•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇതു നമ്മുടെ വീട്

  • മക്കള്‍ക്ക് മാതാപിതാക്കള്‍ പഴഞ്ചനാണ്. പുതിയ കാലത്തിന്റെ അതിവേഗങ്ങള്‍ക്കൊത്ത് നടക്കാനറിയാത്തവര്‍. അവരുടെ ജീവിതം എല്ലാക്കാലവും ഇങ്ങനെ ആയിരുന്നുവെന്നാണു മക്കളുടെ വിചാരം. എന്നാല്‍, വളരെ അസാധാരണമായ കാര്യങ്ങള്‍ അവരുടെ ജീവിതംകൊണ്ടും നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു മനസ്സിലാക്കുന്നിടത്ത് അവര്‍ അദ്ഭുതംകൊള്ളുന്നു.

രു വീട് ചിത്രമാവുകയാണ്. സാധാരണ കാഴ്ചകള്‍. മിക്ക വീടുകളും ഇങ്ങനെയാണിന്ന്. വീട് വീടാക്കാന്‍ അവശത മറന്ന് ഏന്തിനടക്കുന്ന അമ്മയും ആരോഗ്യം കുറഞ്ഞ അതിസാധാരണക്കാരന്‍ അച്ഛനും. മക്കള്‍ അവരവരുടെ പുതിയ ലോകങ്ങളില്‍  ഓവര്‍സ്മാര്‍ട്ടായി ഒഴുകി നടക്കുന്നവര്‍. ഭക്ഷണം, വസ്ത്രം എല്ലാം മുറയ്ക്കു വീട്ടില്‍ കിട്ടുന്നതുപയോഗിക്കുകയും സ്വന്തമായ രാജ്യങ്ങളുള്ളവരെന്നു വിചാരിച്ച് ഉയര്‍ന്നുനില്‍ക്കുകയും അപ്‌ഡേഷനില്ലാത്ത അച്ഛനമ്മമാരെ സഹതാപത്തോടെ നോക്കുകയും ചെയ്യുന്നവര്‍. അവരുടെ ചിന്തകളിലും ചിറകുകളിലും പാറിയെത്താന്‍ കഴിവില്ലാത്തവരാണ് അച്ഛനമ്മമാര്‍ എന്നൊരു ധാരണയോടെ ഒഴിഞ്ഞുനടക്കുന്ന മക്കള്‍, അനുഭവങ്ങളിലൂടെ അവരിലേക്കുതന്നെ മടങ്ങിയെത്തുന്ന  കഥയാണ് 'ഹോം.'
റോജിന്‍ തോമസ് എന്ന സംവിധായകന്റെ ഏഴു വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കും അധ്വാനങ്ങള്‍ക്കുമൊടുവിലാണ് 'ഹോം' യാഥാര്‍ത്ഥ്യമായത്. ഈ നവസംവിധായകനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ സ്വന്തം ജീവിതവും ചേര്‍ന്നതാണോ എന്നു തോന്നിപ്പോകും. ആദ്യസിനിമ സൂപ്പര്‍ ഹിറ്റാക്കിയ യുവസംവിധായകനെ പുതിയ സിനിമ ചെയ്യാനേല്പിക്കുകയാണ് മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രമായ നിര്‍മാതാവ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ എഴുതാനിരിക്കുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന് എഴുത്തു മുന്നോട്ടു നീക്കാനാവുന്നില്ല. ഫ്‌ളാറ്റില്‍ ഭക്ഷണാവശിഷ്ടങ്ങളും ചുരുട്ടിക്കൂട്ടിയ കടലാസുകെട്ടുകളും കണ്ട് സഹികെട്ട നിര്‍മാതാവ് ആദ്യചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എവിടിരുന്നാണ് എഴുതിയതെന്നു ചോദിക്കുന്നു. അപ്പോഴാണ് അയാള്‍ തന്റെ വീടിനെക്കുറിച്ച് ഓര്‍ക്കുന്നത്. അങ്ങോട്ടു പോകാന്‍ അയാള്‍ തീരുമാനിക്കുകയാണ്. ആ വീട് തന്നെ ചേര്‍ത്തുപിടിക്കുമെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തുന്നു.
