•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അധ്യാപനം കലയാക്കിയ ഗുരുശ്രേഷ്ഠന്‍

''വെന്തെരിഞ്ഞാലും
       മണക്കുന്നു ചന്ദനം
വെണ്‍തിങ്കള്‍, കാറടിഞ്ഞാലും             വിലസുന്നു''
ഈ കവിവചനം എന്റെ മനസ്സിലേക്കോടിയെത്തുന്നത് കൊട്ടാരത്തുംകുഴിയച്ചനെക്കുറിച്ചോര്‍ക്കുമ്പോഴാണ്. റവ. ഡോ. കുര്യാക്കോസ് കൊട്ടാരത്തുംകുഴി നിര്യാതനായിട്ട് ജൂലൈ 16 ന് ഇരുപത്തിയഞ്ചു വര്‍ഷം തികഞ്ഞു. എങ്കിലും അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകള്‍ അച്ചന്റെ വിദ്യാര്‍ത്ഥികളുടെയും സുഹൃത്തുക്കളുടെയും മനസ്സില്‍ ദീപ്തസ്മരണകളായി നിലനില്‍ക്കുന്നു.
സാമാന്യഭിന്നമായ ഒരു മഹാവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കൊട്ടാരത്തുംകുഴിയച്ചന്‍. അഗാധമായ പാണ്ഡിത്യം, അധ്യാപനത്തെ ഒരു സുന്ദരകലയാക്കാന്‍ പോന്ന പ്രബോധനവൈദഗ്ധ്യം, ജന്മസിദ്ധമായ കവിതാവാസന, നര്‍മബോധം, ബൗദ്ധികപര്യവേക്ഷണങ്ങളോടുള്ള തീരാത്ത അഭിനിവേശം, സഭയോടും വൈദികജീവിതത്തോടുമുള്ള പ്രതിബദ്ധത - ഇവയെല്ലാം കൊട്ടാരത്തുംകുഴിയച്ചന്റെ സിദ്ധികളോ സവിശേഷതകളോ ആയിരുന്നു.
ഭരണങ്ങാനത്ത് അദ്ദേഹവും ഞാനും അയല്‍ക്കാരായിരുന്നു. അതുകൊണ്ട് എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹത്തെ അറിയാമായിരുന്നു. ഞാനോര്‍ക്കുന്നു, ഞാന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ - 1952 ലാണ് അദ്ദേഹം ഗുരുപ്പട്ടമേറ്റത്. അദ്ദേഹം എന്റെ സ്‌കൂളിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നതുകൊണ്ട് അച്ചന് ഒരു സ്വീകരണം നല്കാനും അതിനോടനുബന്ധിച്ച് കുട്ടികളുടെ ഒരു നാടകം നടത്താനും സ്‌കൂളധികൃതര്‍ തീരുമാനിച്ചു. പക്ഷേ, എന്തുകൊണ്ടോ, ഞാന്‍കൂടി അഭിനേതാവായി പങ്കെടുക്കേണ്ടിയിരുന്ന ആ നാടകവും യോഗവും നടക്കാതെ പോയി. അതിന്റെ ദുഃഖം വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്റെ മനസ്സില്‍നിന്നു മാഞ്ഞുപോയത്. ആ ദുഃഖത്തിനു നഷ്ടപരിഹാരം എന്നവണ്ണം, പിന്നീട് അദ്ദേഹത്തെ എനിക്ക് അധ്യാപകനായും സഹപ്രവര്‍ത്തകനായും ലഭിച്ചു. 1962 മുതല്‍ 1978 വരെ പാലാ സെന്റ് തോമസ് കോളജായിരുന്നു അദ്ദേഹത്തിന്റെ കര്‍മക്ഷേത്രം. അവിടെ ഞങ്ങള്‍ സഹപ്രവര്‍ത്തകരായി. ഞങ്ങള്‍ ഒരേ നാട്ടുകാരായിരുന്നതുകൊണ്ടോ എന്റെ പിതാവ് അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നതുകൊണ്ടോ ആകാം ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്  പ്രത്യേക ഊഷ്മളതയുണ്ടായിരുന്നു.
