ലോകമിന്നു ഭീതിയില്‍ കഴിഞ്ഞിടുന്നഹോ
''കൊറോണ''ബാധയേറ്റു നാം കരഞ്ഞിടുന്നുവോ?
എത്ര ദാരുണം സ്ഥിതി എത്ര ഭീകരം
ഇതിനറുതി വേണ്ടയോ? കരേറ്റമാവില്ലേ?
ലോകാരംഭകാലം തൊട്ടേ രോഗപീഡകള്‍
വ്യാപനകാഠിന്യവും കണ്ട കാലമേ
ലോകജനത ജീവഹാനിയാല്‍ക്കുറഞ്ഞതും
കണ്ടുകാലം ദൃഢതയാര്‍ന്നജയ്യനായതും,
ഓര്‍ത്തിടുന്നുവെങ്കിലും കൊറോണമാരിയെ
സൗഖ്യമാക്കി ലോകരക്ഷ സാധ്യമാക്കിടാന്‍
ലോകതാതന്‍ തന്നെ വന്നനുഗ്രഹിക്കണം
മറുമരുന്നു കണ്ടതുമനുഗ്രഹമഴ.
സത്യധര്‍മ-നീതി-കരുണ തത്ത്വശാസ്ത്രങ്ങള്‍
പുല്ലുപോലെ വലിച്ചെറിഞ്ഞു വിജയഭേരിയോ?
ലോകത്തെ കീഴടക്കാന്‍ ശക്തിയാര്‍ന്നവര്‍
എന്തിനുമേതിനും കരുത്തരായവര്‍.
ഈയൊരു അഹന്തയാല്‍ വിജയകാഹളം
മുഴക്കിയങ്ങു മാനവന്‍ കുതിച്ചുപോകവേ
'ഈ പോക്കു നല്ലതല്ല'യെന്ന ഓതലില്‍
അന്ധമായ തേരോട്ടത്തിന്നറുതി വന്നതോ?
ലോകം പാപയിരുളിലാണ്ടു കെട്ടുപോകരു-
തെന്ന ദൃഢദൈവചിന്തയാല്‍ ഭവിച്ചതോ?
കേവലമൊരണുവിന്‍ വരവൊക്കെ മാറ്റിയോ?
ജനം ഞെരിപിരികൊള്ളും കാലം വന്നുവോ?
മാനവന്റെ അഹന്തതന്‍ കെട്ടുകളൊക്കെ
അഴിഞ്ഞിവിടെ ജീവനായി കേണിടുംകാലം
പ്രാണവായു കിട്ടാതങ്ങു ജീവസഞ്ചയം
പ്രാണനറ്റു വീണടിഞ്ഞു തീരും കാഴ്ചകള്‍
ഇതിനൊരന്ത്യം വരണം ലോകനാഥാ, നിശ്ചയം
ലോകകെടുതി നീക്കി നീ പ്രകാശമേകണം
സൃഷ്ടി തന്ന നാഥന്‍തന്നെ രക്ഷയേകണം
പാപമക്കള്‍ പതനഹേതുവായിയെങ്കിലും.
അകക്കണ്ണില്‍ വെട്ടമേകി ഇരുളകറ്റണം
നേര്‍വഴികള്‍ കണ്ടുനീങ്ങാന്‍ വെളിച്ചമേകണം
സ്‌നേഹവും നീതിയും കരുണയുമൊത്ത
സുപ്രഭാതമൊന്നു നീ വരുത്തി വയ്ക്കണം.
അകവെളിവില്‍ ശാന്തിപൂകിയുള്ള ജീവിതം
ആസ്വദിപ്പാന്‍ ലോകമക്കള്‍ പാകമായിടാന്‍
ഇക്കാലദുരന്തമഴയ്ക്കറുതി വരുത്തിടാന്‍
രക്തക്കണ്ണീരൊഴുക്കിയിതാ പ്രാര്‍ത്ഥിക്കുന്നിവര്‍.
ഇക്കൂരിരുള്‍ നീങ്ങി വെട്ടം വന്നിടും
താമസംവിനായൊക്കെ സംഭവിച്ചിടും
ആശയറ്റുപോയിടാതെ കാത്തുനിന്നിടാം
അര്‍ച്ചന - പ്രതീക്ഷതന്‍ കൊടിയുമേന്തിടാം.