സെന്ററുകളിലെ സേവനത്തിനുശേഷമാണു വരാപ്പുഴ ആര്‍ച്ചുബിഷപ്പായിരുന്ന ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ ക്ഷണം സ്വീകരിച്ചു കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയിലെത്തുന്നത്.
1992 ല്‍ ലൂര്‍ദിലെത്തിയ ഡോ. തയ്യില്‍, ഇവിടുത്തെ കാര്‍ഡിയോളജി വിഭാഗത്തിന്റെ സ്ഥാപകമേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റും ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാണ്.
ആശ്വാസമാണ് അക്ഷരങ്ങള്‍
ജര്‍മനിയിലെ മ്യൂണിച്ചില്‍ തുടങ്ങിയ ഡോ. തയ്യിലിന്റെ ഹൃദയചികിത്സാസപര്യ, കഴിഞ്ഞ 29 വര്‍ഷമായി എറണാകുളത്തെ ലൂര്‍ദ് ആശുപത്രിയിലൂടെ മികവിന്റെ പുതിയ ഉയരങ്ങള്‍ സ്വന്തമാക്കി. ആശുപത്രിമുറിയില്‍ മാത്രമല്ല, അക്ഷരങ്ങളിലും ആശ്വാസത്തിന്റെ വെളിച്ചം കരുതിവയ്ക്കുന്നുണ്ട് ഡോ. ജോര്‍ജ് തയ്യില്‍.
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ആറ് അമൂല്യഗ്രന്ഥങ്ങള്‍, ഇംഗ്ലീഷിലും മലയാളത്തിലും പേരുകേട്ട ആനുകാലികങ്ങളിലെ സ്ഥിരം പംക്തികള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെയെല്ലാം ഡോ. തയ്യില്‍ തന്റെ പ്രതിഭ പ്രകാശിപ്പിച്ചു. ചികിത്സയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ എഴുത്തുകളും വാക്കുകളും അനേകരുടെ ആരോഗ്യജീവിതത്തിനു കരുത്തുപകര്‍ന്നു.
''ഹാര്‍ട്ട് അറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം'' എന്ന ശ്രദ്ധേയഗ്രന്ഥത്തിന്റെ മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഹൃദ്രോഗം മുന്‍കരുതലും ചികിത്സയും, ഹൃദ്രോഗചികിത്സ പുതിയ കണ്ടെത്തലുകളിലൂടെ, ഹൃദയാരോഗ്യത്തിനു ഭക്ഷണവും വ്യായാമവും, ഹൃദയപൂര്‍വം ഒരു ഹെല്‍ത്ത് ഗൈഡ്, സ്ത്രീകളും ഹൃദ്രോഗവും എന്നിവയാണ് ഡോ. ജോര്‍ജ് തയ്യിലിന്റെ മറ്റു പുസ്തകങ്ങള്‍.
മലയാളത്തിലെ ടെലിവിഷന്‍ ചാനല്‍ മേഖലയില്‍ ആദ്യമായി ആരോഗ്യാധിഷ്ഠിത പരിപാടികള്‍ ആരംഭിച്ചത് ഇന്ത്യാ വിഷനിലൂടെ ഡോ. തയ്യിലാണ്. പ്രമുഖ ടെലിവിഷന്‍ ചാനലുകളിലെ ഡോ. ലൈവ്, മൈ ഡോക്ടര്‍ പരിപാടികളില്‍ സ്ഥിരസാന്നിധ്യമാണ് ഇദ്ദേഹം. രണ്ടു വര്‍ഷത്തിലധികം പരമ്പരയായി പ്രക്ഷേപണം ചെയ്ത ശാലോം ടെലിവിഷനിലെ ജീസസ് ദി ഡിവൈന്‍ ഹീലര്‍ എന്ന പരിപാടി ശ്രദ്ധേയമായിരുന്നു.
ബിഎസ്‌സിക്കു പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി കോളജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാനുള്ള വലിയ ആഗ്രഹത്തോടെ ഒരു കഥയും ലേഖനവും മലയാളം വിഭാഗം മേധാവിയായിരുന്ന കൃഷ്ണപിള്ളയെ അദ്ദേഹം ഏല്പിച്ചു. കഥ വായിച്ച കൃഷ്ണപിള്ള ഡോ. തയ്യിലിനെ സാക്ഷിയാക്കിത്തന്നെ അതു നിഷ്‌കരുണം കീറിക്കളഞ്ഞു! അത് അദ്ഭുതവും സങ്കടവുമുണ്ടാക്കിയെങ്കിലും തൊട്ടുപിന്നാലെ ഡോ. തയ്യിലിന്റെ ലേഖനം വായിച്ച കൃഷ്ണപിള്ള മികച്ചതെന്നു പറഞ്ഞ് അഭിനന്ദിച്ചു, പ്രസിദ്ധീകരിച്ചു. ഇനിയും ലേഖനങ്ങള്‍ എഴുതണമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തത് വലിയ പ്രചോദനമായെന്നും ഡോ. തയ്യില്‍ ഓര്‍ക്കുന്നു. പിന്നീട് കോട്ടയത്തെ യുവജന സാഹിത്യവേദിയും, പ്രതിമാസബുള്ളറ്റിനുമെല്ലാം എഴുതിത്തെളിയാന്‍ തന്നെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ ആത്മീയഗുരു, ശേഷം പാപ്പ
മ്യൂണിക്കിലെ ലുഡ്‌വിങ് മാക്‌സ്മില്യന്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ പഠനഘട്ടത്തില്‍, പരിചയപ്പെട്ടൊരു വ്യക്തിത്വം തന്റെ ആത്മീയഗുരുവായതും പിന്നീടു സാര്‍വത്രിക കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായതും ഡോ. തയ്യിലിന്റെ സ്മൃതികള്‍ക്കു നിറം പകരുന്നതാണ്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ തിയോളജി പ്രഫസറായി ഫാ. ജോസഫ് റാറ്റ്‌സിങ്ങറും ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള പരിചയം ആ കുടുംബവുമായുള്ള സൗഹൃദമായി വളര്‍ന്നു. പലവട്ടം ആ കുടുംബത്തില്‍ അതിഥിയായി. ഫാ. റാറ്റ്‌സിങ്ങര്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയായശേഷവും മൂന്നുവട്ടം അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ബെനഡിക്ട് പതിനാറാമന്‍ പാപ്പായുമായുള്ള ആത്മീയബന്ധവും ഊഷ്മളസൗഹൃദവും വിഷയമാക്കി ഡോ. ജോര്‍ജ് തയ്യില്‍ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. 'ഞാന്‍ അറിയുന്ന ബെനഡിക്ട് പതിനാറാമന്‍' എന്ന പേരിലുള്ള ഗ്രന്ഥം ഉടന്‍ പ്രസിദ്ധീകരിക്കും.
