- യൗവനത്തുടിപ്പാര്‍ന്ന ശബ്ദസൗന്ദര്യവും മുഖശോഭയും മെയ്യഴകുമായി ലോകസിനിമയ്ക്കുതന്നെ വിസ്മയം തീര്‍ക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സപ്തതി നിറവില്‍. തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആര്‍ഭാടപൂര്‍വം ആഘോഷിക്കുകയാണു മലയാളികള്‍. പ്രായം എഴുപത് ആകുമ്പോഴും സിനിമയില്‍ സ്വയം അപ്‌ഡേറ്റ് ചെയ്തു മുന്നേറുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് മലയാളികളുടെ സ്വന്തം മമ്മുക്ക. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളസിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. കാലത്തിനൊപ്പം സ്വയം മാറ്റം വരുത്തി എഴുപതാം വയസ്സിലും അദ്ദേഹം മുപ്പതുകാരനൊപ്പം മത്സരിക്കുന്നു. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമാണ് മമ്മൂട്ടിക്ക്. അതുകൊണ്ടാവാം സിനിമയ്ക്കപ്പുറം ഒരു ലോകം തനിക്കില്ലെന്ന് അദ്ദേഹം പലകുറി പറഞ്ഞതും.
വൈക്കം ചെമ്പ് പാണപറമ്പില്‍ മുഹമ്മദുകുട്ടിയെന്ന പൊടിമീശക്കാരന്‍ അമ്പതു വര്‍ഷംമുമ്പ് ചെന്നൈയിലേക്കു വണ്ടി കയറിയത് വെള്ളിത്തിരയിലെ മിന്നിമറയുന്ന താരപരിവേഷങ്ങളോടുള്ള ഭ്രമംകൊണ്ടല്ല. മറിച്ച്, അഭിനയകലയോടുള്ള അടങ്ങാത്ത മോഹമായിരുന്നു അന്നു വഴിനടത്തിയത്. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ വഴികളിലൂടെയായിരുന്നു ആ യാത്ര. പെട്ടെന്ന് ഒരാള്‍ക്കു കയറിച്ചെന്നു കീഴടക്കാന്‍ പറ്റുന്നതല്ല സിനിമയെന്ന വിസ്മയങ്ങളുടെ ലോകം. അനശ്വരനടന്മാരായ നസീറും ജയനും സത്യനുമൊക്കെ കളം നിറഞ്ഞാടിയ സമയത്തായിരുന്നു മമ്മൂട്ടിയുടെ വരവ്. ഒന്നുമില്ലായ്മയില്‍നിന്ന് ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൂപ്പര്‍സ്റ്റാര്‍പദവിയിലേക്കു പറന്നുയര്‍ന്ന മമ്മൂട്ടിയെന്ന നടന്‍ ഒരു സുപ്രഭാതത്തില്‍ നേടിയെടുത്തതല്ല ഇവയൊന്നും. വീഴ്ചകളില്‍ പതറാതെ, ഉയര്‍ച്ചകളില്‍ അഹങ്കരിക്കാതെ പടിപടിയായി അദ്ദേഹം വളര്‍ന്നു.
പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ തന്റെ ജീവിതയാത്രയില്‍ നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് സൗഹൃദങ്ങളാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നായകപരിവേഷത്തിലായിരുന്നില്ല, മമ്മൂട്ടി വെള്ളിത്തിരയിലെത്തിയത്. ഗസ്റ്റ് ആര്‍ട്ടിസ്റ്റായി, വില്ലനായി, സഹനടനായി, ലോകം അംഗീകരിക്കുന്ന നടനായി മമ്മൂട്ടി വളര്‍ന്നതിന്റെ പിന്നില്‍ ആത്മവിശ്വാസവും അര്‍പ്പണബോധവുംതന്നെയാണ്.
മലയാളസിനിമ കേരളമെന്ന വട്ടത്തിനുമപ്പുറം ചര്‍ച്ചയാകുന്നത് മമ്മൂട്ടിച്ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മലയാളസിനിമയുടെ യശസ്സുയര്‍ത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യംതന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാല്‍ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകള്‍... താരപദവിയിലെത്തി നില്‍ക്കുമ്പോഴും ഇതെല്ലാം ദൈവത്തിന്റെ കാരുണ്യമെന്നു ചെറുപുഞ്ചിരിയോടെ പറയുന്ന ആ വലിയ മനസ്സ് - അതാണ് ഓരോ നടനും കൈമുതലായി ഉണ്ടാകേണ്ടത്.
