•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വേണ്ട, ഇനി ആണവായുധം

ഭൂമുഖത്ത് ആദ്യമായി അണുബോംബു വര്‍ഷിച്ചത് അമേരിക്കയായിരുന്നു. ഒരുലക്ഷത്തിനാല്പതിനായിരത്തിലധികം മനുഷ്യജീവനുകള്‍ ജപ്പാനില്‍ നിമിഷങ്ങള്‍ക്കകം കത്തിച്ചാമ്പലായി. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിക്കരിഞ്ഞു. അണുബോംബിന്റെ പാര്‍ശ്വഫലങ്ങളായി മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ജപ്പാന്‍ജനതയെ ഇപ്പോഴും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ മുന്നിലെ വലിയൊരു ഭീഷണിയാണ് ആണവമാലിന്യങ്ങള്‍. കോണ്‍ക്രീറ്റ് കുടീരങ്ങള്‍ക്കുള്ളില്‍ അടക്കം ചെയ്തിരിക്കുന്ന ഈ വിഷവസ്തുക്കള്‍ കടലിലേക്കും അന്തരീക്ഷവായുവിലേക്കും ചോര്‍ന്നെത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാക്കുംവിധം വിനാശകരമായ പരിസ്ഥിതിപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ആണവമാലിന്യം.
ആണവനിലയദുരന്തങ്ങളുടെയും ആണവായുധപരീക്ഷണങ്ങളുടെയും ആണവയുദ്ധങ്ങളുടെയും ഫലമായുണ്ടാകുന്ന റേഡിയോവികിരണശേഷിയുള്ള അവശിഷ്ടങ്ങള്‍ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അതിഭീകരവും തലമുറകളോളം പ്രതികൂലമായി ബാധിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ, ലോകത്ത് ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട്, നിരവധി അന്താരാഷ്ട്ര ഉടമ്പടികള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം ഉടമ്പടികളിലെ വ്യവസ്ഥകള്‍ അവഗണിച്ചുകൊണ്ട് ആണവശക്തികള്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ദുരന്തഫലം ലോകത്തിലെ പല രാജ്യങ്ങളും അവിടത്തെ ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ആണവപരീക്ഷണങ്ങള്‍ നടന്ന ഇന്ത്യയുടെ പൊക്കറാനും അമേരിക്കയുടെ മാര്‍ഷല്‍ ദ്വീപസമൂഹവും റഷ്യയുടെ കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്ത ഇടങ്ങളും പരിസരങ്ങളും  ചൈനയുടെ വിവിധ കേന്ദ്രങ്ങളും ആണവചോര്‍ച്ചകള്‍ ഉണ്ടായ മറ്റു പ്രദേശങ്ങളും ലോകത്തിന്റെ വിവിധഭാഗത്തായി അണുവികിരണങ്ങളുടെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തിനും, മനുഷ്യനുംനേരേ ആക്രമണം നടത്തുന്ന തീവ്രവാദികള്‍വരെ ഇന്ന് അണുബോംബിന്റെയും ആണവായുധങ്ങളുടെയും സൂക്ഷിപ്പുകാരാവുന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്.
അമേരിക്കയെയും റഷ്യയെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഫലമായി ജീവന്‍ നഷ്ടമായത് 1.94 ലക്ഷം പേര്‍ക്കെന്നാണ്  റിപ്പോര്‍ട്ട്. 1964 നും 1996 നും ഇടയില്‍ ചൈന വിജയകരമായി നടത്തിയ 45 ആണവപരീക്ഷണങ്ങളുടെ ഫലമായാണ് ഇത്രയും മനുഷ്യജീവന്‍ നഷ്ടമായതെന്ന് അമേരിക്കന്‍മാസികയായ ദ നാഷണല്‍ ഇന്ററസ്റ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ സൂസ്യുവിന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
ലോകമാഗ്രഹിക്കുന്നത് യുദ്ധമില്ലാത്ത നാളുകള്‍തന്നെയാണ്. ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ലോകനാശത്തിലേക്കായിരിക്കും നയിക്കുകയെന്നത് പ്രവചനത്തിനപ്പുറം സംഭവിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യരാശിയെ സ്‌നേഹിക്കുന്ന രാഷ്ട്രനേതാക്കള്‍ അതുകൊണ്ട് ഇത്തരം പരീക്ഷണങ്ങളില്‍നിന്നു പിന്മാറുകയാണു ചെയ്യേണ്ടത്. ഓരോ ഓഗസ്റ്റ് 29 ഉം ആണവപരീക്ഷണങ്ങള്‍ക്കെതിരായ ദിനമായി ലോകമെങ്ങും ആചരിക്കുമ്പോള്‍ ആണവായുധമുക്തലോകത്തിനായി സമാധാനകാംക്ഷികളായ ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുന്നു. ഇനിയും അത്തരത്തിലുള്ള ഒരു ആണവദുരന്തം താങ്ങാനുള്ള കരുത്തു ലോകത്തിനില്ല.
ആണവായുധങ്ങളുടെ കരിനിഴലില്‍നിന്നു ലോകം മോചിതമാകണം. രാസായുധങ്ങളും ആണവായുധങ്ങളും ഉള്‍പ്പെടെ കൂട്ടനശീകരണത്തിനു ശക്തിയുള്ള എല്ലാ ആയുധങ്ങളും ഇല്ലാതാക്കണം. അതുമാത്രമാണ് സുരക്ഷിതലോകത്തിലേക്കുള്ള വഴി. ഈ ആയുധങ്ങള്‍ ഉള്ളിടത്തോളം ലോകം മുഴുവന്‍ ഭീതിയുടെ നിഴലിലായിരിക്കും. ആണവപരീക്ഷണങ്ങള്‍ ഒന്നിനും പരിഹാരമല്ല.
ആണവപരീക്ഷണംകൊണ്ട് ഒരു രാജ്യം രണ്ടു കാര്യങ്ങളാണ് ലക്ഷ്യമാക്കുന്നത്. ഒന്ന്, ഒരു അണുബോബ് ഉണ്ടാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക, രണ്ടാമത്തേതും പരമപ്രധാനവുമായ ലക്ഷ്യം, മറ്റുള്ളവരെ തങ്ങള്‍ക്ക് ഒരു അണുബോബ് ഉണ്ടാക്കാനാവശ്യമായ ശേഷിയുണ്ടെന്നു ബോധ്യപ്പെടുത്തുക. സംഘര്‍ഷങ്ങള്‍ക്കു പരിഹാരമായി ആണവായുധപ്രയോഗം ആകാമെന്ന ഭീഷണി സ്ഥിരമായി നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണു നമുക്കു സമാധാനത്തെക്കുറിച്ചു പറയാനാകുക?
ചരിത്രത്തിലുടനീളം ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യവംശത്തിനു നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. കൂട്ടമരണങ്ങള്‍, തലമുറകളിലേക്കു പടരുന്ന ജനിതകരോഗങ്ങള്‍, അനാഥത്വം, സമ്പത്തിന്റെ ജീവനോപാധികളുടെയും നാശം. ഇതു മാത്രമാണ് ആണവപരീക്ഷണങ്ങള്‍ ഈ ഭൂമണ്ഡലത്തില്‍ സൃഷ്ടിച്ചത്. മാനവരാശിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഹൃദയം തുറന്ന ചര്‍ച്ചകള്‍ നടത്തി ആണവായുധമുക്തലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലോകനേതാക്കള്‍ക്കു കഴിയട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)