ഭരണങ്ങാനത്തെ പുരാതനമായ കോക്കാട്ടുകുടുംബത്തിന്റെ ഒരു ശാഖയായ കൊട്ടാരത്തുംകുഴിയിലാണ് കുര്യാക്കോസച്ചന്റെ ജനനം. 1923 മാര്‍ച്ച് 18-ാം തീയതി തൊമ്മന്‍ - ഏലി ദമ്പതികളുടെ സീമന്തപുത്രനായി ഭൂജാതനായി. (പ്രസിദ്ധ വാഗ്മിയും വി. അല്‍ഫോന്‍സാമ്മയുടെ ആധ്യാത്മികതയെ പരിപോഷിപ്പിച്ച വ്യക്തിയുമായ ഫാ. കുരുവിള കൊട്ടാരത്തുംകുഴി അദ്ദേഹത്തിന്റെ പിതൃസഹോദരനായിരുന്നു). പ്രാഥമികവിദ്യാഭ്യാസം ഭരണങ്ങാനത്തെ സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളിലും സെക്കണ്ടറി വിദ്യാഭ്യാസം സെന്റ്‌മേരീസ് ഹൈസ്‌കൂളിലും നിര്‍വഹിച്ചു. 1939 ല്‍ ഇ.എസ്.എസ്.എല്‍.സി. ജയിച്ച അദ്ദേഹത്തിന് 1952 വരെയുള്ള കാലഘട്ടം ഉപരിപഠനത്തിന്റെയും കര്‍ക്കശമായ വൈദികപരിശീലനത്തിന്റെയും വര്‍ഷങ്ങളായിരുന്നു. ദ്വിവത്സര ഇന്റര്‍മീഡിയറ്റ് കോഴ്‌സും ഡിഗ്രികോഴ്‌സും അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളജിലാണു പഠിച്ചത്. വൈദികപഠനം പൂര്‍ണമായും ആലുവ മംഗലപ്പുഴ സെമിനാരിയിലായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ, 1952 മാര്‍ച്ച് 18-ാം തീയതി അദ്ദേഹത്തിന് വൈദികപ്പട്ടം ലഭിച്ചു. അങ്ങനെ, കൊട്ടാരത്തുംകുഴിയില്‍ റ്റി. കുര്യാക്കോസ്, ഫാ. കുര്യാക്കോസ് കൊട്ടാരത്തുംകുഴിയായി. തുടര്‍ന്ന്, അജപാലനശുശ്രൂഷയുടെ ഹ്രസ്വമായ ഒരു ഇടവേളയായിരുന്നു.
പിന്നീട്, നാം കുര്യാക്കോസച്ചനെ കാണുന്നത് അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലാണ്. പഠനകാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യകഴിവ് കണക്കിലെടുത്ത് പാലാ രൂപതയുടെ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അദ്ദേഹത്തെ അമേരിക്കയിലേക്കയച്ചു. അടുത്ത ആറുവര്‍ഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനവും ഗവേഷണവുമായി അമേരിക്കയില്‍ കഴിച്ചുകൂട്ടി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയശേഷം വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എഡ്. ബിരുദവും അദ്ദേഹം സമ്പാദിച്ചു. 1962 ല്‍ പാലായില്‍ തിരിച്ചെത്തി. ഉടന്‍തന്നെ പാലാ സെന്റ് തോമസ് കോളജില്‍ അധ്യാപകനായി നിയമിതനായി.
'നിങ്ങളെ ഷേക്‌സ്പിയര്‍ പഠിപ്പിക്കാന്‍ ഒരു സായ്പിനെയാണ്  ഞാന്‍ അമേരിക്കയില്‍നിന്ന് കൊണ്ടുവന്നിരിക്കുന്നത്' എന്നിങ്ങനെയാണ് അന്നത്തെ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കുരീത്തടം കുര്യാക്കോസച്ചന്റെ ആഗമനവൃത്താന്തം ഞങ്ങളെ അറിയിച്ചത്. അതുകൊണ്ടൊക്കെ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്കായി കാത്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യക്ലാസ് കഴിഞ്ഞപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കു മനസ്സിലായി, ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെക്കൂടുതലാണ്  ഞങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നതെന്ന്. അധ്യാപനത്തില്‍ തുടക്കക്കാരനായിരുന്നെങ്കിലും ഒരു മാസത്തിനുള്ളില്‍ മുതിര്‍ന്ന അധ്യാപകരായ പ്രഫ. കെ.എം. ചാണ്ടി, പ്രഫ. എ.സി. കുരുവിള, പ്രഫ. ആന്‍ഡ്രൂസ് കോട്ടിരി, പ്രഫ. കെ.വി. മാത്യു തുടങ്ങിയവരുടെ നിരയിലായി കുര്യാക്കോസച്ചന്റെ സ്ഥാനം. അഗാധമായ അറിവ് - ആ അറിവു പകര്‍ന്നുകൊടുക്കാനുള്ള ഒരു പ്രത്യേക കഴിവ്, കുട്ടികളോടുള്ള സൗഹൃദസമീപനം, വേണ്ട തയ്യാറെടുപ്പോടെയേ ക്ലാസില്‍ പോകുകയുള്ളൂ എന്ന നിര്‍ബന്ധം, സഹജമായ നര്‍മബോധം ഇവയെല്ലാം അദ്ദേഹത്തിന്റെ ക്ലാസുകളെ അതുല്യമായ അനുഭവങ്ങളാക്കിത്തീര്‍ത്തു. പരിപൂര്‍ണ അച്ചടക്കത്തോടുകൂടി കുട്ടികള്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ ശ്രദ്ധിച്ചു. മറ്റു ക്ലാസുകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും ചിലപ്പോള്‍ അച്ചന്റെ ക്ലാസുകളില്‍ വന്നിരിക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.
