(ഓട്ടന്‍തുള്ളല്‍)
അടിയനൊരല്പം കാര്യം പറയാന്‍
കടുകോളം വരമരുളീടേണം.
തെറ്റു പൊറുത്തു കടാക്ഷിക്കേണേ
ഞങ്ങള്‍ക്കാശ്രയം മറ്റൊന്നില്ല.
മതിഗുണമേലും ഗുരുവരരെല്ലാം
അതിമുദിതം മേ; വരമരുളേണം.
എന്നാലിനിയൊരു കാര്യം പറയാം
എന്നുടെ ഗുരുവരനരുളിയപോലെ.
കര്‍ഷകമക്കടെ വേദനയാണേ!
ദുരിതം ഞങ്ങളുണര്‍ത്തീടട്ടെ.
ഭാരതനാടു ഭരിച്ചീടുന്നൊരു
കേന്ദ്രത്തോടങ്ങുര ചെയ്യുന്നേന്‍.
എം.പീ. മാരതു കേട്ടീടേണം
എം.എല്‍.എ.മാരതു കണ്ടീടേണം.
നിങ്ങളെയൊക്കെ ജയിപ്പിച്ചല്ലോ?
കഷ്ടം! ഞങ്ങളതോര്‍ത്തു കരഞ്ഞേ.
കേരളമുഖ്യന്‍, കേട്ടീടേണേ
കര്‍ഷകമക്കള്‍ ആകെ വലഞ്ഞു.
അഷ്ടിക്കും വകയില്ലാതായി
കഷ്ടപ്പെട്ടു കഴിഞ്ഞുവരുന്നു.
കട്ടന്‍കാപ്പി കുടിക്കാന്‍പോലും
കഷ്ടതയാണേ; കേട്ടീടേണം.
വിളകള്‍ക്കൊന്നും വിലയില്ലാതായ്
കര്‍ഷമക്കള്‍ വലഞ്ഞീടുന്നു.
റബറുണ്ടൊരുവനു വിലയതിനില്ല
ചിരട്ടപ്പാലും വേണ്ടെന്നായി.
ചുക്കും മഞ്ഞളുമാര്‍ക്കും വേണ്ട
കൊക്കോക്കായും വേണ്ടെന്നായി.
പാക്കുണ്ടൊരുവനു വിലയതിനില്ല
കുരുമുളകപരനു വിളവതിനില്ല.
വാനിലയെന്നൊരു കൂട്ടം വന്നു
ആയതിനും വിലയില്ലാതായി.
തേങ്ങാ മൂന്നു കൊടുത്തെന്നാകില്‍
'മാങ്ങാ' ഒന്നുകിടച്ചെന്നാകും.
നെല്ലെന്നുള്ളൊരു വിളയെപ്പലരും
എല്ലാമങ്ങു മറന്നേ പോയി.
കപ്പയ്ക്കും വിലയില്ലാതായി
കാപ്പിക്കുരുവുമതങ്ങനെതന്നെ.
കഷ്ടം! നമ്മുടെ ഭവനങ്ങളുടെ
കഷ്ടസ്ഥിതിയതു കഠിനംതന്നെ!
പെണ്ണിനു പ്രായം തെല്ലുകഴിഞ്ഞാല്‍
ഉണ്ണുമ്പോഴുമുറങ്ങുമ്പോഴും.
പെണ്ണു വളര്‍ന്നുവരുന്നുണ്ടയ്യോ!
തള്ള മെലിഞ്ഞു വിരൂപിണിയായി.
തന്ത പണത്തിനു തെണ്ടിനടക്കും
ചിന്തയിലാകെ ഭ്രാന്തുപിടിക്കും.
പണയമെടുത്തൊരു ബാങ്കിലണഞ്ഞാല്‍
ഈടതുപോരാ; പാട്ടിനു പോടാ?
പണയം വയ്ക്കാന്‍ ഭൂമി കൊടുത്താല്‍
പുഞ്ചിരിയോടതു വാങ്ങിച്ചീടും.
പലിശകള്‍ കേറി മുടിഞ്ഞീടുമ്പോള്‍
ജപ്തിക്കായിട്ടോടി വരുന്നു!
ഇങ്ങനെ ബാങ്കിന്‍ വലയില്‍പ്പെട്ടഥ
കഷ്ടം! പലരും ചത്തുതുടങ്ങി.
കര്‍ഷകബാധ്യത എഴുതിത്തള്ളാന്‍
സര്‍ക്കാരങ്ങു കനിഞ്ഞീടേണം.
കര്‍ഷകരെല്ലാം ഒത്തൊരുമിച്ചാല്‍
കര്‍ഷകദുരിതം പമ്പ കടക്കും.