•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

'ഈശോ' സാന്നിധ്യവും രക്ഷയും

 പുനരുത്ഥാനത്തിനുശേഷം ''ഈശോ'' എന്ന പേരില്‍ അന്തര്‍ലീനമായിരിക്കുന്ന അദ്ഭുതശക്തി പെട്ടെന്നുതന്നെ പ്രകാശിതമായ തായി നടപടിപ്പുസ്തകത്തില്‍ നാം വായിക്കുന്നു. ഈശോയുടെ പേരില്‍ പത്രോസ് ചെയ്ത ആദ്യാദ്ഭുതംതന്നെ ഇതു വെളിവാക്കുന്നു. ജന്മനാ വികലാംഗനായി ദൈവാലയകവാടത്തില്‍ കിടന്നിരുന്ന യാചകനെ പൊടുന്നനേ പത്രോസ് സുഖമാക്കുന്നു (അപ്പ. പ്രവ. 3). വ്യക്തമായ ഭാഷയില്‍ പത്രോസ് ആജ്ഞാപിച്ചു: ''യേശുക്രിസ്തുവിന്റെ നാമത്തില്‍ എണീറ്റു നടക്കുക'' (അപ്പ. പ്രവ. 3: 6). ഉടന്‍തന്നെ അവന്‍ സൗഖ്യം നേടി നടക്കുവാന്‍ തുടങ്ങി. ജന്മനാ വികലാംഗനായിരുന്ന ഈ യാചകന്റെ പെട്ടെന്നുള്ള രോഗശാന്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചു. കാരണം, ഈ അദ്ഭുതത്തിനു സമൂഹത്തില്‍ വളരെയേറെ സാക്ഷികള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുവരുന്ന സംഭാഷണങ്ങളില്‍നിന്ന് മൂന്നു കാര്യങ്ങള്‍ നമുക്കു മനസ്സിലാക്കാം:
1. ''ഈശോ''നാമത്തില്‍ നിറഞ്ഞുനിന്ന അദ്ഭുതശക്തി.
2. പ്രധാന പുരോഹിതനിലും നേതാക്കന്മാരിലും അതുളവാക്കിയ ഭയം.
3. ''ഈശോ'' എന്ന നാമം ശിഷ്യന്മാര്‍ക്കു നല്‍കിയ പുതുധൈര്യവും ബലവും.
പ്രധാന പുരോഹിതനും ശ്രേഷ്ഠന്മാരും പത്രോസിനെ ചോദ്യം ചെയ്തു: ''എന്ത് അധികാരത്തിലാണ്, ഏതു നാമത്തിലാണ് നിങ്ങള്‍ ഇത് ചെയ്തത്?'' (അപ്പ. പ്രവ.4:7). പത്രോസ് ധൈര്യസമേതം മറുപടി പറഞ്ഞു: ''നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖംപ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്'' (അപ്പ. പ്രവ. 4:10).
മഹനീയമായ ഈ അദ്ഭുതവും പത്രോസ് നല്‍കിയ അതിശയകരമായ മറുപടിയും അവരെ തീര്‍ത്തും പരിഭ്രാന്തരാക്കി. പത്രോസും കൂട്ടരും ഈ രീതിയില്‍ ഈശോയുടെ നാമത്തില്‍ പ്രസംഗം തുടര്‍ന്നാല്‍ എല്ലാവരും പുനരുത്ഥാനത്തില്‍ വിശ്വസിക്കും. ആ രോഗശാന്തിതന്നെ ഈശോയുടെ പുനരുത്ഥാനത്തിനു ശക്തമായ ഒരു തെളിവാണ്. കാരണം, മരിച്ച ഒരു മനുഷ്യന്റെ നാമത്തിന് ഇങ്ങനെ ഒരു അദ്ഭുതം പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലല്ലോ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഈശോ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവിടുന്ന് ഇപ്പോഴും ജീവിക്കുന്നുവെന്നുമുള്ള യാഥാര്‍ത്ഥ്യമായിരുന്നു അത്. ഉടന്‍തന്നെ അവര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വെള്ള പൂശുന്നതിനുമുള്ള പരിശ്രമങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കാന്‍ തുടങ്ങി. സെന്‍ഹെദ്രീന്‍ സംഘത്തിലെ അംഗങ്ങളും പ്രധാന പുരോഹിതനും പത്രോസിനോടും യോഹന്നാനോടും യേശുവിന്റെ നാമത്തില്‍ യാതൊന്നും പ്രവര്‍ത്തിക്കരുതെന്ന് ആജ്ഞാപിച്ചു. ''അവര്‍ അവരെ വിളിച്ച് യേശുവിന്റെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുത് എന്നു കല്പിച്ചു'' (അപ്പ.പ്രവ.4:18). യഥാര്‍ത്ഥത്തില്‍ അവര്‍ എന്തിനെയാണു ഭയപ്പെട്ടത്? സംശയമില്ല, 'ഈശോ'യുടെ ശക്തമായ നാമത്തെത്തന്നെ.
