പാലാ: മല്ലികശ്ശേരി പൊന്നൊഴുകുംതോടിനു സമീപം കൈത്തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട കുറുപ്പുന്തറ മറ്റത്തില്‍ ജോമിയുടെ മകള്‍ രണ്ടുവയസ്സുകാരി തെരേസയെ രക്ഷിച്ചത് നാലു വിദ്യാര്‍ത്ഥികള്‍. എലിക്കുളം പാമ്പോലി കല്ലമ്പള്ളില്‍ ആനന്ദ് സുഭാഷ്, മണ്ഡപത്തില്‍ നിഖില്‍ മാത്യു, കിണറ്റുകര ഡിയോണ്‍ നോബി, സഹോദരന്‍ റെയോണ്‍ നോബി എന്നിവരാണ് കുട്ടിയുടെ രക്ഷകരായത്.
മുന്നൂ റു മീറ്ററോളം ദൂരമാണ് വെള്ളത്തിലൂടെ കുട്ടി ഒഴുകിയത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ വയറ്റില്‍ വെള്ളവും ചെളിയും കയറിയിരുന്നു. കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ എടുക്കുകയും പ്രഥമശുശ്രൂഷ കൃത്യമായി നല്‍കുകയും ചെയ്തതുകൊണ്ടാണ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷിക്കാനായതെന്ന് കുട്ടിയെ ചികിത്സിച്ച മരിയന്‍ മെഡിക്കല്‍ സെന്ററിലെ ഡോ. അലക്‌സ് മാണി പറഞ്ഞു. പൈകയിലുണ്ടായിരുന്ന മാണി സി.കാപ്പന്‍ എം.എല്‍.എ. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നു ചികിത്സ നല്‍കി ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരികയായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു.
പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്. നിഖില്‍ വിളക്കുമാടം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും. ഡിയോണും റെയോണും ആനക്കല്ല് സെന്റ് ആന്റണീസില്‍ യഥാക്രമം ആറും നാലും ക്ലാസില്‍ പഠിക്കുന്നു.
'സൂപ്പര്‍ ബോയ്‌സി'നെ
പാലാ രൂപത ആദരിച്ചു
രണ്ടുവയസ്സുകാരി തെരേസയെ രക്ഷിച്ച ആനന്ദ് സുബാഷ്, നിഖില്‍ മാത്യു, ഡിയോണ്‍ നോബി, സഹോദരന്‍ റെയോണ്‍ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു.
ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ചേര്‍ന്ന് ഉപഹാരം നല്‍കി. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, പ്രോലൈഫ് പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ്, സെക്രട്ടറി ഡോ. ഫെലിക്‌സ് വെട്ടുകാട്ടില്‍, ബ്ര. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെയും പ്രോലൈഫ് സമിതിയുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടത്തപ്പെട്ടത്.