പരമഹംസയോഗാനന്ദസ്വാമികള്‍ അത്യന്തം ഭക്ത്യാദരവുകളോടെയാണ് ഈ മഹതിയെക്കുറിച്ചു തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഹാരം കഴിക്കാതെ ജീവിക്കുന്നതിനെക്കുറിച്ച് സ്വാമിജി, തെരീസ ന്യൂമാനോടു ചോദിച്ചപ്പോള്‍, ''ഞാന്‍ ഈശ്വരന്റെ പ്രകാശത്തില്‍ ജീവിക്കുന്നു'' എന്നാണു മറുപടി പറഞ്ഞത്. അത് ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പരമഹംസയോഗാനന്ദ സ്വാമികള്‍ക്കു കഴിഞ്ഞു.
വിശുദ്ധയായ തെരീസാ ന്യൂമാന്റെ വിസ്മയകരമായ ജീവിതത്തെക്കുറിച്ചു ഞാന്‍ അറിയുന്നത് പ്രസിദ്ധ യോഗിയായ പരമഹംസയോഗാനന്ദന്റെ ആത്മകഥ വായിച്ചപ്പോഴാണ്. അമേരിക്കയില്‍ ആദ്യമായി യോഗവിദ്യ പ്രചരിപ്പിച്ച പരമഹംസയോഗാനന്ദന്‍ ഈ പുണ്യവതിയെ സന്ദര്‍ശിക്കുന്നത് 1935 ലാണ്. 1898 ലെ ദുഃഖവെള്ളിയാഴ്ച ജനിച്ച വിശുദ്ധ തെരീസ ഈ ലോകത്തോടു വിടപറയുന്നത് 1962 സെപ്റ്റംബര്‍ 18-ാം തീയതിയും.
അറുപത്തിനാലുവര്‍ഷം മാത്രം ഈ ഭൂമിയില്‍ ജീവിച്ച ആ പുണ്യവതിയുടെ ജീവിതം അത്യന്തം സംഭവബഹുലവും രോമാഞ്ചജനകവുമാണ്. ഇരുപതു വയസ്സില്‍ ഒരു അപകടത്തെത്തുടര്‍ന്ന് അവരുടെ ശരീരം തളരുകയും അന്ധയാവുകയും ചെയ്തു. എന്നാല്‍, 'ചെറുപുഷ്പം' എന്ന അപരനാമമുള്ള ലിസ്യുവിലെ വിശുദ്ധ തെരേസയോടുള്ള തീവ്രപ്രാര്‍ത്ഥനയിലൂടെ അന്ധത മാറുകയും കൈകാലുകള്‍ സുഖപ്പെടുകയും ചെയ്തു.
ലോകം അത്യദ്ഭുതത്തോടെ ഈ മഹതിയെ ആദരിക്കാനും വിശ്വസിക്കാനുമുള്ള കാരണം ഇതൊന്നുമല്ല. ഒരുപക്ഷേ, ഇന്നത്തെ തലമുറയ്ക്കു വിസ്മയകരമായ ചില സവിശേഷതകളാണ്. അവയിലൊന്ന് പ്രാര്‍ത്ഥനയിലൂടെ ജീവിതം വീണ്ടെടുത്തശേഷം അവര്‍ ആഹാരം കഴിക്കാറില്ലായിരുന്നു എന്നതാണ്. അതായത്, ഇരുപത്തഞ്ചാമത്തെ വയസ്സുമുതല്‍ അറുപത്തിനാലാം വയസ്സില്‍ ഈ ലോകത്തോടു വിടപറയുന്നതുവരെ- ഏതാണ്ട് നാലു പതിറ്റാണ്ടോളം - ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. വിശുദ്ധ കുര്‍ബാനയുടെ ഒരുതരി അപ്പമല്ലാതെ മറ്റൊന്നും ഇക്കാലയളവില്‍ ഈ പുണ്യവതിയുടെ നാവിനെ സ്പര്‍ശിച്ചിട്ടില്ല. മറ്റൊന്ന്, ക്രിസ്തുദേവന്റെ പീഡാനുഭവങ്ങള്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇവര്‍ അനുഭവിച്ചിരുന്നു എന്നതാണ്. ശിരസ്സിലും മാറിലും കൈകാലുകളിലും തിരുമുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അവയിലൂടെ രക്തം വരികയും ചെയ്തിരുന്നു. കോണേര്‍സ്രോയിത്ത് എന്ന ഗ്രാമത്തിലാണ് അവര്‍ ജീവിച്ചിരുന്നത്. ജര്‍മന്‍ഭാഷമാത്രം അറിയാവുന്ന തെരീസ വെള്ളിയാഴ്ചകളിലെ ഈ പീഡാനുഭവസമയത്ത് പ്രാചീനഭാഷയായ അരമായിക്കിലെ ചില പദങ്ങള്‍ ഉരുവിട്ടിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം ആധുനികശാസ്ത്രത്തിന്റെ തുടക്കക്കാലംകൂടിയാണല്ലോ. തിരുസ്സഭയുടെ അനുവാദത്തോടെതന്നെ ഈ മഹതിയെ ഒട്ടേറെ ശാസ്ത്രീയപരീക്ഷണ - നിരീക്ഷണങ്ങള്‍ക്കു വിധേയയാക്കുകയുണ്ടായി. പക്ഷേ, ആധുനികശാസ്ത്രത്തിന്റെ പരിമിതമായ അറിവുകള്‍ക്കു വിശകലനം ചെയ്യാന്‍ കഴിയുന്നതായിരുന്നില്ല ഈ സംഭവങ്ങള്‍. ഒരു പ്രൊട്ടസ്റ്റന്റ് ജര്‍മന്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന ഡോ. ഫ്രീറ്റ്‌സ് ഗെര്‍ലിക്, ഇതൊരു 'കത്തോലിക്കാകാപട്യ'മാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും യഥാര്‍ത്ഥവസ്തുതകള്‍ താന്‍ പുറത്തു കൊണ്ടുവരുമെന്നു വീമ്പിളക്കുകയും ചെയ്തു. തെരീസ ന്യൂമാനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ അദ്ദേഹം കോണേര്‍സ്രോയിയിലെത്തുകയും ചെയ്തു. ഏറെ മാസങ്ങള്‍ അദ്ദേഹം അവിടെ ചെലവഴിച്ചു. അവസാനം ഈ പുണ്യവതിയുടെ ഉറച്ച വിശ്വാസിയും ഭക്തനുമായിത്തീര്‍ന്നു. അവരുടെ ജീവചരിത്രം രചിച്ചിരിക്കുന്നതും ഡോ. ഫ്രീറ്റ്‌സ്‌ഗെര്‍ലിക്കാണ്.
പരമഹംസയോഗാനന്ദസ്വാമികള്‍ അത്യന്തം ഭക്ത്യാദരവുകളോടെയാണ് ഈ മഹതിയെക്കുറിച്ചു തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഹാരം കഴിക്കാതെ ജീവിക്കുന്നതിനെക്കുറിച്ച് സ്വാമിജി, തെരീസ ന്യൂമാനോടു ചോദിച്ചപ്പോള്‍, 'ഞാന്‍ ഈശ്വരന്റെ പ്രകാശത്തില്‍ ജീവിക്കുന്നു' എന്നാണു മറുപടി പറഞ്ഞത്. അത് ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പരമഹംസയോഗാനന്ദസ്വാമികള്‍ക്കും കഴിഞ്ഞു.
''സൂക്ഷ്മാകാശം, സൂര്യന്‍, വായു എന്നിവയില്‍നിന്നു നിങ്ങളുടെ ശരീരത്തിനാവശ്യമായ ഊര്‍ജം സംഭരിക്കുകയാണല്ലേ?'' അദ്ദേഹം അന്വേഷിച്ചു.
''ഞാന്‍ എങ്ങനെ ജീവിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിയതില്‍ എനിക്കു സന്തോഷമുണ്ട്'' എന്നായിരുന്നു പുണ്യവതിയായ തെരീസയുടെ മറുപടി.