യഹൂദ - റോമന്‍ അധികാരികള്‍ എന്തുകൊണ്ടാണ് ഈശോനാമത്തെ ഭയപ്പെട്ടത്? എന്തുകൊണ്ടാണ് അവര്‍ ഈശോയുടെ നാമത്തില്‍ ഒന്നും ചെയ്യരുതെന്നു ശിഷ്യന്മാരോട് ആജ്ഞാപിച്ചത്?  ഈശോയുടെ നാമം ഉച്ചരിക്കുമ്പോള്‍ത്തന്നെ സംഭവിക്കുന്ന അദ്ഭുതങ്ങളും, നിരക്ഷരരും ദുര്‍ബലരുമായിരുന്ന ശിഷ്യന്മാര്‍ക്കു പൊടുന്നനെ ലഭ്യമായ ധൈര്യവും, ക്രൈസ്തവസഭാസമൂഹത്തിന്റെ വളര്‍ച്ചയും ഒരു യാഥാര്‍ത്ഥ്യം യഹൂദരെ ബോധ്യപ്പെടുത്തി: ഈശോ ഉയിര്‍ത്തെഴുന്നേറ്റുവെന്നും അവിടുന്ന് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും അവിടുന്ന് അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള സത്യം. കാരണം, മരണമടഞ്ഞുപോയ ഒരു മനുഷ്യനാമത്തിന് അതിശക്തമായ ഇത്തരം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈശോയുടെ നാമത്തില്‍ ഒന്നും പറയരുത്, പ്രവര്‍ത്തിക്കരുത് എന്നു കല്പിച്ച് അപ്പസ്‌തോലന്മാരെ നിരോധിച്ചാല്‍ അവരിലൂടെ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്ന ഉത്ഥിതനായ ഈശോയുടെ ശക്തിയെ തടയാമെന്ന് അവര്‍ കരുതി. എന്നാല്‍, അവരുടെ സംഘത്തിലെതന്നെ മുതിര്‍ന്നയാള്‍, ഗമാലിയേല്‍ ഈ മനുഷ്യര്‍ക്കെതിരായി ഒരു നടപടിയും സ്വീകരിക്കരുതെന്ന് തന്റെ സംഘാംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി: ''അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും'' (അപ്പ. പ്രവ. 5:38-39).
ഈശോയെ പടയാളികള്‍ പിടിച്ചപ്പോള്‍ പ്രധാന പുരോഹിതന്റെ ദാസിയായ സ്ത്രീയുടെ മുമ്പില്‍ പോലും ഈശോയും താനുമായുള്ള ബന്ധത്തിനു സാക്ഷിയാകാന്‍ ധൈര്യവും ബലവും ഇല്ലാതെപോയ ഭീരുവായിരുന്നു പത്രോസ്. ആ സമയത്ത് വേലക്കാരിയായ ഒരു സ്ത്രീക്കുണ്ടായിരുന്ന ധൈര്യംപോലും പത്രോസിനില്ലായിരുന്നു. എന്നാല്‍, പന്തക്കുസ്തയ്ക്കുശേഷം പത്രോസ് ധൈര്യശാലിയായി മാറി. മാത്രവുമല്ല, ആലോചനാസംഘത്തിലെ അംഗങ്ങള്‍പോലും ഭയവിഹ്വലരായിത്തീര്‍ന്നു! എന്തു മഹത്തരമായ മാറ്റം! ഈശോ എന്ന നാമത്തില്‍ അന്തര്‍ലീനമായിരുന്ന മഹത്തരവും അദ്ഭുതാവഹവുമായ ശക്തിയെ അറിയാനും അനുഭവിക്കാനും ഉപയോഗിക്കാനും പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരെ പ്രാപ്തരാക്കി. ഇത് തികച്ചും വിസ്മയാവഹമാണ്. പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്ക് എഴുതി: 'ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും  യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്' (ഫിലി. 2:9-11).
