•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകത്തിന്റെ പ്രകാശം

ളിമ്പിക് മത്സരങ്ങളുടെ പ്രധാന ഇനമാണ് തുടക്കത്തില്‍ കൊളുത്തപ്പെടുന്ന അതിപൂജ്യമായ ദീപശിഖ.
അഗ്‌നിക്കു ദിവ്യമായൊരു പരിവേഷം യവനപുരാണങ്ങള്‍ കല്പിച്ചുകൊടുത്തിരുന്നു. പ്രധാന ദേവനായ സീയൂസില്‍നിന്ന് അതു മോഷ്ടിച്ചെടുത്തു ഭൂമിയിലെത്തിച്ചത് പ്രൊമിത്യൂസ്‌ദേവനാണത്രേ. അങ്ങനെ, ജ്വലിച്ചുനില്ക്കുന്ന തീജ്വാല പുരാതനകാലംമുതലേ ഒളിമ്പിക് മത്സരങ്ങളിലെ പ്രധാന ദൃശ്യമായി മാറി.
ഗ്രീസിലെ ഒളിമ്പിയാ ഗ്രാമത്തില്‍നിന്നാണ് ഒളിമ്പിക് ദീപശിഖ കത്തിക്കുന്നത്. ബോട്ടിലൂടെയും വിമാനത്തിലൂടെയും (1952), റേഡിയോ സിഗ്‌നല്‍വഴിയും (1976) സംവഹിക്കപ്പെടുന്ന ദീപശിഖ നിലത്തെത്തിയാലുടന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഓട്ടക്കാര്‍ ഏറ്റുവാങ്ങുന്നു. പല കൈകള്‍മാറി അവസാനം അതു സ്റ്റേഡിയത്തിലെത്തിക്കുന്നവനാണ് ഏറ്റവും ആദരണീയന്‍ - തിരി തെളിക്കാന്‍ നിയോഗിക്കപ്പെടുന്നതും ആ ഭാഗ്യശാലിയാണ്. ഒളിമ്പിക്‌സിന്റെ ആവേശമായ ആ ദീപശിഖ തുടക്കംമുതല്‍ ഒടുക്കംവരെ ഏവര്‍ക്കും കാണത്തക്കവണ്ണം അവിടെയങ്ങനെ ജ്വലിച്ചുനില്ക്കും.
സ്വര്‍ഗപിതാവിന്റെ കത്തിനില്ക്കുന്ന ദൈവികസ്‌നേഹാഗ്‌നി ഭൂമിയിലെത്തിച്ചത് യേശുവാണ് - ഗ്രീക്കുകാര്‍ സ്വപ്നംകണ്ട യഥാര്‍ത്ഥ പ്രൊമിത്യൂസ്. ഇവിടെ അതു കവര്‍ന്നെടുക്കപ്പെടുകയായിരുന്നില്ല. സ്‌നേഹംതന്നെയായ പിതാവ് അതിന് യേശുവിനെ നിയോഗിക്കുകയായിരുന്നു (യോഹ. 3-16). ഒരിക്കലും അസ്തമിക്കാത്ത, ഇരുളിന് ഒരിക്കലും കീഴടക്കാന്‍ കഴിയാത്ത (യോഹ. 1-5) വെളിച്ചമാണ് ആ ദീപശിഖ. അതിന്റെ ആഗമനത്തോടെയാണ് അന്ധകാരം അകന്നുനീങ്ങിയത്. ലോകത്തിന്റെ പ്രകാശമാണ് തന്റേതെന്നും, തന്നെ അനുഗമിക്കുന്നവര്‍ക്ക് ഒരിക്കലും അസ്തമിക്കാത്ത പ്രകാശമുണ്ടായിരിക്കുമെന്നും അവന്‍ പറഞ്ഞതിന്റെ പൊരുള്‍ ശിഷ്യര്‍ക്കുപോലും മനസ്സിലായില്ല.