തുടക്കം ഒരു മിനിറ്റില്‍
1971 ല്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ''അനുഭവങ്ങള്‍ പാളിച്ചകള്‍'' എന്ന നോവലിന്റെ അതേപേരില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു മിനിറ്റു മാത്രമുള്ള അരങ്ങേറ്റമായിരുന്നു മമ്മൂട്ടിയുടേത്. അന്നത്തെ സൂപ്പര്‍താരം സത്യനായിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നായകന്‍. സത്യന്റെ അവസാനസിനിമയായിരുന്നു അത്. സത്യന്റെ അവസാനചിത്രം മമ്മൂട്ടിയുടെ ആദ്യചിത്രമായിത്തീര്‍ന്നു. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനുശേഷം നസീര്‍ നായകനായ കാലചക്രത്തില്‍ പകരക്കാരനായ കടത്തുകാരനായി രണ്ടു സീന്‍. പിന്നീട് അഞ്ചു വര്‍ഷം സിനിമയുണ്ടായില്ല. 1979 ല്‍ എം.ടി. വാസുദേവന്‍നായരുടെ ദേവലോകത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. അടുത്തവര്‍ഷം ആസാദ് സംവിധാനം ചെയ്ത എം. ടിയുടെ, 'വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍' മികച്ച വേഷം. കെ.ജി. ജോര്‍ജിന്റെ മേളയിലെ ഉപനായകവേഷത്തില്‍ ആദ്യമായി യേശുദാസിന്റെ ശബ്ദത്തിനൊപ്പം പാടി അഭിനയിച്ചു. ഐ.വി. ശശി - എം.ടി. കൂട്ടുകെട്ടിലിറങ്ങിയ തൃഷ്ണയിലെ കൃഷ്ണദാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. അഹിംസയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാനപുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തി.
1985 ല്‍ ബാലുമഹേന്ദ്രയുടെ 'യാത്ര' ഉള്‍പ്പെടെ 35 ചിത്രങ്ങള്‍. ഈ കാലങ്ങളില്‍ കുടുംബചിത്രങ്ങളിലൊതുങ്ങിയ മമ്മൂട്ടിയെന്ന നടന്റെ സിനിമാജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത് അതേവര്‍ഷംതന്നെ പുറത്തിറങ്ങിയ 'ന്യൂഡല്‍ഹി'യായിരുന്നു. ഇതിലൂടെ അദ്ദേഹം താരപദവിയിലേക്കുയര്‍ന്നു.
വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും എത്രമാത്രം വ്യത്യസ്തമാണോ അത്രത്തോളമാണ് മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയമികവ്. കഥാപാത്രത്തിന്റെ രൂപഭാവങ്ങളിലേക്കു മനസ്സിനെയും ശരീരത്തെയും ഞൊടിയിടയില്‍ മാറ്റാനുള്ള കഴിവാണ് മമ്മൂട്ടി എന്ന നടനു ലഭിച്ച അനുഗ്രഹം. അമരം, വാത്സല്യം, കാഴ്ച എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മലയാളികളുടെ കണ്ണു നനയിച്ചെങ്കില്‍ ആക്ഷന്‍ ചിത്രങ്ങളായ വല്യേട്ടനും രാജമാണിക്യവുമെല്ലാം കാണികളെ ത്രസിപ്പിച്ചു. ക്രോണിക് ബാച്‌ലര്‍, തുറുപ്പുഗുലാന്‍, മായാവി എന്നീ സിനിമകളിലെ ചിരിയായിരുന്നില്ല പ്രാഞ്ചിയേട്ടനും ബെസ്റ്റ് ആക്ടറും സമ്മാനിച്ചത്. കൗരവരിലും പപ്പയുടെ സ്വന്തം അപ്പൂസിലും മലയാളികളെ കരയിച്ച മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചനിലൂടെയും ബിഗ്ബിയിലൂടെയും ന്യൂജെന്‍ കാഴ്ചക്കാരുടെ ഇഷ്ടതാരമായി മാറി.