ആധുനികശാസ്ത്രത്തിന്റെ അടിമകളായ നമ്മുടെ തലമുറയ്ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു വരില്ല. സൂര്യപ്രകാശത്തില്‍നിന്നു ചെടികള്‍ ഊര്‍ജം സംഭരിച്ച് അവയ്ക്കുവേണ്ട ആഹാരം നിര്‍മിക്കുന്നുവെന്നും 'വൈറ്റമിന്‍ ഡി' നേരിട്ടു സൂര്യപ്രകാശത്തില്‍നിന്നു മനുഷ്യശരീരം ആഗിരണം ചെയ്യുമെന്നും നാം വിശ്വസിക്കും. കാരണം, ആധുനികശാസ്ത്രം അത് അംഗീകരിക്കുന്നുവെന്നതു തന്നെ. എന്നാല്‍, സൂര്യപ്രകാശത്തില്‍നിന്നു നേരിട്ട് ഊര്‍ജം സംഭരിക്കാനുള്ള ശേഷി ഒരു മനുഷ്യശരീരത്തിനുണ്ടാവാമെന്നത് അംഗീകരിക്കാന്‍ നാം തയ്യാറാവില്ല.
എല്ലാ വെള്ളിയാഴ്ചകളിലും ഉണ്ടാകുന്ന പീഡാനുഭവങ്ങളെക്കുറിച്ചും സ്വാമിജി അന്വേഷിച്ചു. തന്റെ കൈകളിലെ മുറിപ്പാടുകള്‍ കാട്ടിക്കൊണ്ട് അതിനൊക്കെ വ്യക്തമായ മറുപടി നല്‍കാനും അവര്‍ തയ്യാറായി. ആ സമയം സമാധിസമാനമായ ഒരു അവസ്ഥയില്‍ അവര്‍ ലയിക്കുകയാണു പതിവ്. ഒരു പ്രാവശ്യം ഈ അനുഭവം നേരിട്ടു കാണാന്‍ സ്വാമിജി ആഗ്രഹം പ്രകടിപ്പിച്ചു.
തൊട്ടടുത്ത വ്യാഴാഴ്ച വൈകുന്നേരം സ്വാമിജി ബിഷപ്പിന്റെ അരമനയിലെത്തി ആഗ്രഹം അറിയിച്ചു. യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ ബിഷപ് അനുവാദം നല്‍കുകയും ചെയ്തു.
റൈറ്റ് എന്ന അമേരിക്കന്‍ സുഹൃത്തിനോടൊപ്പം പിറ്റേന്നു നേരില്‍ക്കണ്ട പീഡാനുഭവത്തെക്കുറിച്ചും സ്വാമിജി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശിരോവസ്ത്രം മുള്‍ക്കിരീടത്തിന്റെ മുറിവുകളില്‍നിന്നുള്ള രക്തത്തില്‍ കുതിരുന്നതും കൈകളിലെ മുറിവുകളില്‍നിന്നു രക്തം പൊടിയുന്നതും അദ്ദേഹം നേരില്‍ കണ്ടു.
ഇതിനിടയില്‍, സാധാരണക്കാര്‍ക്കു താങ്ങാനാകാത്ത ഈ കാഴ്ചകണ്ട് സ്വാമിജിയുടെ സുഹൃത്ത് ബോധംകെട്ടുവീണു.
ദിവസം മുഴുവന്‍ അവിടെ ചെലവഴിച്ചശേഷമാണ് സ്വാമിജിയും സുഹൃത്തും തിരിച്ചുപോരുന്നത്. അപ്പോഴേക്കും തെരീസ ന്യൂമാന്‍ എന്ന പുണ്യവതി സാധാരണജീവിതത്തിലേക്കു തിരിച്ചുവന്നിരുന്നു. രാത്രിയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഉറങ്ങിയിരുന്ന ഈ വിശുദ്ധ വനിതയുടെ ഊര്‍ജം അപാരമായിരുന്നുവെന്നു പരമഹംസയോഗാനന്ദസ്വാമികള്‍ സാക്ഷ്യപ്പെടുത്തുന്നു.
മറ്റുള്ളവരുടെ രോഗങ്ങള്‍ മാറ്റിക്കൊടുക്കാനുള്ള ശക്തിയും അവര്‍ക്കുണ്ടായിരുന്നത്രേ.