അടിസ്ഥാനപരമായി, ഒരു ഷേക്‌സ്പിയര്‍ പണ്ഡിതനായിരുന്നു കുര്യാക്കോസച്ചന്‍. അദ്ദേഹത്തിനു പഠിപ്പിക്കേണ്ടിയിരുന്നത് മിക്കവാറും ഷേക്‌സ്പിയര്‍ നാടകങ്ങളായിരുന്നുതാനും. വളരെ വ്യത്യസ്തമായ ഒരു അധ്യാപനരീതിയാണ് അച്ചന്‍ അനുവര്‍ത്തിച്ചിരുന്നത്. ഷേക്‌സ്പിയര്‍ സാഗരത്തിന്റെ കരയ്ക്കിരുന്ന് കൈക്കരിച്ചു കിട്ടിയ കക്കകളും ചിപ്പികളുമല്ല അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയത്; ആഴങ്ങളിലേക്കിറങ്ങി അടിത്തട്ടില്‍നിന്നു ശേഖരിച്ച മുത്തുകള്‍തന്നെയാണു സമ്മാനിച്ചത്. കുര്യാക്കോസച്ചന്‍ ഏതെങ്കിലുമൊരു ഷേക്‌സ്പിയര്‍ നാടകം പഠിപ്പിക്കുകയാണ് എന്നു വിചാരിക്കുക: ഓരോ പദ്യഭാഗത്തിന്റെയും അര്‍ത്ഥം, വാക്യഘടന, സൂചിതകഥകള്‍ ഉണ്ടെങ്കില്‍ അത്, അതിനു പണ്ഡിതരായ നിരൂപകര്‍ കൊടുത്തിട്ടുള്ള വിവിധ വ്യാഖ്യാനങ്ങള്‍, പാഠഭേദങ്ങള്‍, മറ്റു ഷേക്‌സ്പിയര്‍കൃതികളില്‍നിന്നുള്ള സമാനഭാഗങ്ങള്‍ - ഇവയെല്ലാം പ്രതിപാദിച്ചാലേ അദ്ദേഹത്തിനു തൃപ്തി വരുകയുള്ളൂ. 'ഇതെല്ലാം ഞങ്ങള്‍ക്ക് ആവശ്യമുണ്ടോ' എന്നു ചിന്തിച്ച കുട്ടികള്‍പോലും അദ്ഭുതാദരങ്ങളോടെ അദ്ദേഹത്തിന്റെ ക്ലാസുകള്‍ കേട്ടു. ചിക്കാഗോയില്‍, പ്രസിദ്ധ ഷേക്‌സ്പിയര്‍ പണ്ഡിതനായ ഹാര്‍ഡിന്‍ക്രേഗിന്റെ കീഴില്‍ പഠിച്ചതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ ഓരോ ക്ലാസിലും പ്രകടമായിരുന്നു.
