•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സന്ന്യാസം വിളിക്കപ്പെട്ടവര്‍ക്കുള്ളതാണ്‌

ഓരോ മനുഷ്യനും വ്യത്യസ്തമായ കഴിവുകളുടെ ഇരിപ്പിടമാണ്. അവനെ/ അവളെപ്പറ്റി ദൈവത്തിനു വലിയൊരു പദ്ധതിയുണ്ട്. അതു സാക്ഷാത്കരിക്കുന്നതിനുള്ള സിദ്ധികളും സാധ്യതകളും ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നു. സ്വന്തം പാത കണെ്ടത്താനും ക്രിയാത്മകസ്വപ്നങ്ങളും ഉന്നതലക്ഷ്യങ്ങളും പുലര്‍ത്തി നേരായ പാതയിലൂടെ ചരിക്കാനും ഓരോരുത്തരും തയ്യാറായാല്‍ ജീവിതം സന്തോഷപൂര്‍ണവും വിജയകരവുമാക്കാന്‍ ആര്‍ക്കും സാധിക്കും. മറ്റുള്ളവരുടെ ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും നോക്കി നമ്മുടെ ജീവിതത്തെ വിലയിരുത്തരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ കര്‍മ്മമാര്‍ഗ്ഗവും ദൗത്യവുമുണ്ട്. പ്രതിസന്ധികളും പ്രയാസങ്ങളും തിരസ്‌കരണങ്ങളും തിരിച്ചടികളുമൊക്കെ ചിലപ്പോള്‍ നാം നേരിട്ടേ മതിയാകൂ. വെല്ലുവിളികളുണ്ടാകുമ്പോള്‍ മനസ്സുപതറാതെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ആത്മശക്തിയും ധാര്‍മ്മികബോധവും നമുക്കുണ്ടായിരിക്കണം. ഇരുളും വെളിച്ചവും മാറിമാറി നിഴലിക്കുന്നതാണു ജീവിതം.
ക്രൈസ്തവസന്ന്യാസത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിമാലയസാനുക്കളിലും സിന്ധു ഗംഗാ നദീതടങ്ങളിലും സര്‍വ്വസംഗപരിത്യാഗികളായി ബ്രഹ്മനിശ്ചലധ്യാനം നടത്തിയിരുന്ന മാമുനീന്ദ്രന്മാരുടെ നാടാണ് ആര്‍ഷഭാരതം. ഭാരതസംസ്‌കാരത്തിന്റെ ആത്മാവില്‍ സന്ന്യാസചൈതന്യം അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആത്മീയതയ്ക്കു വലിയ മൂല്യം കല്പിച്ചിട്ടുള്ള ഭാരതത്തില്‍ വിവിധ മതസ്ഥരായ ധാരാളം സന്ന്യാസികളുണ്ട്. സാമൂഹികജീവിതത്തിലാകെ കാപട്യങ്ങളും കള്ളനാണയങ്ങളും പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ ഏതു മണ്ഡലത്തിലും അതിന്റെ അനുരണനങ്ങള്‍ കണെ്ടത്താന്‍ കഴിയുമെന്നതും സത്യം.
ക്രൈസ്തവമതത്തിനും പൗരോഹിത്യത്തിനും സന്ന്യാസത്തിനുമെതിരായി സംഘടിതമായ നീക്കങ്ങള്‍ ശക്തമായി നടക്കുന്ന കാലമാണല്ലോ ഇത്. മനുഷ്യരക്ഷയ്ക്കുവേണ്ടി മന്നിലവതരിച്ച യേശുക്രിസ്തുവിനെ ഉള്‍ക്കൊള്ളാനോ അവിടുന്നു നല്‍കിയ സ്‌നേഹത്തിന്റെ പുതിയ പ്രമാണം അംഗീകരിക്കാനോ സാധിക്കാത്ത കശ്മലന്മാര്‍ അവിടുത്തെ ഏറ്റവും വലിയ കുറ്റവാളിയായി വിധിച്ച് കുരിശില്‍ തൂക്കി. സര്‍വ്വശക്തനായ അവിടുന്നു നിസ്സഹായനെപ്പോലെ, ലോകത്തിന്റെ പാപത്തിനു പരിഹാരമായി കുരിശില്‍ ജീവിതം ബലിയര്‍പ്പിച്ചു; തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലോകത്തില്‍ കുരിശും കഷ്ടപ്പാടും ഉണ്ടാകുമെന്നും എന്നാല്‍ സഹനങ്ങള്‍ക്കപ്പുറം സനാതനസൗഭാഗ്യം ഉണെ്ടന്നും ക്രിസ്തുനാഥന്‍ വെളിപ്പെടുത്തുകയുണ്ടായി.