ഇപ്പോള്‍ ഈ സംഭവം എഴുതുന്നത് തെരീസ ന്യൂമാന്‍ എന്ന പുണ്യവതിയെക്കുറിച്ചു മനസ്സിലാക്കുന്നതിനോടൊപ്പം മറ്റു ചില കാര്യങ്ങള്‍കൂടി നമുക്കു ബോധ്യപ്പെടുന്നതിനുവേണ്ടിയാണ്. ഇന്ത്യ കണ്ട മഹായോഗികളില്‍ ഒരാളായ പരമഹംസയോഗാനന്ദന്‍ എന്ന ഹിന്ദു സന്ന്യാസിയാണ് തെരീസ ന്യൂമാന്‍ എന്ന പുണ്യവതിയുടെ ദര്‍ശനം ലഭിക്കുന്നതിന് ജര്‍മനിവരെ പോയതും താന്‍ നേരില്‍ക്കണ്ട സംഭവങ്ങള്‍ രേഖപ്പെടുത്തിയതും.
മതസൗഹാര്‍ദമെന്ന പദം ഇവിടെ പ്രയോഗിക്കുന്നില്ല. ആത്മീയാടിത്തറയുള്ളവരുടെ യഥാര്‍ത്ഥ തിരിച്ചറിവുകളാണത്. ആത്മീയനേതാക്കള്‍ക്ക് ആത്മീയവും ഭൗതികവുമായ ബോധ്യപ്പെടലുകള്‍ ഉണ്ടാകാം. അത് പൊതുസമൂഹവുമായി പങ്കുവച്ചുവെന്നുംവരാം. അതിനെ വിവാദങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കുമായി മാറ്റിമറിക്കരുത്. ആത്മീയനേതാക്കള്‍ തങ്ങളുടെ അനുയായികളോടു ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ദേശിക്കുന്നത് വലിയ പാതകമൊന്നുമല്ല. അതിലൊക്കെ രാഷ്ട്രീയവും മതപരവുമായ നിറം കണ്ടെത്തുന്നതാണ് അപകടകരം. ഒരു ഇടയശ്രേഷ്ഠന്‍ തന്റെ സഭയിലെ വിശ്വാസികള്‍ക്കു നല്‍കുന്ന മുന്നറിയിപ്പിനെ തരംതാണ രാഷ്ട്രീയ-മത മുതലെടുപ്പുകള്‍ക്കായി ചിലര്‍ ഉപയോഗിക്കുന്നതാണു ഖേദകരം.
ആത്മീയരംഗത്തു വ്യാപരിക്കുന്നവര്‍ക്ക് അവരുടേതായ ബോധ്യങ്ങളുണ്ടാകും. തെരീസ ന്യൂമാനും പരമഹംസയോഗാനന്ദസ്വാമികളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തത് ഇത്തരം ബോധ്യങ്ങള്‍ നിമിത്തമാണ്. അപൂര്‍വം ചില പുഴുക്കുത്തുകളുടെ പേരില്‍ ആത്മീയരംഗത്തുള്ളവരെ അടച്ച് ആക്ഷേപിക്കുകയും വിലകുറച്ചു കാണുകയും ചെയ്യുന്നതു ശരിയല്ല. ഉയര്‍ന്ന മാനസികാവസ്ഥയുള്ള ആത്മീയനേതാക്കള്‍ സ്വാര്‍ത്ഥരല്ല എന്നോര്‍ക്കണം. വ്യക്തിപരമായി അവര്‍ക്കൊന്നും നേടാനില്ല. അവര്‍ ജീവിക്കുന്നതു സമൂഹത്തിനുവേണ്ടിയാണ്. ആ തിരിച്ചറിവാണു നമുക്കുണ്ടാകേണ്ടത്. തെരീസ ന്യൂമാനെപ്പോലുള്ള വിശുദ്ധ ജന്മങ്ങളാണ് ഇവര്‍ക്കു വഴികാട്ടികളാകുന്നത് എന്ന വസ്തുതയും നാം വിസ്മരിക്കരുത്.
മണി ജെ. മാഞ്ഞൂക്കുളം