•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

നീതി നടത്തിക്കൊടുക്കുന്നദൈവം

 ഓഗസ്റ്റ്  22കൈത്താക്കാലം
ഏഴാം ഞായര്‍

ലേവ്യ.19:15-18   ഏശ. 33:1-15
1 തെസ.2:14-20   ലൂക്കാ.18:1-8

 പ്രാര്‍ത്ഥനയുടെ ഫലം ഭൗതികനേട്ടങ്ങളാണെന്നു സുവിശേഷത്തില്‍ കാണുന്നില്ല. അനുദിന ജീവിതാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തെറ്റാണെന്നല്ല; പക്ഷേ, ഭൗതികനേട്ടങ്ങള്‍ക്കു മാത്രമായി ഒതുക്കേണ്ടതല്ല ക്രൈസ്തവപ്രാര്‍ത്ഥന. ദൈവം മനുഷ്യനു നല്‍കുന്ന നീതീകരണമാണ് പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ ഫലം.

നീതിയെക്കുറിച്ചാണു പറയുന്നത്! ഭഗ്നാശരാകാതെ പ്രാര്‍ത്ഥിച്ചാല്‍ നീതി ദൈവം നടത്തിത്തരും (ലൂക്കാ 18:1-8). അനീതി എങ്ങും ദൃശ്യമായിരിക്കെ നീതിയെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കാണു ധൈര്യം? നീതിമാനും നീതി പ്രവര്‍ത്തിക്കുന്നവനുമായ ദൈവത്തിന്റെ ഏകജാതനും മനുഷ്യനുമായ ഈശോമിശിഹായ്ക്കല്ലാതെ മറ്റാര്‍ക്കാണു നീതിയെക്കുറിച്ചു സംസാരിക്കാന്‍ അവകാശം? നീതിയായി പ്രവര്‍ത്തിക്കണമെന്ന് പഴയനിയമത്തില്‍ തന്റെ ജനത്തെ ഉപദേശിക്കുന്ന ദൈവം (ലേവ്യ 19:15) പുതിയ നിയമത്തില്‍ നീതി തന്റെ ജനത്തിന് താന്‍തന്നെ നടത്തിക്കൊടുക്കുമെന്നു തറപ്പിച്ചുപറയുന്നു (ലൂക്കാ 18:7-8).
ലേവ്യരുടെ പുസ്തകത്തില്‍ വിവിധ നിയമങ്ങള്‍ നല്‍കിക്കൊണ്ടു സംസാരിക്കുമ്പോള്‍ ഓരോ നിയമപ്രഖ്യാപനത്തിനുശേഷവും ദൈവം ജനത്തെ ഓര്‍മിപ്പിക്കുന്ന കാര്യമിതാണ്: ''ഞാനാണു കര്‍ത്താവ്'' (ലേവ്യ 19:16-18). നിയമങ്ങള്‍ നല്‍കുമ്പോള്‍ ദൈവത്തിന്റെ ഉദ്ദേശ്യം തന്റെ ജനം ദൈവികമായ സ്വഭാവങ്ങളെ ആര്‍ജിച്ച് ദൈവരാജ്യത്തിന് അനുരൂപരായിത്തീരുക എന്നുള്ളതാണ്. ഇവിടെ ജനം ആര്‍ജിച്ചെടുക്കേണ്ട ദൈവികമായ സ്വഭാവം നീതിയുടേതാണ്. നീതിമാനും നീതി പ്രവര്‍ത്തിക്കുന്നവനുമായ ദൈവത്തോടു ചേര്‍ന്നുനിന്നുകൊണ്ട് ഈ ഭൂമിയില്‍ നീതി പ്രവര്‍ത്തിക്കുമ്പോള്‍ നീതീകരണത്തിലൂടെ ദൈവസന്നിധിയിലേക്കു നാം അടുക്കുകയാണ്.
