മയക്കുമരുന്നുപയോഗം കേരളത്തില്‍ വ്യാപകമായിട്ട് കുറേ വര്‍ഷങ്ങളായി. മയക്കുമരുന്നു കടത്താനും വിതരണം ചെയ്യാനും മറ്റും മതത്തെ മറയാക്കുന്ന പ്രവണതയും വര്‍ദ്ധിച്ചുവരുന്നു. സാമൂഹികവിരുദ്ധര്‍ മതത്തെയും മതവുമായി ബന്ധപ്പെട്ട വിശുദ്ധനാമങ്ങളെയും ഉപയോഗിച്ച് തീവ്രവാദനിലപാടുകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും കടക്കുന്നത്, മനുഷ്യനന്മ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്കണ്ഠയോടെയേ കാണാനാവൂ. ഈയൊരു സാഹചര്യത്തിലാണ് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചില സാമൂഹികതിന്മകളെക്കുറിച്ച് തന്റെ വിശ്വാസിസമൂഹത്തെ ഓര്‍മപ്പെടുത്തിയത്. ഒരു ദൈവാലയത്തിനുള്ളില്‍, സ്വന്തം സമുദായാംഗങ്ങള്‍ മാത്രമുള്ള ഒരു ചെറിയ സമൂഹത്തിലാണ് പിതാവ് ഇക്കാര്യം സൂചിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍, അതു ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയ്ക്കിടയാവുകയും ചെയ്തു.
തീവ്രവാദം എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരിലുമുണ്ടാകാം. മതമേതുമാകട്ടെ, മതത്തെ മറയാക്കി നടക്കുന്ന സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കല്ലറങ്ങാട്ട് പിതാവ് പ്രതികരിച്ചത്. അതൊരു ജാഗ്രതാനിര്‍ദ്ദേശം മാത്രമായിരുന്നു. എന്നാല്‍, സംഭവിച്ചതെന്താണ്? അദ്ദേഹം പറഞ്ഞ ചില വാചകങ്ങളെയും വാക്കുകളെയും മാത്രം സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചു. അതു സമൂഹത്തില്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തു. പിതാവിന്റെ പ്രസംഗത്തിന്റെ സമഗ്രസ്വഭാവവും ഉദ്ദേശ്യശുദ്ധിയും മാനിച്ചിരുന്നെങ്കില്‍, അതു വിവാദങ്ങളിലേക്കും ബഹളങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുകയില്ലായിരുന്നു.
മയക്കുമരുന്നുലഭ്യത വ്യാപകമായി കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇടയിലുണ്ടെന്നതു വാസ്തവമാണ്. നമ്മുടെ സ്‌കൂളുകളും കലാലയങ്ങളും ചുറ്റിപ്പറ്റി മയക്കുമരുന്നുലോബി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കുട്ടികളെ ആകര്‍ഷിക്കാനും പിന്നീട് ഇരകളാക്കാനും പോന്ന തന്ത്രങ്ങള്‍ അവര്‍ സ്വീകരിക്കുന്നു. രണ്ടുമൂന്നു ഘട്ടങ്ങള്‍ പിന്നിട്ടതിനുശേഷമായിരിക്കും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രകടമാകുന്നത്. കുട്ടികള്‍ ഇതുപയോഗിക്കുന്നുണ്ടെന്ന് വീട്ടിലുള്ളവര്‍പോലും ആദ്യഘട്ടങ്ങളില്‍ അറിയുന്നില്ല. ഇതേക്കുറിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധ്യം കൊടുക്കാന്‍വേണ്ടിക്കൂടിയാണ് അഭിവന്ദ്യപിതാവ് ഇത്തരത്തിലുള്ള ഒരു ജാഗ്രതാനിര്‍ദ്ദേശം നല്കിയത്. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടത്. നമ്മുടെ കുട്ടികളും ചെറുപ്പക്കാരും ലഹരിക്കടിമകളായാല്‍ അവരെ തിരിച്ചുകൊണ്ടുവരിക പ്രയാസമാണ്.
സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കല്ലറങ്ങാട്ട് പിതാവ് പങ്കുവച്ചത്. ഇത് ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്. സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭരാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലികവാദങ്ങളും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തുന്ന വളരെ ചെറിയൊരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. ഈ സ്ഥിതിവിശേഷത്തെ തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചുള്ള പ്രവാചകശബ്ദമായിരുന്നു അത്. സഭയുടെ മക്കളെ സംബന്ധിക്കുന്ന, സമുദായാംഗങ്ങളെ ബാധിക്കുന്ന ഒരു പൊതുപ്രശ്‌നത്തെക്കുറിച്ച് ബോധവത്കരിക്കാനും തിരുത്താനും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്കു ചുമതലയുണ്ട്.
തീവ്രവാദവും മയക്കുമരുന്നുപയോഗവും കേരളക്കരയിലുണ്ടെങ്കില്‍, അത് അന്വേഷിച്ചു കണ്ടുപിടിക്കേണ്ടത് കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള കുറ്റാന്വേഷണ ഏജന്‍സികളും പോലീസ് വിഭാഗവുമൊക്കെയാണ്. കുട്ടികളുടെ ഇടയിലുള്ള മയക്കുമരുന്നുപയോഗത്തിന്റെ പിന്നില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ മറഞ്ഞിരിപ്പുണ്ട്. ഉറവിടങ്ങളില്‍ ചെന്നെത്താതെ, ഏജന്‍സികള്‍ മാത്രമാണ് അന്വേഷണഘട്ടങ്ങളില്‍ പലപ്പോഴും പിടിക്കപ്പെടുന്നത്. മയക്കുമരുന്നിന് അടിമയായിപ്പോകുന്ന ഘട്ടത്തില്‍ ഇത് എവിടെനിന്നു കിട്ടി, ആരു കൊണ്ടുവന്നു, ഏജന്‍സികളാരാണ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുപോലും കുട്ടി അറിവില്ലാത്തവനായിത്തീരുന്നു എന്നതാണു യാഥാര്‍ത്ഥ്യം. എങ്ങനെ അതിനടിമയായി എന്നു പറയാനുള്ള മാനസികശേഷിപോലും അവനു നഷ്ടമാകുന്നു. പല കേസുകളിലും തെളിവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അത് അന്വേഷിക്കാനോ, കേസ് ഫയല്‍ ചെയ്യാനോ, വേണ്ട നടപടികള്‍ സ്വീകരിക്കാനോ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകാത്തതും ഗൗരവമായി നാം എടുക്കണം.
തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കാനും തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിലയിരുത്താനും നാമെല്ലാവരും തയ്യാറാകണം. പരസ്പരം തിരുത്താനും സാഹോദര്യത്തില്‍ വളരാനും നമുക്കെല്ലാവര്‍ക്കും കഴിയണം. നാമാരും പൂര്‍ണരല്ലല്ലോ. ബോധ്യമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് അതിന്റെ പരിണതഫലങ്ങളെക്കുറിച്ചു സമൂഹമനഃസാക്ഷി ഉണര്‍ത്തണം. ഇത് ഭാവിഭദ്രതയ്ക്കും നാടിന്റെ നന്മയ്ക്കും ആവശ്യമാണ്. ഈ നാട്ടില്‍ സമാധാനം നിലനില്ക്കാനും ജനജീവിതം സുരക്ഷിതമാക്കാനുമാണിത്. രാഷ്ട്രീയ-സമുദായനേതാക്കള്‍ ഒരു വേദിയിലിരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്യണം. സര്‍ക്കാര്‍ ഇതിനു മുന്‍കൈയെടുക്കണം. തിന്മയെ ദൂരീകരിക്കാനുള്ള യജ്ഞത്തില്‍ മുന്‍വിധികളൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരേ മനസ്സോടെ അണിനിരക്കണം. ഭിന്നിച്ചുനില്‍ക്കുമ്പോള്‍ സമൂഹം വിഭജിതമാവുകയാണ്. തിന്മ വളര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ സമൂഹത്തില്‍ എപ്പോഴും അകലങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തിന്മയുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കി അകലങ്ങളില്ലാതാക്കുകയാണു വേണ്ടത്. തിന്മയ്‌ക്കെതിരേ എല്ലാ മനുഷ്യരും മതങ്ങളും സമുദായങ്ങളും ഒന്നിച്ചുനില്ക്കണം.