•  28 Mar 2024
  •  ദീപം 57
  •  നാളം 4
വചനനാളം

വിജയിക്കുന്ന വിശ്വാസം

  • സെപ്റ്റംബര്‍ 26  ഏലിയ സ്ലീവാ മൂശ  അഞ്ചാം ഞായര്‍
  • നിയ 9:1-6;2  ഏശ 25:1-8;3
  • ഫിലി 3:1-11   മത്താ 17:14-21

കാലം കണ്ട വിജയത്തിന്റെ ഏറ്റവും വിശിഷ്ടമായ അടയാളമാണ് കാല്‍വരിയിലെ കര്‍ത്താവിന്റെ കുരിശ്. ക്രൂശിതനിലും അവന്റെ കുരിശിലും ക്രിസ്തുശിഷ്യര്‍ അര്‍പ്പിക്കുന്ന വിശ്വാസവും ശരണവും വ്യര്‍ത്ഥമല്ല. ആകയാല്‍, നസ്രായന്റെ കുരിശിനെ നമ്മുടെ ജീവിതത്തോടു കൂടുതല്‍ ചേര്‍ത്തുപിടിക്കാനുള്ള പ്രചോദനം വചനഭാഗങ്ങള്‍ പ്രദാനം ചെയ്യുന്നു.
ഒന്നാം വായനയിലെ ചിന്തകള്‍ വിജയത്തെക്കുറിച്ചുള്ള ചില അടിസ്ഥാനവിലയിരുത്തലുകളാണ്. ജയിച്ചവരെ പുകഴ്ത്തുകയും തോറ്റവരെ ഇകഴ്ത്തുകയും ചെയ്യുന്ന കാലമാണിത്. ജയിക്കുന്നവര്‍ക്കാണ് ബഹുമാനവും ബഹുമതിപത്രവുമൊക്കെ. അതുകൊണ്ടുതന്നെ നേട്ടങ്ങള്‍ക്കായുള്ള നെട്ടോട്ടത്തിന്റെ ജനനപ്പേരല്ലേ ജീവിതം? ജീവിതത്തില്‍ പലയിടങ്ങളില്‍ 'വിജയം വരിച്ചു' എന്നു വമ്പു പറയുന്നവരാണ് നാം. പലതും 'നേടി' എന്ന് നാം അവകാശപ്പെടാറുമുണ്ട്. എന്നാല്‍, നേട്ടങ്ങളൊക്കെയും ദൈവദാനങ്ങളും അവയ്ക്കു നിദാനം ദൈവകരുണയുമാണെന്ന ഒന്നാംപാഠം നാം ഓതിപ്പഠിക്കണം. നേടിയവയിലുള്ള അഹങ്കാരമല്ല, നല്കിയവനിലുള്ള അഭയമാണ് നിലനില്പിനാവശ്യം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം ബോധ്യങ്ങള്‍ സമ്മാനിക്കുന്നത് ശാശ്വതമായ വിജയമാണ്.
രണ്ടാം വായനയിലെ ചിന്തകള്‍ സുനിശ്ചിതമായ സങ്കേതവും കോട്ടയുമായി നിന്നുകൊണ്ട് വിജയം തരുന്ന കര്‍ത്താവിനോടുള്ള കൃതജ്ഞതാകീര്‍ത്തനമാക്കി ക്രൈസ്തവജീവിതത്തെ മാറ്റേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ളവയാണ്. കോട്ടയായ കര്‍ത്താവിനെ കൂട്ടുപിടിക്കുന്നവര്‍ക്ക് യാതൊരു കോട്ടവും തട്ടുകയില്ല. നമ്മുടെ ജീവിതക്കൊട്ടാരങ്ങള്‍ക്കു ചുറ്റും കെട്ടിപ്പൊക്കിയിട്ടുള്ള കുട്ടിക്കോട്ടകള്‍ തട്ടിത്തകര്‍ക്കണമെന്ന വലിയൊരു അവബോധമാണിത്. സ്വര്‍ഗത്തിന്റെ സുരക്ഷിതത്വം നമുക്കില്ലെങ്കില്‍ അരക്ഷിതത്വവും അനിശ്ചിതത്വവുമായിരിക്കും ആയുസ്സില്‍ അധികവും. മലയാളത്തിലെ മനുഷ്യപ്പറ്റുള്ള നാമങ്ങളിലൊന്നാണ് നന്ദി. മിഴി