''നിശ്ശബ്ദമായ ഭ്രമാത്മകത''.... അതായിരുന്നു പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന വിന്‍സെന്റ് വാന്‍ഗോഗ്. വാന്‍ഗോഗിന്റെ മാനസികാവസ്ഥയെപ്പറ്റി ധാരാളം മെഡിക്കല്‍ ഗവേഷണങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളുടെ കാരണം നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. വിഷ്വല്‍, ഓഡിറ്ററി ഭ്രമാത്മകതകള്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നു. തീക്ഷ്ണമായ നിരാശകള്‍ക്ക് അടിമപ്പെട്ടിരുന്നു അദ്ദേഹം. ചില ദുര്‍ബലമായ മാനസികാവസ്ഥകളില്‍ (ഡിമെന്‍ഷ്യ). തന്റെ പെയിന്റുകള്‍ കഴിച്ച് ഭ്രാന്തനായി കിടപ്പുമുറിയുടെ ജനാലയില്‍ക്കൂടി സ്വര്‍ണഗോതമ്പുവയലുകളുടെ കാഴ്ചകള്‍ ആസ്വദിച്ചിരുന്നു.
1853 മാര്‍ച്ച് 30 നാണ് വിന്‍സന്റ് വാന്‍ഗോഗ് എന്ന അതുല്യപ്രതിഭയുടെ ജനനം. നെതര്‍ലാന്‍ഡിലെ സണ്ടര്‍ട്ട് ആണ് ജന്മനാട്. 1881 ഡിസംബറില്‍ തന്റെ 28-ാം വയസ്സില്‍ അദ്ദേഹം ആദ്യചിത്രം വരച്ചുതുടങ്ങി. ചിത്രരചനയില്‍ ശാസ്ത്രീയമായ ഒരു പരിശീലനവും ഉണ്ടായിരുന്നില്ല. സഹോദരന്‍ തിയോയാണ് സാമ്പത്തികസഹായം ചെയ്തിരുന്നത്. സ്വന്തം ചിത്രങ്ങളാണ് വാന്‍ഗോഗിനു വൈകാരികസമതുലനം നല്‍കിയിരുന്നത്.
അടിയന്തരതാബോധം പലപ്പോഴും അദ്ദേഹത്തെ മാനസികസമ്മര്‍ദത്തിലാക്കി. വളരെ തിരക്കുള്ള വര്‍ഷങ്ങളിലാണ് വാന്‍ഗോഗ് നിരവധി മാസ്റ്റര്‍ പീസുകള്‍ നിര്‍മിച്ചത്. 860 ഓയില്‍ പെയിന്റിങ്ങുകളും 1300 ജലച്ചായച്ചിത്രങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തിഒരുനൂറോളം സൃഷ്ടികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
സെന്റ്‌റെമിയിലെ ശരണാലയത്തില്‍ താമസിക്കുമ്പോള്‍ വാന്‍ഗോഗ് എണ്ണച്ചായത്തില്‍ കൈകൊണ്ടു വരച്ച മനോഹരമായ രാത്രിരംഗമാണ് 'ഒരു നക്ഷത്രരാത്രി' (ഠവല േെമൃൃ്യ ിശഴവേ1889). മരണത്തിനു പതിമൂന്നു മാസം മുമ്പായിരുന്നു അത്. സൂര്യോദയത്തിനുമുമ്പ് തന്റെ കിടപ്പുമുറിയുടെ ജനാലയില്‍ക്കൂടിയുള്ള കാഴ്ച. കവിതയും ഫിക്ഷനും സംഗീതവും കേന്ദ്രീകരിച്ച ഒരു കലാസൃഷ്ടി. രാത്രിയോടുള്ള ആരാധനയും അഭിനിവേശവും നിരവധി ചിത്രങ്ങളുടെ സൃഷ്ടിക്കു കാരണമായി. കറുപ്പിറ്റിക്കുന്ന ഇരുട്ടുകളല്ല, പ്രകാശങ്ങളുടെ നിറസംയോജനങ്ങളാണ് ആ കണ്ണുകളില്‍ ഉദിച്ചത്. നിരവധി വ്യാഖ്യാനങ്ങളുണ്ട് സ്റ്റാറി നൈറ്റിന്. പ്രതീക്ഷയെ ചിത്രീകരിക്കുന്ന കലാസൃഷ്ടിയെന്നും പറയാം. വെള്ളയും മഞ്ഞയും നിറങ്ങള്‍ ആകാശത്തേക്കു ശ്രദ്ധ ആകര്‍ഷിപ്പിക്കുന്നു. ശാന്തമായ പട്ടണത്തിനു മുകളില്‍ ശക്തമായ ആകാശമുണ്ട്. വാന്‍ഗോഗ് ജീവിതത്തെയും മരണത്തെയും തിളങ്ങുന്ന നക്ഷത്രങ്ങളും ഇരുണ്ട, സമാധാനം നിറഞ്ഞ ഗ്രാമവുമായും താരതമ്യം ചെയ്യുന്നു. ഇരുട്ടിനൊപ്പം ജനാലകളില്‍ വെളിച്ചം കാണാന്‍ കഴിയുമെന്നും ആകാശത്തെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ നമ്മെ നയിക്കുന്ന വെളിച്ചമാണെന്നും വ്യാഖ്യാനിക്കാം. നിറങ്ങളുടെ ഊര്‍ജസ്വലത ആസ്വാദകനിലും നിറയുന്നു.