അഭിനയത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ മമ്മൂട്ടിയെന്ന മഹാനടന്‍ താന്‍ പിന്നിട്ട വഴികളൊരിക്കലും മറന്നില്ല. സഹായിച്ചവരെ, സ്നേഹിച്ചവരെ, സുഹൃത്തുക്കളെ എന്നുതുടങ്ങി തന്നെ താനാക്കാന്‍ കൂടെനിന്നവരെയെല്ലാം ചേര്‍ത്തുപിടിക്കുന്ന വലിയ മനസ്സിനുടമയാണ് അദ്ദേഹം.
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ,
കൊന്നമരം പൂത്തുലഞ്ഞതാണോ
ചതിയന്‍ ചന്തുവിനെക്കുറിച്ച് വായിക്കാത്തവരുണ്ടാവില്ല, ചതിയും വഞ്ചനയും കൈമുതലാക്കിയ വടക്കന്‍പാട്ടിലെ ചന്തു നെഗറ്റീവ് കാരക്ടറാണ്. എന്നാല്‍, എം.ടി. വാസുദേവന്‍ നായരെന്ന മഹാപ്രതിഭ ചതിയന്‍ ചന്തുവിന് ഒരു വടക്കന്‍വീരഗാഥ എന്ന സിനിമയിലൂടെ വീരപരിവേഷം നല്‍കി. നാളിതുവരെ ചതിയന്‍ എന്നു കേട്ടിരുന്ന ചന്തുവിനെ ഉത്തമനായകനായി ജനഹൃദയങ്ങളിലെത്തിക്കണമെങ്കില്‍ ഒരു നല്ല അഭിനേതാവിനേ കഴിയൂ. അന്ന് മലയാളസിനിമയില്‍ തിളങ്ങിനിന്ന പലരെയും ചന്തുവായി ഒത്തുനോക്കിയെങ്കിലും, എം.ടി.യുടെ മനസ്സിലെ ചന്തുവിന് മമ്മൂട്ടിയുടെ മുഖമായിരുന്നു. ചന്തുവെന്ന നെഗറ്റീവ് കഥാപാത്രത്തെ പോസിറ്റീവായി ജനങ്ങളിലെത്തിക്കാന്‍ മമ്മൂട്ടിയെന്ന നടനേ കഴിയൂ എന്ന് എം.ടി. മനസ്സിലാക്കിയിരിക്കണം. എം.ടി.യുടെ ചന്തു പൗരുഷത്തിന്റെ പ്രതീകമാണ്. അഴകും ആരോഗ്യവും സമന്വയിക്കുന്ന രൂപം. ചന്തുവിന്റെ ആണഴകിനെ വര്‍ണിക്കുന്ന ഒരു ഗാനവും ചിട്ടപ്പെടുത്തിയിരുന്നു. ചന്തുവെന്ന കഥാപാത്രത്തിനപ്പുറം മമ്മൂട്ടിയെന്ന നടന്‍ ആ ഗാനത്തോടൊപ്പം ജീവിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. പാട്ടിലെ ഓരോ വരിയിലും മമ്മൂട്ടിയുടെ മെയ്യഴക് പകര്‍ത്തിയായിരുന്നു ഗാനരംഗത്തിന്റെ ചിത്രീകരണം. ചിത്രം പുറത്തു വന്നിട്ട് മുപ്പതിലേറെ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മമ്മൂട്ടി അന്നത്തേതിലും കൂടുതല്‍ ഗ്ലാമറായെന്നു വേണം പറയാന്‍. ഒരു നടന് വെള്ളിത്തിരയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ആരോഗ്യവും അഴകും നിലനിര്‍ത്തേണ്ടതുണ്ട്. അതിനായി തന്റെ ഇഷ്ടങ്ങളെപ്പോലും മാറ്റിവയ്ക്കാന്‍ മമ്മൂട്ടി കാണിച്ച സമര്‍പ്പണമാണ് എഴുപതാം വയസ്സിലുമുള്ള അദ്ദേഹത്തിന്റെ താരപരിവേഷം. ഗാനത്തിലേതുപോലെതന്നെ ശംഖു കടഞ്ഞെടുത്ത കഴുത്തഴകും കാരിരുമ്പോടൊത്ത മെയ്യഴകുമായി മലയാളികളുടെ താരരാജാവായി നിലകൊള്ളാന്‍ സര്‍വേശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.