സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തില്‍ മഹാത്മാഗാന്ധി കഴിഞ്ഞാല്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന പേരാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. സ്വതന്ത്രേന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയെന്നതു മാത്രമല്ല നെഹ്‌റുവിന്റെ സവിശേഷത. ഇന്ത്യയെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റിയതില്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണവും പ്രായോഗികതയും പ്രധാനമാണ്. നെഹ്‌റുവിയന്‍ വികസനമാതൃകയാണ് ആധുനിക ഇന്ത്യയ്ക്കു കരുത്തായി മാറിയത്. ദാര്‍ശനികനും മനുഷ്യസ്‌നേഹിയും എഴുത്തുകാരനും പ്രഭാഷകനും മികച്ച ഭരണാധികാരിയുമായിരുന്ന മഹാനായ രാഷ്ട്രശില്പിയാണ് നെഹ്‌റുവെന്നതു വിസ്മരിക്കാനാകില്ല.
മഹാത്മാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന നെഹ്‌റു സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. ഇംഗ്ലണ്ടില്‍ പഠിച്ച് ബാരിസ്റ്റര്‍ ബിരുദം നേടിയ നെഹ്‌റുജി രാജ്യത്തിനായി സ്വയം സമര്‍പ്പിച്ച
തിന്റെ സത്ഫലങ്ങളാണു പുതുതലമുറ അനുഭവിക്കുന്ന ജീവിതസൗകര്യങ്ങള്‍. അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നെങ്കിലും നിയമജീവിതം ഹ്രസ്വമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പൂര്‍ണമായും ഇടപെടാനാണു ജോലി ഉപേക്ഷിച്ചതെന്നതും മറക്കരുതല്ലോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എന്ന നിലയില്‍, 1929 ല്‍ ബ്രിട്ടീഷ്‌രാജില്‍നിന്ന് പൂര്‍ണസ്വാതന്ത്ര്യം ആവശ്യപ്പെട്ട നേതാവാണ് നെഹ്‌റു.
എല്ലാത്തിന്റെയും തുടക്കക്കാരന്‍
ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ നെഹ്‌റു വിഭാവനം ചെയ്ത വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, വലിയ പൊതുമേഖലാ സ്ഥാപനങ്ങള്‍, ശാസ്ത്ര - സാങ്കേതിക ഗവേഷണസ്ഥാപനങ്ങള്‍, അണക്കെട്ടുകള്‍ തുടങ്ങിയവയാണ് ആധുനിക ഇന്ത്യയുടെ അടിത്തറ. ചേരിചേരാനയത്തിലൂടെ ആഗോളതലത്തില്‍ ഇന്ത്യയ്ക്കു പ്രസക്തിയും ശക്തിയും നേടാനും കാരണക്കാരന്‍ നെഹ്‌റുവായിരുന്നു. ദീര്‍ഘവീക്ഷണമുള്ള, ജനങ്ങളോടു പ്രതിബദ്ധതയുള്ള പണ്ഡിറ്റ്
നെഹ്‌റുവാണ് രാജ്യ
ത്തെ സ്വയംപര്യാപ്തതയിലേക്കു നയിച്ചതെന്നതിലും തര്‍ക്കമില്ല.
സ്വാതന്ത്ര്യസമരത്തിലും അരാജകത്വത്തിലേക്കു പോകുമായിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തിലെ ബിജെപി - ആര്‍എസ്എസ് സര്‍ക്കാരിനു വൈമുഖ്യമാണ്.
ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, ജനാധിപത്യം, മതേതരത്വം എന്നിവയിലെല്ലാം വെള്ളം ചേര്‍ക്കാനും കാവി പുതപ്പിക്കാനുമുള്ള തത്രപ്പാടിലാണു ബിജെപി സര്‍ക്കാരുകള്‍. വിദ്യാഭ്യാസത്തിലും ചരിത്രത്തിലും ഇതിനായി തിരുത്തലുകളും വെട്ടലുകളും കൂട്ടി
ച്ചേര്‍ക്കലുമായി പലതരം പ്രഹസനങ്ങളാണു നടക്കുന്നത്.
സ്വാതന്ത്ര്യസമരത്തില്‍ കാര്യമായ പങ്കാളിത്തമില്ലാത്ത ആര്‍എസ്എസ്, സംഘപരിവാര്‍ നേതാക്കളെ സ്വാതന്ത്ര്യസമരസേനാനികളാക്കി ചിത്രീ കരിക്കാനാണു പുതിയ ശ്രമം. ഒപ്പം, രാഷ്ട്രനിര്‍മിതിയിലെ ഏറ്റവും പ്രബലരായ നേതാക്കളെ ഇകഴ്ത്തിക്കാട്ടാനും ചരിത്രരേഖകളില്‍നിന്ന് വെട്ടിമാറ്റാനും നാണംകെട്ട, തരംതാണ നീക്കങ്ങളും നടക്കുന്നു.