കുര്യാക്കോസച്ചന്റെ കവിതാ ക്ലാസുകളും ഇങ്ങനെതന്നെയായിരുന്നു. കവിതയില്‍ താത്പര്യമില്ലാത്തവര്‍ക്കുകൂടി ഇഷ്ടപ്പെടുന്ന പ്രതിപാദനം. അദ്ദേഹം പഠിപ്പിച്ച ടെന്നിസന്റെയും റൂപ്പേര്‍ട്ട് ബ്രൂക്കിന്റെയും ഫ്രാന്‍സിസ് തോംസണ്‍ന്റെയും മറ്റും കവിതകള്‍ ഞാനിന്നും മനസ്സില്‍ സൂക്ഷിക്കുന്നു. പഠിപ്പിക്കുന്ന കവിതകളോട് താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത് അദ്ദേഹവും ഒരു കവിയായിരുന്നതുകൊണ്ടാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'കുര്യാക്കോസ് ഇടമറ്റം' എന്ന തൂലികാനാമത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും കവിതകള്‍ എഴുതിയിരുന്നു. അക്കാലത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ ഒരു കവിതാരചനമത്സരത്തില്‍ 'കുര്യാക്കോസ് ഇടമറ്റ'ത്തിന് രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. പക്ഷേ, സെമിനാരിജീവിതവുമായി കവിതാരചന പൊരുത്തപ്പെട്ടുപോകുകയില്ലെന്നു തോന്നിയതുകൊണ്ട് അതിനോട് അദ്ദേഹം വിട പറഞ്ഞു. ഇത്തരുണത്തില്‍, കുര്യാക്കോസച്ചനും ഞാനുംകൂടി വൈക്കത്തിനടുത്ത് ടി.വി. പുരത്തുപോയി മഹാകവി പാലാ നാരായണന്‍നായരെ സന്ദര്‍ശിച്ചത് ഓര്‍മയില്‍ വരുന്നു.
അച്ചന്റെ നര്‍മബോധം പ്രസിദ്ധമാണ്. ഫലിതത്തിന്റെ വിവിധരൂപങ്ങളില്‍ അദ്ദേഹത്തിന്റെ 'സ്‌പെഷ്യലൈസേഷന്‍', പുകിലുകള്‍ എന്ന് പച്ചമലയാളത്തില്‍ പറയുന്ന വിനോദകഥകളിലായിരുന്നു. ഇത്തരം കഥകളുടെ  വന്‍ശേഖരംതന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇവയെല്ലാം അച്ചന്‍ അവതരിപ്പിച്ചിരുന്നത് മിക്കവാറും സ്വന്തം അനുഭവങ്ങളായിട്ടാണ്. കൊട്ടാരത്തുംകുഴിയച്ചന്‍ എന്തെങ്കിലും കുറിച്ചുവയ്ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തതായി അറിവില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്റെ ചരിത്രപണ്ഡിതനായ ഇളയ സഹോദരന്‍ ശ്രീ തോമസ് മാത്യുവില്‍നിന്നു വ്യത്യസ്തനായിരുന്നു.
1978 ല്‍ ഔദ്യോഗികസേവനത്തില്‍നിന്നു വിരമിച്ചശേഷം ഒന്നുരണ്ട് പ്രൈവറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായി അദ്ദേഹം സേവനമനുഷ്ഠിച്ചു. അപ്പോഴേക്കും ആരോഗ്യം മോശമായിത്തുടങ്ങിയിരുന്നു. അവസാനത്തെ ഏതാനും വര്‍ഷങ്ങള്‍ സ്വന്തം വീട്ടിലാണ് അദ്ദേഹം ചെലവഴിച്ചത്. 1996 ജൂലൈ 16 കുര്യാക്കോസ് കൊട്ടാരത്തുംകുഴിയച്ചന്‍ ദിവംഗതനായി.
ആഴമുള്ള നീരൊഴുക്കുകള്‍ ശാന്തമായിരിക്കും എന്നു പറയാറുണ്ട്. കുര്യാക്കോസച്ചന്റെ ജീവിതവും അതുപോലെയുള്ള ഒരു പ്രവാഹമായിരുന്നു. എങ്കിലും, അറിയപ്പെടാന്‍ ആഗ്രഹിക്കാതെ, ഒച്ചപ്പാടുകള്‍ ഒന്നുംകൂടാതെ, ജീവിതത്തിലൂടെ കടന്നുപോയ അദ്ദേഹത്തെപ്പറ്റിയുള്ള സ്മരണകള്‍ ആയിരക്കണക്കിനുള്ള വിദ്യാര്‍ത്ഥികളില്‍ ഇന്നും സജീവമാണ്. അവരിലൊരാളായ ഞാന്‍ അവര്‍ക്കുവേണ്ടി ആ സ്മരണകള്‍ക്കു മുമ്പില്‍ തലകുനിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)