വീടിന്റെ സ്വാഭാവികചലനങ്ങളാണ് പിന്നീട്. അസുഖങ്ങളുള്ള വൃദ്ധനായ അപ്പച്ചനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനറിയാത്ത അപ്പനും വീട്ടുഭാരങ്ങള്‍ മുഴുവന്‍ തലയിലേറ്റുന്ന അമ്മ കുട്ടിയമ്മയും അനിയനുമടങ്ങുന്ന കുടുംബത്തിന്റെ ചിത്രങ്ങളാണു തുടര്‍ന്നുവരുന്നത്.
അദ്ഭുതാവഹമായ ശാന്തതകൊണ്ട് അദ്ഭുതപ്പെടുത്തുന്ന കഥാപാത്രമാണ് ഇന്ദ്രന്‍സിന്റേത്. 'അയ്യോ പാവം' പോലെ ഒരാള്‍. ചിരിച്ചാലും കരഞ്ഞാലും ഒരുപോലെ. എന്നാല്‍, ഒരു സീനില്‍ അയാളൊരു ചിരി ചിരിക്കുന്നുണ്ട്. ഊറിയൂറിവന്ന് നിറഞ്ഞുതുളുമ്പുന്ന ചിരി. ഒലിവര്‍ ട്വിസ്റ്റെന്നു പേരുള്ള ഈ സിനിമയിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രം ശക്തമാകുന്നതില്‍ അദ്ദേഹത്തിന്റെ രൂപഭാവങ്ങളും വേഷധാരണവും വലിയ സഹായമേകി. ഒരു കാര്‍ട്ടൂണ്‍വരപോലെയാണ് ചില സീനുകളില്‍ ഇന്ദ്രന്‍സെത്തുന്നത്. എന്നാല്‍, വ്യത്യസ്തമായ ബനിയനുകളും ഒന്നാന്തരം പാന്റും ഫുള്‍ സ്ലീവ് ഷര്‍ട്ടുമൊക്കെയിട്ട് അമ്പരപ്പിക്കുന്ന ആകര്‍ഷണീയതയോടെയാണ് അദ്ദേഹം ചിത്രം കൈയടക്കിയത്. സുന്ദരക്കുട്ടപ്പന്‍മാരായ നായകന്‍മാര്‍ക്കു തരാന്‍ കഴിയാത്തത്ര അദ്ഭുതമാണ് വേഷവിധാനത്തിലൂടെ ഇന്ദ്രന്‍സ് പകരുന്നത്. അങ്ങനെ അദ്ദേഹത്തെ അണിയിച്ചൊരുക്കിയ കലാകാരന്റെ ഭാവനയ്ക്ക് അഭിവാദനങ്ങള്‍! തലയില്‍ മുടി അത്യാവശ്യത്തിനുപോലുമില്ലെങ്കിലും ആ ചീകിവയ്ക്കലും കൗതുകമാകുന്നു.
അതുപോലെ മഞ്ജു പിള്ളയുടെ കുട്ടിയമ്മ. ഇത്ര സാധാരണമായി മഞ്ജു ഇതിനുമുമ്പ് സീരിയലിലും സിനിമകളിലും പെരുമാറിക്കണ്ടിട്ടില്ല. പൊട്ടിച്ചിരികളും അമിതാഭിനയവും ഇടകലര്‍ന്നല്ലാതെയൊരു കഥാപാത്രമാവാന്‍ മഞ്ജുവിനും ഭാഗ്യം കിട്ടി. മുന്‍ഭാഗത്തെ പല്ലുകള്‍ കുറച്ച് പൊന്തിച്ചപ്പോള്‍ കഥാപാത്രം കൂടുതല്‍ നന്നായി.
തണ്ണീര്‍മത്തന്‍ദിനങ്ങള്‍തൊട്ട് പ്രേക്ഷകര്‍ നോട്ടമിട്ടതാണ് നെസ്‌ലന്‍ എന്ന കൗമാരക്കാരനെ. 'കുരുതി'യിലും ഉണ്ടായിരുന്നു അവന്‍. എന്നാല്‍, ഈ വീട്ടിലെത്തുമ്പോള്‍ കുറെക്കൂടി അരുമയാകുന്നു അയാള്‍. ഇനിയും കുറെ കഥാപാത്രങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ അയാളില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നുണ്ട്.