താബോര്‍മലയില്‍വച്ച് പത്രോസിന് എന്തോ പിടികിട്ടി. ആ വെളിച്ചം - ഗുരുവിന്റെ തെളിച്ചം ശിഷ്യപ്രധാനന്‍ പ്രതീക്ഷിച്ചതിന്റെ അനേകായിരം ഇരട്ടിയായിരുന്നു. അവിടുത്തെ കുപ്പായത്തിനുപോലും എന്തൊരു ധവളിമ! രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയ ആ മേലങ്കിക്ക് ഇത്രയേറെ വടിവും തുടിവും വെണ്മയും വൈദ്യുതിയുമുണ്ടെന്നു സ്വപ്നത്തില്‍പ്പാലും അയാള്‍ കരുതിയില്ല. ദൈവത്തെ മുഖാഭിമുഖം കണ്ട മോശയെപ്പോലെ, വിറയാര്‍ന്ന അധരങ്ങളോടെ അയാള്‍ വിളിച്ചുപറഞ്ഞു: 'ഗുരോ, നാം ഇവിടെ ഈ പ്രകാശത്തില്‍ ആയിരിക്കുന്നതു നല്ലതാകുന്നു.''
ആ വെളിച്ചം വ്യക്തികള്‍ക്കു മാത്രമല്ല കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും തെളിച്ചം പ്രദാനം ചെയ്യുന്നു. രണ്ടാമതും ജനിക്കുന്ന കുഞ്ഞിന് സഭ നല്കുന്ന ആശീര്‍വാദം ശ്രദ്ധേയമാണ്: ''ലോകത്തിന്റെ പ്രകാശമായ മിശിഹാ നിനക്കു മാര്‍ഗദീപമായിരിക്കട്ടെ.'' ജീവിതത്തിലേക്കു കാലൂന്നിയിറങ്ങുന്ന മനുഷ്യശിശുവിന് അതില്‍പ്പരം എന്തൊരു ആശംസയാണു നേരാനാവുക. ഭവനങ്ങള്‍ ആശീര്‍വദിക്കപ്പെടുന്ന വേളയില്‍ തിരികള്‍ തെളിച്ചുകൊണ്ട് കാര്‍മികന്‍ ഉച്ചരിക്കുന്ന വാക്കുകളും അര്‍ത്ഥഗര്‍ഭങ്ങളാണ്: ''ലോകത്തിന്റെ പ്രകാശമായ മിശിഹാ ഈ ഭവനത്തിന്റെ വെളിച്ചമായിരിക്കട്ടെ.''
കാല്‍വരിയിലാണ് ആ ഭദ്രദീപം ആദ്യമായി തെളിക്കപ്പെട്ടത്.
'നമുക്കുവേണ്ടി വിഭജിക്കപ്പെട്ട' ശരീരമാണ് ഓരോ ക്രൂശിതരൂപവും പ്രതിനിധാനം ചെയ്യുക - മാനുഷികവേദനയുടെ പരകോടി! യഹൂദചരിത്രകാരനായ ക്ലവുസ്‌നര്‍ പറയുന്നതുപോലെ, ജീവന്‍ വേര്‍പെടുന്നതിനുമുമ്പ് ഒരു മനുഷ്യനെ എന്തുമാത്രം പീഡിപ്പിക്കാം? അതിന് ഉത്തരമായിരുന്നു കുരിശ്. നീറി നീറി, ഇഞ്ചിഞ്ചായി, മണിക്കൂറുകളോളം മനുഷ്യന്‍ പിടഞ്ഞുപിടഞ്ഞ് മരിക്കാതെ മരിക്കുന്ന രംഗം! ക്ലവുസ്‌നര്‍ തുടര്‍ന്നു പറയുകയാണ്, ചമ്മട്ടികൊണ്ട് അടിച്ച്, തൊലി പൊളിച്ച ഒരു മാംസപിണ്ഡത്തെയാണ് അങ്ങനെ തറച്ചുതൂക്കി നിറുത്തിയിരുന്നത്!
ഒരു ദൈവത്തിന് ഇത്രമാത്രം വേദന ഏറ്റുവാങ്ങേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ-നമ്മില്‍ ഒരുവനായി, നമ്മെപ്പോലെ, നമ്മെക്കാളും വളരെ കൂടുതലായി? എന്തൊരു ഭ്രാന്തായിരുന്നു അത്! വെറുതേയല്ല, യേശുവിനെ ഹേറോദേസ് ഭ്രാന്തവേഷം കെട്ടിച്ചത്! അതിരുകളില്ലാത്ത ദൈവികസ്‌നേഹമാണ് അവയൊക്കെ സഹിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത്.
'ഠവല ടൃേലിഴവേ ീേ ഘീ്‌ല' എന്ന തന്റെ ഗ്രന്ഥത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയയര്‍ കുരിശിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ഠവല ഠലഹലരെീുല ീള വേല ഉശ്ശില ഘീ്‌ല.''