നക്ഷത്രനിബിഡമായ രാത്രിയാകാശങ്ങള്‍ വാന്‍ഗോഗിന്റെ മറ്റു പെയിന്റിങ്ങുകളിലും വന്നിട്ടുണ്ട്. 'കഫേ ടെറസ് അറ്റ് നൈറ്റ്' അതേ തീമില്‍ വരച്ച മറ്റൊരു പ്രശസ്തമായ പെയിന്റിങ്ങാണ്. ''സ്റ്റാറി നൈറ്റ് ഓവര്‍ ദ് റോണ്‍'' 1888ല്‍ അദ്ദേഹം നിര്‍മിച്ച ചിത്രമാണ്. റോണ്‍ നദീതീരം അദ്ദേഹത്തിന്റെ താമസസ്ഥലത്തുനിന്ന് കുറച്ചകലെയായിരുന്നു. ഏറ്റവും റൊമാന്റിക്കായ രചനകളി ലൊന്നാണിത്. വെള്ളത്തില്‍ ഗ്യാസ് ലൈറ്റിങ്ങിന്റെ തിളങ്ങുന്ന പ്രതിഫലനങ്ങള്‍. ആകാശത്തിലെ നക്ഷത്രങ്ങളുടെ നിറങ്ങള്‍ ദമ്പതികളെ ചുറ്റുന്നു. 300 ദശലക്ഷം ഡോളര്‍വരെ മൂല്യം കണക്കാക്കപ്പെട്ട ഒരു ചിത്രമാണിത്. മനസ്സിനെ പിടിച്ചടക്കുന്ന ശക്തിയും ചിത്രസൗന്ദര്യവും അവയ്ക്കുണ്ട്. പകലിനെക്കാള്‍ സമൃദ്ധമാണ് രാത്രിയാകാശങ്ങളെന്ന് അദ്ദേഹം വിശ്വസിച്ചു. നിരവധി രാത്രികാല ക്യാന്‍വാസുകള്‍ അദ്ദേഹം സൃഷ്ടിച്ചു. അദ്ഭുതം ജനിപ്പിക്കുന്ന നിറങ്ങളുടെ സങ്കലനങ്ങള്‍ വാന്‍ഗോഗ് ചിത്രങ്ങളുടെ പ്രത്യേകതയാണ്. മഞ്ഞനിറം വാന്‍ഗോഗിന് ഇഷ്ടമുള്ള നിറങ്ങളിലൊന്നായിരുന്നു... ''എത്ര സുന്ദരമാണ് മഞ്ഞനിറം... സൂര്യനെപ്പോലെയാണത്'' അദ്ദേഹം പറഞ്ഞു. വാന്‍ഗോഗിന്റെ 'സൂര്യകാന്തി'പ്പൂക്കളുടെ ചിത്രസൗന്ദര്യം ലോകോത്തരമാണ്.
മരണത്തിനുമുമ്പുള്ള എഴുപതു ദിവസങ്ങളില്‍ പ്രതിദിനം ഒരു പെയിന്റിങ് വീതം അദ്ദേഹം സൃഷ്ടിച്ചു. ട്യൂബില്‍നിന്നു നേരേ പെയിന്റ് ഉപയോഗിക്കുന്ന ഇമ്പാസ്റ്റോ എന്ന രീതിയും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.
വാന്‍ഗോഗിന്റെ പുഷ്പചിത്രങ്ങള്‍ എന്നെന്നും ആസ്വദിക്കുന്നവയും ഓര്‍മിക്കപ്പെടുന്നവയുമാണ്. 1889 ല്‍ സെന്റ് പോളില്‍വച്ചു സൃഷ്ടിച്ചതാണ് 'ഐറിസസ്'. 53.9 മില്യണ്‍ ഡോളറായിരുന്നു അതിന്റെ വില.. 'പോപ്പീസ്,' 'പൂക്കുന്ന ബദാം ട്രീ', 'ദി മള്‍ബറി ട്രീ', 'പൊട്ടറ്റോ ഈറ്റേഴ്സ്' എന്നിവ മറ്റു വിസ്മയങ്ങളാണ്.
1890 ജൂലൈ 29 ന് ഫ്രാന്‍സില്‍വച്ച് തന്റെ 37-ാം വയസ്സില്‍ വര്‍ണങ്ങളുടെ ലോകത്തേക്ക് അദ്ദേഹം പറന്നകന്നു.