പൗലോസ്, പിശാചുക്കളെ ബഹിഷ്‌കരിക്കുകയും എല്ലാ വിധത്തിലുമുള്ള രോഗങ്ങളില്‍നിന്നു സമ്പൂര്‍ണ സൗഖ്യം നല്‍കുകയും ഒട്ടനവധി ശക്തമായ അദ്ഭുതങ്ങള്‍ ഈശോയുടെ നാമത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചില വ്യാജപിശാചു ബഹിഷ്‌കര്‍ത്താക്കള്‍ ഈശോയുടെ നാമത്തിലെ അദ്ഭുതശക്തി തിരിച്ചറിഞ്ഞു. പിശാചുബാധിതനായ ഒരു രോഗിയോട് അവര്‍ ആജ്ഞാപിച്ചു: ''പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ നിന്നോട് ഞാന്‍ കല്പിക്കുന്നു: ''എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം, എന്നാല്‍, നിങ്ങള്‍ ആരാണ്? (അപ്പ. പ്രവ. 19:13-15).
നമ്മുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും പദ്ധതികളും ഒരുപക്ഷേ, അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഫലങ്ങള്‍ നേടിത്തന്നില്ലെന്നു വരാം. എന്നാല്‍ ഗമാലിയേല്‍ നല്‍കിയ ഉപദേശംപോലെ അവ എന്റെ നാമത്തിലും ചിന്തയിലുമാണോ അതോ ഈശോയുടെ നാമത്തിലാണോ നിയന്ത്രിക്കപ്പെടുന്നതെന്ന് നമുക്ക് ആത്മശോധന നടത്താം. നമുക്കു വെറും നാമമാത്ര ക്രിസ്ത്യാനികള്‍ ആകാതിരിക്കാം. നമുക്കു സമര്‍പ്പണവും പ്രതിബദ്ധതയുമുള്ള ക്രിസ്ത്യാനികളാകാം. ഉത്ഥിതനായ ഈശോ നമ്മെ നയിക്കട്ടെ. പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ. എളിമയോടും സ്‌നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകൂടി നമുക്ക് ഉത്ഥിതനായ ഈശോയെ സമീപിക്കാം.
ഈശോ ഒരിക്കല്‍ ഫരിസേയരോട് അരുള്‍ ചെയ്തു: ''വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റു പറ്റിയിരിക്കുന്നു'' (മത്താ. 22:29). ഫരിസേയര്‍ ഈശോയെ ഉപേക്ഷിച്ചതുപോലെ നമുക്കൊരിക്കലും ഈശോയെ ഉപേക്ഷിക്കാതിരിക്കാം. ഈശോയുടെ മഹനീയ നാമത്തിന്റെ ശക്തിയും മഹത്ത്വവും ഗ്രഹിക്കാതെ നാം നമ്മുടെതന്നെ ശക്തിയിലും കഴിവിലും ആശ്രയിച്ച് സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി മാത്രം മുന്നേറിയാല്‍ അത് ദൈവത്തോടുള്ള നമ്മുടെ മറുതലിപ്പും യുദ്ധവും ആകുമല്ലോ.
വിശുദ്ധ കുരിശിന്റെ അടയാളം രേഖപ്പെടുത്തി നാം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ കുരിശു വരച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ നാമത്തില്‍നിന്ന് നമ്മിലേക്കൊഴുകുന്ന അനശ്വരശക്തിയെ വിശ്വാസംകൊണ്ട് അനുഭവിച്ചറിയാം. ഈശോയിലുള്ള നമ്മുടെ വിശ്വാസം നമ്മെ താങ്ങിനിറുത്തട്ടെ.