അനന്തതയുടെ ആഴങ്ങളില്‍, അഗാധനീലിമയില്‍ നടക്കുന്ന കാര്യങ്ങള്‍ നഗ്‌നനേത്രങ്ങള്‍കൊണ്ടു നോക്കിയാല്‍ ഒന്നും മനസ്സിലാവുകയില്ല. നീലവിശാലതയുടെ അന്തഃപുരങ്ങളില്‍ ക്ഷീരപഥംപോലുള്ള അനേകലക്ഷം താരാപഥങ്ങളുണ്ട്. പക്ഷേ, അതു നാം കണ്ടറിയുന്നത് ഒരു ടെലിസ്‌കോപ്പിലൂടെ മാത്രമാണ്. അതുപോലെ ദൈവികസ്‌നേഹത്തിന്റെ അപാരതയിലേക്കു നമ്മുടെ നോട്ടമെത്തിക്കുന്നതു കാല്‍വരിയിലെ കുരിശത്രേ! അതിലൂടെ നോക്കുമ്പോള്‍ മാത്രമാണ് ആ സ്‌നേഹത്തിന്റെ ആഴങ്ങള്‍ അനുഭവവേദ്യമാവുക-തന്നെത്തന്നെ നമുക്കുനല്‍കിക്കൊണ്ട് സമ്പൂര്‍ണഹോമബലിയായിത്തീര്‍ന്ന കര്‍ത്താവിനെ കാണുവാന്‍ കഴിയുക.
ജ്വലിച്ചു നില്ക്കുന്ന ഒളിമ്പിക് ദീപശിഖയാണ് ഓരോ കായികതാരത്തിനും ഹരം പകരുക. ജീവന്മരണപോരാട്ടത്തിനു പ്രചോദനമാവുക. എന്തുവന്നാലും ശരി, കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ കരുത്തോടെ അതു നേടണം - നേടിയേ അടങ്ങൂ, നേടിയേ മടങ്ങൂ.
അതുപോലെയാണ്, കാല്‍വരിയിലെ ക്രൂശിതസ്‌നേഹവും. അത് 'ഭൂമിയില്‍നിന്നുയര്‍ന്നു പൊങ്ങിപ്പോയപ്പോള്‍ എല്ലാ മനുഷ്യരെയും ആകര്‍ഷിച്ചു' (യോഹ. 12-32). ആ ദൈവികസ്‌നേഹമാണ് ഓരോ പീഡിതനും ശക്തിയായത്. ഹിംസ്രജന്തുക്കളുടെ മുമ്പില്‍ നിറുത്തപ്പെട്ട, ചുട്ടുപഴുത്ത ഇരുമ്പുകട്ടിലില്‍ കിടത്തപ്പെട്ട, അഗ്‌നികുണ്ഡത്തിലേക്കെറിയപ്പെട്ട ആദിമക്രൈസ്തവരുടെ കൈവശമുണ്ടായിരുന്ന വജ്രായുധം ക്രൂശിതരൂപമാണ്. അതിന്റെ സ്പര്‍ശനമാണ്, അതിന്റെ ദിവ്യദര്‍ശനമാണ് അവര്‍ക്ക് ആത്മധൈര്യം പ്രദാനം ചെയ്തത്.
നീറോ ചക്രവര്‍ത്തിയുടെ കാലത്ത് അരമനമൈതാനിയില്‍ എണ്ണ നനച്ച തുണി ചുറ്റി ക്രൈസ്തവരെ ജീവനോടെ തീകൊളുത്തി നിറുത്തിയിരുന്നു. ദീപശിഖപോലെ കത്തിയെരിഞ്ഞുനിന്നവര്‍ക്കു കരുത്തുപകര്‍ന്നത് കൈയില്‍ ഇറുക്കിപ്പിടിച്ചിരുന്ന കുരിശാണ്, ക്രൂശിതരൂപമാണ് - നമുക്കും ആവേശം പകരേണ്ട രൂപം.
കാല്‍വരിയില്‍നിന്നു കൊളുത്തപ്പെട്ട ആ ഭദ്രദീപം വി. തോമ്മാശ്ലീഹാവഴിയാണ് എ.ഡി. 52ല്‍ കേരളത്തിലെത്തിയത് -   അതു പകര്‍ന്നുപകര്‍ന്നു വരും തലമുറകള്‍ക്കു കൈമാറേണ്ട കടമ നമ്മുടേതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)