നശ്വരമായ ഈ ജീവിതത്തിലെ നേട്ടങ്ങളും സുഖങ്ങളും വേണെ്ടന്നു സ്വമനസ്സാ തീരുമാനിച്ച് ഉന്നതമായ ലക്ഷ്യത്തോടെ, ഉറച്ച ബോധ്യത്തോടെയാണ് ഒരാള്‍ സന്ന്യാസത്തിലേക്കു വരിക അഥവാ വരേണ്ടത്. പരിശീലനകാലഘട്ടങ്ങളില്‍ സന്ന്യാസജീവിതം എന്തെന്ന്, അതിന്റെ നിയമങ്ങളും കടമകളും ജീവിതശൈലിയും എന്തൊക്കെയെന്ന് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അതിനുശേഷമാണ് തീരുമാനമെടുക്കുക. സന്ന്യാസം അല്പംകൂടി അടുത്തറിയുമ്പോള്‍ ആര്‍ക്കെങ്കിലും അതു പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍ പിന്മാറാന്‍ അവസരം നല്‍കുന്നതിനുവേണ്ടിയാണ് ആദ്യത്തെ മൂന്നുവര്‍ഷക്കാലം ഓരോ വര്‍ഷത്തേക്കായി വ്രതം സ്വീകരിക്കുന്നത്. ഈ ജീവിതം തനിക്കു സാധിക്കും എന്ന് ഉറപ്പുള്ളവര്‍ നിത്യവ്രതം സ്വീകരിക്കുന്നു.
ഭൗതികസുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, ആരെ അനുഗമിക്കാനും സ്വന്തമാക്കാനുമായി ഇറങ്ങിപ്പുറപ്പെട്ടുവോ, ആ യേശുക്രിസ്തുവുമായുള്ള സ്‌നേഹവും അടുപ്പവും ഇല്ലാതാകുമ്പോള്‍, ഇടുങ്ങിയ പാതയും സ്വയം പരിത്യാഗവും ലളിതജീവിതവും വിധേയത്വവും അര്‍ത്ഥശൂന്യമായി അനുഭവപ്പെടുമ്പോള്‍, സനാതനസൗഭാഗ്യം ഒരു മരീചികയായി തോന്നുമ്പോള്‍ അപൂര്‍വ്വം ചിലര്‍ സന്ന്യാസം ഉപേക്ഷിച്ചുപോകുന്നു. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍, സന്ന്യാസത്തിന്റേതായ ചില സൗകര്യങ്ങളും സുരക്ഷിതത്വവും അനുഭവിച്ചുകൊണ്ട് അതിനുള്ളില്‍ തോന്ന്യാസജീവിതം നയിക്കാന്‍ തുനിയുന്നവരെയും അവരെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും അസത്യങ്ങളെ സത്യങ്ങളായി മാധ്യമങ്ങളില്‍ മസാലക്കൂട്ടുകളോടെ അവതരിപ്പിക്കാനും തത്രപ്പെടുന്നവരെയും കൊറോണവൈറസുകളെക്കാള്‍ ഉപദ്രവകാരികളായ വൈറസുകളായി നാം കാണണം. ചിന്താശീലവും വിവേചനശക്തിയുമുള്ള മനുഷ്യര്‍ അവരുടെ കെണിയില്‍ വീഴില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)