ഒഴിവാക്കിയത് സാങ്കേതികപിഴവല്ല
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷപോസ്റ്ററില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയ നടപടി ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തെ മായ്ച്ചുകളയാനുള്ള പാഴ്ശ്രമങ്ങളുടെ ഭാഗമാണെന്നതില്‍ സംശയമില്ല. സാങ്കേതികപിഴവാണെന്നും ഭാവിയിലെ പോസ്റ്ററില്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്തുമെന്നു
മാണ് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) വിശദീകരിക്കുന്നത്. ഈ വിശദീകരണംതന്നെ അപഹാസ്യവും അപലപനീയവും അസംബന്ധവുമാണെന്നു പറയാതെ വയ്യ.
'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിലുള്ള സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡിജിറ്റല്‍ പോസ്റ്ററില്‍ നിന്നാണ് പ്രഥമപ്രധാനമന്ത്രിയും സ്വാതന്ത്ര്യചരിത്രത്തിലെ പ്രധാനിയുമായ പണ്ഡിറ്റ് നെഹ്റുവിനെ കേന്ദ്രം ഒഴിവാക്കിയത്. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത്‌സിംഗ്, ഡോ. ബി.ആര്‍. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, രാജേന്ദ്രപ്രസാദ്, മദന്‍ മോഹന്‍ മാളവ്യ എന്നിവരുടെയും വി.ഡി. സവര്‍ക്കറുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററിലാണ് നെഹ്‌റുവിനെ പുറത്താക്കിയതെന്നതാണു തമാശ.
ഐസിഎച്ച്ആര്‍ വെബ്‌സൈറ്റിലെ പോസ്റ്ററില്‍നിന്നു ഫോട്ടോ ഒഴിവാക്കിയാല്‍ ഇല്ലാതാവുന്നതല്ല രാഷ്ട്രശില്പിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവനകളെന്നു മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞതാണു ശരി. കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാവുകയാണു ചരിത്രകൗണ്‍സില്‍. സ്വാതന്ത്ര്യസമരത്തില്‍ നെഹ്റുവിനു പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള അപഹാസ്യമായ ശ്രമങ്ങളാണു മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടരുന്നതെന്ന എ.കെ. ആന്റണിയുടെ വാക്കുകളിലും കഴമ്പുണ്ട്.
വിദ്വേഷം, മുന്‍വിധി തുടങ്ങിയവയ്ക്കുമുന്നില്‍ തലകുനിച്ച ശേഷം പരിഹാസ്യമായ വിശദീകരണവുമായി വരാതെ ഐസിഎച്ച്ആര്‍ വായടച്ചിരിക്കുകയാണു നല്ലതെന്നു പി. ചിദംബരം പറഞ്ഞതു ശ്രദ്ധേയമായി. മോട്ടോര്‍ കാറുകളുടെ പിറവി ആഘോഷിക്കുമ്പോള്‍ ഹെന്‍ട്രി ഫോര്‍ഡിനെയോ വിമാനയാത്രയുടെ ചരിത്രം ആഘോഷിക്കുമ്പോള്‍ റൈറ്റ് സഹോദരന്മാരെയോ ഇന്ത്യന്‍ ശാസ്ത്രത്തിന്റെ ആഘോഷത്തില്‍നിന്ന് സി.വി. രാമനെയോ ഒഴിവാക്കുമോയെന്നു മുന്‍ കേന്ദ്രധനമന്ത്രി ചോദിച്ചു.
മതേതരമാകണം
രാഷ്ട്രസങ്കല്പം
സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിലെ പോസ്റ്ററില്‍നിന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരശബ്ദമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതു തീര്‍ത്തും നിസ്സാരമായൊരു പിഴവായി കാണാനാകില്ല. രാഷ്ട്രീയ, മത താത്പര്യങ്ങള്‍ക്കായി ചരിത്രനിന്ദ നടത്തുന്നത് അംഗീകരിക്കാനാകില്ല. ഗുരുതരമായ തെറ്റിന്റെ പേരില്‍ ക്ഷമാപണം നടത്താന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാരോ തയ്യാറായതുമില്ല.
മലബാര്‍ കലാപത്തിലെ നായകരായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം 387 പേരുകള്‍ സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ പട്ടികയില്‍ നിന്നു നീക്കാന്‍ ശിപാര്‍ശ ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പുതിയ വിവാദനടപടി.
സ്വാതന്ത്ര്യസമരനായകരെയും സേനാനികളെയും അപമാനിക്കുന്നതു രാജ്യസ്‌നേഹികളായ പൗരന്മാരെയെല്ലാം വേദനിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിലെ അപകടങ്ങള്‍ വലുതാണ്. അഫ്ഗാനിസ്ഥാന്റെ തകര്‍ച്ചയും താലിബാന്റെ വളര്‍ച്ചയും ആ രാജ്യത്തിനുപോലും സമാധാനം നല്‍കിയില്ല. ഐഎസും അല്‍ഖ്വയ്ദയും അടക്കമുള്ള മനഃസാക്ഷി മരവിപ്പിക്കുന്ന കൊടുംഭീകരതയ്ക്കു വളമാകുന്നതും മതരാഷ്ട്രങ്ങളാണെന്നു തീവ്രമതവാദികള്‍ വിസ്മരിക്കരുത്.