ലോകം മുഴുവന്‍ കൊവിഡ് മഹാമാരി സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു.
എന്നാല്‍, എന്തുവന്നാലും ഒന്നും തങ്ങളെ ബാധിക്കില്ലായെന്ന് ഊറ്റംകൊള്ളുന്ന ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ട് ഒന്നുമറിയാത്തപോലെ കണ്ണുംപൂട്ടിയിരിക്കുന്നു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുക്കടം വര്‍ഷംതോറും കൂടിവരുന്നു. അതിന്റെ ബാധ്യത അടുത്ത തലമുറയ്ക്കു കൈമാറി അവര്‍ സുരക്ഷിതതാവളം തേടുന്നു. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ചതും ഈ ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ടല്ലേ? മാറിമാറി വരുന്ന ഭരണനേതൃത്വങ്ങള്‍ തങ്ങളുടെ മാത്രം ക്ഷേമമുറപ്പാക്കി ശമ്പളക്കമ്മീഷനെ നിയോഗിക്കുന്നു. അവര്‍ ഓരോ പ്രാവശ്യവും ശമ്പളപരിഷ്‌കരണം നടത്തി തങ്ങളുടെ നിലനില്പ് ഉറപ്പാക്കുന്നു. ഈ നില ഇങ്ങനെ എത്രനാള്‍ തുടരും? രാജ്യത്തിന്റെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും അനുഭവിക്കുന്ന ഇവര്‍ ശമ്പളവര്‍ദ്ധനയ്ക്കുവേണ്ടി മുറവിളികൂട്ടുന്നു. സാദാ ജനം കടംകൊണ്ടു പൊറുതിമുട്ടി ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ ഇച്ഛാശക്തിയുള്ള ഒരു ഗവണ്മെന്റില്ലാത്തതല്ലേ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം? ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയമേലാളന്മാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പരിഷ്‌കരിക്കുമ്പോള്‍ കൃഷിക്കാരും തൊഴിലാളികളുമടങ്ങുന്ന വലിയ ജനവിഭാഗം അവഗണിക്കപ്പെടുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഴിമതിക്കഥകളും അധാര്‍മികത പ്രവൃത്തികളും കണ്ടുകണ്ടു സഹികെട്ട പൊതുജനത്തിന്റെ ഇച്ഛാശക്തിയില്‍ നിന്നുയിര്‍കൊണ്ട പ്രസ്ഥാനങ്ങളാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയും ഡല്‍ഹിയിലെ ആം ആദ്മിപാര്‍ട്ടിയും ഈയടുത്തകാലത്ത് രൂപംകൊണ്ട വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റുമൊക്കെ. ഭരണത്തില്‍നിന്ന് അഴിമതി തുടച്ചുനീക്കിയാല്‍ ജനക്ഷേമകരമായ പല പദ്ധതികളും നടപ്പാക്കാമെന്ന് ആം ആദ്മി പാര്‍ട്ടി കാണിച്ചുകൊടുത്തു. അപ്രകാരം പ്രാദേശികജനവികാരം ഉള്‍ക്കൊണ്ട് കിഴക്കമ്പലത്തു രൂപീകൃതമായ ട്വന്റി ട്വന്റി പാര്‍ട്ടിയും ജനക്ഷേമകരമായ പല പരിപാടികളും നടപ്പാക്കി. മനുഷ്യസ്‌നേഹിയും വ്യവസായിയുമായ സാബു ജേക്കബിന്റെ നേതൃത്വത്തില്‍ കിഴക്കമ്പലം പഞ്ചായത്തു മാത്രമല്ല, ചില സമീപപഞ്ചായത്തുകള്‍കൂടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ചടക്കി. ഇങ്ങനെ പോയാല്‍ കേരളത്തിന്റെ ഭരണം തങ്ങളുടെ കൈവിട്ടുപോകുമെന്നു ഭയന്നു വിറളി പിടിച്ചാണ് രാഷ്ട്രീയനേതൃത്വം, കിറ്റെക്‌സ് കമ്പനി കേരളത്തില്‍ മുടക്കേണ്ടിയിരുന്ന 3500 കോടിയുടെ വ്യാവസായികനിക്ഷേപം നമ്മുടെ സംസ്ഥാനം കടത്തിയത്.
ഈ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമായ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' മുന്നോട്ടു വച്ച ചില ആശയങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അറുപതു കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും പതിനായിരം രൂപ ക്ഷേമപെന്‍ഷന്‍ കൊടുക്കുക. എന്നാല്‍, ചാനലുകളോ പത്രമാധ്യമങ്ങളോ ഇതിനെ പിന്തുണച്ചു കണ്ടില്ല. പിന്നില്‍ രാഷ്ട്രീയക്കാരുടെ കുടിലബുദ്ധിയും അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലവുമെന്നു സുവ്യക്തം.
അനര്‍ഹമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെയെല്ലാം ശമ്പളം വെട്ടിക്കുറയ്ക്കണം. ഇതിനൊക്കെ എതിരായി സര്‍ക്കാര്‍ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചേക്കാം. ഇച്ഛാശക്തിയുള്ള ഒരു ഗവണ്‍മെന്റിനു പരിഹരിക്കാവുന്ന പ്രശ്‌നമല്ലേ ഇത്? സാധാരണക്കാരനു മൂന്നുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ആവുന്നവിധത്തിലുള്ള ഒരു സാമ്പത്തികക്രമീകരണം നടത്തിയിട്ടു മതി കൂടുതല്‍ വിമാനത്താവളങ്ങളും ഹൈവേകളും മറ്റും. അല്ലാതെയുള്ള വികസനക്കുതിപ്പ് അര്‍ത്ഥപൂര്‍ണമല്ല. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നുള്ള രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.