കൊറോണാവൈറസ് വ്യാപനം തടയുന്നതിനു സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം രണ്ടു മാസമായി പുറത്തിറങ്ങാതിരുന്ന ദീപനാളത്തിന്റെ പുതിയ ലക്കങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഏറെ സന്തോഷം തോന്നി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ ഒറ്റയ്ക്കു കഴിച്ചുകൂട്ടേണ്ടി വന്നു. വായിക്കുവാന്‍പോലും ഒന്നുമില്ലായിരുന്നു. ദീപികപ്പത്രമായിരുന്നു ഒരാശ്വാസം. ദീപനാളത്തിന്റെ മുന്‍ലക്കങ്ങള്‍ വീണ്ടും വായിച്ചുതീര്‍ത്തു. ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന എന്നീ ടെലിവിഷനുകളുടെ സേവനം എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. വിശ്വാസികളെ പുതിയ ഒരു പന്ഥാവിലേക്കു നയിക്കുവാന്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ക്കായി.
ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമൊട്ടാകെ വ്യാപിച്ച് ലക്ഷക്കണക്കിനാളുകള്‍ മരണമടഞ്ഞുകൊണ്ടിരിക്കുന്നു. അരക്കോടിയിലധികംപേര്‍ രോഗബാധിതരാണ്. സൂര്യനസ്തമിക്കാത്ത ലോകരാഷ്ട്രങ്ങള്‍പോലും ഈ വൈറസിന്റെ മുമ്പില്‍ പകച്ചുനില്‍ക്കുന്നു. മനുഷ്യനേത്രങ്ങള്‍ക്കു കാണുവാന്‍ സാധിക്കാത്ത ഈ വൈറസിനെ തുരത്തുവാന്‍ ഫലപ്രദമായ മരുന്നു കണ്ടുപിടിക്കുവാന്‍ ആധുനികശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
വൈറസ് പടര്‍ന്നുകൊണേ്ടയിരിക്കും. ഒരു ലോക്ഡൗണിനും അതിനെ തടയുവാന്‍ സാധിക്കില്ല. തടയണമെങ്കില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ കരുണയുണ്ടാകണം.
ചവിട്ടുനാടകത്തിന്റെ അമരക്കാരി
പരമ്പരാഗതക്രൈസ്തവകലാരൂപമായ ചവിട്ടുനാടകത്തിന്റെ അമരക്കാരി സബീന റാഫിയെ അനുസ്മരിച്ചുകൊണ്ട് ഫാ. ഡോ. വി.പി. ജോസഫ് എഴുതിയ ലേഖനം കാലോചിതമായി. പരമ്പരാഗതകലാരൂപങ്ങള്‍, പ്രത്യേകിച്ച്, ക്രൈസ്തവകലാരൂപങ്ങള്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു നാട്ടിലാണു നാമിന്നു ജീവിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ പുതിയ തലമുറയ്ക്ക് പഴമയുടെ സൗന്ദര്യങ്ങളെക്കുറിച്ച് എന്തറിയാം? അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. മുതിര്‍ന്ന തലമുറയും വേണ്ടവണ്ണം ഇത്തരം കലാരൂപങ്ങളെ അറിഞ്ഞിട്ടുണെ്ടന്നു തോന്നുന്നില്ല.