അംഗീകാരപ്പെരുമ
ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ എക്‌സലന്‍സി മെഡിക്കല്‍ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, സര്‍വോദയം കുര്യന്‍ അവാര്‍ഡ്, കെസിബിസി ദാര്‍ശനിക വൈജ്ഞാനിക പുരസ്‌കാരം, മികച്ച ഡോക്ടര്‍ക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ആരോഗ്യരത്‌ന പുരസ്‌കാരം, ഗുഡ്‌നെസ് ടിവി മെഡിക്കല്‍ എക്‌സലന്‍സി അവാര്‍ഡ്, റോട്ടറി കോസ്‌മോസ് കൊച്ചിന്‍ ഹാര്‍ട്ട്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവയും ഡോ. തയ്യിലിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരങ്ങളാണ്.
പൊതുരംഗത്തും സജീവം
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം മെഡിക്കല്‍ ക്യാമ്പുകള്‍ ഡോ. ജോര്‍ജ് തയ്യിലിന്റെ നേതൃത്വത്തില്‍ നടത്തി. അഗതികള്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധന നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു.
ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി, അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, എക്കോകാര്‍ഡിയോഗ്രഫി അക്കാദമിയുടെയും ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും കേരള ചാപ്റ്ററിലെ സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം ചെയ്തു.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി, ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോ കാര്‍ഡിയോളജി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ജര്‍മന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, ഓസ്ട്രിയന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി എന്നിവയില്‍ ഡോ. തയ്യില്‍ അംഗമാണ്.
കുടുംബം
ന്യൂറോ സൈക്യാട്രിസ്റ്റായ ഡോ. ശുഭ പാലാക്കുന്നേലാണ് ഡോ. തയ്യിലിന്റെ ജീവിതപങ്കാളി. തലവേദന ചികിത്സകളില്‍ പ്രഗല്ഭയായ ഇവര്‍ കൊച്ചിയില്‍ ഇതിനായി പ്രത്യേക സ്ഥാപനം നടത്തുന്നു. ആന്‍മേരിയും എലിസ് മേരിയുമാണു മക്കള്‍.
രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാള്‍ വരാതെ സൂക്ഷിക്കണമെന്ന വൈദ്യശാസ്ത്രത്തിന്റെ എക്കാലത്തെയും പ്രസക്തമായ ഓര്‍മപ്പെടുത്തലിന്റെ പ്രായോഗികസാക്ഷ്യമാണു മൂന്നൂ പതിറ്റാണ്ടു പിന്നിട്ട ഡോ. തയ്യിലിന്റെ ആതുരശുശ്രൂഷാജീവിതം. നൂറുകണക്കിനു ഹൃദ്രോഗികളെ, അതും തീവ്രമാകാമായിരുന്നവരെ, അദ്ദേഹം കൈപിടിച്ചു സാധാരണജീവിതത്തിലേക്കു തിരിച്ചെത്തിച്ചു. അതിനുമപ്പുറം ബൈപ്പാസ് നടത്തേണ്ടിയിരുന്ന രോഗികളുടെ ആരോഗ്യശീലങ്ങളില്‍ പുനഃക്രമീകരണം നിര്‍ദേശിച്ചു. ശസ്ത്രക്രിയയില്ലാതെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരും അക്കൂട്ടത്തിലുണ്ട്.
ഹൃദയചികിത്സാരംഗത്തെ അത്യാധുനിക സങ്കേതങ്ങളും സാധ്യതകളും കാലാനുസൃതമായി പ്രയോജനപ്പെടുത്തി പ്രഫഷനില്‍ മികവുയര്‍ത്തുമ്പോഴും, ഡോ. ജോര്‍ജ് തയ്യിലിന്റെ ജീവിതം തനിക്കു ചുറ്റുമുള്ളവരുടെ ആരോഗ്യസംരക്ഷണത്തിനുള്ള സമര്‍പ്പിതസപര്യയാകുന്നു; ഹൃദയംകൊണ്ടെഴുതിയ കവിതയാകുന്നു.