നന്മപൂരിതമായി നമ്മുടെ ജീവിതങ്ങളെ മുന്നോട്ടു നയിക്കാന്‍ ശക്തിയും പ്രേരണയും ലഭിക്കേണ്ടത് കര്‍ത്താവിന്റെ നിത്യസാന്നിധ്യം അനുഭവിക്കുന്നതിലൂടെ ആയിരിക്കണം. നമ്മെ വഴി നടത്തേണ്ടത് അവിടുത്തെ പരിശുദ്ധനാമശക്തിയായിരിക്കണം. അവിടുത്തെ പരിശുദ്ധനാമവും തിരുസ്സാന്നിധ്യവും നമ്മുടെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തിലേക്കു നമ്മെ നയിക്കുന്നു. 'ഞാന്‍ ആകുന്നു' (ക മാ) എന്ന വര്‍ത്തമാനകാലപ്രയോഗമാണ് അവിടുത്തെ തിരുനാമം. യോഹ. 8:58 ല്‍ ഈശോ ഫരിസേയരോടു പറഞ്ഞു: ''സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.'' ഈ വാക്കുകളിലൂടെ തന്റെ സാന്നിധ്യം സമയത്തിനും കാലത്തിനും അതീതമാണെന്ന് അവിടുന്നു പഠിപ്പിക്കുകയായിരുന്നു; ആദിയും അന്ത്യവും - ആല്‍ഫയും ഒമേഗയും.
ഫറവോയ്ക്കു വ്യക്തമായ മറുപടി കൊടുക്കുവാന്‍ വേണ്ടി സ്വര്‍ഗസ്ഥനായ പിതാവിനോട് അങ്ങയുടെ പേരെന്തെന്ന് മോശ ചോദിച്ചു: 'ദൈവം മോശയോട് അരുള്‍ ചെയ്തു: ''ഞാന്‍ ഞാന്‍തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക. ഞാന്‍ ആകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു'' (പുറ.3:14).  'ഞാന്‍ ആകുന്നു' എന്നാണ് അവിടുത്തെ നാമം, എന്നും എല്ലായ്‌പ്പോഴും നമുക്ക് ലഭിക്കുന്ന അവിടുത്തെ സാന്നിധ്യവും. 72 ശിഷ്യന്മാര്‍ തങ്ങളുടെ പ്രഥമസുവിശേഷപ്രഘോഷണദൗത്യത്തിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ 'ഈശോ'നാമത്തില്‍ നിറഞ്ഞുനിന്ന അദ്ഭുതകരമായ ശക്തി അവര്‍ അനുഭവിച്ചിരുന്നു. അവര്‍ തിരികെയെത്തിയപ്പോള്‍ ഈശോയോടു പറഞ്ഞു: ''കര്‍ത്താവേ, പിശാചുക്കള്‍ പോലും നിന്റെ നാമത്തില്‍ ഞങ്ങള്‍ക്കു കീഴ്‌പ്പെട്ടിരിക്കുന്നു.'' നാം അവിടുത്തെ പരിശുദ്ധ നാമത്തിലാണു ശുശ്രൂഷകള്‍ നിറവേറ്റുന്നത്. അവിടുത്തെ തിരുനാമം നമുക്കു നല്‍കുന്ന ഊര്‍ജത്തിനും തീക്ഷ്ണതയ്ക്കും ജ്ഞാനത്തിനും ശക്തിക്കുമായി നമുക്ക് അവിടുത്തെ വാഴ്ത്തി സ്തുതിക്കാം. ശിഷ്യന്മാര്‍ പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും പ്രാര്‍ത്ഥിക്കാം: ''കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ,'' അതുവഴി 'ഈശോ' എന്ന ഏകവും പരിശുദ്ധവുമായ നാമത്തില്‍ അടങ്ങിയിരിക്കുന്ന ദിവ്യശക്തി അറിയുകയും അനുഭവിക്കുകയും ചെയ്യാം. വിശ്വാസത്തോടെ അവിടുത്തെ നാമം വിളിച്ച് നമുക്ക് ദൈവത്തെ മഹത്ത്വപ്പെടുത്താം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)