കൊറോണരോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടാകെ ലോക്ഡൗണിനു വിധേയമായപ്പോള്‍ ഏറെ സാമ്പത്തികക്ലേശം അനുഭവിക്കുന്നവര്‍ക്കു കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. ഇടവകപ്പള്ളികളുടെ നേതൃത്വത്തില്‍ കര്‍ഷകദളഫെഡറേഷന്‍, സ്വാശ്രയസംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം വീടുകള്‍ക്ക് 500 രൂപ വിലയുള്ള ഭക്ഷ്യധാന്യക്കിറ്റുകള്‍ നല്കി. ഭക്ഷ്യധാന്യക്കിറ്റിന്റെ ഔപചാരികമായ വിതരണോദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ജോസ് കെ.മാണി എം.പി.യും സംയുക്തമായി നിര്‍വഹിച്ചു.
കൊറോണ രോഗവ്യാപനം തടയുവാന്‍ ലക്ഷ്യം വച്ചുകൊണ്ട് പി.എസ്.ഡബ്ല്യു.എസ്. വിവിധ ഇടങ്ങളില്‍ ഹാന്റ് വാഷ് യൂണിറ്റുകള്‍ ആരംഭിച്ചതു കൂടാതെ സാനിറ്റൈസറുകളും ലിക്വിഡ് സോപ്പുകളും മാസ്‌കുകളും വ്യാപകമായി വിതരണം ചെയ്തു. വിവിധ ദിവസങ്ങളിലായി നടന്ന ചടങ്ങുകളില്‍ മാണി സി കാപ്പന്‍ എം.എല്‍.എ, മന്ത്രി തിലോത്തമന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ എന്നിവര്‍ സംബന്ധിക്കുകയുണ്ടായി.
കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതിയുടെ ചുവടുപിടിച്ചുകൊണ്ട് പാലാ രൂപതയുടെ കര്‍ഷകവര്‍ഷാചരണത്തിന്റെ ഭാഗമായി 'സുഭിക്ഷഗ്രാമം സുന്ദരഗ്രാമം' എന്ന പരിപാടിക്ക് പി.എസ്.ഡബ്ല്യൂ.എസ്. രൂപം കൊടുത്തു.
പച്ചക്കറിത്തൈകള്‍, ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തതിനൊപ്പം വിവിധയിനം ജൈവവളങ്ങളും പി.എസ്.ഡബ്ല്യു.എസ്. അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ വിതരണം ചെയ്തുവരുന്നു. കൂടാതെ, അടുക്കളമാലിന്യങ്ങളില്‍നിന്ന് അമൂല്യവളം ഉറപ്പുവരുത്താന്‍ സാധിക്കുന്ന ജൈവഭരണികള്‍, ഹൈടെക് കോഴിക്കൂടുകള്‍, പൊരുന്നയില്ലാതെ തുടര്‍ച്ചയായി 380 മുട്ടകള്‍ വരെ നല്‍കുന്ന ആഢ 380 ഇനം ഹൈബ്രീഡ് കോഴിക്കുഞ്ഞുങ്ങള്‍, ഗ്രാമശ്രീ, ഗ്രാമപ്രിയ തുടങ്ങിയ വിവിധയിനം നാടന്‍ കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയും ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്തുവരുന്നു. ഒപ്പം, മത്സ്യം തങ്ങളുടെ വീടുകളില്‍ത്തന്നെ ഉണ്ടാവണമെന്നാഗ്രഹിക്കുന്നവര്‍ക്കായി മത്സ്യക്കൃഷിക്കാവശ്യമാംവിധം മത്സ്യക്കുളങ്ങളും പിഎസ്ഡബ്ല്യുഎസ് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഫെറോസ് സിമന്റുകൊണ്ടുള്ള ടാങ്കുകളും, പടുതാക്കുളങ്ങളുമാണ് ഇപ്രകാരം നിര്‍മ്മിക്കുക.
വീടുകളില്‍ മത്സ്യം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ ഓര്‍ഡര്‍ അനുസരിച്ച് പി.എസ്.ഡബ്ല്യു.എസ്. വിതരണം ചെയ്തു വരുന്നു.
അഗ്രിടൂള്‍സ് പ്രൊമോഷന്‍ പ്രോഗ്രാം
കാര്‍ഷികരംഗത്ത് നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനും കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും കര്‍ഷകരിലെത്തിക്കാനും ലക്ഷ്യംവച്ചുകൊണ്ട് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി ആവിഷ്‌കരിച്ചിരിക്കുന്ന കാര്‍ഷികയന്ത്രവത്കരണ ഉപപദ്ധതി ((SUBMISSION ON AGRICULTURAL MECHANISATION SMYM) യുടെ ആനുകൂല്യങ്ങള്‍ കര്‍ഷകരിലെത്തിക്കുവാന്‍ പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി രൂപംകൊടുത്തിരിക്കുന്ന കര്‍ഷക സഹായപദ്ധതിയാണ് അഗ്രി ടൂള്‍സ് പ്രൊമോഷന്‍ പ്രോഗ്രാം. കാടുവെട്ടുയന്ത്രം, പവര്‍ടില്ലര്‍, നടീല്‍ യന്ത്രം, ട്രാക്ടര്‍, സസ്യസംരക്ഷണോപകരണങ്ങള്‍, കൊയ്ത്തു മെതിയന്ത്രം, തുടങ്ങി വിവിധ തരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതിന് വ്യക്തിഗതഗുണഭോക്താക്കള്‍ക്ക് 50-90 വരെയും കര്‍ഷകദളകൂട്ടായ്മകള്‍ക്ക് 80% വരെയും സര്‍ക്കാര്‍ ധനസഹായം ലഭ്യമാകുന്നതാണ്. കര്‍ഷകദളകൂട്ടായ്മകള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നതാവണം. പി.എസ്.ഡബ്ല്യു.എസില്‍ അഫിലിയേറ്റു ചെയ്തിരിക്കുന്ന സ്വയം സഹായസംഘങ്ങള്‍, കര്‍ഷകദളങ്ങള്‍ എന്നിവയില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.ഡബ്ല്യു.എസ് ഓഫീസുമായി ബന്ധപ്പെടുക: 9447601428, 9961668240.