ലോക്ഡൗണിനിടെ എത്തിയ ലോകവാര്‍ത്തകളില്‍ ഒന്നായിരുന്നു ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങി എന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സമയം കണെ്ടത്തുന്നതിന് എന്ന വിശദീകരണവുമായാണ് 64 വയസ്സുകാരനായ ബില്‍ഗേറ്റ്‌സിന്റെ പടിയിറക്കം. 64 എന്നത് ഒരു പ്രതിഭാധനനെ സംബന്ധിച്ചു വലിയ പ്രായമൊന്നുമല്ല. എന്നിട്ടും ബില്‍ ഗേറ്റ്‌സ് സീറ്റൊഴിഞ്ഞുകൊടുത്തു. അതും ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ തലപ്പത്തുനിന്ന്. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനായി ജനിച്ചവനാണു താനെന്ന് ഒരിക്കല്‍ക്കൂടി ബില്‍ഗേറ്റ്‌സ് തെളിയിച്ചിരിക്കുന്നു; അതും പടിയിറക്കത്തിലൂടെ.
1975 ല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു മൈക്രോസോഫ്റ്റിന്റെയും ബില്‍ഗേറ്റ്‌സിന്റെയും തുടക്കം. എം.എസ്.ഡോസ്, എം.എസ്. വേഡ് എന്നീ ആദ്യകാലസോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചതുവഴി കമ്പ്യൂട്ടര്‍ രംഗത്തു വിപ്ലവകരമായ മാറ്റത്തിനാണു ബില്‍ഗേറ്റ്‌സും കൂട്ടരും നാന്ദികുറിച്ചത്. സാധാരണക്കാര്‍ക്കും കമ്പ്യൂട്ടര്‍ പ്രാപ്യമാക്കുകയായിരുന്നു അവര്‍. അതുവഴി പുതിയൊരു ലോകംതന്നെ പിറവികൊണ്ടു. ബില്‍ഗേറ്റ്‌സിന്റെ ചുവടുപിടിച്ചുതന്നെയാണു കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ ലോകം ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോകം കണ്ടതില്‍വച്ച് ഏറ്റവും മികച്ച ടെക്‌നോക്രാറ്റും ബിസിനസ് ടൈക്കൂണും ആണു താനെന്നതിനൊപ്പം ഹൃദയനൈര്‍മല്യമുള്ള, സാമൂഹികപ്രതിബദ്ധതയുള്ള ഒരു പച്ചയായ മനുഷ്യസ്‌നേഹികൂടിയാണെന്നു പ്രഖ്യാപിക്കുന്നതാണ് ബില്‍ഗേറ്റ്‌സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണേ്ടഷന്‍തന്നെ അതിന് ഏറ്റവും വലിയ തെളിവാണ്. ആരോഗ്യ, വിദ്യാഭ്യാസമേഖലയില്‍ ലോകമെമ്പാടും പ്രവര്‍ത്തനം വ്യാപിപ്പിച്ചുകഴിഞ്ഞ ഒരു സന്നദ്ധസംഘടനയാണത്. ശതകോടിക്കണക്കിനു രൂപയാണ് അതുവഴി ചെലവഴിച്ചുവരുന്നത്. സാധാരണയില്‍ സാധാരണക്കാരായ പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ആ സംഘടന കൈത്താങ്ങും അഭയവുമാകുന്നു. ഫൗണേ്ടഷന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍സമയവും വ്യാപരിക്കാനാണു ബില്‍ഗേറ്റ്‌സിന്റെ തീരുമാനം.
അമേരിക്കയിലെ സിയാറ്റിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍പഠനകാലത്തേ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും പ്രായത്തിനതീതമായ മികവു പ്രകടിപ്പിക്കുകയുണ്ടായി ബില്‍ ഗേറ്റ്‌സ്. 1975 ല്‍ ബാല്യകാലസുഹൃത്ത് പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചതു ജീവിതത്തില്‍ വഴിത്തിരിവായി, അതും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്.
മൈക്രോസോഫ്റ്റ് വളര്‍ന്നതിനൊപ്പം ബില്‍ഗേറ്റ്‌സും വളര്‍ന്നു. ലോകപ്രശസ്തനായി. ലോകത്തെ ഏറ്റവും വലിയ ധനികനും. ഏഴരലക്ഷം കോടി രൂപയാണ് ബില്‍ ഗേറ്റ്‌സിന്റെ ഇപ്പോഴത്തെ ആസ്തി. ആ മഹാസമ്പത്തിനെക്കാള്‍ പത്തരമാറ്റു മൂല്യവും തിളക്കവുമുണ്ട് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിക്ക്.