.ചിങ്ങമാസത്തില്‍ വിരുന്നു വന്നെത്തുന്ന
പൊന്നോണനാളിലെയാമ്പല്‍പ്പൂക്കള്‍
മലരിക്കല്‍ പാടത്ത് പുലരുംമുമ്പുണരുന്ന
''മലര്‍വാടി പുഷ്പങ്ങളാമ്പല്‍ക്കൂട്ടം.''
പട്ടുപുതച്ച പൂമെത്തപോലിപ്പാടം
കൂട്ടമായ് ആമ്പല്‍ നിറഞ്ഞിടുന്നു
ഓളപ്പരപ്പിലെ ശീതളക്കാറ്റേറ്റ്
താളത്തില്‍ പൂവുകള്‍ മെല്ലെയാടും.
പൂക്കള്‍ നിറഞ്ഞാമ്പല്‍ പൂത്തുനില്‍ക്കുന്നേരം
പൂങ്കാവനത്തിന്റെ ഭംഗിയേറും
എന്നും വിരിയുന്ന പൂക്കളിലോരോന്നി-
ലെന്നും നുകരുവാന്‍ തുമ്പിയെത്തും.
രണ്ടായിരത്തോളമേക്കറില്‍ പൂക്കുന്ന
കുണ്ടു നിറഞ്ഞ നെല്‍പ്പാടമാകെ
ചാകരയെന്നപോലാമ്പല്‍പ്പൂവൊക്കെയും
സാഗരമായി നിറഞ്ഞിടുന്നൂ.
കൊക്കുകള്‍, മുണ്ടികളെന്നിവ പൂവിന്റെ
വക്കിലിരുന്ന് പിടിക്കുന്നു മീന്‍
കുണ്ടില്‍ വളര്‍ന്നവയെങ്കിലുമീയാമ്പല്‍
കണ്ടു രസിക്കുവാനേറെയും പേര്‍.
പാടം നിറഞ്ഞെത്തും വെള്ളരിപ്രാവുകള്‍
കൂടിപ്പറക്കുമ്പോളെന്തു ഭംഗി!
കണ്ണെത്തും ദൂരത്തെയാമ്പല്‍ വൃന്ദാവനം
എണ്ണിയാല്‍ തീരാത്ത സ്വപ്നലോകം.
ബോട്ടില്‍ കയറി നാം ചുറ്റിടും നേരത്ത്
തൊട്ടു തലോടിപ്പറിച്ചിടാം പൂ.
പൂക്കളം ഭേദിച്ചു വള്ളം തുഴയുമ്പോള്‍
പൂക്കളെ നന്നായടുത്തു കാണാം.
മലരിക്കലോരോ പ്രഭാതം പുലരുമ്പോള്‍
മലരണിയാമ്പല്‍ വിരിഞ്ഞുനില്‍ക്കും
ചിരിതൂകി നില്‍ക്കുമീയാമ്പല്‍ പൂവാകെയും.
സൂര്യന്റെ ശോഭയില്‍ കൈകൂപ്പിടും.