കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയൊമ്പതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണ് സിനഡുസമ്മേളനം നടക്കുന്നത്.
പതിനാറാം തീയതി വൈകിട്ട് മേജര്‍ ആര്‍ച്ചുബിഷപ് തിരി തെളിച്ച് സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തിനകത്തും പുറത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷനായ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് പ്രാരംഭധ്യാനചിന്തകള്‍ പങ്കുവച്ചു.
സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച അനുഗ്രഹങ്ങളോര്‍ത്ത് ആര്‍ച്ചുബിഷപ് ദൈവത്തിനു നന്ദിയര്‍പ്പിച്ചു. കൊവിഡ് വ്യാപനം ഭാരതത്തിലും വിശേഷിച്ച്, കേരളത്തിലും നിയന്ത്രണാതീതമായിത്തുടരുന്നത് ആശങ്കാജനകമാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണം. കൊവിഡ്മൂലം ജീവന്‍ നഷ്ടപ്പെട്ടവരെ സിനഡ് പ്രാര്‍ത്ഥനാപൂര്‍വം അനുസ്മരിച്ചു.
സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുന്ന സിനഡാണ് ആരംഭിച്ചിരിക്കുന്നതെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാന ഏകീകൃതരീതിയില്‍ അര്‍പ്പിക്കാനാവശ്യപ്പെട്ട് മാര്‍പാപ്പാ നല്കിയ തിരുവെഴുത്തിന് കര്‍ദിനാള്‍ തിരുസിംഹാസനത്തോടു നന്ദി പറഞ്ഞു. മാര്‍പാപ്പായുടെ നിര്‍ദേശം വിധേയത്വത്തോടെ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനുമുള്ള കടമയെക്കുറിച്ച് മേജര്‍ ആര്‍ച്ചുബിഷപ് പ്രത്യേകം ഓര്‍മിപ്പിച്ചു. നവീകരിച്ച കുര്‍ബാനക്രമത്തിനു പൗരസ്ത്യതിരുസംഘവും മാര്‍പാപ്പായും നല്‍കിയ അംഗീകാരത്തിനും മാര്‍ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.
സിനഡിന്റെ രണ്ടാം ദിവസത്തില്‍ മാര്‍പാപ്പായുടെ ഇന്ത്യന്‍ സ്ഥാനപതിയായ ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലി സിനഡിനെ അഭിസംബോധന ചെയ്തു. കൊവിഡ് മഹാമാരി നേരിടുന്നതില്‍ സീറോ മലബാര്‍ സഭ നല്കുന്ന മാതൃകാപരമായ നേതൃത്വത്തെ ആര്‍ച്ചുബിഷപ് അഭിനന്ദിച്ചു. അജപാലന, വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളില്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രിക സഭയ്ക്കുതന്നെ ശക്തിപകരുന്നതാണ്.
പൗരസ്ത്യസഭകള്‍ തങ്ങളുടെ തനതുപാരമ്പര്യങ്ങള്‍ പാലിച്ച് സാര്‍വത്രികസഭാകൂട്ടായ്മയില്‍ തുടരുമ്പോഴാണു സഭ സജീവമാകുന്നത്. സഭയുടെ ഐക്യത്തിന് ആരാധനക്രമത്തിലെ ഐകരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ നല്കിയ നിര്‍ദേശം നടപ്പാക്കാന്‍ സിനഡിന് ഉത്തരവാദിത്വമുണ്ട്.
മാര്‍പാപ്പായുടെ തീരുമാനം നടപ്പാക്കുന്നതു സഭയുടെ ഐക്യത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ ആവശ്യമാണ്. ഇതിനായി മെത്രാന്മാരും വൈദികരും ഒരേ മനസ്സോടെ ദൈവജനത്തോടു ചേര്‍ന്നു ചിന്തിക്കണം. സഭയോടൊത്തു ചിന്തിക്കുന്നതിലൂടെയാണു സഭയുടെ കൂട്ടായ്മ സാധ്യമാകുന്നത്. സഭയുടെ നിര്‍ദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യവിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് തിരുസഭയുടെ മുഖം വികൃതമാക്കാന്‍ മാത്രമേ ഉപയോഗപ്പെടുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഓഗസ്റ്റ് 27 നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്റെ ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ചു വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.