മക്കള്‍ക്ക് മാതാപിതാക്കള്‍ പഴഞ്ചനാണ്. പുതിയ കാലത്തിന്റെ അതിവേഗങ്ങള്‍ക്കൊത്ത് നടക്കാനറിയാത്തവര്‍. അവരുടെ ജീവിതം എല്ലാക്കാലവും ഇങ്ങനെ ആയിരുന്നുവെന്നാണു മക്കളുടെ വിചാരം. എന്നാല്‍, വളരെ അസാധാരണമായ കാര്യങ്ങള്‍  അവരുടെ ജീവിതംകൊണ്ടും നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു മനസ്സിലാക്കുന്നിടത്ത് അവര്‍ അദ്ഭുതംകൊള്ളുന്നു. ഓരോ ജീവിതവും മഹനീയമാണെന്ന സന്ദേശമാണ് 'ഹോം' പകരുന്നത്. ഇത്ര ഹൃദയസ്പൃക്കായി വീടിന്റെ സ്പന്ദനങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു.
സിനിമ കണ്ട സമയം സന്തോഷമായിരുന്നു. വേറേ കുനുഷ്ടുകളൊന്നും ചിന്തിച്ചില്ല. എന്നാലിപ്പോള്‍ ഓരോന്നൊക്കെ കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂഷനാകുന്നു. എഴുതിയ ആള്‍ സ്വപ്നത്തില്‍പ്പോലും കരുതാത്തവിധം ആഗോളീകരണവും അടിയൊഴുക്കുകളും ചിന്താവ്യാപാരങ്ങളും പകര്‍ന്ന് ഒരു കലാസൃഷ്ടിയെ വേവലാതിപ്പെടുത്തുന്നതു കാണുമ്പോള്‍ വായിച്ചവരും കാഴ്ചക്കാരും അന്തംവിടുന്നതുേപാലൊരനുഭവം ഈ സിനിമയ്ക്കുണ്ടാവാതിരിക്കട്ടെ.
പുട്ടിനു പീരപോലെ ഇത്തിരി സ്ത്രീവിരുദ്ധത, ഇത്തിരി മതം അല്ലെങ്കില്‍ അതുപോലെ വേറെന്തെങ്കിലുമൊക്കെയിട്ടു സാമ്പാറാക്കണ്ട. കാണുന്നവര്‍ കണ്ടോട്ടെ.
വീടു നോക്കുന്ന സ്ത്രീക്കു യഥാസമയം അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് കുട്ടിയമ്മ കാണിച്ചുതരുന്നുണ്ട്. അതുപോലെ, ശ്രീനിവാസനും ഉര്‍വശിക്കും കൊടുക്കാനുദ്ദേശിച്ച കഥാപാത്രങ്ങളാണ് ഇന്ദ്രന്‍സ് - മഞ്ജു പിള്ളമാരിലേക്കു വന്നതെന്നും വായിച്ചു. അത് ഏതായാലും നന്നായി എന്നേ  പ്രേക്ഷകര്‍ക്കു തോന്നുകയുള്ളൂ. വിചാരിക്കാത്തവിധം അര്‍ഹതയുള്ളിടത്തു കടന്നിരിക്കാന്‍ കാലം യഥാര്‍ത്ഥ പ്രതിഭയ്ക്ക് തുണ നില്‍ക്കുമെന്നതിന്റെ തെളിവാണീ ചിത്രം.
പ്രായവും അവശതകളുംകൊണ്ടു തളര്‍ന്നേ കാന്തരായി കിടക്കുന്ന അച്ഛനും അമ്മയ്ക്കുമിടയിലേക്കു നൂണുകയറി അവരോടു ചേര്‍ന്നുറങ്ങുന്ന മക്കളുടെ ചിത്രം പുതിയ ലോകത്തിന്റെ ആശ്വാസചിത്രമാകുന്നു.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, മണിയന്‍പിള്ള രാജു, ജോണി ആന്റണി, നെസ്‌ലന്‍, കെ.പി.എ.സി. ലളിത തുടങ്ങി അഭിനേതാക്കളുടെ ആകര്‍ഷകമായ നിരതന്നെ ചിത്രത്തിലുണ്ട്. അനൂപ് മേനോന്‍ സിനിമാനടന്റെ വേഷത്തിലെത്തുന്നു. ഫ്രൈഡേ ഫിലിംസാണ് നിര്‍മാണം. നിര്‍മാതാവ് വിജയ് ബാബു ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായും പ്രത്യക്ഷപ്പെടുന്നു. മുമ്പെങ്ങും കാണാത്തവിധം ഒരു നല്ല സിനിമ അണിയിച്ചൊരുക്കുന്നതില്‍ പിന്നണിപ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)