നനയ്ക്കുന്ന മനോഭാവമാണ്. എഴുതുമ്പോഴുള്ള അശ്രദ്ധ 'നന്ദി'യെ 'നിന്ദ'യാക്കുന്നതുപോലെ നന്ദി പ്രദര്‍ശിപ്പിക്കുന്നതിലുള്ള അലസത നിന്ദയായി ഭവിക്കും. നേട്ടങ്ങള്‍ നല്കുന്ന നല്ല തമ്പുരാനു നന്ദി ചൊല്ലാനാവുന്നില്ലെങ്കില്‍ നമ്മുടെ നാളുകള്‍ക്കു മിച്ചമായി എന്തു നന്മയാണുള്ളത്?
മൂന്നാം വായനയിലെ ചിന്തകള്‍ തന്റെ ലൗകികനേട്ടങ്ങളെല്ലാം നസ്രായനെപ്രതി നഷ്ടങ്ങളാക്കി, ഭൗമികദൃഷ്ടിയില്‍ 'ഭോഷന്‍' ആയ ഒരു മനുഷ്യനെക്കുറിച്ചുള്ളവയാണ്. വാരിക്കൂട്ടിയവയൊക്കെയും വലിച്ചെറിഞ്ഞവന്‍. ജഡികേഷ്ടങ്ങളെ ഉച്ഛിഷ്ടങ്ങളായി കരുതിയവന്‍. താന്‍ നേടിയെടുത്ത ക്രിസ്തു എന്ന നിധിക്കുവേണ്ടി നിന്ദനങ്ങളും പ്രഹരങ്ങളുമേറ്റവന്‍. മര്‍ദിതനായി മാറിയ മര്‍ദകന്‍. പ്രതിസന്ധികളുടെ അലമാലകള്‍ക്കിടയിലും വിശ്വാസത്തിന്റെ പലകത്തുമ്പില്‍ പിടിച്ചുകിടന്നവന്‍. അവന്റെ കണക്കുപുസ്തകത്തില്‍ നഷ്ടങ്ങളുടെ നീണ്ട പട്ടികയുടെ ആകത്തുകയായി നസ്രായന്‍ എന്ന നേട്ടം മാത്രം. നാളിതുവരെ ക്രിസ്തുവിനെ നേടാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് അടിസ്ഥാനചോദ്യം. പണം, പേര്, പ്രശസ്തി മുതലായ ലൗകികസമ്പാദ്യങ്ങള്‍ക്കുവേണ്ടി തലമുറകളായി കൈമാറിക്കിട്ടിയ വിശ്വാസപ്രമാണങ്ങളെ പരസ്യമായി പരിഹാസവിഷയങ്ങളാക്കുന്നവര്‍ സ്വയം നിന്ദാപാത്രങ്ങളായി മാറുകയാണെന്നു മറക്കരുത്.
സുവിശേഷത്തിലെ ചിന്തകള്‍ കേവലമൊരു കടുകുമണിയെ ചുറ്റിപ്പറ്റിയുള്ളവയാണ്. കേടില്ലാത്ത വിശ്വാസത്തിന്റെ പ്രതീകമാണ് കടുകുമണി. 'കേടായ കടുക്' എന്നൊരു പ്രയോഗം സാധാരണമല്ല. ക്രിസ്തുവിലുള്ള വിശ്വാസം വിനാശത്തെ അതിജീവിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവനില്‍ അഭയം സമര്‍പ്പിക്കുന്നവര്‍ സന്ദേഹിക്കേണ്ടതില്ല. വിശ്വാസത്തിന്റെ വശ്യത അതിന്റെ അന്ധതതന്നെയാണ്. പൂര്‍ണവിശ്വാസത്തിനു പൂര്‍ണവിജയമാണ് പ്രതിഫലം. മനുഷ്യന്റെ സാധ്യതകള്‍ തീരുന്നിടത്തുനിന്നാണ് ദൈവത്തിന്റെ സാധ്യതകള്‍ തുടങ്ങുന്നതും തുടരുന്നതും. ക്രിസ്ത്യാനിയുടെ വിശ്വാസപ്രമാണങ്ങള്‍ കാലപ്പഴക്കത്തില്‍ പൂത്തുപോകുന്നവയല്ല, കാലാന്ത്യത്തോളം പൂത്തുപരിലസിച്ചു നില്ക്കുന്നവയാണ്. ക്രൈസ്തവവിശ്വാസത്തെ പരാജയപ്പെടുത്താനുള്ള