സമര്‍പ്പിതര്‍ ഏറെ വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത് എന്ന നിരീക്ഷണം ഇന്നു പലര്‍ക്കുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ സമര്‍പ്പിതജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളിക്ക് അനുകൂലമായ മറുപടി നല്കുവാന്‍ ആത്മധൈര്യമുള്ളവര്‍ക്കേ പറ്റൂ. ആത്മധൈര്യവും ദൈവാഭിമുഖ്യവുമുള്ള മാതാപിതാക്കളും സഹോദരങ്ങളും ഇത്തരം വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമാണ്. ഈശോമിശിഹായെയും അവിടുത്തെ സഭയെയും പ്രതി അഭിമാനത്തോടെ കുരിശേന്തുവാനുള്ള വിളിയാണ് ഒരു വ്യക്തി സമര്‍പ്പിതജീവിതത്തിലൂടെ സ്വീകരിക്കുന്നത്.
സമര്‍പ്പിതവ്യക്തിയുടെ ആത്മധൈര്യത്തിന്റെ അടിസ്ഥാനം ഈശോയോടുകൂടി ആയിരിക്കുന്നതാണ്. അവിടുത്തോടുകൂടി ആയിരുന്നുകൊണ്ടുവേണം സുവിശേഷം പ്രസംഗിക്കുവാന്‍ അയയ്ക്കപ്പെടുന്നതും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം സ്വീകരിക്കുന്നതും (മര്‍ക്കോ. 3:13-19). മിശിഹാനുഭവത്തെ തീക്ഷ്ണതയോടെ പ്രഖ്യാപിക്കുന്ന യോഹന്നാന്‍ ശ്ലീഹായെ കേള്‍ക്കുക. ''ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു (1 യോഹ 1:1). സ്വന്തമാക്കിയ മിശിഹാനുഭവത്തിന്റെ തീക്ഷ്ണതയാല്‍ ജ്വലിക്കുന്നവരാണ് തങ്ങളെന്ന് ശ്ലീഹാ വ്യക്തമാക്കുന്നു. ആ അനുഭവതീക്ഷ്ണതയുള്ളതിനാല്‍ വിലക്കുന്നവരുടെ വാക്കുകള്‍ തങ്ങള്‍ക്കു സ്വീകാര്യമല്ല. ആരോപണങ്ങളും കിംവദന്തികളും തങ്ങളെ തടയുവാന്‍ പോരുന്നവയല്ല.
ഈശോമിശിഹായെ സ്വന്തം ഹീറോയായി സ്വീകരിക്കുന്ന സമര്‍പ്പിതവ്യക്തിക്കു നിരാശയ്ക്കിടമില്ല. ഏതു മനുഷ്യവ്യക്തിയെ തന്റെ ഹീറോ അഥവാ ഹീറോയിന്‍ ആക്കിയാലും സമര്‍പ്പിതവ്യക്തിത്വത്തിനു പരാജയസാധ്യത കൂടുതലായുണ്ടാകും. സമര്‍പ്പിതജീവിതത്തിന്റെ സന്തോഷത്തിനും സംതൃപ്തിക്കും പകരം അസന്തോഷവും അതൃപ്തിയും ഉണ്ടായേക്കാം. സമര്‍പ്പിതരുടെ ശക്തിയും മാതൃകയും ഈശോ തന്നെയായിരിക്കും.