നീതി പ്രവര്‍ത്തിക്കണമെന്നു പറയുമ്പോള്‍ കൈയൂക്കും അക്രമവുംവഴി നീതി നടത്തിയെടുക്കണമെന്നല്ല ദൈവം ഉദ്ദേശിക്കുന്നത്. ഏഷണി പറഞ്ഞു നടക്കരുത്, അയല്‍ക്കാരന്റെ ജീവനെ അപകടത്തിലാക്കരുത് തുടങ്ങിയ വളരെ ലളിതവും പ്രായോഗികവുമായ നിര്‍ദേശങ്ങളാണ് ദൈവം നല്കുന്നത്. നീതി എന്നത് നമ്മില്‍നിന്നു ദൂരത്തുള്ള യാഥാര്‍ത്ഥ്യമല്ല; മറിച്ച്, ഞാനും അയല്‍ക്കാരനും (നമ്മള്‍) തമ്മിലുള്ള അനുദിനജീവിതബന്ധങ്ങളുടെ പ്രയോഗികമായ ചാലകശക്തിയാണ്.
ഏശയ്യാപ്രവാചകനിലൂടെ ദൈവം തന്റെ നീതിയുടെ സ്വഭാവത്തെ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയും അങ്ങനെ ജീവിക്കുന്ന മനുഷ്യര്‍ സ്വര്‍ഗത്തോളം ഉയര്‍ന്നവര്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ''നീതിയുടെ മാര്‍ഗത്തില്‍ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍... ഉന്നതങ്ങളില്‍ വസിക്കും (ഏശ. 33:15). ദൈവം നീതിമാനും സത്യസന്ധനുമാണ് (നിയമ. 32:4, സങ്കീ. 89:14). പാറപോലെ ഉറച്ചതാണ് ദൈവത്തിന്റെ  നീതിയെന്ന് നിയമാവര്‍ത്തനം ഓര്‍മിപ്പിക്കുന്നു. അതുപോലെ തന്നെയാണ് നീതിയുള്ള മനുഷ്യനും. ശിലാദുര്‍ഗങ്ങളാല്‍ അവന്‍ പ്രതിരോധമുറപ്പിക്കും (ഏശ. 33:16).
തന്റെ ജനങ്ങളോടു നിതീയില്‍ ജീവിക്കണമെന്നും നീതി പ്രവര്‍ത്തിക്കണമെന്നും ദൈവം കല്പിച്ചുവെങ്കിലും ആ ജനം കാണിച്ച വലിയ അനീതി പരിഹരിക്കാന്‍ മനുഷ്യകുലം മുഴുവനുംവേണ്ടി നീതിമത്കരണം നടത്താന്‍ ദൈവത്തിനു വീണ്ടും ഇടപെടേണ്ടിവന്നു. ദൈവപുത്രനായ ഈശോയെ തിരസ്‌കരിച്ചുവെന്നതാണ് ദൈവത്തിന്റെ സ്വന്തം ജനം കാണിച്ച വലിയ അനീതി. ''യഹൂദര്‍ കര്‍ത്താവായ ഈശോയെയും പ്രവാചകന്മാരെയും വധിച്ചു, ഞങ്ങളെ ആട്ടിപ്പുറത്താക്കി'' (1 തെസ. 2:15). ഏഷണി പറഞ്ഞു നടക്കരുതെന്നും അയല്‍ക്കാരന്റെ ജീവനെ അപകടത്തിലാക്കരുത് (ലേവ്യ. 19:16) എന്നുമുള്ള ദൈവകല്പന ലംഘിച്ച് ജനം ഈശോയെക്കുറിച്ച് ഏഷണി പറയുകയും മറ്റുള്ളവരെ നിര്‍ബന്ധിച്ചു പറയിപ്പിക്കുകയും അവന്റെ ജീവനെ അപകടത്തിലാക്കുകയും ചെയ്തു.
തന്റെയടുക്കല്‍വന്ന് നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന സ്ത്രീയുടെ കരച്ചില്‍ അസഹനീയമായിത്തോന്നിയപ്പോള്‍ നീതിരഹിതനായ ന്യായാധിപന്‍ അവള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നെങ്കില്‍ നീതിമാനും നീതി പ്രവര്‍ത്തിക്കുന്നവനുമായ ദൈവം  തന്നോടു നിലവിളിച്ചപേക്ഷിക്കുന്നവര്‍ക്ക് നീതി നടത്തിക്കൊടുക്കുകയില്ലേ എന്ന ചോദ്യം (ലൂക്കാ 18:1-8), അനീതിയായി ഈശോയെ മരണത്തിനു വിധിക്കാന്‍ ന്യായാധിപന്മാരെ നിര്‍ബന്ധിക്കുന്ന യഹൂദജനത്തിന്റെ കര്‍ണപുടങ്ങളിലാണു പതിക്കുന്നത്. ഉത്ഥാനത്തിന്റെ ദര്‍ശനത്തില്‍നിന്നുകൊണ്ട് ഗെത്‌സമെന്‍ തോട്ടത്തിലെ പ്രാര്‍ത്ഥനയും ദുഃഖവെള്ളിയാഴ്ചയുടെ സഹനവും വ്യാഖ്യാനിക്കുമ്പോള്‍ മാത്രമാണ് അനീതിയെ നീതിയാക്കി മാറ്റുന്ന ദൈവത്തിന്റെ മഹനീയപ്രവൃത്തിയെ നമുക്കു കാണാന്‍ കഴിയുന്നത്. അതെ, നീതി നടത്തിക്കൊടുക്കാന്‍ ദൈവത്തിന് തന്റെതായ വഴികളുണ്ട്. ഈശോയുടെ കാര്യത്തില്‍ യഹൂദജനം അനീതി കാണിച്ചെങ്കിലും നിരന്തരപ്രാര്‍ത്ഥനയാല്‍ തന്നോടു ബന്ധപ്പെട്ടിരുന്ന പുത്രന് നീതിമാനും  നീതി നടത്തുന്നവനുമായ ദൈവം നടത്തുന്ന നീതിമത്കരണമാണ് ഉത്ഥാനം.
പ്രാര്‍ത്ഥനയുടെ ഫലം എന്താണെന്നതിനു സുവിശേഷങ്ങള്‍ നല്കുന്ന ഉത്തരങ്ങള്‍ കൗതുകകരമാണ്. ലൂക്കാ 18:7ല്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നവവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കും എന്നാണു പറയുന്നത്. ലൂക്കാ 11:13 ലാകട്ടെ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല എന്നാണു പറയുന്നത്.  പ്രാര്‍ത്ഥനയുടെ ഫലം ഭൗതികനേട്ടങ്ങളാണെന്നു സുവിശേഷത്തില്‍ കാണുന്നില്ല. അനുദിനജീവിതാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തെറ്റാണെന്നല്ല; പക്ഷേ, ഭൗതികനേട്ടങ്ങള്‍ക്കു മാത്രമായി ഒതുക്കേണ്ടതല്ല ക്രൈസ്തവപ്രാര്‍ത്ഥന. ഈശോയുടെ രക്തം വിയര്‍ത്തുള്ള പ്രാര്‍ത്ഥന നിരാകരിക്കപ്പെട്ടു എന്നു തോന്നുമെങ്കിലും ദൈവനീതി അവന് ഉത്ഥാനത്തിലൂടെ നീതീകരണം നടത്തിയെന്നു തിരിച്ചറിയുമ്പോഴാണ് ക്രൈസ്തവപ്രാര്‍ത്ഥനയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുന്നത്. ഫരിസേയന്റെയും ചുങ്കക്കാരന്റയും ഉപമയിലും (ലൂക്കാ 18:9-14) പ്രാര്‍ത്ഥനയുടെ ഫലമായുള്ള നീതീകരണത്തെക്കുറിച്ചു കാണാം. ദൈവം മനുഷ്യനു നല്‍കുന്ന നീതീകരണമാണ് പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ ഫലം. ഭൗതികനേട്ടങ്ങള്‍ക്കപ്പുറം നില്ക്കുന്ന പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ഉറച്ച വിശ്വാസമുള്ളവരായി അനുദിനജീവിതത്തില്‍ നീതി പ്രവര്‍ത്തിച്ച് നമുക്കു മുന്നേറാം.

 

 

 

 

 

Login log record inserted successfully!