രാവിലെ ചാരുകസേരയില്‍ മലര്‍ന്നുകിടന്ന് പത്രം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മധുസൂദനന്‍ ആ കാഴ്ച കണ്ടത്. ഒരു വലിയ മുട്ടയും താങ്ങിപ്പിടിച്ച് റൂഫിന്റെ അരികുപറ്റി ഒരു ചിലന്തി നടന്നുനീങ്ങുന്നു.
മധുസൂദനന്‍ വീടിനകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു:
''മോളേ, നീളമുള്ള ഒരു കമ്പ് എടുത്തുകൊണ്ടുവന്നേ.''
മധുസൂദനന്റെ മകള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ആവണി ചോദിച്ചു:
''എന്തിനാ അച്ഛാ വടി?''
''ഇതു കണ്ടോ എട്ടുകാലി ഒരു മുട്ടയുംകൊണ്ടു പോകുന്നു.''
''അതു പൊയ്‌ക്കൊട്ടെ അച്ഛാ.''
''ആ മുട്ടയില്‍ നിന്നിറങ്ങുന്ന കുഞ്ഞുങ്ങള്‍ ആ എട്ടുകാലിയെ തിന്നു തീര്‍ക്കും. ഇതറിയാതെയാണ് എട്ടുകാലി അതും ചുമന്നു നടക്കുന്നത്.''
''എട്ടുകാലിക്കുഞ്ഞുങ്ങള്‍ അങ്ങനെ ചെയ്യുവോ?''
പുറത്തെ ബഹളം കേട്ടാണ് സുലോചന ഇറങ്ങിവന്നത്.
''നിങ്ങള്‍ ഇവിടെ എന്നാ ചെയ്യുവാ.''
''നീയതു കണ്ടോ.''
''അത് അതിലെയെങ്ങാനും പൊയ്‌ക്കോട്ടെ.''
''ഒരമ്മയെ കുഞ്ഞുങ്ങള്‍ പച്ചയോടെ അരിച്ചുതിന്നുമ്പോള്‍ ആ അമ്മയ്ക്കുണ്ടാകുന്ന വേദന എന്തെന്നു നിനക്കറിയാമോ?''
''ആ അമ്മ അച്ഛനെ അരിച്ചു തിന്നപ്പോള്‍ ആ വേദന അച്ഛനും അനുഭവിച്ചിട്ടുണ്ടാകും.''
''അവള്‍ ചെയ്തതിന്റെ ഫലമാണ് ആ അമ്മ അനുഭവിക്കുന്നതെന്നാണോ നീ പറയുന്നത്.''
''അതെ.''
''അച്ഛാ, അച്ഛന്റെ എട്ടുകാലി ഓടിപ്പോയി.''
അച്ഛനും അച്ഛന്റെ ഒരു എട്ടുകാലിയും എന്നു പറഞ്ഞ് കൈയിലിരുന്ന വടി ഒരേറുകൊടുത്ത് ആവണി അകത്തേക്കു കയറിപ്പോയി.
''അതേയ്, ഇന്നലെ പറഞ്ഞതിന് ഒന്നും പറഞ്ഞില്ലല്ലോ.''
''എന്തോന്ന്.''
''ഞാനിന്നലെ എന്റെ ആങ്ങള വീടു പണിയുന്ന കാര്യത്തെപ്പറ്റി പറഞ്ഞില്ലായിരുന്നോ.''
''അവന്‍ വീടുപണി തൊടങ്ങട്ടെ, അന്നേരം അതേപ്പറ്റി ചിന്തിച്ചാല്‍ പോരെ.''
''നമ്മള് വല്ലതും കൊടുക്കുമെന്ന് അവന്‍ പ്രതീക്ഷിക്കും.''
''അവരവരുടെ കൈയിലുള്ള പൈസയ്ക്കു പണിതാല്‍ പോരേ. മറ്റുള്ളവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്?''
''നാട്ടിലൊക്കെ എന്നാ വല്യവീടുകളാ പണിയുന്നത്. അത്രയുമില്ലേലും അതിനടുത്തെങ്കിലും ഉള്ളത് പണിയണ്ടേ.''
''എന്റെ കടം ഞാന്‍ എങ്ങനാ വീട്ടുന്നതെന്നോര്‍ത്തിരിക്കുകയാ. അന്നേരാ ഒരു സഹായം കൊടുക്കല്‍.''
''ഇന്നലെ അതല്ലായിരുന്നല്ലോ പറഞ്ഞത്.''
''ഞാനങ്ങനെ പലതും പറയും.''
സുലോചന ചവിട്ടിത്തുള്ളി അകത്തേക്കു കയറിപ്പോയി.
മധുസൂദനന്‍ ഭാര്യ പോയ ദിക്കിലേക്കു നോക്കിയിരുന്നു.
