ഭാരം തിങ്ങും നെഞ്ചിന്നുള്ളില്‍
സ്‌നേഹം വിങ്ങുന്നു,
മോഹം തെളിയും കണ്ണില്‍
ഇരുളിന്‍ തിമിരം കേറുന്നു.
മൊഴിയാന്‍ വെമ്പും നാവോ
വിക്കിന്‍ വിറയാല്‍ തളരുന്നു,
പുണരാനുയരും കൈകള്‍
ചരടിന്‍ ബന്ധനമറിയുന്നു.
വിടരാപ്പൂവുകളുദ്യാനത്തിന്‍
നോവുകളാകുമ്പോള്‍,
മധു തേടും ശലഭങ്ങള്‍
കാറ്റിന്‍ ഗതിയില്‍ പിടയുന്നു.
ഒഴുകാപ്പുഴതന്‍ ചളിയില്‍
മീനുകള്‍, ശ്വാസം തേടുമ്പോള്‍
ഇണയില്ലാക്കിളി പൂക്കാമാവിന്‍
കൊമ്പില്‍ തേങ്ങുന്നു.
നിറമില്ലാ മഴവില്ലുകള്‍ വാനില്‍
കവിത രചിക്കുമ്പോള്‍,
പെയ്‌തൊഴിയാ മേഘങ്ങള്‍
വന്നതു മായ്ച്ചു ചിരിക്കുന്നു.
ഒരു ഗാനാമൃതമിന്നെന്‍
നെഞ്ചില്‍ മഴയായ് പെയ്‌തെങ്കില്‍,
ഉണരും സ്‌നേഹം തെളിയും
മോഹം മൊഴികളുമൊഴുകി വരും.