•  18 Apr 2024
  •  ദീപം 57
  •  നാളം 6
ഉണ്ണീരിയമ്മ പറഞ്ഞ കഥ

എലിക്കുഞ്ഞന്‍ മാറ്റിയെഴുതിയ ജീവിതം

പതിവുപോലെ, കഥ കേള്‍ക്കാന്‍ ഉണ്ണീരിയമ്മയ്ക്കു ചുറ്റും കുഞ്ഞുണ്ണിയും അമ്മാളുവും ജോണിക്കുട്ടിയും ഇട്ടിണ്ടാനും ഒത്തുകൂടി.
''ഒരു കഥ പറയാം. ചുറ്റുപാടുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ജീവിതവിജയം നേടിയ ഒരു മനുഷ്യന്റെ കഥ''
നാല്‍വര്‍സംഘം ശ്രദ്ധയോടെ കേട്ടിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന കഥയാണ്. അമേരിക്കയിലെ കനാസ് സിറ്റിയില്‍ ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപര്‍ രോഷാകുലനായി തന്റെ കീഴ്ജീവനക്കാരനെ ക്യാബിനിലേക്കു വിളിപ്പിച്ചു. പത്രസ്ഥാപനത്തിലെ പുതിയ കാര്‍ട്ടൂണിസ്റ്റ് പയ്യനായിരുന്നു അത്. ഭയത്തോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനെ പത്രാധിപര്‍ ശകാരിക്കാന്‍ തുടങ്ങി:
''താങ്കളുടെ കാര്‍ട്ടൂണുകള്‍ വളരെ നിലവാരം കുറഞ്ഞവയാണ്. ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും കാര്‍ട്ടൂണുകള്‍ക്കു കഴിയണം. വരയ്ക്കുന്ന ആള്‍ക്ക് നല്ല ഭാവന ഉണ്ടെങ്കിലേ അതിനു സാധിക്കൂ. താങ്കള്‍ക്കു തീരെ ഭാവനയില്ല.''
 പത്രാധിപരുടെ വാക്കുകള്‍ ആ ചെറുപ്പക്കാരനു വലിയ ആഘാതമായി. പിന്നീട് വരച്ച ഒരു കാര്‍ട്ടൂണും മികച്ചതാക്കാന്‍ അവനു കഴിഞ്ഞില്ല. അങ്ങനെ പത്രത്തിലെ പണി നഷ്ടമായി.
 ട്രെയിനില്‍ ചായ വിറ്റും ആളുകള്‍ക്കു ചിത്രം വരച്ചു നല്‍കിയുമാണ് ആ ചെറുപ്പക്കാരന്‍ പിന്നീട് ജീവിച്ചുപോന്നത്. ഒരിക്കല്‍ ഒരു പുരോഹിതന്‍ അവനെ ചിത്രം വരയ്ക്കാനായി പള്ളിമേടയിലേക്കു വിളിച്ചു. മേടയ്ക്കു സമീപമുള്ള ഉപയോഗശൂന്യമായ ഒരു മുറിയാണ് അവനു  നല്‍കിയത്. വൃത്തിഹീനമായ ആ മുറിയില്‍ ധാരാളം എലികളുണ്ടായിരുന്നു. ആദ്യം വലിയ ശല്യമായി അവനു തോന്നിയെങ്കിലും എലിയുടെ ചേഷ്ടകള്‍ അവന്റെ മനസ്സില്‍ കയറിക്കൂടി. സവിശേഷമായ ഒരു ചിന്ത അവനിലേക്കു കടന്നുവന്നു. അവന്‍ സ്വപ്നം കാണാന്‍ തുടങ്ങി. അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു.
നിസ്സാരനായ ഒരു എലി അവന്റെ ജീവിതത്തെ ആകമാനം മാറ്റിമറിച്ചു. മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം അവനിലൂടെ ജനിച്ചു. പില്‍ക്കാലത്ത് ആനിമേഷന്‍ വ്യവസായത്തിന്റെ തലതൊട്ടപ്പനായി ആ ചെറുപ്പക്കാരന്‍ മാറി. അത് മറ്റാരുമല്ല, വാള്‍ട്ട് ഡിസ്‌നിയാണ്. മിക്കി മൗസിനെയും മിന്നി മൗസിനെയും ഡൊണാള്‍ഡ് ഡക്കിനെയും പ്ലൂട്ടോ ഡോഗിനെയുമൊക്കെ നമുക്കു തന്ന സാക്ഷാല്‍ വാള്‍ട്ട് ഡിസ്‌നി.
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയാത്ത കാര്‍ട്ടൂണുകള്‍ എന്നു പറഞ്ഞ് അദ്ദേഹത്തെ കളിയാക്കിയവര്‍പോലും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആരാധകരായി മാറി. ഒരു ചെറിയ എലിയാണ് അവന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്.
മിക്കി മൗസ് ഒരു കാലഘട്ടത്തിന്റെതന്നെ ചിരിയായി മാറി. തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ വാള്‍ട്ട് ഡിസ്‌നി ലോകത്തെ കുടുകുടാ ചിരിപ്പിച്ചു.
ഹോളിവുഡിന്റെ ഏറ്റവും വലിയ ആനിമേഷന്‍ സ്റ്റുഡിയോ വാള്‍ട്ട് ഡിസ്‌നിയുടേതാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഓസ്‌കാര്‍ ലഭിച്ച വ്യക്തിയും വാള്‍ട്ട് ഡിസ്നിയാണ്.
ലോകത്തിന്റെ വിനോദവ്യവസായത്തെ സജീവമാക്കിയതും ഇദ്ദേഹമാണ്.
വാള്‍ട്ട് ഡിസ്‌നിതന്നെ പറഞ്ഞിട്ടുണ്ട്:
''ആദ്യം ചിന്തിക്കുക, രണ്ടാമതായി സ്വപ്നം കാണുക മൂന്നാമതായി വിശ്വസിക്കുക, ഏറ്റവും അവസാനം ധൈര്യപ്പെടുക.''
ഇതാണ് എല്ലാ വിജയത്തിലേക്കുമുള്ള വഴി.
''കഥ ഇഷ്ടമായോ കുട്ട്യോളേ''
 ഉണ്ണീരിയമ്മ ചോദിച്ചു.
എല്ലാവരും സന്തോഷത്തോടെ തലയാട്ടി.

 

Login log record inserted successfully!