വരുമാനത്തെക്കാള്‍ കൂടുതല്‍ ആവശ്യങ്ങള്‍ പൈശാചികരൂപത്തില്‍ മധുസൂദനന്റെ നേര്‍ക്കു വരുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായാല്‍ ജീവിതം സുരക്ഷിതമായെന്നാണ് എല്ലാവരുടെയും ധാരണ. ശമ്പളത്തില്‍നിന്നു കുറച്ച് സര്‍ക്കാര്‍ തന്നെ മേടിച്ചെടുക്കും. പിന്നെ വീടിന്റെ ലോണായും കുറച്ചു മാറ്റിയാല്‍ കഷ്ടിച്ചു ജീവിക്കാന്‍ കിട്ടിയാലായി.
ഓഫീസില്‍നിന്ന് മധുസൂദനന്‍ വന്നപ്പോള്‍ ഉമ്മറത്ത് വളരെ സന്തോഷവതിയായി സുലോചന നില്‍ക്കുന്നുണ്ട്. സുലോചനയുടെ മുഖത്തെ പ്രസാദം കണ്ടപ്പോള്‍ മധുസൂദനന്റെ വയറ്റില്‍നിന്ന് ഒരു തീഗോളം മുകളിലേക്ക് ഉയര്‍ന്നുപോയി. എന്തോ മനസ്സില്‍ കണ്ടുകൊണ്ടാണ് സുലോചന എതിരേല്‍ക്കാന്‍ നില്‍ക്കുന്നതെന്ന് അയാള്‍ ഊഹിച്ചു.
''ഇന്ന് മാമനും മാമിയും വന്നിരുന്നു. അരുണിന്റെ മോളുടെ കല്യാണമാണ്.''
ഇന്ന് എല്ലാവര്‍ക്കും സ്‌നേഹം കൂടുന്ന ദിവസമാണ്. വീട്ടുകാര്‍ക്കാണ് ശമ്പളം എന്നു കിട്ടുമെന്ന് തന്നെക്കാളും നിശ്ചയമുള്ളത്.
റ്റി.വിയിലെ വാര്‍ത്ത കണ്ടിരുന്നപ്പോഴാണ് ആവണി അടുത്തു വന്നത്.
''അച്ഛാ, ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ വഴക്കു പറയുമോ?''
''നീ കാര്യം പറ. എന്നിട്ട് വഴക്കു പറയണമോ എന്നു തീരുമാനിക്കാം.''
''ഞങ്ങളുടെ സ്‌കൂളില്‍നിന്നു ടൂര്‍ പോകുന്നുണ്ട്. ഞാനും പൊയ്‌ക്കൊട്ടെ.''
''ആലോചിക്കട്ടെ.''
''അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാകുന്നത്. ഒള്ള കാര്യം തീര്‍ത്തു പറ എന്നിട്ടു വേണം പേരു കൊടുക്കാന്‍.''
''പിന്നെ പറഞ്ഞാല്‍ പോരെ.''
''പോരാ, ഇപ്പോ പറയണം.''
''എന്നാ പോകണ്ടാ.''
''എന്റെ കൂട്ടുകാരെല്ലാവരും പോകുന്നുണ്ട്. ഞാന്‍ പോകാതിരുന്നാല്‍ എനിക്കു നാണക്കേടാ.''
''അതിന് എന്റെ കൈയില്‍ കാശ് വേണ്ടേ.''
''ഇന്ന് ശമ്പളം കിട്ടിയില്ലേ.''
''ഈ മാസം എങ്ങനെ തള്ളി നീക്കുമെന്നോര്‍ത്തിരിക്കുമ്പോഴാ അവളുടെ ഒരു ടൂര്‍.''
''അമ്മേ, അച്ഛനോട് വിടാന്‍ പറയമ്മേ.''
ആവണി അമ്മയെ സഹായത്തിനു വിളിച്ചു.
''ഈ വര്‍ഷം കൂടെയല്ലേ ടൂറൊള്ളൂ. നമുക്ക് അധികം പിള്ളേരൊന്നുമില്ലല്ലോ.''
സുലോചന ആവണിക്കു സപ്പോര്‍ട്ട് ചെയ്തു.
''നോക്കട്ടെ.''
താത്കാലികമായി രക്ഷപ്പെട്ട ആശ്വാസത്തില്‍ മധുസൂദനന്‍ ദീര്‍ഘനിശ്വാസം വിട്ടു.
മകന്‍ ഒരു ബൈക്ക് വാങ്ങിക്കൊടുക്കുന്ന കാര്യം പറയാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഇനി അതെന്നാണാവോ മുറുകി വരുന്നത്?
മാസത്തിന്റെ ആദ്യംതന്നെ കാലിയാകുന്ന പേഴ്സിനെ ഓര്‍ത്താണ് മധുസൂദനന്‍ ഉറങ്ങാന്‍ കിടന്നത്.
ഉറക്കത്തിലെപ്പഴോ ഒരു ദുസ്സ്വപ്നം കണ്ടാണ് മധുസൂദനന്‍ ഞെട്ടിയുണര്‍ന്നത്. മുറിയിലെ അരണ്ട വെളിച്ചത്തില്‍ അടുത്തുകിടക്കുന്ന ഭാര്യയുടെ സ്ഥാനത്ത് ഭീമാകാരമായ ഒരു ചിലന്തിയെക്കണ്ട് മധുസൂദനന്റെ ബോധം മറഞ്ഞു.