ജോസഫ് വലിയവീട്ടിലച്ചനെ ഇന്ന് അധികമാളുകളും അറിയുന്നത് ആയിരങ്ങള്‍ക്കാശ്വാസമായിത്തീര്‍ന്ന ഒരു ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ മാത്രമാണ്. എന്നാല്‍, പ്രാചീനക്രൈസ്തവകലാരൂപങ്ങളുടെ ഗവേഷണത്തിനും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി അച്ചനാരംഭിച്ച കൃപാസനം എന്ന സ്ഥാപനമാണ് പിന്നീട് ദൈവികമായ ഒരിടപെടലിലൂടെ ഒരു ധ്യാനകേന്ദ്രമായി മാറിയത് എന്ന സത്യം പലര്‍ക്കുമറിഞ്ഞുകൂടാ. സബീന റാഫിയുടെ സമഗ്രമായ ഒരു ചിത്രം നല്കുവാന്‍ ജോസഫച്ചനു കഴിഞ്ഞു. ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഈ ലേഖനത്തിലൂടെ ലേഖകന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഒരു സത്കൃത്യം തന്നെയാണ്. ജോസഫച്ചനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
സാബു ജോസഫ് കൈനകരി
ചികിത്സിക്കേണ്ടത് ആത്മഹത്യകളുടെ മൂലകാരണങ്ങളെ
നാട്ടില്‍ അനുദിനം ആത്മഹത്യകള്‍ പെരുകുന്നു. ജനജീവിതം വഴിമുട്ടുന്ന സാഹചര്യങ്ങള്‍ കൂടിവരുന്ന സ്ഥിതിക്ക്, മൂലകാരണങ്ങള്‍ ചികഞ്ഞെടുത്തു ചികിത്സിക്കുന്നില്ലെങ്കില്‍, ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടും.
പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളെ മാത്രം കണ്ടു പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശരിയല്ല. പാരമ്പര്യം, കുടുംബപശ്ചാത്തലം, വീട്ടുകാര്യങ്ങള്‍ തുടങ്ങിയ മൂലകാരണങ്ങളെ കണ്ടറിഞ്ഞു പ്രതിരോധിക്കണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉടന്‍ പ്രസ്താവനകള്‍ നടത്തരുത്. ഇത്തരക്കാരുടെ ഇടയിലും കൗണ്‍സെലിങ്ങ് വേണ്ടവരുണ്ട്. കാര്യങ്ങള്‍ കാണാതിരുന്നിട്ടു കാര്യമില്ല.
കൊറോണ ഒരു രോഗം മാത്രമല്ല. മനുഷരുടെ കണ്ണു തുറപ്പിക്കേണ്ട വലിയൊരു അടയാളംകൂടിയാണ്.
ഈ നില തുടര്‍ന്നാല്‍ കൊറോണമരണത്തേക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ ലോകത്തു സംഭവിച്ചെന്നു വരാം. സത്യത്തോട് ആദരം പുലര്‍ത്തുക, ഏതിനും ഏറ്റവും വലിയ ചികിത്സ അതുതന്നെ.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ
ഹൃദയസ്പര്‍ശിയായ നോവല്‍
ദീപനാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അഗസ്ത്യായനം എന്ന നോവല്‍ വളരെയധികം ഹൃദയസ്പര്‍ശിയാണ്. അതിലെ ഓരോ അധ്യായവും നമ്മെ പഴമയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. നോവലിന്റെ ഓരോ അധ്യായത്തിലെയും പശ്ചാത്തലം നമുക്കു സുപരിചിതം തന്നെ. കുഞ്ഞച്ചനിലൂടെ പാവപ്പെട്ട ഒരു വിഭാഗം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞു. പല അദ്ഭുതങ്ങളും കുഞ്ഞച്ചന്‍ എന്ന പുണ്യപുരോഹിതനു ചെയ്യാന്‍ കഴിഞ്ഞു. അതിലൂടെ ജനങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഇന്നും അനുസ്മരിച്ചുകൊണ്ടിരിക്കുന്നു. നോവലിസ്റ്റ് ഗിരീഷ് കെ. ശാന്തിപുരത്തിന് അഭിനന്ദനങ്ങള്‍. ഇതുപോലെയുള്ള കഥകള്‍ ദീപനാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ദൈവം അതിന്റെ അണിയറപ്രവര്‍ത്തകരെ അനുഗ്രഹിക്കട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.
ആര്‍ട്ടിസ്റ്റ് മുരളി കോട്ടയം