പാഴ്ശ്രമങ്ങളാണ് പല മേഖലകളിലും നടക്കുന്നത്. കൊവിഡ് മഹാമാരി കൂടെക്കൊണ്ടുവന്ന മാനദണ്ഡങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി മതഭേദമെന്യേ വിശ്വാസികളുടെ ജീവിതത്തെ അവിശ്വാസത്തിന്റെ 'മാസ്‌ക്' അണിയിക്കാന്‍ ദൈവദ്വേഷികളും വിശ്വാസവിരോധികളുമായവര്‍  കരുക്കള്‍ നീക്കുന്നുണ്ടോയെന്ന സംശയത്തില്‍ അതിശയമുണ്ടോ? ആരാധനാലയങ്ങളും ആത്മീയാഭ്യാസങ്ങളും കൂദാശകളും കൂട്ടായ്മകളുമൊന്നും  ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്ന തെറ്റുധാരണ ചുരുക്കം ചിലരിലെങ്കിലും ഉളവാക്കാന്‍ ലോക്ഡൗണ്‍ കാലത്തെ ആരാധനാലയസംബന്ധമായ നിബന്ധനകള്‍ കാരണമായിട്ടുണ്ട്. ഒപ്പം, ക്രിസ്തീയവിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ചില മതഭ്രാന്തര്‍ ആഗോളതലത്തില്‍ ആസൂത്രണം ചെയ്തുവരുന്ന ആക്രമണപരമ്പരയും.
മനുഷ്യമനീഷയ്ക്ക് അഗ്രാഹ്യങ്ങളാണ് ക്രൈസ്തവവിശ്വാസസത്യങ്ങളും അവയുടെ വിവിധ തലങ്ങളും. കന്യകയില്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥന്‍, ക്രൂശിക്കപ്പെട്ട ദൈവം, തിരിച്ചുവന്ന മരിച്ചവന്‍, അവന്റെ ശരീരരക്തങ്ങളായി മാറുന്ന അപ്പവും വീഞ്ഞും, കുമ്പസാരത്തിലൂടെയുള്ള പാപപ്പൊറുതി എന്നിവയൊക്കെ ഉള്‍ക്കൊള്ളാനാവാത്തവര്‍ക്ക് ചില സമൂഹമാധ്യമങ്ങളുടെയും ചന്തച്ചാനലുകളുടെയും മഞ്ഞച്ചില്ലകളിലിരുന്നു ചുമ്മാ കൊഞ്ഞനം കുത്താനേ കഴിയൂ. അത്തരം കപിക്രിയകള്‍ക്കു കഫവിലപോലും കല്പിക്കേണ്ടതില്ല. എന്നാല്‍, കടല്‍പ്പരപ്പുകളിലൂടെ കാലടികളൂന്നി, കല്ലറയും കടന്നുപോയവനിലുള്ള  'കട്ട' വിശ്വാസം ഓരോ ക്രിസ്ത്യാനിയുടെയും  വിശുദ്ധ ശ്വാസമാണ്. അസാധ്യതകളെ കാല്‍ക്കീഴിലാക്കി നടക്കാന്‍ കഴിവുള്ള കര്‍ത്താവിനെ വിശ്വാസത്തിന്റെ വിരലുകള്‍കൊണ്ട് മുറുകെപ്പിടിച്ചു നമുക്കു മുന്നേറാം. കാവല്‍മാലാഖമാര്‍ കണിശമായും കൂട്ടിനുണ്ടാകും. നമ്മുടേതായ ജീവിതത്തുറകളില്‍ തലയുയര്‍ത്തി നില്ക്കുന്ന വിജയിക്കുന്ന വിശ്വാസത്തിന്റെ വിളക്കുമരങ്ങളാകാം. ഓര്‍ക്കണം, 'വിശ്വാസം അതല്ലേ എല്ലാം?' എന്ന 'ചോദ്യ'മല്ല, 'വിശ്വാസം, അതാണ് എല്ലാം' എന്ന 'ബോധ്യ'മാണ് പ്രസക്തവും പ്രധാനവും.

 

Login log record inserted successfully!